മലബാര്‍ സമരം സമരാനന്തരം

Reading Time: 2 minutes

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള സംഭവമാണ് മലബാര്‍ സമരം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ആരംഭിക്കുകയും 1921വരെ നീണ്ടു നില്‍ക്കുകയും ചെയ്ത പോരാട്ടപരമ്പരയോട് താദാത്മ്യം പുലര്‍ത്തുന്ന കൊളോണിയല്‍വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആഗോളതലത്തില്‍ പോലും അപൂര്‍വമാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ സന്ധിയില്ലാ സമരം ചെയ്യുന്ന മാപ്പിള പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ലെനിന്‍, മാവോ തുടങ്ങിയ ലോകനേതാക്കളെ പ്രേരിപ്പിച്ചതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. കലാപം ശക്തി പ്രാപിച്ചതോടെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ക്ക് വിട്ടുനല്‍കാന്‍ വരെ ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചിരുന്നുവത്രെ. പക്ഷേ, കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നതില്‍ സമര്‍ഥരായ വെള്ളപ്പട്ടാളം പൊതുമാപ്പ് പ്രഖ്യാപനത്തിലൂടെ സമരത്തിന്റെ ഗതിതിരിച്ചുവിട്ട് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം പ്രായോഗികവത്കരിച്ചാണ് സമരത്തെ അതിജീവിച്ചത്.
മലബാര്‍ സമരത്തിന് ധനാത്മകവും ഋണാത്മകവുമായ പരിണതഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കാണാം. എന്നാല്‍ പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ഖിലാഫത് പ്രക്ഷോഭം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ വിവരണാതീതമാണ്. കലാപത്തിന്റെ പ്രഭവ കാരണങ്ങളെക്കാളും വികാസപരിണാമങ്ങളെക്കാളും പ്രധാനമാണ് കലാപാനന്തര മലബാറിന്റെ സ്ഥിതിവിശേഷണങ്ങളെപ്രതിയുള്ള അന്വേഷണങ്ങള്‍. ഒരു നൂറ്റാണ്ടിന് ശേഷവും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കനലാണത്. മലബാറിനോടുള്ള, വിശിഷ്യാ മാപ്പിളമാരോടുള്ള അവഗണനയുടെ ആധാരശിലകളിലൊന്ന് കലാപത്തെ ഉപജീവിച്ച് വര്‍ഗീയ ശക്തികള്‍ നിര്‍മിച്ചെടുത്ത അപരവത്കരണമാണ്. മലപ്പുറം ജില്ലാ രൂപീകരണം, വിദ്യാഭ്യാസ രംഗത്ത് ജില്ല അനുഭവിക്കുന്ന പിന്നാക്കാവസ്ഥ, ദേശീയ തലത്തില്‍ ശക്തിയാര്‍ജിച്ചു വരുന്ന മലപ്പുറം വിരുദ്ധ കാംപയിന്‍, വാരിയംകുന്നന്റെ പേരിലുള്ള സിനിമകളോടുള്ള അസഹിഷ്ണുത തുടങ്ങിയ വിഷയങ്ങളിലെല്ലാം നമുക്കത് പ്രകടമായി ദര്‍ശിക്കാം.
കടുത്ത അരക്ഷിതാവസ്ഥയാണ് 1921ന് ശേഷം മലബാറില്‍ സംജാതമായത്. 1926 മാര്‍ച്ച് 2ലെ അല്‍അമീന്‍ പത്രം റിപ്പോര്‍ട്ട് ചെയ്ത മദ്രാസ് നിയമനിര്‍മാണ സഭയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അതിലേക്ക് വെളിച്ചം വീശുന്നുണ്ട്. പ്രസ്തുത റിപ്പോര്‍ട്ട് ഇങ്ങനെ വായിക്കാം:
‘മദിരാശി നിയമനിര്‍മാണ സഭയുടെ ഇയ്യിടെ അവസാനിച്ച യോഗത്തില്‍ വെച്ചു, ജയിലില്‍ നിന്നും വിടുതല്‍ ചെയ്ത് പല ഡിസ്ട്രിക്ടുകളിലും താമസിപ്പിച്ചിപ്പിട്ടുള്ള മാപ്പിളത്തടവുകാരെ മലബാറിലേക്ക് മടക്കി അയക്കേണ്ടതാണെന്നു മിസ്റ്റര്‍ സി വി എസ്സ് നരസിംഹരാജു പറയുകയുണ്ടായി. തദവസരത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട മെമ്പര്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ മലബാറിന്റെ സ്ഥിതി പൂര്‍ണമായ സമാധാനത്തിലായിട്ടില്ലെന്നതാണ് ഗവര്‍മ്മേണ്ടിന്റെ ഇപ്പോഴത്തെ അറിവ് എന്നും പൂര്‍ണ സമാധാനസ്ഥിതി വന്നു എന്നു കണ്ടാല്‍ ഗവര്‍മ്മേണ്ടു തന്നെ ഇവരെ വിട്ടയക്കാന്‍ ആദ്യമായി ശ്രമിക്കുന്നതാണെന്നും മറ്റും പറഞ്ഞിരിക്കുന്നു.
ഇതിനെ താങ്ങിക്കൊണ്ടും മലബാറിലേക്ക് അധകൃത ജാതിക്കാരുടെ നോമിനേറ്റു ചെയ്യപ്പെട്ടിട്ടുള്ള മിസ്റ്റര്‍ പി വി ഗോപാലന്‍ സംസാരിച്ചതില്‍ മലബാറിന്റെ താത്കാലിക സ്ഥിതി പൂര്‍ണസമാധാനാവസ്ഥയിലായിട്ടില്ലെന്നുള്ള ഗവര്‍മ്മേണ്ടിന്റെ ‘അറിവിനെ’ ഒന്നു കൂടി ബലപ്പെടുത്തുകയും മലബാറില്‍ പൂര്‍ണസാമാധാനം ഉണ്ടാവുന്നതിന് മുമ്പ് ഇത്തരം മാപ്പിളമാരെ ഇങ്ങോട്ടു വിട്ടയക്കുന്നതിനെ ബലമായി എതൃക്കുകയും ചെയ്തു.
ഇക്കാര്യത്തെപ്പറ്റി എതിര്‍ത്തു സംസാരിപ്പാന്‍ ആരും തുനിഞ്ഞിട്ടില്ലാത്ത അവസ്ഥക്കു മലബാറില്‍ ഇപ്പോഴും പൂര്‍ണസമാധാനം വന്നിട്ടില്ലെന്നു സകല കൗണ്‍സിലര്‍മാരും തീര്‍ച്ചപ്പെടുത്തിയതായി അനുമാനിക്കുന്നു’.
കലാപകാലത്തേക്കാളും കലുഷിതമായിരുന്നു കലാപാനന്തര മലബാര്‍. പ്രകൃതി രമണീയമായ മലബാര്‍ അതോടെ മരുഭൂ സമാനമായി. പതിറ്റാണ്ടുകളോളം അതിന്റെ ആഘാതങ്ങളില്‍ നിന്നും പ്രദേശം മുക്തമായില്ല. അല്‍ അമീനില്‍ പ്രസിദ്ധീകരിച്ച ഉപരി സൂചിത വാര്‍ത്ത അതിന് തെളിവാണ്. പ്രശ്‌നങ്ങള്‍ നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും മലബാര്‍ പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിയിട്ടില്ലെന്നാണല്ലോ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയുടെ കണ്ടെത്തല്‍. മാത്രമല്ല സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ കാര്യമായ പരിവര്‍ത്തനങ്ങള്‍ നടന്നതുമില്ല.
ദേശീയ ചരിത്രകാരന്മാരായ ബിപന്‍ ചന്ദ്ര, മൃദുല മുഖര്‍ജി, ആദിത്യ മുഖര്‍ജി, സുചേതാ മഹാജന്‍, കെ എന്‍ പണിക്കര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ കിറശമ െേെൃൗഴഴഹല ളീൃ കിറലുലിറലിരല എന്ന ഗ്രന്ഥത്തിലെ വരികള്‍ നമുക്ക് ഇങ്ങനെ വായിക്കാം: ‘കലാപം സാമുദായികമായി ചിത്രീകരിക്കപ്പെട്ടതോടെ മാപ്പിളമാര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ബ്രിട്ടീഷ് അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് 1921 ഡിസംബറോടെ എല്ലാ പ്രതിരോധങ്ങളും അവസാനിച്ചു. നഷ്ടം വളരെ കനത്തതായിരുന്നു. 2337 മാപ്പിളമാര്‍ക്ക് ജീവഹാനി സംഭവിച്ചു. അനൗദ്യോഗിക കണക്ക് പ്രകാരം മരണനിരക്ക് പതിനായിരത്തിലേറെ വരും. 45,404 വിപ്ലവകാരികള്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കീഴടങ്ങുകയോ ചെയ്തു. എണ്ണം ഇതിലേറെ വര്‍ധിക്കാനാണ് സാധ്യത. അതു മുതല്‍ സായുധരായ മാപ്പിളമാര്‍ പൂര്‍ണമായും അടിച്ചമര്‍ത്തപ്പെട്ടു. സ്വാതന്ത്ര്യലബ്ധി വരെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉണ്ടായില്ല’.
കരളു പിടക്കുന്ന കാഴ്ചകളാണ് അന്ന് മലബാറിലെങ്ങും ദൃശ്യമായിരുന്നത്. പലയിടങ്ങളില്‍ നിന്നും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെടുക്കപ്പെട്ടു. ആയിരക്കണക്കിന് വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു. പതിനായിരത്തിലേറെ പേര്‍ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ആസ്‌ട്രേലിയ, ഫിജി തുടങ്ങിയ ദ്വീപുരാഷ്ട്രങ്ങളിലേക്ക് നാടുകടത്തപ്പെട്ടു. വിധവകളുടെയും അനാഥകളുടെയും എണ്ണം അസാധാരണമാംവിധം വര്‍ധിച്ചു. അങ്ങനെ അറ്റമില്ലാത്ത ദുരിതങ്ങളായിരുന്നു കലാപത്തിന്റെ ബാക്കിപത്രങ്ങള്‍. തമിഴ്‌നാട്ടിലെ പ്രമുഖ സ്വാതന്ത്യ സമര സേനാനിയായ യാക്കൂബ് ഹസന്റെ അധ്യക്ഷതയില്‍ രൂപീകൃതമായ മാപ്പിള ദുരിതാശ്വാസ സമിതിയുടെയും വിവിധ ഉത്തരേന്ത്യന്‍ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളായിരുന്നു മലബാര്‍ ജനതയുടെ പ്രധാന ആശ്രയങ്ങള്‍.
പത്തിലേറെ ദുരിതാശ്വാസ ക്യാംപുകളാണ് സമരബാധിത പ്രദേശങ്ങളുടെ പരിസരങ്ങളിലുമായി സ്ഥാപിക്കപ്പട്ടത്. ആറുമാസക്കാലയളവില്‍ ഇരുപത്തയ്യായിരം പേര്‍ക്കാവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ ഈ ക്യാംപുകളില്‍ വിതരണം ചെയ്യപ്പെട്ടു. 1700 സ്ത്രീകള്‍ക്കും 5000 അഗതികള്‍ക്കും വസ്ത്രങ്ങള്‍ നല്‍കി. അപ്പോഴും ഏറനാട് വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കിലുള്ളവര്‍ക്ക് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യാനോ പുറംനാടുകളിലുള്ളവര്‍ക്ക് ഇവിടങ്ങളിലേക്ക് വരാനോ അനുമതിയുണ്ടായിരുന്നില്ല. മാത്രമല്ല ഈ താലൂക്കുകളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായമെത്തിക്കാന്‍ അവസരമൊരുക്കണമെന്ന് കലക്ടര്‍ക്ക് നിവേദനം നല്‍കിയതിന്റെ പേരില്‍ മുഹമ്മദ് അബ്ദുറഹിമാനെ രണ്ട് വര്‍ഷത്തേക്ക് ബെല്ലാരി ജയിലിലക്കുക വരെ ചെയ്തു.
മലബാര്‍ സമരം, പിറന്ന നാടിന് വേണ്ടിയുള്ള തുല്യതയില്ലാത്ത ഒരു പോരാട്ടമായിരുന്നു എന്നത് അവിതര്‍ക്കിതമാണ്. പ്രത്യേകിച്ചും സമരത്തിന്റെ നൂറാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുന്ന ഈ ഘട്ടത്തില്‍ അതേകുറിച്ചുള്ള പഠനങ്ങള്‍ ഏറെ പ്രസക്തമാണ്. എന്നാല്‍ 1921ലെ സംഭവ വികാസങ്ങളിലേക്ക് നയിച്ച കാരണങ്ങളും പ്രത്യയശാസ്ത്രങ്ങളും മാത്രമാണ് ഇപ്പോള്‍ പഠനങ്ങളുടെ ഗതിനിര്‍ണയിക്കുന്നത്. അവയെക്കാള്‍ പ്രാധാന്യവും പരിഗണയും അര്‍ഹിക്കുന്നതാണ് തുടര്‍ന്ന് മലബാറിലുണ്ടായ കൈപ്പേറിയ അനുഭവങ്ങള്‍. ഗതകാലത്ത് അരങ്ങേറിയ സംഭവപരമ്പരകളെക്കാള്‍ നാം ഗവേഷണം ചെയ്യേണ്ടത് അവ സമകാലിക ലോകത്തിന് നല്‍കുന്ന സന്ദേശങ്ങളാണല്ലോ. അത്തരം യാഥാര്‍ഥ്യങ്ങളിലേക്ക് കണ്ണ് തുറന്നു പിടിക്കാന്‍ 1921 മുതല്‍ 1947 വരെയുള്ള മലബാര്‍ ചരിത്രം അനാവരണം ചെയ്യുകയേ മാര്‍ഗമുള്ളൂ. അപ്പോള്‍ മാത്രമേ നൂറുവര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്ന് നമുക്ക് ചരിത്രത്തെ സക്രിയമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

Share this article

About ഉമൈര്‍ ബുഖാരി ചെറുമുറ്റം

View all posts by ഉമൈര്‍ ബുഖാരി ചെറുമുറ്റം →

Leave a Reply

Your email address will not be published. Required fields are marked *