ഓണ്‍ലൈനാക്കാന്‍ കഴിയാത്ത ക്ലാസുകള്‍

Reading Time: 4 minutes

 

ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നതോടെ
വിദ്യാര്‍ഥികള്‍ക്ക് അന്യമാകുന്ന
സാമൂഹ്യാനുഭവങ്ങള സംബന്ധിച്ച്

റഹീം പൊന്നാട്
raheemponnad@gmail.com

ലോകം കൊറോണക്ക് മുമ്പ്, ശേഷം എന്നിങ്ങനെ രണ്ടായി തിരിയുകയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ കുഞ്ഞന്‍ വൈറസ് അടിമുടി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. കുടുംബം, തൊഴില്‍, യാത്ര, ബിസിനസ്, കച്ചവടം, മതം, രാഷ്ട്രീയം, ഭരണം, ആരോഗ്യം തുടങ്ങി എല്ലാ രംഗങ്ങളിലും കോവിഡ് വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഏതു പ്രതിസന്ധിക്കും പരിഹാരമേകുന്ന തരത്തിലേക്ക് സാങ്കേതികവിദ്യകള്‍ വളര്‍ന്നതുകൊണ്ട് മാത്രം ഈ മഹാമാരിക്കാലത്തും മനുഷ്യസമൂഹം പിടിച്ചുനില്‍ക്കുന്നു എന്നതാണ് വസ്തുത. ഇന്റര്‍നെറ്റും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സുമൊക്കെ ഇനി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറും.
മറ്റെല്ലാ രംഗത്തുമെന്നപോലെ പോലെ വിദ്യാഭ്യാസരംഗത്തും കോവിഡ് വലിയ ചലനങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനമായത് ഓണ്‍ലൈന്‍ ക്ലാസുകളിലേക്കുള്ള മാറ്റമാണ്. ലോക്ഡൗണാവുകയും പൊതു ഗതാഗതം നിലക്കുകയും ചെയ്തതോടെ രാജ്യത്തെമ്പാടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാര്‍ച്ച് അവസാനത്തോടെ പൂര്‍ണമായും അടഞ്ഞു. ഉന്നത വിദ്യഭ്യാസ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളൊ ക്കെ അന്നു മുതല്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകളുടെ സാധ്യത ഉപയോഗപ്പെടുത്തിത്തുടങ്ങി. ലോക്ഡൗണ്‍ നീണ്ടതോടെ മറ്റു സ്ഥാപനങ്ങളും ആ വഴി ചിന്തിച്ചു. അടുത്തൊന്നും സാധാരണ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാവില്ല എന്ന സ്ഥിതി വന്നതോടെ ഇപ്പോള്‍ സ്‌കൂളുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറകെയാണ്. സര്‍ക്കാരും സര്‍വകലാശാലകളും യുജിസി പോലുള്ള സ്ഥാപനങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരു നയമായി ഏറ്റെടുത്ത് നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.

ഓണ്‍ലൈന്‍ ക്ലാസുകള്‍
വര്‍ക്ക് ഫ്രം ഹോം എന്ന് പറയുന്നതുപോലെ സ്റ്റഡി ഫ്രം ഹോം എന്നതാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ രീതി. വീട്ടില്‍ തന്നെയാവണമെന്നില്ല, ഒരു സ്മാര്‍ട്ട് ഡിവൈസും കണക്ടിവിറ്റിയുമുണ്ടെങ്കില്‍ ആര്‍ക്കും എവിടെ നിന്നും പഠിക്കാം എന്നതാണ് ഇതിന്റെ മേന്മയും സൗകര്യവും. നേരത്തെ തന്നെ വിദ്യാഭ്യാസ രംഗത്ത് ടെക്‌നോളജി വലിയ രൂപത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്മാര്‍ട്ട് ക്ലാസുകളും ഡിജിറ്റല്‍ ലൈബ്രറികളുമൊക്കെ നമ്മുടെ നാട്ടിലും വ്യാപകമാണ്. പക്ഷേ ഇതിലേറെയും വിദ്യാര്‍ഥികളും അധ്യാപകരും ഒരു ക്ലാസ്‌റൂമിലോ ഹാളിലോ ചേര്‍ന്നിരുന്നുകൊണ്ടുള്ള പഠനരീതിയായിരുന്നു. സാങ്കേതികവിദ്യ അവിടെയൊരു സഹായകം മാത്രമായിരുന്നു. എന്നാല്‍ അധ്യാപകരും വിദ്യാര്‍ഥികളും ഒരേ ഫിസിക്കല്‍ സ്‌പെയ്‌സില്‍ ഉണ്ടാവണമെന്നില്ല എന്നതാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റം. സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികളില്ലാതെ ഉപയോഗിക്കാമെന്നതും ഇതിന്റെ മേന്മയാണ്. വാട്‌സാപ്പിലെയോ ഇതര സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലേയോ ഗ്രൂപ്പുകള്‍ മുതല്‍ Zoom, Google Class Room, Google Meet, ങശരൃീീെള േഠലമാ, ണലയശഃ തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമായുള്ള ഉള്ള പ്ലാറ്റ്‌ഫോമുകള്‍ വരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്.
വിവിധ ഇടങ്ങളില്‍ ഉള്ള അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പരസ്പരം കാണാനും കേള്‍ക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും ഒക്കെ സൗകര്യമുള്ളതാണ് പുതിയ ഓണ്‍ലൈന്‍ ക്ലാസ് പ്ലാറ്റ്‌ഫോമുകള്‍. ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്തു അതു പിന്നീട് കേള്‍ക്കാനും സൗകര്യമുണ്ട്. മള്‍ട്ടിമീഡിയയുടെ സൗകര്യങ്ങള്‍, ലബോറട്ടറി പരീക്ഷണങ്ങളും മറ്റും അനുകരിക്കാനുള്ള (Simulation) സൗകര്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും വേര്‍ച്വല്‍ റിയാലിറ്റിയുടെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സാധ്യതകള്‍ ഉപയോഗപ്പെടുത്താം എന്നു തുടങ്ങി അനേകം മേന്മകളുണ്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക്. ക്ലാസുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കാനും വിദ്യാര്‍ഥികളുടെ പങ്കാളിത്തമുറപ്പാക്കാനുമൊക്കെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ എളുപ്പമാണ്. ക്ലാസുകള്‍ മോണിറ്റര്‍ ചെയ്യാനും പരീക്ഷകള്‍ നടത്താനുമൊക്കെ എളുപ്പമാണെന്നതും ഓണ്‍ലൈന്‍ ക്ലാസുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു.

ക്ലാസുകള്‍ക്ക് പകരമാകുമോ
ഓണ്‍ലൈന്‍ ക്ലാസുകള്‍
കൊറോണയുടെ പേര് പറഞ്ഞു ക്ലാസുകള്‍ എല്ലാം ഓണ്‍ലൈനിലേക്ക് മാറ്റാനുള്ള ശ്രമങ്ങളില്‍ വലിയ അപകടങ്ങളുണ്ട്. വിദ്യാലയങ്ങളെ/കാംപസുകളെ ഒരിക്കലും സാങ്കേതികവിദ്യ കൊണ്ട് പകരം വെക്കാനാകില്ല. സ്‌കൂള്‍/കോളേജ് എന്നത് സിലബസിലുള്ള കാര്യങ്ങള്‍ പഠിക്കാനും പരീക്ഷയെഴുതി ജയിക്കാനുമുള്ള ഒരിടം മാത്രമല്ല. കുടുംബം കഴിഞ്ഞാല്‍ സാമൂഹീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഏജന്‍സിയാണ് വിദ്യാലയം.ഇന്നത്തെ കുട്ടികളില്‍ പലരും രക്ഷിതാക്കളോടും വീട്ടുകാരോടും ഇടപഴകുന്നതിനേക്കാളേറെ സ്‌കൂളിനോടും സഹപാഠികളോടും ഇടപഴകുന്നവരായിരിക്കും. അതുകൊണ്ടുതന്നെ കുട്ടികളുടെ വ്യക്തിത്വം വളര്‍ത്തുന്നതിലും മൂല്യബോധം രൂപപ്പെടുത്തുന്നതിലും വിദ്യാലയങ്ങള്‍ വലിയ പങ്കുവഹിക്കുന്നു.
അറിവുകളെക്കാള്‍ അനുഭവങ്ങളുടെ ഒരിടം കൂടിയാണ് വിദ്യാലയങ്ങള്‍. അധ്യാപകര്‍, സഹപാഠികള്‍, ഇതര ക്ലാസിലെ കുട്ടികള്‍, അനധ്യാപകര്‍ തുടങ്ങി അനേകംപേരോട് സ്‌കൂളിനകത്തും, ബസ് ഡ്രൈവര്‍, സഹയാത്രികര്‍, മിഠായിക്കച്ചവടക്കാര്‍, ബുക്സ്റ്റാളുകാര്‍ തുടങ്ങി പലരോടും സ്‌കൂളിന് പുറത്തും ഇടപെടുന്നതിലൂടെ കുട്ടികള്‍ വലിയ പാഠങ്ങളാണ് പഠിക്കുന്നത്. അധ്യാപകരുടെ സ്‌നേഹവും തലോടലും വഴക്കും ശാസനയും ശിക്ഷയുമൊക്കെ ആ അനുഭവങ്ങളുടെ ഭാഗമാണ്. അടിയും വഴക്കും കളിയും കബഡിയുമൊക്കെ വിദ്യാഭ്യാസത്തിലൂടെ കിട്ടുന്ന പരിശീലനങ്ങളാണ്. തുണ്ടെഴുതുന്നതും ബോര്‍ഡില്‍ ചിത്രങ്ങള്‍ വരക്കുന്നതും ഡെസ്‌കില്‍ കവിത കോറിയിടുന്നതുമൊക്കെ വിദ്യാഭ്യാസത്തിന്റെ ഭാഗം തന്നെയാണ്. ഓട്ടവും ചാട്ടവും, പാട്ടും നൃത്തവും, വരയും എഴുത്തും സാമൂഹികസേവനവും സന്നദ്ധ പ്രവര്‍ത്തനവുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാണ്. ക്ലബ്ബുകളും എന്‍എസ്എസ്, എന്‍സിസി തുടങ്ങിയവയൊക്കെയായി സ്‌കൂളിന്റെ മതില്‍ക്കെട്ടിനു പുറത്തേക്ക് കൂടി വ്യാപിക്കുന്നതാണ് വിദ്യാഭ്യാസം. അതുകൊണ്ട് തന്നെയാണ് നമ്മളൊക്കെ സ്‌കൂളില്‍ പഠിച്ച കണക്കിനെക്കാളും ബയോളജിയെക്കാളുമൊക്കെ അത്തരം കാര്യങ്ങള്‍ ഇന്നും ഓര്‍ത്തിരിക്കുന്നത്.
ഈ അനുഭവങ്ങളൊന്നും ലഭിക്കില്ല എന്നതാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ പരിമിതി. അതുകൊണ്ടുതന്നെ അതിന് കുറേ മസ്തിഷ്‌കങ്ങളെ മാത്രമേ സൃഷ്ടിക്കാനാവൂ, മനുഷ്യരെ ഉണ്ടാക്കാന്‍ കഴിയില്ല. അറിവു മാത്രമല്ല, അച്ചടക്കവും പെരുമാറ്റരീതികളും മൂല്യങ്ങളുമൊക്കെ പഠിച്ചെടുക്കേണ്ട ഇടം കൂടിയാണ് വിദ്യാലയങ്ങള്‍. നേരത്തെ എണീക്കുക, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുക, യൂണിഫോം ഇടുക, ബസ്സില്‍ കയറുക, ബെല്ലടിക്കുന്നതിനു മുന്നേ സ്‌കൂളിലെത്തുക, അച്ചടക്കം പാലിക്കുക, മാന്യമായ ഭാഷ ഉപയോഗിക്കുക, സ്‌കൂളിന്റെ നിയമങ്ങള്‍ മാനിക്കുക, പരീക്ഷ എഴുതുക, കോപ്പിയടിക്കാതിരിക്കുക എന്നുതുടങ്ങി ചിട്ടകളുടെയും അച്ചടക്കത്തിന്റെയും മൂല്യങ്ങളുടെയും വലിയൊരു ലോകം കൂടി സ്‌കൂളില്‍ പഠിക്കുന്നുണ്ട്. സ്‌കൂളിന്റെ മതിലിനു പുറത്തേക്ക് മുഴുവന്‍ ജീവിതത്തിലേക്കുമുള്ള പരിശീലനങ്ങളാണവ. സമത്വത്തിന്റെയും തുല്യപരിഗണനയുടെയുമൊക്കെ പാഠങ്ങളും വിദ്യാലയത്തില്‍ നിന്ന് പഠിക്കുന്നുണ്ട്. പല സംസ്‌കാരത്തില്‍ പെട്ടവരും ജാതിയിലും മതത്തിലും സാമൂഹിക സാമ്പത്തിക സ്ഥിതിയിലും പെട്ടവരും ഒന്നിച്ച് ഇടപഴകുന്ന ഇടമാണ് വിദ്യാലയങ്ങള്‍. ഇതര സംസ്‌കാരങ്ങളെ മനസിലാക്കാനും ഉള്‍ക്കൊള്ളാനും, ആണിനെയും പെണ്ണിനെയും മനസിലാക്കാനും, പരസ്പരം ബഹുമാനിക്കാനുമൊക്കെ പഠിക്കുന്നതും വിദ്യാലയങ്ങളില്‍ നിന്നാണ്. മിടുക്കരോടും പഠനവൈകല്യങ്ങളുള്ളവരോടും ഭിന്നശേഷിക്കാരോടുമൊക്കെ ഇടപെടുക വഴി ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും വലിയ പാഠങ്ങള്‍ കൂടിയാണ് കുട്ടികള്‍ പഠിക്കുന്നത്.
കരുതലിന്റെയും പങ്കുവെക്കലിന്റെയും സഹജീവിസ്‌നേഹത്തിന്റേയുമൊക്കെ പാഠങ്ങളും വിദ്യാലയങ്ങള്‍ പകര്‍ന്നുനല്‍കുന്നുണ്ട്. തങ്ങളെക്കാള്‍ ഇളയവരെ കൈപിടിച്ചും ബസ്സില്‍ കയറാനും റോഡ് മുറിച്ചുകടക്കാനുമൊക്കെ സഹായിച്ചും കുട്ടികള്‍ കരുതലിന്റെ പാഠങ്ങള്‍ പഠിക്കുന്നു. പേനയും പെന്‍സിലും പുസ്തകവുമൊക്കകൈമാറിയും, ഉച്ച ഭക്ഷണം പങ്കുവച്ചും അവര്‍ ഒരുമയുടെയും പങ്കുവെക്കലിന്റെയും പാഠങ്ങള്‍ പഠിക്കുന്നു. കൂട്ടത്തിലെ ദുര്‍ബലര്‍ക്ക് കൈത്താങ്ങായും പ്രത്യേക പരിഗണന വേണ്ടവരെ കൈപിടിച്ചും അവര്‍ മാനവികതയുടെയും സഹജീവി സ്‌നേഹത്തിന്റെയും പാഠങ്ങള്‍ പഠിക്കുന്നു.
വിദ്യാലയങ്ങള്‍ സമൂഹത്തിന്റെ ഒരു ചെറിയ പതിപ്പാണ്. ജീവിതത്തില്‍ ഒരു മനുഷ്യന്‍ നേരിടാന്‍ പോകുന്ന ഒട്ടുമിക്ക കാര്യങ്ങള്‍ക്കുമുള്ള പരിശീലനം അവിടെ ലഭിക്കുന്നുണ്ട്. മത്സരങ്ങളുടെയും അതീവനത്തിന്റെയും പരിശീലനം അവിടെ കിട്ടുന്നു. രാഷ്ട്രീയവും സമരവും തിരഞ്ഞെടുപ്പുകളും ഒക്കെ കുട്ടികളിലെ പ്രതികരണശേഷിയും ജനാധിപത്യബോധവും വളര്‍ത്തുന്നു. പ്രണയവും വേര്‍പാടുകളും തോല്‍വികളുമൊക്കെ അവരെ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടാന്‍ പ്രാപ്തരാക്കുന്നു. പിയര്‍ ഗ്രൂപ്പുകള്‍ അവരെ സാഹസങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാന്‍ പ്രാപ്തരാക്കുന്നു. അടിപിടികളും വഴക്കുകളുമൊക്കെ അവരെ ഒരുമയുടെയും പ്രതിരോധത്തിന്റെയും പാഠങ്ങള്‍ പിടിപ്പിക്കുന്നു. ഗ്യാങുകളും കൂട്ടായ്മകളും അവരില്‍ സംഘബോധം വളര്‍ത്തുന്നു.
ക്ലാസ് മുറികളില്‍ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസം. ലൈബ്രറിയും വായനശാലകളുമൊക്കെ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാണ്. കാന്റീനും ക്യാംപസിലെ മരച്ചുവടുകളുമൊക്കെ വലിയ പാഠപുസ്തകങ്ങളാണ്. പഠനത്തോടൊപ്പം വിനോദ കേന്ദ്രങ്ങള്‍ കൂടിയാണ് വിദ്യാലയങ്ങള്‍. സ്‌പോര്‍ട്‌സും ആര്‍ട്‌സും ഗെയിമുകളുമൊക്കെ കുട്ടികള്‍ക്ക് മാനസികോല്ലാസം നല്‍കുന്നു. മേളകളും ആഘോഷങ്ങളും ഒക്കെ അവര്‍ക്ക് ആനന്ദം നല്‍കുന്നതോടൊപ്പം കുട്ടികളിലെ നാനാവിധ കഴിവുകളെ പുറത്തെടുക്കാനുള്ള അവസരങ്ങള്‍ കൂടിയാണ്. സൗഹൃദങ്ങളുടെ കടലിലലിയുമ്പോള്‍ അവര്‍ തങ്ങളുടെ മാനസിക വിഷമങ്ങള്‍ മറക്കുന്നു. തകര്‍ന്ന കുടുംബാന്തരീക്ഷത്തില്‍നിന്ന് വരുന്ന കുട്ടികള്‍ക്ക് വിദ്യാലയം ഒരുവലിയ ആശ്വാസ കേന്ദ്രം കൂടിയാണ്. സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട വലിയൊരു വിഭാഗത്തിന് ഉള്‍ച്ചേരലിനുള്ള ഇടങ്ങള്‍ കൂടിയാണ് വിദ്യാലയങ്ങള്‍.

ഓണ്‍ലൈന്‍ ക്ലാസുകള്‍
പകരമല്ല, പൂരകമാണ്
വിദ്യാഭ്യാസമെന്നത് പാഠപുസ്തകങ്ങളുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല എന്നാണ് മുകളില്‍ പറഞ്ഞു വച്ചത്. അത് വളരെ വിശാലമായ അനുഭവങ്ങളുടെ ഒരു ലോകം കൂടിയാണ്. അതുകൊണ്ടുതന്നെ അതിനെ ഒരിക്കലും ഓണ്‍ലൈനിലേക്ക് പറിച്ചു നടാനാവില്ല. പഠനം എന്ന പ്രക്രിയ കൂടുതല്‍ രസകരമായും ഫലപ്രദമായും ഓണ്‍ലൈനിലേക്ക് മാറ്റാമെങ്കിലും പഠനത്തോടൊപ്പം വിദ്യാലയങ്ങളും വിദ്യാഭ്യാസവും നല്‍കുന്ന ഇതര അനുഭവങ്ങളൊന്നും ഓണ്‍ലൈനില്‍ ലഭ്യമാക്കാനാവില്ല. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരിക്കലും ക്ലാസുകള്‍ക്ക് പകരമാകുന്നില്ല. അത് പരമ്പരാഗത ക്ലാസുകള്‍ക്കൊപ്പം അതിന് പൂരകമായി മാത്രം നടക്കേണ്ടുന്ന ഒന്നാണ്.
കൊറോണയുടെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. ഇപ്പോള്‍ത്തന്നെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പഠന രീതികള്‍ അവരുടെ മേന്മയായി എടുത്തു കാണിക്കുന്നുണ്ട്. കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ക്കും, പരീക്ഷകള്‍ പാസാകുന്നത് മാത്രമാണ് വിദ്യാഭ്യാസമെന്ന് കരുതിയിരിക്കുന്ന രക്ഷിതാക്കള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏറെ സ്വീകാര്യവും സൗകര്യപ്രദമായിരിക്കും.
സര്‍ക്കാരും സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ ഏജന്‍സികളുമൊക്കെ ഓണ്‍ലൈനിലേക്കുള്ള മാറ്റത്തെ അതിരറ്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. പരമ്പരാഗത വിദ്യാഭ്യാസത്തില്‍ നിന്ന് ഇന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്കുള്ള ചുവടുമാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ അത് ഒരു തലമുറയോട് ചെയ്യുന്ന കടുത്ത അപരാധമായിരിക്കും.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പിന്നിലെ നവലിബറല്‍, കോര്‍പറേറ്റ് താത്പര്യങ്ങളും അതുയര്‍ത്തുന്ന സുരക്ഷാഭീഷണിയുമൊക്കെ ഇതിനകം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. അതിനെക്കാള്‍ പ്രധാനം അതുണ്ടാക്കാന്‍ പോകുന്ന അസമത്വങ്ങളാണ്. നിലവില്‍ തന്നെ വലിയ സാങ്കേതിക വിടവ് (ഉശഴശമേഹ ഉശ്ശറല) നിലനില്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. രാജ്യത്തെ മൂന്നില്‍ രണ്ട് ജനസംഖ്യക്കും ഇപ്പോഴും അതിവേഗ ഇന്റര്‍നെറ്റ് അപ്രാപ്യമാണെന്നാണ് കണക്കുകള്‍. സ്മാര്‍ട്ട് ഫോണുകളും കംപ്യൂട്ടറുകളുമൊക്കെ നല്ലൊരു വിഭാഗത്തിന് അചിന്തനീയവും. കേരളത്തില്‍ ഈയടുത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം 2.6 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന് സൗകര്യങ്ങള്‍ ലഭ്യമല്ല എന്നാണ് കണ്ടെത്തിയത്. രണ്ടോ മൂന്നോ കുട്ടികള്‍ ഒരേ സമയം ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യേണ്ടിവരുന്ന ഒരു കുടുംബത്തിന് ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടായതുകൊണ്ട് കാര്യം നടക്കുകയുമില്ല. മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ഇപ്പോഴും കടന്നു ചെന്നിട്ടില്ലാത്ത പ്രദേശങ്ങള്‍ രാജ്യത്ത് ഇപ്പോഴും ധാരാളമുണ്ട്. സാങ്കേതികവിദ്യകളെക്കുറിച്ച് തീര്‍ത്തും നിരക്ഷരരായ വലിയൊരു ജനവിഭാഗവും നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വലിയ തോതിലുള്ള സാമൂഹിക വികസനത്തിലേക്ക് നയിക്കും എന്നുറപ്പാണ്. കള്ളന്മാര്‍ക്കും വിരുതന്മാര്‍ക്കും വളഞ്ഞ വഴികളിലൂടെ രക്ഷപ്പെടാനുള്ള അവസരങ്ങളും സാങ്കേതികവിദ്യ തുറന്നുവെക്കും $

(തവനൂര്‍ ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍)

Share this article

About റഹീം പൊന്നാട്

View all posts by റഹീം പൊന്നാട് →

Leave a Reply

Your email address will not be published. Required fields are marked *