കൊള്ളക്കാരാ, ഇതാണ് ഉത്തരം

Reading Time: 2 minutes

ഹ!ഹ!ഹ! ചില കടലാസ് തുണ്ടുകള്‍ നഷ്ടപ്പെട്ടാല്‍ കെട്ട്‌പോകുന്നതാണോ നിന്റെ ജ്ഞാനം? താന്‍ ഇത്രയും കാലം പഠിച്ചത് അതോടെ തീര്‍ന്നുപോകുമെന്നാണോ?
വഴിക്കൊള്ളക്കാരന്റെ പരിഹാസച്ചിരി അന്തരീക്ഷത്തില്‍ മുഴങ്ങി. ജുര്‍ജാനിലെ ഓത്തുപുരയില്‍ നിന്നു ഒരു യാത്ര സംഘത്തോടൊപ്പം തന്റെ നാട്ടിലേക്ക് മടങ്ങുകയാണ് ഗസ്സാലി. ഗുരുമുഖത്തിരുന്ന് കുത്തിക്കുറിച്ച കടലാസുകള്‍ യാത്രസംഘത്തെ ആക്രമിച്ച കൊള്ളക്കാരന്‍ കൈവശത്താക്കി.
അത് തിരിച്ചുകിട്ടുന്നതിന് കൊള്ളത്തലവനോട് ആവശ്യപ്പെട്ടപ്പോള്‍ കൊള്ളക്കാരന്‍ ഉതിര്‍ത്ത പരിഹാസത്തിന് അസ്ഥിയില്‍ തറക്കുന്ന മൂര്‍ച്ചയുണ്ടായിരുന്നു. നാടും വീടും വിട്ട് പകര്‍ത്തിയ അപൂര്‍വ അറിവുശേഖരം നഷ്ടപ്പെടുന്നത് എങ്ങനെ സഹിക്കും!
കൊള്ളത്തലവന്‍ തനിക്കൊരുപകാരവുമില്ലാത്ത ആ കുറിപ്പുകള്‍ ഗസ്സാലിയുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു. അവ പെറുക്കിയെടുക്കുമ്പോള്‍ സന്തോഷത്തേക്കാളേറെ വേദനയാണ് അനുഭവപ്പെട്ടത്. കൊള്ളക്കാരന്റെ ചോദ്യം കാതുകളില്‍ കിടന്നടിച്ചുകൊണ്ടിരിക്കുന്നു. ഇനി പഠിക്കുന്നതെല്ലാം അപ്പടി മനഃപാഠമാക്കുമെന്ന പ്രതിജ്ഞയോടെ വന്നയിടത്തേക്ക് തന്നെ മടങ്ങി. തികഞ്ഞ ജ്ഞാനിയായി തിരികെ വന്നു.
ഖുറാസാനിലെ തൂസ് ജില്ലയിലെ ത്വബ്‌റാനിലാണ് ഇമാം അബൂഹാമിദ് അല്‍ ഗസ്സാലി(റ)വിന്റെ ജനനം, ഹിജ്‌റ 450 എ.ഡി 1058ല്‍. തുര്‍ക്കുമാനിസ്താനോടും അഫ്ഗാനിസ്ഥാനോടും ചേര്‍ന്നു കിടക്കുന്ന മശ്ഹദ് പട്ടണത്തിന് സമീപമാണ് ത്വബ്‌റാന്‍.
അബൂ ഹാമിദ് മുഹമ്മദ് ബിന്‍ മുഹമ്മദ് അത്വൂസി എന്നാണ് പേര്. പിതാവ് മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു അഹ്മദ്. ശാഫി മദ്ഹബുകാരനാണ്. ഇമാം അബൂ ഹാമിദ് അല്‍ ഗസ്സാലി എന്ന പേരിലാണ് പില്‍ക്കാലത്ത് അറിയപ്പെട്ടത്. ഇമാമിന്റെ കുടുംബവൃത്തി നൂല്‍നൂല്‍പ്പായത് കൊണ്ട് നെയ്ത്തുകാരന്‍ എന്നര്‍ഥത്തില്‍ ഗസ്സാലി എന്ന് അറിയപ്പെട്ടുവെന്ന് ഒരുപക്ഷം.
ഖുറാസാനിലെ ഗസാലത് എന്ന സ്ഥലനാമത്തോട് ചേര്‍ത്ത് ഗസാലി എന്നറിയപ്പെട്ടുവെന്ന് മറ്റൊരു പക്ഷം.

വിദ്യാഭ്യാസം
ഇമാം ഗസ്സാലിയുടെ പിതാവ് പ്രസിദ്ധനായ ഒരു സൂഫിവര്യനായിരുന്നു. കടുത്ത ദാരിദ്ര്യത്തിലും പരസഹായം സ്വീകരിക്കാതെ അധ്വാനിച്ചായിരുന്നു ജീവിച്ചത്. രോഗ ശയ്യയിലായപ്പോള്‍ തന്റെ സുഹൃത്തായ ഒരു സൂഫിയെ ക്ഷണിച്ചു വരുത്തി പറഞ്ഞുവത്രെ, എനിക്കൊന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ രണ്ട് സന്താനങ്ങളും അങ്ങനെ ആകരുത്. അവരെ നിങ്ങള്‍ പഠിപ്പിക്കണം. കൈവശമുണ്ടായിരുന്ന പണം ആ സുഹൃത്തിനെ ഏല്‍പ്പിച്ചു. താമസിയാതെ പിതാവ് ഇഹലോക വാസം വെടിഞ്ഞു. ഏല്‍പ്പിച്ച പണം തീര്‍ന്നിരിക്കുന്നു. തുടര്‍പഠനത്തിന് പണം ഇല്ലാത്തതിനാല്‍ നിങ്ങള്‍ രണ്ടു പേരും എന്തെങ്കിലും വഴി കാണേണ്ടിയിരിക്കുന്നു എന്ന് ഗുരു പറഞ്ഞു. തുടര്‍ന്ന് അഹ്മദ് ഗസ്സാലി അധ്യാത്മിക പഠനത്തിലേക്കും മുഹമ്മദ് ഗസ്സാലി നാട്ടിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം മാതാവിന്റെ സമ്മത പ്രകാരം ജുര്‍ജാനിലേക്കും പോയി. ഇമാം അബൂ നസ്‌റില്‍ ഇസ്മാഈല്‍ എന്നിവരായിരുന്നു ജുര്‍ജാനിലെ പ്രധാന ഗുരു. അറബി ഭാഷ, ഖുര്‍ആന്‍, കര്‍മശാസ്ത്രം എന്നിവയാണ് അവരില്‍ നിന്ന് പ്രധാനമായും അഭ്യസിച്ചത്.

തത്വചിന്ത
അറബ്-മുസ്‌ലിം ലോകത്ത് തത്വചിന്ത ആധിപത്യമുറപ്പിച്ചിരുന്ന കാലത്താണ് ഇമാം ഗസ്സാലി(റ)യുടെ ജീവിതം. മതമാണോ തത്വചിന്തയാണോ അസ്തിത്വത്തെ പ്രബലപ്പെടുത്തുന്നത് എന്നായിരുന്നു ആ കാലത്തെ പ്രധാന പ്രശ്‌നം. പ്ലാറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയും പണ്ഡിതലോകം അതിനെ പഠിക്കുകയും ചെയ്തു. ഇമാം ഗസ്സാലി തത്വചിന്തയെ കുറിച്ചുള്ള തന്റെ നിലപാടും അറിവും പങ്കുവെക്കുന്ന ഒരു ഗ്രന്ഥം രചിച്ചു, മഖാസ്വിദുല്‍ ഫലാസിഫ. അല്‍കിന്ദി, ഫാറാബി, ഇബ്‌നു സീന എന്നിവരെപ്പോലെ തത്വചിന്തയെ പ്രധാനമായി സ്വീകരിക്കുകയോ ഒരു തത്വചിന്തകനായി അറിയപ്പെടാന്‍ ആഗ്രഹിക്കുകയോ ചെയ്ത പണ്ഡിതനായിരുന്നില്ല ഇമാം ഗസ്സാലി(റ).

ഗ്രന്ഥങ്ങള്‍
അറബിയിലും മാതൃഭാഷയായ പേര്‍ഷ്യനിലുമായി നൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നാനൂറില്‍പരം രചനകളുണ്ടായിരുന്നുവെന്ന് അഭിപ്രായമുണ്ട്. കാവ്യാത്മകമായിരുന്നു ഗദ്യശൈലിയും. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവയുടെ വായന നിലച്ചിട്ടില്ല എന്നത് വിസ്മയമാണ്. അക്കാലത്ത് എഴുതിയ ഗദ്യങ്ങള്‍ക്കില്ലാത്ത വശ്യത ഗസ്സാലികൃതികളുടെ പ്രത്യേകതയായി ചൂണ്ടികാണിക്കപ്പെടുന്നു.

വിയോഗം
ബഗ്ദാദിലെ തന്റെ രാജകീയ പദവി ഉപേക്ഷിച്ചു സത്യാന്വേണത്തിനായി ദേശസഞ്ചാരത്തിലേര്‍പെട്ട് ലോകത്തിനു ആത്മീയ വെളിച്ചം കാണിച്ചു ഇമാം ഗസ്സാലി.
തിങ്കളാഴ്ച പുലര്‍ച്ച സുബഹ് നിസ്‌കാര ശേഷം കഫംപുടവ എടുത്ത് കണ്ണുകളോട് ചേര്‍ത്തു പിടിച്ച്, ഞാന്‍ എന്റെ നാഥന്റെ ആജ്ഞ അനുസരിക്കുന്നു എന്നു പറഞ്ഞ് ഖിബ്‌ലക്കഭിമുഖമായി കിടന്ന് ഈ ലോകത്തോട് വിടപറഞ്ഞു. ഹിജ്‌റ 505 ജമാദുല്‍ അവ്വല്‍ മാസത്തില്‍ അമ്പത്തിയഞ്ചാം വയസിലായിരുന്നു ഗസ്സാലി ഇമാമിന്റെ വഫാത്.

Share this article

About മുഹമ്മദ് സിനാന്‍ കല്‍പ്പള്ളി

View all posts by മുഹമ്മദ് സിനാന്‍ കല്‍പ്പള്ളി →

Leave a Reply

Your email address will not be published. Required fields are marked *