നോമ്പിന്റെ അനാട്ടമി

Reading Time: 3 minutes

എന്‍.ബി സിദ്ദീഖ് ബുഖാരി

നോമ്പുകാലമാണ് മുന്നില്‍. കേരളത്തില്‍ ചൂട് പഴുക്കുന്ന കാലം കൂടിയാണിത്. വിശ്വാസത്തിന്റെ സ്വഛതയിലും നോമ്പിന്റെ അകക്കുളിരിലും ചൂട് നമുക്ക് പ്രശ്നമാകില്ല. ‘(നോമ്പ്) പ്രയാസപ്പെടുത്തില്ല. എളുപ്പമാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം.’ (അല്‍ബഖറ)
കൊറോണ കാലത്തെ അതിജീവിച്ചാണ് നാം റമളാനെ വരവേറ്റത്. അത്യന്തം വരണ്ട കാലമായിരുന്നു അത്. മുമ്പൊന്നുമില്ലാത്ത വിധം തികഞ്ഞ നിഷ്‌കര്‍ഷതയോടെയാണ് കോവിഡ് കാലത്ത് നാം ജീവിച്ചത്. നൂറിലേറെ രാഷ്ട്രങ്ങളിലായി രണ്ടു ലക്ഷത്തിലധികം പേരെ കൊറോണ പിടികൂടി. അതിലേറെ പേരെ ഭയപ്പെടുത്തി. കുറച്ചു പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ഈ കൊറോണ പേടിയില്‍ നമ്മള്‍ ജാഗ്രതകളും മുന്‍കരുതലുകളും കര്‍ശനമായി പാലിച്ചു. സര്‍ക്കാരുകളും ഇതര ഏജന്‍സികളും രോഗപ്രതിരോധത്തിന് ആവുന്നതെല്ലാം ചെയ്തു. താത്പര്യം ഒന്നു മാത്രം, പുതിയൊരാള്‍ക്ക് വൈറസ് ബാധ ഏല്‍ക്കരുത്. മരിച്ചുപോകരുത്.
മരണം വന്ന് തൊടരുത്. അതിനാണല്ലേ നാം ഇക്കാലത്ത് പോരാടിയതും അനുബന്ധ കര്‍മങ്ങളില്‍ വ്യാപൃതരായതും. അത്രമാത്രം മതിയാകുമോ വിശ്വാസിക്ക്? പോരാ. മരണത്തിനു ശേഷവും സന്തോഷജീവിതം വേണം. അതിലേക്കാണ് റമളാന്‍ നമ്മെ വിളിക്കുന്നത്.
വിശ്വാസിയുടെ കൃഷിയിടമാണ് ഭൂമി. സത്കര്‍മങ്ങളുടെ കൃഷിഭൂമിയില്‍ നിന്ന് കിട്ടുന്ന നിധിയാണ് റമളാന്‍. സമാനമായ അനേകം നാളുകള്‍ വേറെയുമുണ്ട്. ഈ കൃഷിയിടത്തില്‍ കൂടുതല്‍ ഉത്സുകനാവാനാണ് ഈ നിധികളത്രയും നമ്മോട് പറയുന്നത്. പാരായണത്തിന് പ്രത്യേക നിശ്ചയവും പ്രതിഫലവുമുള്ള സൂറത്താണ് അല്‍മുല്‍ക്/തബാറക. അതിലെ രണ്ടാം സൂക്തം തന്നെ നോക്കൂ. ‘നിങ്ങളില്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ ആരാണെന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍.’
മുഹമ്മദീയ ഉമ്മത്തിന്റെ പ്രത്യേക വിശേഷമാണ് റമളാനിലെ നിര്‍ബന്ധ നോമ്പനുഷ്ഠാനം. നമുക്കു മാത്രമായി കിട്ടിയ ആ പാരിതോഷികം എങ്ങനെ വേണ്ടെന്നു വെക്കാനാകും! നോമ്പിന്റെ പ്രതിഫലം അല്ലാഹു തന്നെയാണ്, ഇങ്ങനെ ഒരു നിവേദനമുണ്ട്. എത്ര വലിയ പ്രതിഫലമാണത്. അവനെ തന്നെ അവന്‍ നമുക്ക് തരുന്നു. വിശ്വാസിയുടെ സ്വര്‍ഗീയാനുഭൂതികളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ലിഖാഅ്. അഥവാ അല്ലാഹുവിനെ ദര്‍ശിക്കല്‍. നഗ്നനേത്രം കൊണ്ട് പടച്ചവനെ കാണല്‍. അതിനോളം വരുന്നു നോമ്പുകാരന്റെ പ്രതിഫലം. ഒരു ഹദീസില്‍ ഇങ്ങനെ വായിക്കാം, നോമ്പുകാരന് രണ്ട് ആനന്ദങ്ങളുണ്ട്. ഒന്ന് നോമ്പ് തുറക്കുമ്പോള്‍. മറ്റൊന്ന് അല്ലാഹുവിനെ കാണുമ്പോള്‍. ആദ്യത്തേത് ഭൂമിയലും മറ്റേത് ആഖിറത്തിലും. അപ്പോള്‍ ഇരുലോകത്തും സന്തോഷമുണ്ട് നോമ്പുകാരന്.
റമളാന്‍ അല്ലാഹുവിന്റെ അനുഗ്രഹമാണ്. ‘കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവരാകാന്‍’ കിട്ടുന്ന അനര്‍ഘ നിമിഷങ്ങള്‍. അതിന്റെ പേരില്‍ അടിമ അല്ലാഹുവിനെ വാഴ്ത്തുമെന്ന് ഖുര്‍ആനിലുണ്ട്. മനുഷ്യ ഉണ്‍മയുടെ ലക്ഷ്യം തന്നെ അല്ലാഹുവിനെ ആരാധിക്കലാണല്ലോ.
നോമ്പിനെ ചൊല്ലി ഖുര്‍ആനും ഹദീസും വാചാലമാകുന്നതെത്രയാണെന്നോ! മാസങ്ങളുടെ നേതാവ്. സത്കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം. വിശ്വാസികള്‍ അല്ലാനുവിനോട് ചോദിച്ചു വാങ്ങുന്ന മാസം. അങ്ങനെ ചോദിക്കാന്‍ നബിയുടെ കല്പനയുള്ള മാസം. ഇസ്‌ലാമിന്റെ നിര്‍മിതി പൂര്‍ണമാകുന്ന അഞ്ച് തൂണുകളില്‍ ഒന്ന്. അതില്‍ നാലാമതായി നബി(സ്വ) നോമ്പിനെ എണ്ണിയിട്ടുണ്ട്. അത് വെറുമൊരു എണ്ണലല്ല. ഖുര്‍ആന്‍ അവതരിച്ച മാസം, ആയിരം രാവിന്റെ ശ്രേഷ്ഠതയുള്ള ഒരു രാവ് റമളാനിലുണ്ട്. നോമ്പനുഷ്ഠിച്ചവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക പ്രവേശനവാതില്‍, അല്‍റയ്യാന്‍. നോമ്പുകാരന്റെ വായയിലെ ഗന്ധം കസ്തൂരിയെക്കാള്‍ അല്ലാഹുവിനിഷ്ടം. സ്വര്‍ഗീയ കവാടങ്ങള്‍ റമളാനുടനീളം തുറന്നുവെക്കുന്നു. നരകവാതിലുകള്‍ അടച്ചുവെക്കുന്നു. റമളാനിലെ ഉംറക്കു ഹജ്ജിനോളം പ്രതിഫലം. വന്‍ദോഷങ്ങള്‍ ഒഴിവാക്കുകയാണേല്‍ ഒരു റമളാന്‍ മുതല്‍ അടുത്ത റമളാന്‍ വരെ ദോഷമുക്തമാണ്. പറഞ്ഞുതീരാത്ത പോരിശ നിറഞ്ഞൊഴുകുന്ന വെളിച്ച പ്രവാഹമാണ് റമളാന്‍.
ഖുര്‍ആനു പുറമേ ഇന്‍ജീലും തൗറാത്തും റമളാനിലാണ് അവതീര്‍ണമായത്. ഇബ്‌റാഹീം നബിക്ക് ഏടുകള്‍ കിട്ടിയതും റമളാനില്‍ തന്നെ.അങ്ങനെ അനേകം വിശേഷങ്ങളുണ്ട് റമളാന്. സൂക്ഷ്മജീവിത ശാലികള്‍ക്കാണ് റമളാന്‍ വലിയ കൊയ്ത്തുത്സവമായി മാറുന്നത്. അല്ലാത്തവര്‍ക്ക് വലിയ നാശവും നഷ്ടവും മാത്രം. ചങ്ങലയില്‍ ബന്ധിക്കപ്പെട്ട പിശാച്ചുക്കള്‍ക്കെന്ന പോലെ. ‘നിങ്ങള്‍ മുത്തഖി ആകാനാണ് നോമ്പ് നിശ്ചയിച്ചിരിക്കുന്നത്’ -അല്‍ബഖറ.
റമളാന്‍നോമ്പ് എത്ര ഫിലോസഫിക്കലാണെന്ന് ആലോചിട്ടുണ്ടോ? വിശപ്പും വികാര നിയന്ത്രണവുമാണല്ലോ നോമ്പിന്റെ ആദ്യപടി. കാരണം വയറ് നിറഞ്ഞിരിക്കുന്നവര്‍ക്ക് വിശക്കുന്നവരുടെ മനസ്താപം അറിയണമെന്നില്ല. അതറിയാതിരിക്കുമ്പോള്‍ ചൂഷണം പെരുകും. ദൂര്‍ത്തും ആര്‍ത്തിയും അവരുടെ ജീവിതത്തെ ഭരിക്കും. ലാഭത്തിനു മേല്‍ ലാഭം എന്നത് അവര്‍ വ്യാപാരങ്ങളുടെ തലവാചകമാക്കും. കൊള്ളലാഭം അങ്ങാടി വാഴും. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകും. സമ്പന്നര്‍ അതിസമ്പന്നരും. ഇബ്‌നു ഉമര്‍, മാലിക് ബിന്‍ ദീനാര്‍, അഹ്മദ് ബിന്‍ ഹമ്പല്‍ തുടങ്ങിയവര്‍ നിര്‍ധനരായ ആരെയെങ്കിലും ഒപ്പംചേര്‍ക്കാതെ നോമ്പുതുറന്നിട്ടില്ലപോല്‍. ദാനം റമളാന്‍ കാലത്ത് വ്യാപകമാകുന്നത് എത്ര നല്ല കാഴ്ചയാണ്. നിര്‍ബന്ധ സകാത് നല്‍കാന്‍ വേണ്ടി ഒരുങ്ങുന്നവര്‍, എല്ലായിടത്തും ഇഫ്താര്‍ സംഗമങ്ങള്‍, പെരുന്നാള്‍ വസ്ത്ര വിതരണങ്ങള്‍, സ്ഥാപന, പ്രസ്ഥാന സംരംഭങ്ങള്‍ക്ക് മുന്നോട്ടു ചലിക്കാനുള്ള ധന സ്വരൂപണം, മുസാഫിറുകളുടെ വീടുവീടാന്തരമുള്ള കയറിയിറക്കങ്ങള്‍ തുടങ്ങി പല രൂപേണ നാം ദാനധര്‍മങ്ങളില്‍ പങ്കാളികളാവുന്നു.
കള്ളം പറയാനോ കളവ് നടത്താനോ പാടില്ല. ഇതാണ് നോമ്പുകാരോടുള്ള വേറൊരു കല്പന. നാവിന്റെ നോമ്പാണ് അസത്യവാക്ക് മൊഴിയാതിരിക്കല്‍. ദിക്റ് ചൊല്ലലാണ് നോമ്പുകാരന്റെ സൗന്ദര്യം. ഏറ്റവും ശ്രേഷ്ഠമായ ദിക്റ് ഖുര്‍ആന്‍ തന്നെ. റമളാന്‍ ഖുര്‍ആന്റെ കാലമെന്നത് ഇതിനോട് ചേര്‍ത്തുവായിക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു. നബി അരുളി. ‘നോമ്പ് പറയും: നാഥാ, ഞാനാണ് അവന്റെ ഭക്ഷണത്തെയും ഇഛകളെയും തടഞ്ഞുവെച്ചത്. അവനുള്ള എന്റെ ശിപാര്‍ശ പരിഗണിക്കണം. ഖുര്‍ആന്‍ പറയും: രാത്രി അവന്റെ ഉറക്കം നഷ്ടപ്പെടുത്തിയത് ഞാനാണ്. അവനുള്ള എന്റെ ശിപാര്‍ശ പരിഗണിക്കണം. രണ്ടും സ്വീകരിക്കപ്പെടും.’ (മുസ്ലിം)
മോഷ്ടിക്കാതിരിക്കുക, അതാണ് കൈകളുടെ വ്രതം. മോഷണം ഇസ്‌ലാം നിഷിദ്ധമാക്കിയിരിക്കുന്നു. റമളാനിലെന്നല്ല, എപ്പോഴും ഹറാം തന്നെ. വഴിയില്‍ വീണു കാണുന്നത് പോലും സ്വന്തമാക്കരുത്. തിന്മപ്രോക്തമായ ശരീരാവയവങ്ങളെ നന്മകളിലേക്ക് ഉന്മുഖമാക്കുന്നതുവഴി ഭദ്രമായ സമൂഹനിര്‍മാണം സാധ്യമാവുന്നു. കളവ്, വ്യക്തിഹത്യ, വ്യാജവാര്‍ത്തകള്‍, മോഷണം തുടങ്ങിയ അപകൃത്യങ്ങള്‍ ഒഴിഞ്ഞുപോയ സമൂഹം എത്ര മനോഹരമായിരിക്കും. ഈ മനോഹാരിതയിലേക്കാണ് റമളാന്‍ നമ്മെ വിളിക്കുന്നത്.
നോമ്പ് പരിചയാണെന്ന് ഹദീസ്. വിശ്വാസത്തെയും മനസിനെയും മുറിവേല്‍പിക്കുന്ന ആയുധപ്രയോഗങ്ങളെ തടയുന്ന പരിചയാണത്. എതിര്‍ലിംഗത്തോടു ആകര്‍ഷം മനുഷ്യപ്രകൃതമാണ്. പക്ഷേ അതിരു പൊട്ടിയ ലൈംഗിക ദാഹം അപകടമാണ്. അത് മനുഷ്യനെയും സമൂഹത്തെയും പിഴപ്പിക്കുന്നു. നോമ്പു കൊണ്ട് ഈ പിഴവില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും. വിവാഹജീവിതത്തിനാവശ്യമായ സാമ്പത്തിക ശേഷിയില്ലാത്തവരോട് നോമ്പ് കൊണ്ട് വികാരമടക്കാനാണ് ഫിഖ്ഹിന്റെ കല്‍പന. അതെ, നോമ്പ് പരിചയാണല്ലോ.
ഇഅ്തികാഫ് റമളാനെ ധന്യമാക്കുന്ന കര്‍മമാണ്. അല്ലാഹുവിന്റെ ഭവനങ്ങളില്‍ അവന്റെ കരുണാനീട്ടവും ഹൃദയനോട്ടവും പ്രതീക്ഷിച്ചിരിക്കുന്നവരാണ് ഇഅ്തികാഫ് അനുഷ്ഠിക്കുന്നവര്‍. റമളാന്റെ അവസാനത്തെ പത്തില്‍ നബി(സ്വ) ഇഅ്തികാഫ് പതിവാക്കിയിരുന്നു.
റമളാന്‍ വിജ്ഞാനദാഹത്തെ ശമിപ്പിക്കുന്നു. ഓരോ വര്‍ഷവും റമളാന്‍ രാവുകളില്‍ നബിതിരുമേനിക്ക് ജിബ്‌രീല്‍ ഖുര്‍ആന്‍ പഠിപ്പിച്ചിരുന്നുവത്രെ. ഇതേപടി ഖുര്‍ആന്‍ പഠനവും പാരായണ ശാസ്ത്രവും മറ്റു വിജ്ഞാനീയങ്ങളും സ്വായത്തമാക്കാന്‍ നോമ്പുകാലം ഏറെ ഉപയുക്തമാണ്. അന്നവിചാരത്തിന് പകരം ആരാധനയും അറിവുതേട്ടവും റമളാനില്‍ മുന്നവിചാരമാകുന്നു. ആകണം.
ഫിത്വ്റ് സകാത് നോമ്പിനെ ശുചീകരിക്കുന്നു. നോമ്പിന്റെ കാമ്പില്‍ വന്നുപിടിച്ച വൈറസുകളെ അത് അകറ്റുന്നു. പാവങ്ങളുടെ പെരുന്നാള്‍ ഓഹരിയാണ് ഫിത്വ്റ് സകാത്. പണം പോരാ. നാട്ടിലെ ധാന്യം തന്നെ നല്‍കണമെന്നാണ് കര്‍മശാസ്ത്രം പറയുന്നത്. അപരന്റെ വിശപ്പകറ്റുന്നത് അല്ലാഹുവിന് പെരുത്തിഷ്ടമാണ്. പ്രായശ്ചിത്തമായി പല അവസരങ്ങളിലും അന്നദാനം ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. വേദനിക്കുന്നവര്‍ക്ക് ശമനമായി, തളര്‍ന്നവര്‍ക്ക് താങ്ങായി മതം മാറുകയാണിവിടെ.

Share this article

Leave a Reply

Your email address will not be published. Required fields are marked *