ഒരു പ്രവാസിയെ ചോദ്യം ചെയ്യുന്നു

Reading Time: < 1 minutes

1.
നിങ്ങളുടെ വഴികളും ഓർമകളും
ഇത്ര പെട്ടെന്ന് ചാഞ്ഞുപോയോ?
പുതിയ പുസ്തകം ചാഞ്ഞു പെയ്യുന്ന
ഓർമകളാണല്ലോ?

സുഹൃത്തേ, നേരെ നില്‍ക്കാന്‍
കഴിയാത്തതുകൊണ്ടല്ല. എന്തോ,
ഞാനും എന്റെ ഓർമകളും അങ്ങനെ
ആയിപ്പോയി, ചാഞ്ഞുപോയി.

2.
പ്രവാസജീവിതം നിങ്ങള്‍ക്കെന്ത് തന്നു?
പ്രവാസജീവിതം എനിക്ക് കുടവയര്‍ തന്നു.
പിന്നെ വെറുംവയറ്റില്‍
കഴിക്കാന്‍ കുറേ ഗുളികകളും.

3.
ഇത്രയും കാലം നഗരത്തില്‍
ജീവിച്ചിട്ടും കഷണ്ടി ആയില്ലല്ലോ?
അതിനു പ്രത്യേക കാരണമൊന്നുമില്ല.
ഞാനൊരു മുടിയനായ പുത്രനല്ല.

4.
കുറേ എഴുതിയിട്ടും
നിങ്ങളെന്തിനാണ് മാറി നടക്കുന്നത്.
ആരു പറഞ്ഞു ഒറ്റയ്ക്കാണെന്ന്.
കൂടെ നിഴലുമുണ്ടല്ലോ.
അതാകുമ്പോള്‍ “ഞാന്‍ ഞാന്‍’
എന്ന വീരവാദം പറയില്ല.
എല്ലാം തികഞ്ഞതായി അഭിനയിക്കില്ല.
ചതിക്കില്ല.

5.
അവര്‍ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍
ശ്രദ്ധിച്ചിരുന്നോ?
ഇല്ല, നില്‍ക്കാത്തപ്പോള്‍
നോക്കിയിട്ടുണ്ട്.

6.
നിങ്ങളെന്തൊരു മണ്ടനാണ്.
അരിയെത്ര? പയറഞ്ഞാഴി
എന്നാണല്ലോ സകലതിനും ഉത്തരം.
എന്നാല്‍ ഞാന്‍ അരിക്കണക്ക്
പറയട്ടെ. അതിനും
കണക്കുകളില്ലെന്നാണ് പുതിയ വാദം.
നാട്ടില്‍ ഇപ്പോള്‍ അരി കിട്ടാനുമില്ല.

7.
ഇതൊക്കെ ആരാണ് കണ്ടുപിടിച്ചത്?
ഞാനല്ല. ഉത്തരം കണ്ടുപിടിക്കാനുമാവുന്നില്ല.

Share this article

About സുറാബ്

surab@ymail.com

View all posts by സുറാബ് →

Leave a Reply

Your email address will not be published. Required fields are marked *