ഒന്നാവുന്ന അതിര്‍ത്തികള്‍

Reading Time: < 1 minutes

……………………………… ടി ടി ഇര്‍ഫാനി ………………………………

ഡാനിയല്‍ ഡിഫോയുടെ വിസയില്‍
റോബിന്‍സണ്‍ ക്രൂസോ
ഒറ്റയാന്‍ പാര്‍പ്പിനായി
ദ്വീപില്‍ പോയി.
ഒറ്റക്കൊരാള്‍!
എങ്ങനെ സാധ്യമതെന്ന്
അന്ന് മനസ് ചോദിച്ചു.

ലോകത്തിലെ മുഴുവന്‍
ഫാക്ടറികളും ഖനികളും
അടച്ചിട്ട് ചലനമില്ലാത്ത ലോക-
നിമിഷമാഘോഷിക്കണമെന്ന്
ചിലിയന്‍ കവി പാബ്ലോ നെരൂദ!
എങ്ങനെ സാധ്യമതെന്ന് അന്നും
മനസ് ആരാഞ്ഞു.

ഇന്ന് ഓരോരുത്തരും പറയുന്നു,
ഒറ്റപ്പെടലും അതിലപ്പുറവും
സാധ്യമാണെന്ന്.
ലോകം മുഴുവന്‍ ഒരു
ആതുരാലയമായെന്ന്.
മരണം മണക്കുന്ന മണ്ണാണ്
എവിടെയുമെന്ന്.
ഏകാന്തതയുടെ തടവറകളാണ്
ചുറ്റിലുമെന്ന്.
മിണ്ടാനും പിടിക്കാനും
പേടിയാണെന്ന്.
കുടുംബക്കൂട്ടില്‍ വരെ
അകലം പാലിക്കണമെന്ന്.

ഇന്ന് ഓരോരുത്തരും കേള്‍ക്കുന്നു,
ഒരദൃശ്യ ശത്രുവിന്റെ സീല്‍കാരങ്ങള്‍.
വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ
ഇന്‍വിസിബിള്‍ മാനെക്കാള്‍
ഭീകരത അത് സൃഷ്ടിക്കുന്നുണ്ട്.

പനിപിടിച്ചു കരയുന്ന
അഭയാര്‍ഥികളെ
അതിര്‍ത്തികളില്‍ വന്ന്
അവര്‍ അലമുറയിട്ടിരുന്നു.

ഒറ്റപ്പെടലില്‍ വിഭ്രാന്തി കാണിക്കുന്ന യുവതയെ
അവരുടെ കാതുകളും കണ്ണുകളും വിരലുകളും
സദാ എന്‍ഗേജ്ഡായിരുന്നു.

ശ്വാസം വലിച്ചിട്ടു കിട്ടാതെ
കാലിട്ടടിക്കുന്ന വയോധികരെ
അദൃശ്യ ശത്രു അവരുടെ അകത്തുകടന്നത്
ആരുമറിഞ്ഞിരുന്നില്ല.

പള്ളിക്കൂടങ്ങളില്‍ നിന്നും
കൂട്ടുകാരില്‍ നിന്നും
അകറ്റപ്പെട്ട കുരുന്നുകളെ
സമയാസമയം
ഒരേ ശത്രുവിനെ വിളിച്ചുപറയുന്ന
മീഡിയകളേ അവര്‍ കേട്ടുള്ളൂ.
ഇന്ന് ഓരോരുത്തരും കാണുന്നു,
അന്റാര്‍ട്ടിക്കയിലെ യാത്രികരെ പോലെ
മൂടിക്കെട്ടി നടക്കുന്നവരെ.
ചന്ദ്രയാന്‍ യാത്രക്കൊരുങ്ങുന്നവരെ പോലെ
വായുകടക്കാത്ത വസ്ത്രം ധരിച്ചവരെ.

അരങ്ങൊഴിഞ്ഞ കലാപീഠങ്ങളെ
ആളൊഴിഞ്ഞ
പള്ളി-കുര്‍ബാന- ആരാധനാ സ്ഥലികളെ.
കാല്‍പ്പെരുമാറ്റം കേള്‍ക്കാത്ത കളിസ്ഥലങ്ങളെ.
മൂകത ചുറ്റിയ നഗരങ്ങളെ.

ഓരോരുത്തരും മനസിലമര്‍ത്തുന്നു,
ഭൂപടാതിരുകളെല്ലാം
ഉരുകി വരുന്നുണ്ടെന്ന സത്യം.

ഭാഷകള്‍ക്ക് വേലിക്കെട്ടൊരുക്കാനോ
നിറവും രൂപവും വസ്ത്രവുമൊന്നും മനുഷ്യനെന്ന
അസ്തിത്വത്തെ മൂടിവെക്കുന്നില്ലെന്നും.

ഒരേ മുഖമാണെല്ലാവര്‍ക്കുമെന്നും
ഒരേ ആധിയിലാണെല്ലാവരുമെന്നും
ഹൃദയങ്ങള്‍ ഒന്നിച്ചിടിക്കുന്ന
ശബ്ദമാണെല്ലായിടത്തെന്നും.

എല്ലാവരും പ്രഖ്യാപിക്കുന്നു,
നമ്മള്‍ ഒന്നാണെന്ന്
വിലാസവും ചേരുവകളുമെല്ലാം ഒന്നാണെന്ന്.
ചേതനയിലെ ചില നിറം മാറ്റം മാത്രമാണ്
ബാക്കിയുള്ളതെന്ന്.
നമുക്കെല്ലാവര്‍ക്കും
ഒരേ ഒരു ശത്രുവാണുള്ളതെന്ന്.

തീക്കനലില്‍ ചവിട്ടിപ്പൊരുതിയ
വരായിട്ടും തോക്കേന്തി
തീ തുപ്പിയവരായിട്ടും
ഡ്രോണുകളില്‍ കയറ്റി വെച്ച്
വിരല്‍ ഞെക്കി
ബോംബുകളെറിഞ്ഞിട്ടും
റഡാറുകളുടെ കണ്ണുകളില്‍ നിന്നും
ഒരു ചലനവും രക്ഷപ്പെടാതിരുന്നിട്ടും
ഒരൊറ്റ ശത്രുവിനെ തോല്‍പിക്കാന്‍
നാം കിതക്കരുതെന്ന്.
നാം നമുക്കെതിരെ തുറന്നുവെച്ച
പോര്‍ മുഖങ്ങളെല്ലാം അടക്കണമെന്ന്.

ഇരുട്ടിലും വെളിച്ചത്തിലും
നമ്മുടെ ഒരേ ഒരു ശത്രുവിന്റെ
കണ്ണി പൊട്ടിക്കണമെന്ന്.

Share this article

Leave a Reply

Your email address will not be published. Required fields are marked *