കുപ്പായത്തിന് സമാനം

Reading Time: 2 minutes


അല്ലാഹുവിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. പുരുഷനായിരുന്നു പ്രഥമ പ്രതിനിധി. ഓരോ രാഷ്ട്രവും ഇതര രാഷ്ട്രങ്ങളില്‍ പ്രതിനിധികളെ നിയമിക്കാറുണ്ട്. പിതാവിന്റെ പ്രതിനിധിയായി മകന്‍ വര്‍ത്തിക്കുന്നു ചിലപ്പോള്‍. അപ്പോഴൊക്കെയും രാഷ്ട്രമായും പിതാവായും പ്രതിനിധികള്‍ക്ക് ഔപചാരികത കിട്ടാറുണ്ട്.
അതാണ് ഖലീഫയുടെ/ പ്രതിനിധിയുടെ കാര്യം. ഇത് അത്ര നിസാരമല്ല. വിവാഹത്തിലൂടെ പ്രാതിനിധ്യത്തിന്റെ ഈ ചിത്രം വിരിയുന്നത് നോക്കൂ.
ദൈവ പ്രതിനിധിയായി നിയോഗിതനായ മനുഷ്യന് ആക്ഷേപികമായി ദൈവഗുണങ്ങളുണ്ട്. ഉണ്ടാവണം. കാരണം അത്തരം ചില കര്‍മങ്ങള്‍ നിര്‍വഹിക്കേണ്ടവനാണ് മനുഷ്യന്‍. ആ കര്‍മങ്ങളെ സംപൂര്‍ണമാക്കുന്ന ഗുണമാണ് ഭര്‍തൃത്വം. ഭാര്യയാണ് ആണിന്റെ പൂരകം. മനസിനും ഉടലിനും സമാധാനം കാംക്ഷിക്കുന്ന ഇണയിലൂടെ മനുഷ്യന്‍ ശക്തനാകുന്നു. മനസിന്റെ ശക്തിയും ബലവുമാണ് പ്രധാനം. ഭ്രാന്തവും ദുര്‍ബലവുമായ മനസിന് നല്ല പ്രതിനിധിയാകാന്‍ കഴിയില്ല. മനഃശക്തി പകരുന്നതിലൂടെ നല്ല മനുഷ്യനെ സുഷ്ടിക്കുകയാണ് ഓരോ ഇണയും. ഇരമ്പം കൊള്ളുന്ന ഹൃദയത്തെ നല്ലപാതിക്ക് ശാന്തമായ സമുദ്ര പരുവത്തിലാക്കാന്‍ കഴിയുന്നു. ‘അവരില്‍ നിങ്ങള്‍ക്ക് സമാധാനമുണ്ട്’ എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
മനുഷ്യന്‍ ഒറ്റത്തടിയല്ല. സമൂഹബന്ധിതനാണ്. പൊതുസ്വത്താണ്. സ്വന്തക്കാര്‍ക്കെന്ന പോലെ എല്ലാ മനുഷ്യര്‍ക്കും ഗുണം കാംക്ഷിക്കേണ്ടവനാണ് ഓരോ മനുഷ്യനും. ഭാര്യക്ക് വലിയ ബാധ്യതകളുണ്ട്. അവര്‍ സ്വാര്‍ഥയാവരുത്. സ്വന്തം വളര്‍ച്ച മാത്രമാവരുത് അവരുടെ ലക്ഷ്യം. സമൂഹവളര്‍ച്ചയാവണം. അങ്ങനെയാണ് ജീവിതം സാര്‍ഥകമാക്കേണ്ടത്. സ്ത്രീ-പുരുഷ സമത്വത്തിന്റെ താത്പര്യം പുരുഷന് സമാസമം നില്‍ക്കുക എന്നതല്ല. സമൂഹവളര്‍ച്ചയില്‍ സ്ത്രീകളും ഭാഗഭാക്കാവുക എന്നതാണത്. ഭര്‍ത്താവിലൂടെയാണ് അവള്‍ക്കതിന് കഴിയുക. അപ്പോഴാണ് പാരസ്പര്യത്തിന്റെ താജ്മഹലുകള്‍ ഉണ്ടാകുന്നത്.
ജീവിതവിജയത്തിന്റെ പങ്കാളിത്തം പങ്കാളിക്ക് കൂടി അവകാശപ്പെട്ടതാണ്. അതവര്‍ക്ക് അനുവദിച്ചുകൊടുക്കണം. നന്ദിയുടെ ഭാഗമാണത്. അല്ലാഹുവിനോട് നന്ദി ചെയ്യുക എന്നതിന്റെ പരിധിയില്‍ പെട്ടതാണ് അല്ലാഹു നന്ദി ചെയ്യാന്‍ പറഞ്ഞവരോടത് പുലര്‍ത്തുന്നതും. നന്ദി ചെയ്യാത്തവര്‍ക്ക് വിജയിക്കാന്‍ കഴിയില്ല. വിനയത്തില്‍ നിന്നാണ് നന്ദിബോധമുണ്ടാകുന്നത്. കൃതജ്ഞതയുടെ മനസുള്ളവര്‍ വലുതായി വലുതായി പര്‍വതസമാനരാകുമ്പോള്‍ നന്ദികേടുള്ളവര്‍ ചെറുതായി ചെറുതായി പോകുന്നു.
ബന്ധങ്ങളുടെ മാതാവ് എന്നാണ് ഭാര്യഭര്‍തൃ ബന്ധത്തെ നാം വിശേഷിപ്പിച്ചത്. ഈ ബന്ധത്തെ വളരെ കാല്‍പനികമായി പലരും ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രകൃതിയിലെ ഒട്ടുമിക്ക കാഴ്ചകളോടും ഉപമിച്ചിട്ടുണ്ട്. ഇത്രയും ഉപമോക്തികള്‍ ഉള്ള വേറെ അനുഭവങ്ങള്‍ ഇല്ലതന്നെ. ഇണക്കുരുവികള്‍ തുടങ്ങി ആ ഉപമാലങ്കാരങ്ങള്‍ നീളുന്നു. ഖുര്‍ആന്‍ അത്തരത്തില്‍ ഉപമിച്ചത് ശ്രദ്ധിച്ചിട്ടുണ്ടോ? എത്ര സാരവും സരസവുമാണ് ആ ഉപമ. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന മൂലകങ്ങളാണ് വസ്ത്രം, ഭക്ഷണം, പാര്‍പ്പിടം എന്നിവ. അതില്‍ ഏതാണ് മുന്തിയതെന്ന് പറയാന്‍ ഒക്കില്ല. മാനം കാക്കാന്‍ നാണം മറക്കണം. വിശക്കുമ്പോള്‍ ഭക്ഷിക്കണം. പാര്‍ക്കാന്‍ ഇടം വേണം. ഈ അഭിവാജ്യ ഘടകത്രയങ്ങളില്‍ വസ്ത്രത്തോടാണ് ഇണകളെ അല്ലാഹു ഉപമിക്കുന്നത്. ‘നിങ്ങള്‍ പരസ്പരം വസ്ത്രമാണ്, ആണ് പെണ്ണിനും. പെണ്ണ് ആണിനും.’ ദാര്‍ശനികവും അതിവിചിത്രവുമാണ് ഈ ഉപമ. ഭാര്യ ഭര്‍തൃബന്ധം എങ്ങനെയാവണം എന്നതിന്റെ ഉത്തരമാണ് ഈ ഉപമ. തമ്മില്‍ ഒട്ടിനില്‍ക്കുന്ന ജീവിതത്തെ എത്ര മനോഹരമായാണ് ഇതില്‍ ഉപമിക്കുന്നത്.
ശരീരത്തോട് ഒട്ടിനില്‍ക്കുന്നതാണ് വസ്ത്രം. ശരീരത്തിനും വസ്ത്രത്തിനും ഇടക്ക് വേറെ മറകളൊന്നുമില്ല. ഏതു വസ്ത്രത്തോടാണ് ഈ ഉപമ ചേരുക? അടിവസ്ത്രത്തോടോ, മേല്‍വസ്ത്രത്തോടോ, അലങ്കാര വസ്ത്രത്തോടോ? യുണിഫോം/ഡ്രസ് കോട് വേഷത്തോടോ? ഈ നാലുതരം വസ്ത്രത്തോടും അത് ചേരുന്നത് നോക്കൂ. ശരീരത്തിന്റെ ശുദ്ധിയും സുരക്ഷയുമാണ് ബോട്ടം വിയേര്‍സ്. നമ്മുടെ സാഹചര്യം വിളിച്ചറിയിക്കുന്നവയാണ് അലങ്കാരവസ്ത്രങ്ങള്‍. അടിസ്ഥാന ആവശ്യമാണ് മേല്‍വസ്ത്രം. ജോലിയിടത്തെ അനുശീലനത്തിനും മറ്റുമുള്ളതാണ് ഡ്രസ്‌കോട്. ശരീരത്തിന്റെ ചൂടും ശീതവും രുചിയും രതിയും മറയില്ലാതെ അനുഭവിക്കുന്ന വസ്ത്രം പോലെയാണ് നമ്മുടെ ഇണ. ഹാ ഇതെന്തൊരു ഉപമ! എല്ലാ രൂപത്തിലും ചേരുന്ന സാദൃശ്യം.
പരസ്പരം ഇഴകിച്ചേരുക എന്നാണ് ഈ ഉപമയുടെ താത്പര്യം. ഒന്നിലധികം മൂല/ഭാവങ്ങള്‍ ഒന്നായി ചേരുന്നതിലാണല്ലോ ഭംഗി, കറിക്കൂട്ടു പോലെ, രസക്കൂട്ട് പോലെ. രുചിഭേദങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയൊരു രുചിയുണ്ടാകുന്നു. ഇതാണ് ദാമ്പത്യം. ഇഴയടുപ്പത്തിലാണ് അതിന്റെ രുചിമാധുര്യം.
പങ്കുവെപ്പിന്റെ അളവെത്രയാണ്? ജോലിയും ഇതര വ്യവഹാരങ്ങളുമായി കാര്യങ്ങള്‍ തമ്മില്‍ പങ്കുകൊള്ളണോ? വേണമെന്നാണ് ഉത്തരം. ഇടയിലെ സുതാര്യത കളങ്കപ്പെടരുത്. ചോദിക്കുമ്പോള്‍ എങ്കിലും ദുരൂഹതയുടെ ചുവയുള്ള ഉക്തിയും യുക്തിയും ഒഴിവാക്കണം. അല്ലാതിരുന്നാല്‍ ഒന്നിച്ചു ചേരുന്നതില്‍ ഇഴയടുപ്പമുണ്ടാകില്ല.
എല്ലായിപ്പോഴും സാമൂഹിക അകലം പാലിച്ച് കഴിയുന്നവരുണ്ട്. ആരോടും ഒരു കടപ്പാടുമില്ലാതെ വലിയ ചില ലക്ഷ്യങ്ങള്‍ നേടാനെന്നവണ്ണം ജീവിത്തെ സാമൂഹിക വൃത്തത്തില്‍ നിന്ന് ദൂരപ്പെടുത്തുന്നത് അത്ര നന്നല്ല. അത് ഉപേക്ഷിക്കുകയാണ് ഉചിതം.
ദാമ്പത്യത്തില്‍ ഒറ്റയാനായിരിക്കരുത്. പരസ്പരമുള്ള ബന്ധതീവ്രതയും ഹൃദയാടുപ്പവുമാണ് ദാമ്പത്യത്തിന്റെ മധുരം. തമ്മില്‍ ചോദിച്ചും പറഞ്ഞും ഹൃദയത്തിലടിഞ്ഞു ചേരുന്ന സന്ദേഹ സാധ്യതയെ തളച്ചിടണം. ഇടക്കിടേ വീണ്ടുവിചാരത്തിന് വിധേയപ്പെട്ട് ഉരുകുന്നതിന് പകരം ബന്ധം സുദൃഢമാകാനുള്ള വഴികളാണ് ആദ്യം ആലോചിക്കേണ്ടത്.
ഒന്നാവുക/ഒട്ടിച്ചേരുക എന്നാല്‍ ഒരു വാക്കു ലീലയല്ല. അനുഭവിച്ചറിയേണ്ട ഒന്നാണത്. ആത്മബോധ്യത്തോടെയാണ് ഒന്നാകാനുള്ള വഴി തിരയേണ്ടത്. ഉഴുത മണ്ണിലിട്ട വിത്തെന്ന പോലെ ഒട്ടിപ്പിടിപ്പിന്റെ ഒരു അദൃശ്യ വിത്ത് നമ്മുടെ ഉള്ളിലും ഇടണം. നട്ടുനനച്ച് മുളപ്പിക്കണം. കള പറിക്കണം. പൂവും കായയും വിരിയുന്നത് കൊതിയോടെ നോക്കിയിരിക്കണം. എത്ര മനോഹരമായിരിക്കും ഈ അനുഭവം.

Share this article

About ഇ.വി അബ്ദുറഹ്മാന്‍

View all posts by ഇ.വി അബ്ദുറഹ്മാന്‍ →

Leave a Reply

Your email address will not be published. Required fields are marked *