കണ്ണില്ലാത്തവര്‍ കണ്ട ആകാശം

Reading Time: 4 minutes


‘കുട്ടിക്കാലത്ത് കടലാസുകൊണ്ട് വിമാനമുണ്ടാക്കി പറത്തുമ്പോഴുണ്ടായിരുന്ന വലിയ ആഗ്രഹമായിരുന്നു എന്നെങ്കിലും വിമാനം കാണാനും അനുഭവിക്കാനും അതില്‍ യാത്രചെയ്യാനും സാധിക്കുമോയെന്നത്, പക്ഷേ പിന്നീട് വിമാനം ദൂരെ നിന്ന് നോക്കാന്‍ പോലും അന്ധതയുടെ രൂപത്തില്‍ അനുവദിച്ചില്ല. എന്നാലിപ്പോള്‍ അതിനെല്ലാം ദൈവം അവസരം തന്നിരിക്കുന്നു’ – യാത്രാനുഭവം പങ്കുവെക്കുന്നതിനിടെ നാണുവേട്ടനിത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് എന്തെന്നില്ലാത്ത പ്രകാശമുണ്ടായിരുന്നു. ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ, ഒരു സ്വപ്‌ന നിമിഷം അനുഭവിക്കാനായതിന്റെ, വലിയ സന്തോഷത്തിന്റെ പ്രകാശം. ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കുള്ള യാത്രക്കിടെ നഷ്ടമായ പ്രിയപ്പെട്ട ആഗ്രഹങ്ങളില്‍ ചിലതെല്ലാം നേടാനായെന്നതിന്റെ പ്രകാശം.
ഒരുപറ്റം സന്നദ്ധ പ്രവര്‍ത്തകരുടേയും ഒട്ടനേകം സുമനസുകളുടേയും കുരുതലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും പ്രതിഫലനമായിരുന്നു നാണുവേട്ടനടക്കം പത്തൊന്‍പത് പേരുടെ മുഖങ്ങളില്‍ കണ്ട ആ പ്രകാശം. മലപ്പുറം ജില്ലയിലെ പഴംപറമ്പിലുള്ള കാഴ്ചയില്ലാത്തവരുടെ അഗതിമന്ദിരത്തിലെ അന്തേവാസികളുടെ വിമാനയാത്രയെന്ന ഏറെ നാളത്തെ ആഗ്രഹം സഫലമായ ആ നിമിഷങ്ങളും അവര്‍ക്ക് കൂട്ടുനിന്ന സജീവ യുവത്വത്തിന്റെ ശ്രമങ്ങളും ഇവിടെ വായിച്ചെടുക്കാം.

ആകാശ യാത്രയിലേക്കുള്ള
യാത്രകള്‍
മണ്ണിനും മനുഷ്യനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുപറ്റം യുവജനങ്ങളുടെ കൂട്ടായ്മയാണ് ഗ്രീന്‍ പാലിയേറ്റീവ്. പാര്‍ശ്വവത്കരിക്കപെട്ട മനുഷ്യരുടെ, അറ്റുപോവുന്ന പരിസ്ഥിതിയുടെ കൂടെനിന്ന് അവയെ സജീവമാക്കാനുതകുന്ന കൊച്ചുകൊച്ചു പ്രവര്‍ത്തനങ്ങളുമായി 2015 മുതല്‍ കര്‍മരംഗത്തുണ്ട് ഈ കൂട്ടായ്മ. പലവിധ കാരണങ്ങളാല്‍ അത്രയൊന്നും ശ്രദ്ധകിട്ടാതെ, പരിഗണിക്കപ്പെടാതെ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഒതുങ്ങി കൂടേണ്ടി വരുന്നവര്‍ക്ക് ഊര്‍ജവും വെളിച്ചവുമാവാനുള്ള ഗ്രീന്‍ പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ യാത്രകള്‍ക്കിടെയാണ് പഴംപറമ്പിലെ കാഴ്ചയില്ലാത്തവരുടെ ഈ അഗതിമന്ദിരത്തിലും അവരെത്തുന്നത്. അന്നു മുതല്‍ ഇവിടുത്തെ ഓരോ അന്തേവാസികളുടെയും ഉള്ളറിഞ്ഞ് അവരുടെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ആവോളം കൂട്ടുനില്‍ക്കുന്നുണ്ട് ഗ്രീന്‍ പാലിയേറ്റീവ്. അങ്ങനെ ഉള്ളുതുറന്നുള്ള സംസാരങ്ങള്‍ക്കിടെയാണ് അവരവരുടെ കുഞ്ഞുപൂതികള്‍ പങ്കുവെക്കുന്നത്. അഗതിമന്ദിരത്തിന്റെ ചുവരുകള്‍ക്കും ചുറ്റുമതിലിനുമപ്പുറം തങ്ങള്‍ക്ക് പ്രയപ്പെട്ട പലതും ‘കാണാന്‍’ പോവണമെന്ന ആഗ്രഹം. അഥവാ അവയെല്ലാം അകംകണ്ണുകൊണ്ട് നിറയെ അനുഭവിക്കണമെന്ന ആഗ്രഹം. അത്തരം ആഗ്രഹങ്ങളുടെ ഭാഗമായാണ് ആനയെ കാണണമെന്നവര്‍ ആഗ്രഹം പറയുന്നത്, കടലു കാണണമെന്നവര്‍ ആശിക്കുന്നത്, ട്രൈയിനിലും മെട്രോയിലും കയറണമെന്നവര്‍ പൂതിവക്കുന്നത്.
ഓരോന്നായി ഓരോ തവണയും സഫലീകരിച്ചപ്പോള്‍ ഇനി ഇതും നടക്കാതിരിക്കില്ല എന്ന അതിയായ പ്രതീക്ഷയോടെ, സാമ്പത്തിക ചെലവുകാരണം ഇതൊരു ഭാരമാവുമോ എന്ന ജാള്യതയോടെ അവര്‍ ഗ്രീന്‍ പാലിയേറ്റീവ് വളണ്ടിയര്‍മാരോട് അടക്കം പറഞ്ഞു ‘വിമാനം കയറിയാല്‍ കൊള്ളാമെന്നുണ്ട്.’ അങ്ങനെയാണ് അത്തരമൊരു ആകാശയാത്രക്ക് ഗ്രീന്‍ പാലിയേറ്റീവ് ഒരുങ്ങുന്നതും സുമനസുകളുടെ സഹായം തേടുന്നതും അധികം വൈകാതെ ആ ദിവസം വന്നെത്തുന്നതും.
തിരിച്ചറിവിന്റെ
ഒരു ദിനം
അന്ന് പഴംപറമ്പിലെത്തുമ്പോള്‍ ഉച്ചയായിരുന്നു. ഒരുപാട് പേര്‍ ഏറെ നാളായി കാത്തിരിക്കുന്ന യാത്ര പുറപ്പെടേണ്ട സ്ഥലമായതിനാലോ, സമയമടുത്തതിനാലോ എന്തോ അന്നാ ഉച്ചയിലും വെയിലത്ര കനത്തിരുന്നില്ല. വീട്ടില്‍ നിന്ന് അരീക്കോട് വരെയുള്ള രണ്ടുമണിക്കൂറിന്റെ ബസ് യാത്രയില്‍ മുഴുവനും അന്നത്തെ ആ യാത്രയെ ചുറ്റിപറ്റിയുള്ള ചിന്തകളിലായിരുന്നു ഞാന്‍ മുഴുവനും. ആദ്യമായാണ് അന്ധരായ ഒരുപറ്റം ആളുകളോട് കൂടെ സഹവസിക്കേണ്ടി വരുന്നതും യാത്രചെയ്യാനവസരം ലഭിക്കുന്നതും. അതുകൊണ്ടു തന്നെയാവണം അവരോട് എങ്ങനെ പെരുമാറണം, യാത്രയിലെങ്ങനെ സഹവസിക്കണം എന്നെല്ലാമുള്ള ആലോചനകള്‍ നിറയെ ഉള്ളില്‍ നിറച്ചാണ് അന്ന് അരീക്കോട് സ്റ്റാന്റില്‍ ബസ്സിറങ്ങുന്നത്.
‘ഇതെപ്പോ കുനിയിലെത്തും?’ അറിയാത്തൊരു റൂട്ടില്‍ ആദ്യമായി യാത്രചെയ്യുമ്പോഴുള്ള അന്വേഷണമെന്ന നിലയില്‍ ടിക്കറ്റെടുക്കുന്നതിനിടയില്‍ ഞാന്‍ കണ്ടക്റ്ററോട് ചോദിച്ചു. അരീക്കോട് സ്റ്റാന്റില്‍ നിന്ന് പുറപ്പെട്ട ആ മിനിബസ്സിലപ്പോള്‍ എന്നെ കൂടാതെ അഞ്ചാറു പേരെ ഉണ്ടായിരുന്നുള്ളൂ. ‘കുനിയിലിലെങ്ങോട്ടാ?’ പ്രാദേശിക ബസ്‌റൂട്ടുകളിലെ കണ്ടക്ടര്‍മാര്‍ക്കുള്ള വിവരാന്വേഷണ അധികാരത്തിന്റെ പിന്‍ബലത്തില്‍ അയാളെന്നോടും ചോദിച്ചു. ‘പഴംപറമ്പിലെ അന്ധന്മാരുടെ അഗതി മന്ദിരത്തിലേക്ക്’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘ദേ, മൂപ്പരും അങ്ങോട്ടാണ്, മൂപ്പര്‍ടെ കൂടെ കൂടിക്കോ’ എന്ന് പറഞ്ഞ് എന്റെ പുറകിലിരിക്കുന്ന ചെമന്ന ഷര്‍ട്ടിട്ട ആളെ ചൂണ്ടി അയാളിലേക്കെന്റെ കാഴ്ച ക്ഷണിച്ചു കണ്ടക്ടര്‍. അത്രയും സമയം ഞാനയാളെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ അന്ധനാണെന്ന് മനസിലായി. അടുത്ത്‌പോയിരുന്ന് സംസാരിച്ചു. ഞങ്ങളുടെ കൂടെ യാത്രക്കുള്ള ആളാണ്. കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് എന്ന സംഘടനയുടെ മലപ്പുറം ജില്ലാ പ്രസിഡന്റാണ്. അസീസ് എന്നാണ് പേര്. അരീക്കോട് നിന്ന് കുനിയിലിലേക്കുള്ള ആ ചെറിയ ബസ് യാത്രയില്‍ അവരുടെ ജീവിതത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും സംഘടനയെക്കുറിച്ചും സംഘടനക്ക് കീഴിലുള്ള പഴംപറമ്പിലെ സ്ഥാപനത്തെക്കുറിച്ചുമെല്ലാം ചെറിയൊരു ധാരണ അയാളില്‍ നിന്ന് ലഭിച്ചു. തുടര്‍ന്നുള്ള യാത്രയില്‍ ഇരുപതോളം വരുന്ന അന്ധരായ സഹയാത്രികരോട് എങ്ങനെ സഹവസിക്കണമെന്ന അതേ വരേയുള്ള എന്റെ ആലോചനകള്‍ക്ക് ചെറിയൊരു വഴിയും വെളിച്ചവും അയാള്‍ തന്നു.

പ്രിയംനിറഞ്ഞ
ഒരുക്കങ്ങള്‍
അസീസ്‌ക്കയോടൊപ്പം അഗതിമന്ദിരത്തിന്റെ പ്രവേശന കവാടത്തിലെത്തുമ്പോള്‍ എല്ലാവരും ആരോക്കെയോ പ്രതീക്ഷിച്ചിരിക്കുന്ന പ്രതീതിയായിരുന്നു. എല്ലാവരുടേയും മുഖത്ത് നിറഞ്ഞ പുഞ്ചിരി മാത്രം. തിടുക്കപ്പെട്ടുള്ള ഒരുക്കങ്ങളിലാണ് എല്ലാവരും. ചിലരെല്ലാം പുതുവസ്ത്രം ധരിച്ച് നേരത്തെ തന്നെ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ഗ്രീന്‍ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ സ്ത്രീകളടക്കമുള്ളവരെ അണിയിച്ചൊരുക്കുന്ന തിരക്കിലാണ്. എത്ര നന്നായി വസ്ത്രം ധരിപ്പിച്ചാലും അവരുടെ ഉള്ളില്‍ വീണ്ടും ചോദ്യങ്ങളാണ്, നന്നായിട്ടില്ലേ എന്ന പരിഭവമാണ്. എല്ലാവരും അണിഞ്ഞൊരുങ്ങി ഗമയില്‍ യാത്ര ചെയ്യുന്ന വിമാനത്തില്‍ നമ്മളുടെ വേഷവിധാനങ്ങള്‍ക്കും ഒട്ടും കുറവ് വരരുതല്ലോ എന്ന ബേജാറാണ്.
വിശേഷ ദിവസങ്ങളില്‍ മാത്രം ധരിക്കുന്ന പുത്തന്‍ വസ്ത്രങ്ങള്‍ അന്നേക്കായി ഒരുക്കി വച്ചിരിക്കയാണ് എല്ലാവരും. സ്ത്രീകള്‍ മുല്ലപ്പൂമാല പോലും കരുതിയിട്ടുണ്ട്. എങ്ങനെയെല്ലാം മനോഹരമാകാനാവുന്നോ, അങ്ങനെയെല്ലാം മനോഹരമായിട്ടുണ്ട് ഓരോരുത്തരും.
ഓരോരുത്തരെയും പരിചയപ്പെടുന്നതിനിടയിലാണ് അഗതിമന്ദിരത്തിന്റെ മേല്‍നോട്ടക്കാനായ ഹമീദ്ക്ക നാണുവേട്ടനെ പരിചയപ്പെടുത്തുന്നത്. കയറിവരുമ്പോള്‍ മുറ്റത്തു തന്നെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതായി കണ്ട അയാളാണത്. വിമാനയാത്രയല്ലേ എന്നു കരുതി എല്ലാം പുതിയതായി വാങ്ങി ഒരുങ്ങിയിരിക്കുകയാണയാള്‍. വസ്ത്രങ്ങള്‍ മാത്രമല്ല, ‘വിമാനത്താലാവുമ്പോള്‍ എല്ലാവരും ഷൂ ഒക്കെ ഇട്ടല്ലേ വര്യാ, അതിനാല്‍ ഷൂവും വേണ’മെന്ന് പറഞ്ഞ് അരീക്കോട് അങ്ങാടിയില്‍ പോയി പുതിയ ഷൂ വാങ്ങിയത്രേ നാണുവേട്ടന്‍. ഇന്‍സൈഡൊക്കെ ചെയ്ത് വലിയ ഓഫീസര്‍മാരൊക്കെ യാത്ര ചെയ്യുന്ന വാഹനമല്ലേ വിമാനം എന്നു കരുതി പുതിയ ബെല്‍റ്റും വാങ്ങി അയാള്‍. എന്നിട്ട് മേല്‍വസ്ത്രമൊക്കെ നന്നായി ഇന്‍സൈഡ് ചെയ്യിപ്പിച്ച് അണിഞ്ഞൊരുങ്ങി എല്ലാവരെയും മുമ്പേ തന്നെ റെഡിയായിട്ടുണ്ട് നാണുവേട്ടന്‍. നമ്മളൊട്ടും കുറവു വരുത്തരുതെന്ന നിര്‍ബന്ധ ബുദ്ധിയില്‍ തന്നെ.
എല്ലാവരും ഒരുങ്ങിയിറങ്ങിയത് ഭക്ഷണം കഴിക്കാനാണ്. അതിലും ഒട്ടും കുറവ് വരുത്തിയിട്ടില്ല അധികൃതര്‍. വിശേഷ ദിവസങ്ങളിലെ ഭക്ഷണം പോലെ തനി കേരളീയ വിഭവങ്ങള്‍ വാഴയിലയില്‍ തന്നെ വിളമ്പിയിട്ടുണ്ട്. പായസമടക്കം തയാറാണ്. അല്ലെങ്കിലും ഇതൊരു വിശേഷാല്‍ ദിനമാണല്ലോ. ഏറേ നാള്‍ കാത്തിരുന്ന് കാത്തിരുന്ന് വന്നെത്തിയ ദിനം.

കാത്തിരിപ്പിന്റെ
ദിനങ്ങള്‍
വിമാനയാത്രയെക്കുറിച്ച് അറിഞ്ഞതുമുതല്‍ യാത്രക്കുള്ള കാത്തിരിപ്പായിരുന്നു എല്ലാവരും. ഒന്‍പതാം തിയതി ആവാനുള്ള കാത്തിരിപ്പ്. ഓരോ ദിവസവും വേഗത്തില്‍ കഴിഞ്ഞുപോയെങ്കിലെന്ന് ഏവരും ആശിച്ച നിമിഷങ്ങള്‍. കൈയിലുണ്ടായിരുന്ന ബ്രെയിന്‍ കലണ്ടറില്‍ ഒന്‍പതാം തിയതിയിലേക്ക് ഇനി എത്ര ദിവസമുണ്ടെന്ന് ഓരോ ദിവസവും നാണുവേട്ടന്‍ തൊട്ടുനോക്കി. ഇനി ഏഴ് ദിവസങ്ങളുണ്ട്. ‘അടുത്ത ആഴ്ച ഈ സമയം നമ്മള്‍ വിമാനത്തിലാവു’മെന്ന് അവിടെയുള്ളവരോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. പിന്നീടെന്നും അതാവര്‍ത്തിച്ചു. ബ്രൈയിന്‍ കലണ്ടറില്‍ തൊട്ട് ദിവസങ്ങളെണ്ണി മറ്റാളുകളെല്ലാം കേള്‍ക്കുംവിധം എന്നും അയാള്‍ ഉറക്കെ പറഞ്ഞു. ‘ഇനി ആറു ദിവസം, അഞ്ചു ദിവസം, നാലു ദിവസം, മൂന്ന് ദിവസം..’ ഒടുവില്‍ ‘മറ്റന്നാള്‍ നമ്മള്‍ ഈ സമയം വിമാനത്തിലാവു’മെന്നായി. ഒടുവില്‍ ‘നാളെ ഈ സമയം നമ്മള്‍ വിമാനത്തില്‍ ആകാശത്തിന്റെ ഉയരത്തിലായിരിക്കു’മെന്നും.
കാത്തിരിപ്പിനൊടുവില്‍ അന്നാ മധ്യാഹ്നത്തില്‍ സമീപത്തെ സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയ ബസ്സില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്ക് യാത്രതിരിച്ചു. അവിടുന്ന് 2:15ന്റെ എയര്‍ ഇന്ത്യ ഫ്ളൈറ്റില്‍ കണ്ണൂരിലേക്ക് അവര്‍ പറന്നു. കണ്ണെത്താ ദൂരത്ത് ചെന്നെത്താനായ സന്തോഷത്തില്‍.
കാഴ്ചകള്‍
കേട്ടറിയുന്ന നിമിഷം
അഗതി മന്ദിരത്തിന്റെ പടിയിറങ്ങിയതു മുതല്‍ ഓരോ നിമിഷവും ഓരോ കാഴ്ചയും ഒട്ടും കുറവ് വരുത്താതെ വര്‍ണിച്ചു നല്‍കാന്‍ ശ്രദ്ധിച്ചിരുന്നു ഗ്രീന്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍. പലര്‍ക്കുമുണ്ടായിരുന്ന ആശങ്ക വിമാനത്തില്‍ കയറുമ്പോഴുള്ള ചെറിയ പേടിയായിരുന്നു. വിമാനത്താവളവും വിമാനവും നടപടിക്രമങ്ങളും എങ്ങനെയാവുമെന്ന ആകാംക്ഷയുമുണ്ടായിരുന്നു പലര്‍ക്കും. ഞങ്ങള്‍ പറയുന്നതിനിടെ അവര്‍ സാകൂതം ഞങ്ങളെ കേട്ടു. അതിനിടെ ഞങ്ങളുടെ കരങ്ങള്‍ തൊട്ടുപരതി അവര്‍ ഞങ്ങളെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ കണ്ടെത്തി.
ഓരോരുത്തരുടേയും ഉള്ളംകൈ പിടിച്ചു നടക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ഉള്ളില്‍. എയര്‍പോര്‍ട്ടിന്റെ അകത്തു കയറിയതു മുതല്‍ കാണുന്ന ഓരോ കാഴ്ചയും രംഗവും വിശദീകരിച്ച് നല്‍ക്കുമ്പോള്‍ അതത്രയും ഉള്ളില്‍ കൊത്തിവെക്കുകയായിരുന്നു അവര്‍. കണ്ണുകൊണ്ട് കണ്ട നമ്മെക്കാളും ആഴത്തില്‍ ആ കാഴ്ചകളെല്ലാം അവരുടെ ഹൃദയത്തില്‍ പതിഞ്ഞിരിക്കണം. ‘ഇനിയെന്താണ് നടപടികള്‍, ഇവിടെയെന്താണ് കാഴ്ചകള്‍, അതിന്റെ രൂപമെന്താണ്..’ തുടങ്ങിയ അവരുടെ ചോദ്യങ്ങള്‍ നമ്മെ കൂടുതല്‍ സൂക്ഷ്മാലുക്കളാക്കും. നമ്മള്‍ കാണാതെ പോകുമായിരുന്ന, ആഴത്തില്‍ അന്വേഷിക്കാതിരിക്കുമായിരുന്ന പലതും കാണാനും അറിയാനുമായത് അവരുടെ നിരന്തര ചോദ്യങ്ങളാലാണ്.
വിമാനത്തിന്റെ തൊട്ടടുത്താണ് നമ്മള്‍ നില്‍ക്കുന്നതെന്ന് പറയുമ്പോള്‍ ഉള്ളംകൈയിലെ പിടി ഒന്നുകൂടെ മുറുകി. അപ്പോള്‍ എല്ലാവരുടെയും മുഖത്ത് നിറഞ്ഞചിരി മാത്രം. വിമാനത്തിനകത്തും അവര്‍ ചിരിച്ചിരുന്നു. ഒരുപാട് ആഗ്രഹങ്ങളുടെ അവിചാരിത സാഫല്യമോര്‍ത്ത് ഉള്ളു നിറഞ്ഞിരുന്നു. ദൈവത്തോട് നന്ദി പറഞ്ഞു. ഇതിനെല്ലാം അവസരമൊരുക്കിയവര്‍ക്ക് പ്രാര്‍ഥിച്ചു. അതിനിടെ അനേകം യാത്രികരുള്ള, ഉയരെ പറക്കുന്ന ആ വിമാനത്തിലിരുന്ന് വിശാലേച്ചി പാടി. സന്തോഷം അകത്ത് തളച്ചിടാനാവാത്ത ആനന്ദത്തള്ളിപ്പില്‍. സഹയാത്രികരായ പുറമേയുള്ള യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അത് വലിയൊരനുഭവം. എല്ലാവരുടെയും മുഖത്ത് നിറഞ്ഞ ആകാംക്ഷ നിറഞ്ഞ ചിരി. കണ്ണുകൊണ്ട് കാണാനാവാത്ത ആകാശത്ത് ചെന്നെത്തിയതിന്റെ സന്തോഷച്ചിരി.

അവസാനിക്കാത്ത
അനുഭവങ്ങള്‍
അരമണിക്കൂറിന്റെ ആകാശയാത്ര കഴിഞ്ഞ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിലിറങ്ങുമ്പോള്‍ ഞങ്ങളെയും കാത്ത് ഏതാനും സന്നദ്ധ പ്രവര്‍ത്തകര്‍ അവിടെയെത്തിയിരുന്നു. തിരിച്ച് പഴംപറമ്പിലേക്ക് ഇനിയൊരു ടൂറിസ്റ്റ് ബസ്സിലാണ് യാത്ര. അതിനിടയില്‍ മുഴുപ്പിലങ്ങാട് ബീച്ചിലിറങ്ങി കടലു കാണാനുണ്ട്. കാറ്റു കൊള്ളാനും കാല്‍നനയാനുമുണ്ട്. രാത്രി ഭക്ഷണം കോഴിക്കോട്ട് ഒരു സുമനസിന്റെ വീട്ടിലാണ്. തിരിച്ചുള്ള യാത്രക്കിടയില്‍ ഓരോരുത്തരും മനസ് തുറന്നു. വിമാനത്തെക്കുറിച്ചുള്ള ഓര്‍മകള്‍, വിമാനയാത്രക്കുള്ള ആഗ്രഹങ്ങള്‍, യാത്ര ചെയ്ത അനുഭവങ്ങള്‍ എല്ലാം. പലരുടെയും സംസാരത്തിനിടക്ക് ഉള്ളു നിറഞ്ഞു, കണ്ണും.
കണ്ണില്ലാത്തവര്‍ എങ്ങനെയാവും കടലും ആകാശവും കാണുന്നതെന്ന അന്നേവരെ എന്റെ ഉള്ളിലുണ്ടായിരുന്ന ചോദ്യത്തിന് ആ യാത്ര എനിക്കുത്തരം തന്നു. ആകാശയാത്രയും കടല്‍ കാഴ്ചയും ആസ്വദിക്കാന്‍ കണ്ണിനെക്കാളും വലിയ ഇന്ദ്രിയങ്ങള്‍ പടച്ചോന്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് അന്നാ യാത്രയില്‍ ബോധ്യപ്പെട്ടു. കണ്ട കാഴ്ചകള്‍ക്കൊക്കെയും അവനോട് നന്ദി പറയാത്ത എന്നെ ഞാനാ യാത്രക്കിടെ സ്വയം പഴിച്ചു. അവന്റെ പടപ്പുകളെയും ദൃഷ്ടാന്തങ്ങളെയും കാണാനുള്ള സമയത്തും അതൊന്നും കാണാതെ എവിടെയോ ചുരുണ്ടു കൂടി ഇരുന്നതിനു ഉള്ളില്‍ കുറ്റബോധം വന്നു. അതിനെല്ലാം പുറമെ കണ്ണുണ്ടായിട്ടും കാണാത്ത ഒരുപാട് കാഴ്ചകളുണ്ട് ചുറ്റും എന്ന തിരിച്ചറിവ് ആ യാത്ര സമ്മാനിച്ചു. ആവോളം കണ്ണുനിറഞ്ഞ ആ യാത്ര.

Share this article

About മുബശ്ശിര്‍ മുഹമ്മദ്

View all posts by മുബശ്ശിര്‍ മുഹമ്മദ് →

Leave a Reply

Your email address will not be published. Required fields are marked *