ആശ്വാസം ജീവന്റെ ശ്വാസം

Reading Time: 3 minutes

അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
ആരും സൈ്വരം കെടുത്തില്ല

ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെ
തല തുവര്‍ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണര്‍ത്തില്ല….
(ആശ്വാസം, കല്‍പറ്റ നാരായണന്‍)

അമ്മയുടെ മരണം മകന് ആശ്വാസമാകുന്നതെങ്ങനെ എന്ന കാവ്യഭാവനയെ ചുരുക്കിയെഴുതിയാല്‍ വരികള്‍ ഇങ്ങനെയാകും: ‘ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം/ ഞാന്‍ എത്തിയാല്‍ മാത്രം/ കെടുന്ന വിളക്കുള്ള വീട്/ ഇന്നലെ കെട്ടു’. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന് അക്കിത്തവും എഴുതിയിട്ടുണ്ട്. വിളക്ക് കെടുന്നതും വെളിച്ചമണയുന്നതും കവിതയില്‍ ആശ്വാസമായേക്കാം. ജീവിതത്തില്‍ അങ്ങനെയാകില്ല. കവികള്‍ക്കും കിളികള്‍ക്കും മുമ്പേ ജീവിതം ഉണര്‍ന്നുകിടപ്പുണ്ടല്ലോ.
ഏതു വാക്കിനാല്‍ ആശ്വസിപ്പിക്കണം എന്ന് തിട്ടമില്ലാതെ സ്തംഭിച്ചുനിന്ന അനുഭവമുണ്ടായിട്ടുണ്ടോ നിങ്ങള്‍ക്ക്? അന്നേരം സംസാരഭാഷ കാഴ്ചപ്പണ്ടമാകും; ഒന്നും ചെയ്യാനില്ലാതെ വാക്കുകള്‍ പാഴ്‌വസ്തുവാകും. ഒരുവാക്കുമുരിയാടിയില്ലെങ്കിലും ഒന്ന് തോളില്‍ തട്ടുമ്പോള്‍, ഒന്നണച്ചു പിടിക്കുമ്പോള്‍ സങ്കടങ്ങള്‍ ഒലിച്ചുപോകുന്നത് നമ്മളെത്ര കണ്ടിരിക്കുന്നു. ചില ആശ്വസിപ്പിക്കലുകള്‍ക്ക് ഭാഷയേക്കാള്‍ വാചാലമാകാന്‍ കഴിയുമെന്ന് ആ നിമിഷത്തിലാണ് നമ്മള്‍ തിരിച്ചറിയുന്നത്.
പലതരം ആശ്വാസങ്ങളാണ് മനുഷ്യജീവിതത്തിന്റെ വഴിയും വെളിച്ചവുമായിത്തീരുന്നത്. ഇരുട്ടില്‍ കൈത്തിരി എന്നതുപോലെ പ്രകാശിച്ചുനില്‍ക്കുന്ന, എന്നും നന്ദിയോടെ ഓര്‍ക്കുന്ന എത്രെയെത്ര ആശ്വസിപ്പിക്കലുകള്‍ ഓരോ മനുഷ്യനും ജീവിതത്തില്‍ ഏറ്റുവാങ്ങുന്നു! കൈത്തണ്ടയിലൊരു വാച്ചില്ലെങ്കില്‍ സമയം അറിയാന്‍ മറ്റുപലരെയും ആശ്രയിക്കേണ്ടിവന്നത് നമുക്ക് അതിവിദൂരഭൂതകാല ഓര്‍മയല്ല. ബസ് സ്റ്റോപ്പുകളില്‍ സമയം രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് തൊട്ടടുത്ത പീടികയിലെ ആളോടായിരുന്നില്ലേ നമ്മള്‍ ബസിന്റെ സമയം ചോദിച്ചറിഞ്ഞത്? എന്തിനധികം, ഒരു തീപ്പെട്ടിക്കോലിനു വേണ്ടിപ്പോലും അയല്‍ക്കാരെ ആശ്രയിച്ച കഴിഞ്ഞകാലം മറക്കാനാകുമോ? അപ്രതീക്ഷിതമായി ഒരതിഥി വന്നാല്‍ അപ്പുറത്തെ വീട്ടുകാര്‍ വാങ്ങിവെച്ച പലഹാരങ്ങള്‍ പറമ്പുചാടി അടുക്കളപ്പുറത്തുകൂടെ ഇപ്പുറത്തെ വീട്ടില്‍ വന്നുകയറിയത് ഇന്നോര്‍ക്കുമ്പോള്‍ എന്തുമധുരം? ഇങ്ങനെയൊക്കെ പരസ്പരം ആശ്രയിച്ചും ആശ്വസിപ്പിച്ചുമാണ് നമ്മള്‍ ജീവിച്ചതും ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നതും.
മുറിവുകളില്‍ മരുന്ന് തേയ്ക്കുന്നതും വേദനകളില്‍ ചേര്‍ന്നുനില്‍ക്കുന്നതും മാത്രമല്ല ആശ്വാസം. അത് പലതായാണ് നമ്മള്‍ അനുഭവിക്കുന്നത്. ദീര്‍ഘദൂര വാഹനയാത്രയില്‍ ലക്ഷ്യത്തിലേക്കുള്ള ദിക്കറിയാതെ നട്ടം തിരിയവേ നമുക്ക് പോകേണ്ട സ്ഥലത്തേക്കുള്ള എളുപ്പവും കൃത്യവുമായ വഴി പറഞ്ഞുതരാന്‍ കഴിയുന്ന ഒരാളെ മുമ്പില്‍ കിട്ടുമ്പോള്‍ നമ്മളനുഭവിക്കുന്ന വികാരത്തിന്റെ പേര് ആശ്വാസമെന്നല്ലാതെ മറ്റെന്താണ്? യന്ത്രവും സാങ്കേതികവിദ്യയും ഒരിക്കലെങ്കിലും തെറ്റായ വിവരങ്ങള്‍ നല്‍കുകയും പോകേണ്ടതില്ലാത്ത ദിക്കിലേക്ക് നമ്മെ തിരിച്ചുവിടുകയും ചെയ്താല്‍ നമ്മള്‍ പിന്നെ യന്ത്രത്തെ ആശ്രയിക്കുമോ, വഴിയില്‍ കാണുന്ന മനുഷ്യനെ ആശ്രയിക്കുമോ? മിക്കവരുടെ കാര്യത്തിലും ഉത്തരം രണ്ടാമത്തേത് ആയിരിക്കും. ദിക്കും ദൂരവുമറിയാനുള്ള സാങ്കേതികവിദ്യകള്‍ നമ്മുടെ കൈവശത്തിലുണ്ടെന്നഹങ്കരിക്കുമ്പോഴും ഇക്കാലത്തും ചിലപ്പോഴെങ്കിലും ലക്ഷ്യസ്ഥാനം കണ്ടുപിടിക്കാന്‍ നമുക്ക് മനുഷ്യരെ ആശ്രയിച്ചേ പറ്റൂ. വാഹനത്തില്‍ ഇന്ധനം തീരുന്നതിന്റെ സൂചന കിട്ടുമ്പോള്‍ തൊട്ടടുത്ത് ‘പെട്രോള്‍ പമ്പ്’ ഉണ്ടോ എന്നന്വേഷിക്കാന്‍, യാത്രകളില്‍ തല ചായ്ക്കാന്‍ ലോഡ്ജുകളോ ഹോം സ്റ്റേ സൗകര്യമോ ഉണ്ടോ എന്നറിയാന്‍ നമുക്കിപ്പോഴും വിശ്വസനീയമായ സ്രോതസ് മറ്റു മനുഷ്യരാണ് എന്നതല്ലേ വസ്തുത.
മലബാറിലെ പ്രശസ്തമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. എഴുപത് വയസു പിന്നിട്ട ആ കാരണവര്‍ കൈയിലൊരു ‘ചീട്ടും’ പിടിച്ച് നടപ്പ് തുടങ്ങിയിട്ട് നേരം കുറച്ചായി. അദ്ദേഹത്തിന്റെ ഭാര്യ രണ്ടുദിവസമായി അവിടെ അഡ്മിറ്റാണ്. വാര്‍ഡില്‍ ഡ്യൂട്ടിയിലുള്ള നഴ്സ് മൂന്നാം നിലയിലെ ലാബില്‍ ചെന്ന് റിസള്‍ട്ട് വാങ്ങിക്കൊണ്ടുവരാന്‍ നിര്‍ദേശിച്ചതനുസരിച്ച് വാര്‍ഡിനു പുറത്തിറങ്ങിയതാണ്. പല പടികള്‍ കയറി, ഇറങ്ങി, നടന്നു… നഴ്സ് പറഞ്ഞ ലാബില്‍ എത്തുന്നതേയില്ല. കാരണവര്‍ ‘നാലുചാല്‍’ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ശ്രദ്ധയില്‍പെട്ട സന്നദ്ധപ്രവര്‍ത്തകന്‍ കൂടെചെന്നിട്ടാണ് അദ്ദേഹത്തിന് ലാബ് കാട്ടിക്കൊടുക്കുന്നത്. ‘ഇതിന്റെ മുമ്പിലൂടെ രണ്ടുവട്ടം പോയിക്കണ്, എന്നിട്ടും ഞാനിത് കണ്ടില്ലല്ലോ’ എന്ന് കാരണവരുടെ ആത്മഗദം. നോക്കൂ, ആ സന്നദ്ധപ്രവര്‍ത്തകന്‍ എത്രവലിയ ആശ്വാസമാണ് ആ വയോധികനു പകര്‍ന്നുനല്‍കുന്നത്. സന്ദര്‍ഭമാണ് ആശ്വാസത്തിന്റെ വലുപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത്.
വിഷമഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുകയെന്നത് മനുഷ്യസഹജമായ നന്മയാണ്; അതൊരു ഉത്തരവാദിത്വവുമാണ്. അതുകൊണ്ടാണ് നമ്മള്‍ മരണവീടുകള്‍ സന്ദര്‍ശിക്കുന്നത്; മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത്. ആ പ്രാര്‍ഥന മരിച്ചയാളുടെ കുടുംബത്തിന് നല്‍കുന്ന ആശ്വാസം ചെറുതല്ലല്ലോ. ചിലരുടെ സാന്നിധ്യം പോലും ചില നേരങ്ങളില്‍ വലിയ ആശ്വാസവും ആത്മധൈര്യവുമായിത്തീരാറുണ്ട്. ഏതു കാഠിനഹൃദയനും പതറിപ്പോകുന്ന, കണ്ണുകള്‍ നനയുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. ആ സമയത്ത് ആശ്വസിപ്പിക്കാനെത്തുന്നത് ഏത് ശത്രുവാണെന്നിരിക്കിലും മനസുകൊണ്ട് അയാള്‍ പ്രിയപ്പെട്ടവനായി മാറും. പതിറ്റാണ്ടുകള്‍ നീണ്ട ശത്രുത മിനുട്ടുകള്‍ കൊണ്ട് അലിഞ്ഞില്ലാതായിപ്പോയ എത്രയെത്ര അനുഭവങ്ങള്‍. അവിടെ ആശ്വാസം വൈയക്തികമായ തലം വിട്ട് സാമൂഹികമായ ധര്‍മത്തിലേക്ക് പ്രവേശിക്കുകയാണ്. മനുഷ്യരെ ഒന്നുചേര്‍ക്കുന്ന ഉദാത്തമായ മൂല്യവും മഹിതമായ മാതൃകയുമായി ആശ്വാസം മാറുകയാണ്.
നാട്ടിലെ കൊസ്സറക്കൊള്ളിയാണ്, ഒരു വകയ്ക്ക് കൊള്ളരുതാത്തവനാണ്- അതുകൊണ്ട് അയാളുടെ കാര്യത്തില്‍ ആരും ഇടപെടില്ല. ആ ഗണത്തില്‍ പെടുത്താവുന്ന ആരെങ്കിലും നിങ്ങളുടെ അറിവിലുണ്ടോ, പരിചയത്തിലുണ്ടോ? ഉണ്ടെങ്കില്‍ അയാളോട് ഇത്തിരിനേരം സംസാരിച്ചുനോക്കൂ. മുന്‍വിധികളുടെ പുറന്തോടുകള്‍ പൊളിച്ച് പുതിയ മനുഷ്യനായി അയാള്‍ നമ്മുടെ മുമ്പില്‍ വെളിപ്പെടും. അവിടെ അയാളോട് നമ്മള്‍ കാട്ടുന്ന ഒരേയൊരു കാരുണ്യം അയാളെ കേട്ടിരുന്നു എന്നതാണ്. ജീവിതത്തില്‍ എക്കാലവും ഓര്‍ത്തുവെക്കാന്‍, ഞാന്‍ ഒറ്റപ്പെട്ടവനാണ് എന്ന തോന്നലില്‍ നിന്ന് മുക്തനാകാന്‍ അയാള്‍ക്ക് അത് മതിയാകും. അണച്ചുപിടിക്കുന്നതും തോളില്‍ തട്ടുന്നതും മാത്രമല്ല, വെറുതെ ഒരാളെ കേട്ടിരിക്കുന്നതും ആശ്വാസപ്രവര്‍ത്തനമാണ് എന്ന് തിരിച്ചറിയുന്ന വേറെയും സന്ദര്‍ഭങ്ങളുണ്ട്. അതിലൊന്ന് രോഗീസന്ദര്‍ശനമാണ്. കിടപ്പിലായ രോഗികളുടെ ചാരത്തിരുന്നു അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അല്പം സമയം നീക്കിവെച്ചാല്‍ ആ രോഗിക്ക് അത് നല്‍കുന്ന സന്തോഷം വാക്കുകളില്‍ വരച്ചിടാനാകില്ല. വീട്ടുകാര്‍ പോലും കാണിക്കാത്ത ‘കാരുണ്യ’മാകാം നിങ്ങളില്‍ നിന്ന് ആ മനുഷ്യന് കിട്ടിയിട്ടുണ്ടാവുക. നമ്മില്‍ മിക്കവര്‍ക്കും മറ്റുള്ളവരെ കേള്‍കുന്നതിനേക്കാള്‍ താത്പര്യം സംസാരിക്കാനാണല്ലോ. അവ്വിധം ഒറ്റപ്പെടുന്ന ഒരു രോഗി കഥയുടെ, അനുഭവങ്ങളുടെ, വേദനകളുടെ കെട്ടഴിക്കുമ്പോള്‍ അത് കേട്ടിരിക്കുന്നത് ആശ്വാസം മാത്രമല്ല സുകൃതം തന്നെ ആയി മാറിയേക്കാം. ഒരു നാവേയുള്ളൂ നമുക്ക്. പക്ഷേ രണ്ട് ചെവികളുണ്ട്. സന്ദേശം വ്യക്തമാണ്. കുറച്ചു സംസാരിക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യുക. നമ്മില്‍പലരും നേരെ മറിച്ചാണ് എന്നത് സ്വയം വിമര്‍ശമായി ഉന്നയിക്കുന്നു.
കേരളം രണ്ടു മഹാപ്രളയങ്ങള്‍ അഭിമുഖീകരിച്ചു. മരണവും മഹാനഷ്ടവും ബാക്കിവെച്ച ആ പ്രയാസകാലത്തെ നമ്മള്‍ അതിജയിച്ചത് എങ്ങനെയാണ്? നമ്മള്‍ പരസ്പരം കൈത്താങ്ങായി. മരിച്ചവരെ തിരിച്ചുനല്‍കാനാകില്ല. എങ്കിലും നിങ്ങളുടെ നഷ്ടങ്ങള്‍ നിങ്ങളുടേത് മാത്രമല്ല, ഞങ്ങളുടേത് കൂടിയാണ് എന്ന് പറഞ്ഞ് വേദനിക്കുന്നവരോട് ചേര്‍ന്നുനിന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സഹായങ്ങള്‍ പ്രവഹിച്ചു. മണ്ണ് മൂടിപ്പോയി എന്ന് കരുതിയ സ്വപ്‌നങ്ങളിലേക്കുള്ള ഊര്‍ജപ്രവാഹമായി ഈ സഹായങ്ങള്‍ മാറി. വളഞ്ഞുനിന്ന സന്നദ്ധ പ്രവര്‍ത്തകന്റെ മുതുകില്‍ ചവിട്ടി ‘ഇരകള്‍’ പുതിയ സ്വപ്‌നങ്ങളിലേക്കും പുതുജീവിതത്തിലേക്കും കാലെടുത്തുവെച്ചു. സര്‍ക്കാരും സന്നദ്ധസംഘടനകളും സാമുദായിക പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ച ആശ്വാസപദ്ധതികള്‍ നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ അവരെ പ്രാപ്തരാക്കി. വീടുകളും ഗ്രാമങ്ങളും പുനര്‍നിര്‍മിക്കാന്‍ നമ്മള്‍ ഒരുമിച്ചുനിന്നില്ലായിരുന്നുവെങ്കില്‍ ആത്മഹത്യകളുടെയും അഭയാര്‍ഥികളുടെയും നാടായി കേരളം മാറിയേനേ.
ആശ്വാസങ്ങളെക്കുറിച്ച് ഉപന്യസിക്കുമ്പോള്‍ അതിന്റെ ഇരുണ്ടവശങ്ങള്‍ ചൂണ്ടിക്കാട്ടാതെ വയ്യ. ചില ആശ്വാസപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നതും മറ്റു ചിലത് പ്രദര്‍ശനത്തിന് വേണ്ടിയുള്ളതാകുന്നതും വേറെയും ചിലത് ബിസ്‌നസ് ആയി മാറുന്നതും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ആശ്വാസം ഒരു സാമൂഹിക പ്രവര്‍ത്തനമാണ്. സാധ്യമാകുന്നവര്‍ ബാധ്യതയായി തന്നെ ഏറ്റെടുക്കേണ്ട കാര്യം. ചിലര്‍ ഔദാര്യം പോലെയാണ് ഇതിനെ കാണുന്നതും അവതരിപ്പിക്കുന്നതും. മനുഷ്യന്‍ സാമൂഹിക ജീവിയാണ്. പരസ്പര ആശ്രിതത്വമാണ് സാമൂഹിക ജീവിതത്തെ നിശ്ചയിക്കുന്ന മുഖ്യഘടകം. ആ ആശ്രിതത്വം ദൈവികം കൂടിയാണ്. നമ്മള്‍ പടച്ചവനിലേക്ക് ആശ്രയിക്കുന്നു. അവന്‍ അപാരമായ അനുഗ്രഹം നല്‍കികൊണ്ട് മനുഷ്യനോട് കരുണ കാട്ടുന്നു. പടച്ചവന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കായി പങ്കിടുമ്പോള്‍ നമ്മള്‍ അവനിലേക്ക് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുകയാണ്. അനുഗ്രഹങ്ങള്‍ പങ്കിടുക എന്നത് ഔദാര്യമായി സംഭവിക്കേണ്ടതല്ല, അപരന്റെ അവകാശമായി വകവെച്ചു നല്‍കേണ്ടതാണ്. അപ്പോള്‍ മാത്രമാണ് അതൊരു സാമൂഹിക പ്രവര്‍ത്തനമാകുന്നത്. അല്ലാത്തിടത്തോളം അതൊരു ‘പടമെടുപ്പ് ഷോ’ മാത്രമായിരിക്കും. അത്തരം പ്രദര്‍ശനക്കാര്‍ ഏറിവരുന്നു എന്നത് കാണാതിരുന്നു കൂടാ. ഒറ്റനാള്‍ പ്രഖ്യാപനവും ഒമ്പതുനാള്‍ പരസ്യവും ഒടുവില്‍ ഒന്നുമറിയാത്ത പോലെ കൈമലര്‍ത്തുന്നവരെയും ഇതോടു ചേര്‍ത്തുവായിക്കണം. മനുഷ്യന്‍ എന്ന ഏറ്റവും ശ്രേഷ്ഠമായ മേല്‍വിലാസത്തെ തന്നെ കളങ്കപ്പെടുത്തുന്ന ഇത്തരം തെറ്റായ പ്രവണതകളാണ് ശരിയായ ആശ്വാസപ്രവര്‍ത്തനങ്ങളിലെ വിലങ്ങുതടിയായി ഇപ്പോള്‍ മാറിയിരിക്കുന്നത്. സത്യസന്ധമായ പ്രവര്‍ത്തനങ്ങളെ പോലും സംശയമുനയില്‍ നിര്‍ത്തുന്ന വ്യാജആശ്വാസങ്ങളെ വെളിപ്പെടുത്തുന്നതും ഇക്കാലത്ത് സമൂഹത്തെ സംബന്ധിച്ച് വലിയ ആശ്വാസമായിരിക്കും.

Share this article

About മുഹമ്മദലി കിനാലൂര്‍

View all posts by മുഹമ്മദലി കിനാലൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *