തള്ളുമ്പോള്‍ സംഭവിക്കുന്നത്

Reading Time: < 1 minutes

നവമാധ്യമങ്ങള്‍ വ്യവഹാര
മലയാളത്തിന് സമ്മാനിച്ച
‘തളളി’ന്റെ പരിസരം

അബ്ദുല്ല വടകര

‘അഞ്ചു മണിത്തള്ള്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ കോവിഡ് വാര്‍ത്താ സമ്മേളനങ്ങളെ പറ്റി പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ ‘തള്ളിയത്’. ആ വാര്‍ത്താ സമ്മേളനങ്ങള്‍ തള്ളായിരുന്നോ എന്നതല്ല ഇവിടെ ചര്‍ച്ച. തള്ള് എന്ന പ്രയോഗത്തെ പറ്റിയാണ്.
വ്യവഹാര മലയാളത്തിലേക്ക് നവ മാധ്യമങ്ങളും അവയിലെ ബ്രോസും ചേര്‍ന്ന് സംഭാവന ചെയ്ത പുതിയ വാക്കുകളിലോന്നാണ് ‘തള്ള്’.
ലാത്തിയടി, പുളുവടി, ബഡായി, കത്തി എന്നീ സംഭവങ്ങളുടെ ഒരു വകഭേദമെന്ന നിലയിലാണ് തള്ള് അവതരിച്ചിരിക്കുന്നത്. പുതുതായി പ്രയോഗത്തില്‍ വന്ന വാക്കുകളില്‍, ആശയത്തോട് ഇത്രയേറെ ചേര്‍ന്ന് നില്‍ക്കുന്ന വാക്ക് തള്ള് പോലെ അധികമില്ലെന്ന് തോന്നുന്നു.
ചെയ്തതോ ചെയ്യാന്‍ ഉദ്ദേശിക്കുന്നതോ ആയ കാര്യങ്ങളെ സംബന്ധിച്ച വീമ്പ് പറച്ചില്‍, സാമാന്യ ബുദ്ധിക്ക് താങ്ങാവുന്ന പരിധി വിടുകയോ അപ്രായോഗികമെന്ന് പ്രഥമ നിരീക്ഷണത്തില്‍ തോന്നുകയോ ചെയ്യുമ്പോഴാണ് അവയെ തള്ള് ഗണത്തില്‍ പെടുത്തുക. ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം തള്ളിത്തരുമെന്ന മോദിജിയുടെ വീമ്പിളക്കല്‍ തള്ള് ഇനത്തില്‍ വന്നത് ഇതിനൊരു ഉദാഹരണം.
സമൂഹത്തില്‍ ഒരാള്‍ക്കുള്ള സ്ഥാനം, സ്വാധീനം എന്നിവയെക്കുറിച്ച് സ്വന്തമായോ ഏല്‍പിക്കപ്പെട്ട മറ്റാരെങ്കിലുമോ നടത്തുന്ന വിടല്‍സാണ് തള്ളുകളിലെ മറ്റൊരു പ്രധാന ഇനം. കഴിഞ്ഞ മോദി സര്‍കാരില്‍ ടൂറിസം മന്ത്രിയായിരുന്ന കണ്ണന്താനം നടത്തിയ തള്ളുകളധികവും ഈയിനത്തില്‍ പെട്ടവയായിരുന്നു. പ്രധാനമന്ത്രിയുമായി തന്റെ ഭര്‍ത്താവിനുള്ള അടുപ്പം കാണിക്കാന്‍, കണ്ണന്താനത്തിന്റെ ഭാര്യ നടത്തിയ പരാമര്‍ശങ്ങള്‍, ട്രോളന്മാര്‍ക്ക് വിരുന്നായി മാറിയ ഒരുഗ്രന്‍ തള്ളായിരുന്നല്ലോ, ല്ലേ?!

ലാത്തിയടി, പുളുവടി, ബഡായി, കത്തി എന്നീ സംഭവങ്ങളുടെ ഒരു വകഭേദമെന്ന നിലയിലാണ് തള്ള് അവതരിച്ചിരിക്കുന്നത്. പുതുതായി പ്രയോഗത്തില്‍ വന്ന വാക്കുകളില്‍, ആശയത്തോട് ഇത്രയേറെ ചേര്‍ന്ന് നില്‍ക്കുന്ന വാക്ക് തള്ള് പോലെ അധികമില്ലെന്ന് തോന്നുന്നു.


അറിവില്ലാത്ത വിഷയങ്ങളില്‍ ഇടപെട്ട്, അജ്ഞതയും, അജ്ഞത എഴുന്നള്ളിക്കാനുള്ള ഉളുപ്പില്ലായ്മയും സമംചേര്‍ത്ത് തള്ളുന്നവരും ഇഷ്ടം മാതിരിയുണ്ട്. നോട്ടു നിരോധനകാലത്തു സാമ്പത്തിക വിദഗ്ധര്‍ ചമഞ്ഞ് ചാനലുകളില്‍ വന്ന് തള്ളിയവരിലധികവും ഈ ഗണത്തില്‍ പെട്ടവരായിരുന്നു. അവതരണം കേട്ടാല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനത്തിനര്‍ഹതയുണ്ടെന്ന് തോന്നിപ്പിക്കും ഇക്കൂട്ടര്‍. കാല്‍കാശിനു വകയില്ലാത്ത അറിവേ ഇവര്‍ക്കുള്ളൂ എന്ന് തെളിയിക്കല്‍ പിന്നെ കാലത്തിന്റെ പണിയായി മാറും. സംഘ്പരിവാര്‍ തള്ളുകാരധികവും ഈ ഗണത്തില്‍ വരുന്നതായാണ് കാണുന്നത്! നമ്മുടെ സുരേന്ദ്രനും ഗോപാല കൃഷ്ണനുമൊക്കെ ചേര്‍ന്ന് തള്ളിയത് ഒന്നൊന്നര തള്ളുകളായിരുന്നെന്ന് പിന്നീട് തെളിയുകയുണ്ടായല്ലോ.
ആശ്രിതരും സില്‍ബന്ധികളുമായ ഒരുകൂട്ടത്തെ ചുറ്റുമിരുത്തി ബഡായി വിട്ട് ചിരിപ്പിക്കുകയും അതില്‍ ആനന്ദം കൊള്ളുകയും ചെയ്യുന്ന രീതി രാജാക്കന്മാര്‍ക്കും ഉന്നതന്മാര്‍ക്കും പണ്ടേയുണ്ട്. എന്നാല്‍, ഇത്തരം തള്ളുകള്‍ കേട്ട് സഹിക്കാന്‍ കഴിയാതെ സ്ഥലം വിട്ടു കളയും പലരും. കേട്ട്, അര്‍ഥമറിയാതെ ചിരിക്കുന്ന വിഡ്ഢികളും ഇഷ്ടം പോലെ. ഇത്തരം റാന്‍മൂളികള്‍ക്കും ബ്രോസ് പുതിയ വാക്ക് കണ്ടു പിടിക്കുമായിരിക്കും.

Share this article

Leave a Reply

Your email address will not be published. Required fields are marked *