വെര്‍ച്വല്‍ ഭ്രാന്ത് ഭേദപ്പെടുത്താം

Reading Time: 2 minutes


1990 കാലഘട്ടങ്ങളില്‍ ദൂരദര്‍ശനില്‍ ബു ധനാഴ്ചകളില്‍ പ്രദര്‍ശിപ്പിച്ചുപോന്നിരുന്ന ‘മൗഗ്ലി’ അനിമേഷന്‍ സീരീസിന്റെ കടുത്ത ഇഷ്ടക്കാരനായിരുന്നു ഞാന്‍. ടെലിവിഷന്‍ സെറ്റ് വീടുകളില്‍ നന്നേ കുറവായിരുന്ന ആ കാലത്തില്‍ ഒരു കിലോമീറ്റര്‍ നടന്ന് സുഹൃത്തിന്റെ വീട്ടില്‍ പോയായിരുന്നു മൗഗ്ലി ആസ്വദിച്ചിരുന്നത്. കുട്ടികള്‍ക്കും കൗമാര പ്രായക്കാര്‍ക്കും പ്രിയപ്പെട്ട ഇതുപോലുള്ള എന്റര്‍ടൈന്‍മെന്റ് ആസ്വദിക്കാനുള്ള സാധ്യതകള്‍ അന്ന് അമ്പേ കുറവായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ കുട്ടികളില്‍ ഭൂരിഭാഗവും അവരുടെ ഒഴിവുസമയങ്ങള്‍ കായികമായ കളികള്‍ക്കായാണ് മാറ്റിവെച്ചിരുന്നത്. ഫുട്‌ബോളും ക്രിക്കറ്റും ചട്ടിപ്പന്തും കുറ്റിയും കോലുമെല്ലാം ഇഷ്ടവിനോദങ്ങളായിരുന്നു. വിനോദങ്ങളില്‍ കൂടുതലും കായികമായതിനാല്‍ ഒടിവും ചതവും മുറിവും കുട്ടികളില്‍ സര്‍വ സാധാരണവുമായിരുന്നു. തന്റെ മക്കള്‍ ഏതുസമയവും കളിയാണെന്ന് പരിതപിക്കാത്ത മാതാപിതാക്കള്‍ വളരെ കുറവായിരുന്നു.
ഇപ്പോഴത്തെ മാതാപിതാക്കളുടെ പരാതി നേരെ മറിച്ചാണ്. മകന് വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ല, മുഴുസമയവും മൊബൈലില്‍ നോക്കിയിരിപ്പാണ്. കുട്ടികളുമായി കൂട്ടുകൂടുന്നില്ല, എപ്പോഴും ചടഞ്ഞിരിക്കുന്ന പ്രകൃതമാണ് എന്നൊക്കെയാണ്. ഇതിനെക്കാള്‍ ആശങ്കയായി കാണുന്നവയാണ് കുട്ടികളിലെ വിഷാദരോഗവും അക്രമാസക്തമായ സ്വഭാവരീതിയും ദേഷ്യവും വാശിയും.
ടൈം പാസിനായി മൊബൈല്‍ ഗെയിം തുടങ്ങുന്ന കുട്ടികള്‍ പിന്നീട് അതിന് അടിമപ്പെടുന്ന വാര്‍ത്തകള്‍ അനവധിയാണല്ലോ. മൊബൈല്‍ ഗെയിമുകള്‍ക്ക് അടിപ്പെടുന്ന ഭൂരിഭാഗം പേരിലും നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് കണ്ടുവരുന്നത്. ഗെയിമിലൂടെ പരിചിതമാകുന്ന ആക്ഷന്‍ രംഗങ്ങള്‍, വയലന്‍സ് രംഗങ്ങള്‍ കുഞ്ഞുമനസുകളെ സ്വാധീനിക്കുകയും വിഷാദം, ഉത്കണ്ഠ, അക്രമാസക്തി തുടങ്ങിയ ദൂഷ്യഫലങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ സമയം സ്‌ക്രീനില്‍ ചിലവഴിക്കുന്നതിനാല്‍ കണ്ണുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പുറമേ, ഉറക്കമില്ലായ്മ, അമിതവണ്ണം തുടങ്ങിയവയും വലിയ പ്രതിസന്ധികളാണ്. ഓണ്‍ലൈന്‍ അല്ലെങ്കില്‍ മൊബൈല്‍ ഗെയിമുകളില്‍ നല്ലൊരുശതമാനവും വയലന്‍സ് സ്വഭാവമുള്ളതായിരിക്കുകയും കുട്ടികള്‍ അതിന് അടിമപ്പെടുകയും ചെയ്യുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ഇന്നത്തെ കടുംബങ്ങള്‍ നേരിടുന്നത്. ശത്രുപക്ഷത്തുള്ള സാങ്കല്‍പിക കഥാപാത്രങ്ങളെ അരിഞ്ഞും വെടിവെച്ചും പരാജയപ്പെടുത്തുമ്പോള്‍ അവ കുട്ടി മനസുകളില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ ചെറുതല്ല. ഗെയിമുകളില്‍ നായകനായും പ്രതിനായകനായും സ്വയം കഥാപത്രങ്ങളായി മാറുമ്പോള്‍ ഇത്തരം ആക്രമണ ത്വര ജീവിതഭാഗമാകാനുള്ള അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
ന്യൂജന്‍ കുട്ടികളില്‍ മാതാപിതാക്കള്‍ ആധിയായി കാണുന്ന ‘മൊബൈല്‍മാനിയ’ വലിയൊരു ഭീതിയായിത്തന്നെ നമ്മുടെ മുന്നിലുണ്ട്. എന്റര്‍ടൈന്‍മെന്റ് സാധ്യതകള്‍ കിലോമീറ്ററുകള്‍ വകഞ്ഞുമാറ്റി വിരല്‍ത്തുമ്പിലേക്കെത്തിയപ്പോള്‍ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകള്‍ അനവധിയാണെന്ന് കണ്ടും കേട്ടും അനുഭവിച്ചും വരുന്നവരാണ് നമ്മള്‍. കൗണ്‍സിലിങ് സെന്ററലുകള്‍ക്ക് വളമാക്കാന്‍ അനുവദിക്കാതെ നമുക്ക് പരിഹാരക്രിയകള്‍ ചെയ്യേണ്ടതുണ്ട്.
എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ജനറേഷന് വഴിതെറ്റാനുള്ള സാഹചര്യങ്ങളെക്കാള്‍ പല മടങ് കൂടുതലായിരിക്കും പുതിയ സാഹചര്യത്തില്‍ നമ്മുടെ കുട്ടികള്‍ നേരിടുന്നുണ്ടാവുക. അതുകൊണ്ടുതന്നെ പ്രലോഭനങ്ങളെ തരണംചെയ്തു ജീവിതവിജയം കൈവരിക്കല്‍ കഠിനമാവും. നമ്മുടെ ജനറേഷന്‍ അനുഭവിച്ച ജീവിച്ച സാഹചര്യമല്ലല്ലോ നമ്മുടെ കുട്ടികളുടെ നിലവിലെ ജീവിത സാഹചര്യം. ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കാണുവാനും മറ്റു എന്റര്‍ടൈന്മെന്റ് ആസ്വദിക്കാനും കിലോമീറ്ററുകള്‍താണ്ടി പോവേണ്ടതില്ല. ബര്‍ത്ത്‌ഡേ ഗിഫ്റ്റായി രക്ഷിതാക്കള്‍ സമ്മാനിച്ച 5ജി ഫോണില്‍ വിരല്‍ അമര്‍ത്തുകയേ വേണ്ടൂ. ശാസ്ത്ര സാങ്കേതിക വിദ്യകളെ അവസരോചിതം ചൂഷണം ചെയ്ത് അവയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ തയാറായാല്‍ മൊബൈല്‍ മാനിയക്ക് ഒരു പരിധിവരെ പരിഹാരമാകും.
കൊറോണക്കാലത്ത് സ്‌കൂളുകളും മദ്‌റസകളും ഉള്‍പ്പെടെയുള്ള നിരവധി വിഭാഗങ്ങള്‍ ഓണ്‍ലൈന്‍ സാധ്യകള്‍ ഉപയോഗപ്പെടുത്തുന്നു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തില്‍ മൊബൈലും ടാബും ലാപ്‌ടോപ്പും നമ്മുടെ കുട്ടികള്‍ക്ക് നിഷേധിക്കുന്നത് വലിയ അബദ്ധമാകുമെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തേണ്ടതില്ലല്ലോ. പുതിയ സാധ്യതകളെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തി ടെക്‌നോളജിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി മുന്നോട്ട്‌പോവുകയാണ് ഉചിതമായ രീതി.

തുടക്കം
ഗൃഹനാഥരില്‍ നിന്ന്
കുട്ടികളുടെ മൊബൈല്‍ ഉപയോഗം പരാതിപ്പെടുന്ന രക്ഷാകര്‍ത്തകരിലേക്കാണ് ചൂണ്ടുവിരല്‍ ആദ്യം നീളേണ്ടത്. രക്ഷിതാക്കള്‍ സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാകുകയും എന്നാല്‍ മക്കള്‍ക്ക് അത് നിഷേധിക്കുകയും ചെയ്യുന്നകാര്യം സങ്കല്‍പിച്ചു നോക്കൂ. വീട്ടിലെ മുതിര്‍ന്നയാളുകളിലെ മൊബൈല്‍ ഉപയോഗം കുരുന്നിലെ കണ്ടുവളരുന്നതാണ് കുട്ടികള്‍. ഗാഡ്‌ജെറ്റുകളോടുള്ള താത്പര്യം, അതിന്റെ ഉപയോഗമൊക്കെ പഠിക്കുന്നതും കുടുംബങ്ങളില്‍ നിന്നുതന്നെയാണ്. അതുകൊണ്ടുതന്നെ പരിഹാരക്രിയകളുടെ തുടക്കവും മുതിര്‍ന്നവരില്‍നിന്നാകുന്നത് തന്നെയാണ് ഉചിതം. നമ്മളെക്കണ്ടാണ് നമ്മുടെ കുട്ടികള്‍ വളരുന്നത്. നമ്മളെ സ്വാധീനിക്കുന്നത് അവരെയും സ്വാധീനിക്കും. കുട്ടികളെ സ്റ്റഡിറൂമിലേക്ക് തള്ളിവിട്ട്, മൊബൈലില്‍ മുഴുകുന്ന രക്ഷിതാക്കള്‍ക്കാണ് കൗണ്‍സലിങിന്റെ ആദ്യപാഠങ്ങള്‍ നല്‍കേണ്ടത്. ടൈം പാസിനുള്ള ഉപയോഗം മാറ്റി മൊബൈല്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാന്‍ കുടുംബാംഗങ്ങള്‍ തയാറേക്കേണ്ടിയിരിക്കുന്നു. നമ്മുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കാന്‍ മനഃപൂര്‍വമായ ഇടപെടല്‍ ഇനിയും നടത്തിയില്ലെങ്കില്‍ എപ്പോഴാണ് നാം അതിന് തയാറാകുക? ഓരോ ദിവസവും നാം എത്ര മണിക്കൂര്‍ ഉപയോഗിക്കുന്നു എന്നറിയാന്‍ മൊബൈല്‍ യൂസേജ് മോണിറ്ററിങ് ആപ്പ് പുതിയ മൊബൈല്‍ / ടാബുകളില്‍ ലഭ്യമാണ്. ഇത്തരം ആപ്‌ളിക്കേഷന്‍സ് ഇന്‍സ്റ്റാള്‍ ചെയ്ത് മൊബൈല്‍ ഉപയോഗം കുറക്കാനുള്ള ശ്രമം കുടുംബാംഗങ്ങളില്‍ നടപ്പിലാക്കാവുന്നതാണ്. ഇതിന് പുറമെ മൊബൈല്‍ / ടാബ്‌ലെറ്റുകളില്‍ ലഭ്യമാകുന്ന പാരന്റിങ് കണ്‍ട്രോള്‍ പോലുള്ള ഫീച്ചറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് മോണിറ്റര്‍ ചെയ്യുക എന്നത് ശ്രമകരമാണെങ്കിലും ഉപകാരപ്രദമാണ്.
കുട്ടികളിലെ
ഉപയോഗം
കുട്ടികള്‍ക്ക് രസകരവും ആനന്ദകരവും പഠനാര്‍ഹവുമായ ആപ്പുകള്‍, ആക്ടിവിറ്റികള്‍ തുടങ്ങിയവയില്‍ അവരെ കൂടുതല്‍ എന്‍ഗേജാക്കുന്നത് നല്ല പരീക്ഷണമാകും. യൂട്യൂബ് പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആപ്‌ളിക്കേഷനില്‍ ബുദ്ധിവികാസത്തിനാവശ്യമായ റിഡില്‍സ് (riddle), പസില്‍സ് (puzzles) തുടങ്ങിയവയില്‍ താത്പര്യം ജനിപ്പിക്കാന്‍ മനഃപൂര്‍വമായ ഇടപെടല്‍ നമ്മളാരും നടത്തുന്നില്ല എന്നത് ഖേദകരമാണ്. വീഡിയോ ഗെയിമിലും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ചടഞ്ഞിരിക്കുന്ന കുട്ടികളെ ഉപകാരപ്രദമായ പുതിയ അറിവുകള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോമിലേക്ക് ആകൃഷ്ടരാക്കന്‍ വേണ്ട ഇടപെടലുകള്‍ വേണം .
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (അക), ബിഗ്ഡാറ്റയുമെല്ലാം നിയന്ത്രിക്കുന്ന ഇന്റര്‍നെറ്റ് യുഗത്തില്‍ യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള സംവിധാനങ്ങള്‍ കുട്ടികളെ മാത്രമല്ല, സമൂഹത്തെ മുഴുവന്‍ സ്വാധീനിച്ചിരിക്കുകയാണ്. ഉപയോഗിക്കുന്ന ആളുടെ സെര്‍ച്ച് ഹിസ്റ്ററി അനുസരിച്ച്, അടുത്തതായി കാണാന്‍ സാധ്യതയുള്ള കണ്ടന്റ് പ്രെഡിക്ട് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് സാങ്കേതികവിദ്യയുടെ വളര്‍ച്ച .
കുട്ടികള്‍ ഉപയോഗിക്കുന്ന ഗാഡ്‌ജെറ്റില്‍ പാരന്റിംഗ് / റെസ്ട്രിക്ടഡ് മോഡ് സെറ്റ് ചെയ്ത് കൃത്യമായി മോണിറ്ററിങ് ചെയ്യാന്‍ കുടുംബാംഗങ്ങള്‍ തയാറാവേണ്ടിയിരിക്കുന്നു.
മുഴുസമയവും വീഡിയോ ഗെയിമിലും സോഷ്യല്‍ മീഡിയയിലും ചടഞ്ഞിരിക്കുന്ന ന്യൂ ജനറേഷന്‍ കുട്ടികളെ പുതിയൊരു രീതിയിലേക്ക് വഴിനടത്തേണ്ടത് സമൂഹബാധ്യതയാണെന്നിരിക്കെ അത്തരം ബോധവത്കരണങ്ങളിലേക്കും പഠനങ്ങളിലേക്കും സാംസ്‌കാരിക സംഘടനകളും മറ്റു ബഹുജന പ്രസ്ഥാനങ്ങളും പരിശ്രമിക്കേണ്ടിയിരിക്കുന്നു.
അവസരങ്ങളുടെ അനന്തസാധ്യതകളാണ് ഇന്റര്‍നെറ്റും ഗാഡ്‌ജെറ്റുകളും സമ്മാനിക്കുന്നത്. ഞൊടിയിടയില്‍ വിരല്‍സ്പര്‍ശങ്ങളാല്‍ ലോകത്തിന്റെ വിവിധകോണിലേക്കും ആളുകളിലേക്കും എത്തിപ്പെടാന്‍ അവസരമൊരുക്കുകയെന്നത് സാങ്കേതികവിദ്യ നല്‍കിയ സൗകര്യങ്ങളാണെങ്കില്‍ മറുവശത്തു അതേ സാങ്കേതികവിദ്യയുടെ ദൂഷ്യഫലങ്ങള്‍ മാടിവിളിക്കുകകൂടി ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ ആശങ്ക.
പലചരക്ക് വാങ്ങാനും ഗ്രോസറി ഷോപ്പിങ്ങിനും കുട്ടികളെ കൂടെ കൂട്ടാം. പുഴുക്കുത്തില്ലാത്ത തക്കാളിയും പടവലവുമെല്ലാം തിരഞ്ഞെടുക്കാന്‍ അവര്‍ പാകപ്പെടട്ടെ. വെളിച്ചെണ്ണയുടെയും പഞ്ചസാരയുടെയുമെല്ലാം വിലനിലവാരം അറിഞ്ഞ് അവര്‍ വളരട്ടെ. ജോലിയിലെ ഇടവേളകളിലെ ചെറിയൊരു സമയം അവരുടെ കൂടെ കളിക്കാന്‍ മാറ്റിവെക്കാം. പുതിയകാലത്തുള്ള അതിജീവനം എളുപ്പമല്ല. നല്ല മാതൃകകളൊരുക്കി നമ്മുടെകുട്ടികളെ നന്മയുള്ളവരാക്കി വളര്‍ത്താം.

Share this article

About ശമീര്‍ പി.ടി

View all posts by ശമീര്‍ പി.ടി →

Leave a Reply

Your email address will not be published. Required fields are marked *