മുഹമ്മദുല്‍ ഫാതിഹിന്റെ വിജ്ഞാനലോകം

Reading Time: 2 minutes

ഇസ്താംബൂള്‍ കീഴടക്കിയതിന്റെ പ്രതീകമാണ് ഹാഗിയ സോഫിയ മസ്ജിദ്. മുഹമ്മദ് അല്‍ഫാതിഹ് എന്നറിയപ്പെടുന്ന സുല്‍ത്വാന്‍ മുഹമ്മദ് രണ്ടാമനായിരുന്നു അതിന്റെ നേതൃശാലി. അദ്ദേഹത്തിന്റെ ജീവിതവും കലാ സാംസ്‌കാരിക മേഖലകളിലടക്കം വലിയ പ്രാധാന്യമുള്ള ഇസ്താംബൂളിന്റെ കീഴടക്കലും വിശ്രുതമായ ചരിത്രസംഭവമാണ്. അത് കേന്ദ്രീകരിച്ചുള്ള നിരവധി പഠനങ്ങളും അന്വേഷണങ്ങളും ഉണ്ട്. പക്ഷേ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമനെ സമഗ്രമായി അവതരിപ്പിക്കുന്ന രചനകളില്ലെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.
രാഷ്ട്രീയ, സൈനിക തന്ത്രജ്ഞനും മികച്ച ധിഷണാശാലിയുമായ ഫാതിഹിന് മതം, നിയമം, രാഷ്ട്രീയം, ചരിത്രം, കല, തത്വചിന്ത, ഗണിതം, ജ്യാമിതി, ലോഹ സംസ്‌കരണം തുടങ്ങിയവയില്‍ നല്ല പരിജ്ഞാനമുണ്ടായിരുന്നു. ഇസ്താംബൂള്‍ കീഴടക്കിയതിനുശേഷം, സാമൂഹ്യശാസ്ത്ര പരിജ്ഞാനം വച്ച് വലിയൊരു രാഷ്ട്രം രൂപകല്‍പന ചെയ്യുകയുമ്പോള്‍ തന്നെ, ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിക്കുന്ന കണ്ടുപിടുത്തങ്ങളും അദ്ദേഹം നടത്തുന്നുണ്ടായിരുന്നു.
ഈ പ്രതിഭാത്വത്തിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. മികച്ച വിദ്യാഭ്യാസവും പുസ്തകങ്ങളോടുള്ള പ്രിയവും. ഇസ്താംബൂള്‍ കീഴടക്കുന്നതിനുമുമ്പേ അദ്ദേഹം വലിയൊരു ലൈബ്രറി സ്വപ്‌നം കണ്ടിരുന്നു. മികച്ച തയാറെടുപ്പോടു കൂടിയാണ് ഇസ്താംബുള്‍ കീഴടക്കാന്‍ ഫാതിഹ് ഒരുങ്ങിയത്.

അറിവിനോടുള്ള പ്രിയം
ഉത്സുകനായ വായനക്കാരനും ഭാഷാജ്ഞാനിയുമായിരുന്ന സുല്‍ത്വാന്‍ മുഹമ്മദ് വ്യാകരണ ശാസ്ത്രത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മാതൃഭാഷയായ തുര്‍ക്കിഷില്‍ നിപുണനായിരുന്ന സുല്‍ത്താന്‍ ‘അവ്‌നി’ എന്ന തൂലികാനാമത്തില്‍ കവിതകള്‍ എഴുതാറുണ്ടായിരുന്നു.
അറബി, പേര്‍ഷ്യന്‍ ഭാഷകള്‍ക്കു പുറമേ തുര്‍ക്കിഷിലെ ഉയ്ഗൂര്‍, ചഗതായ് പോലുള്ള ഉപഭാഷകളും ഗ്രീക്ക്, സെര്‍ബിയന്‍, ലാറ്റിന്‍, ഇറ്റാലിയന്‍, ഹീബ്രു ഭാഷകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
ഇസ്താംബൂള്‍ കീഴടക്കിയതിനു ശേഷമുള്ള ആദ്യ നിര്‍മിതികളിലൊന്ന് ബാ യസീദ് ഓള്‍ഡ് പാലസിലെ ലൈബ്രറിയായിരുന്നു. ഇസ്താംബൂളിലെ തന്നെ ആദ്യ ലൈബ്രറിയായി ഗണിക്കപ്പെടുന്ന ഇത്, പിന്നീട് ന്യൂ പാലസിലേക്ക് മാറ്റി. ഇസ്‌ലാമിക വിജ്ഞാനീയ ഗ്രന്ഥങ്ങള്‍ ലൈബ്രറിയില്‍ ശേഖരിക്കുന്നതിന് വലിയ ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.
ഇസ്താംബൂളിനെ പൂര്‍ണാര്‍ഥത്തില്‍ മനോഹരമായ നഗരമാക്കണമെന്ന ആഗ്രഹത്തില്‍, അദ്ദേഹം പണികഴിപ്പിച്ച കെട്ടിടങ്ങളില്‍ മികച്ച ടൈലുകള്‍ തന്നെ ഉപയോഗിക്കുകയും സുന്ദരമായ കൊത്തുപണികള്‍ കൊണ്ട് ഭംഗിയാക്കുകയും ചെയ്തു. ടോപ്കാപ്പി കൊട്ടാരത്തില്‍ ‘നക്കാശാനെ’ എന്ന കലാമണ്ഡലം ആരംഭിച്ചു. അനാറ്റോലിയയിലെയും ഏഡ്രിനിലെയും മികച്ച കലാകാരന്മാരെ അങ്ങോട്ട് കൊണ്ടുവന്നു. രാഷ്ട്രത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, ചിത്രകാരന്‍മാര്‍, ബുക്‌ബൈന്‍ഡേഴ്‌സ്, കാലിഗ്രഫിസ്റ്റുകള്‍ തുടങ്ങിയവരുടെ കേന്ദ്രമായി നക്കാശാനേ മാറി. ഇവിടെ നിരവധി മസ്ജിദുകളുടെയും കെട്ടിടങ്ങളുടെയും കൊട്ടാരങ്ങളുടെയും രൂപകല്പനകള്‍ നടത്തുകയും സുല്‍ത്താന്റെ സ്വകാര്യ ലൈബ്രറിയിലെ ലിഖിതശേഖരങ്ങളുടെ കോപ്പിയെഴുത്ത് നടത്തുകയും ചെയ്തു.
സുല്‍ത്വാന്‍ മുഹമ്മദിന്റെ കാലത്ത് ലൈബ്രറികളിലുണ്ടായിരുന്ന പുസ്തകങ്ങളുടെ യഥാര്‍ഥ കണക്കുകള്‍ വ്യക്തമല്ല. 1502ല്‍ സുല്‍ത്വാന്‍ ബാ യസീദ് രണ്ടാമന്റെ കാലഘട്ടത്തില്‍ തയാറാക്കപ്പെട്ട കാറ്റലോഗില്‍ 7200 പുസ്തകങ്ങളുടെ പേരുവിവരങ്ങളുണ്ട്.

സംവാദങ്ങളും
ചര്‍ച്ചകളും
പണ്ഡിതരോട് നിരന്തര ബന്ധം പുലര്‍ത്തിയിരുന്ന സുല്‍ത്താന്‍ ഒരു വിദ്യാര്‍ഥിമനസോടെ അവരെ സമീപിച്ചു. പഠിതാവിന്റെ അഭിവാഞ്ഛ എപ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു. മസ്ജിദ് ഫാതിഹിന്റെ ഭാഗമായി പതിനഞ്ചാം നൂറ്റാണ്ടില്‍ അദ്ദേഹം സ്ഥാപിച്ച സാഹന്‍സെമാന്‍ എന്ന സര്‍വകലാശാലയുടെ ബൗദ്ധിക സമ്പത്ത് ഉപയോഗിച്ചാണ് തന്റെ സാമ്രാജ്യത്തിന് അടിത്തറ പാകിയത്.
കൊട്ടാരത്തില്‍ പണ്ഡിതരെ വിളിച്ചുവരുത്തി സംവാദങ്ങള്‍ സംഘടിപ്പിക്കുമായിരുന്നു. ഇമാം ഗസാലിയുടെ ‘തഹാഫുതുല്‍ ഫലാസിഫ’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി ഹൊകസേദ് മുസ്‌ലിഹിദീനും അലാവുദ്ദീന്‍ അലി ത്വൂസിയും തമ്മില്‍ നടന്ന സംവാദം ഏഴു ദിവസത്തോളം നീണ്ടുനിന്നു. അവിറോസ്/ഇബ്‌നു റുഷ്ദിനുള്ള മറുപടിയായിരുന്നു ഗസ്സാലിയുടെ ഈ ഗ്രന്ഥം. സംവാദത്തിനെത്തിയ രണ്ടു പണ്ഡിതരോടും പ്രസ്തുത വിഷയത്തില്‍ പുസ്തകമെഴുതി വരാന്‍ സുല്‍ത്വാന്‍ പറഞ്ഞു.
ഹൊകസേദ് നാലുമാസവും അലിത്വൂസി ആറുമാസവുമെടുത്തു പുസ്തക രചന പൂര്‍ത്തിയാക്കി. ഗസ്സാലിയുടെ വാദങ്ങളാണ് ശരി എന്ന് തെളിയിക്കപ്പെടുകയും സുല്‍ത്വാന്‍ രണ്ടുപേര്‍ക്കും പതിനായിരം പണം പാരിതോഷികം നല്‍കുകയും ചെയ്തു.
സുലൈമാന്‍ നബിയുടെ ചരിത്ര പുസ്തകം തയാറാക്കാന്‍ ഫിര്‍ദൗസ് റൂമി എന്ന കവിയെ സുല്‍ത്താന്‍ ഏല്‍പ്പിച്ചിരുന്നു. അദ്ദേഹത്തിനും മഹ്മൂദ് പാഷക്കും ഇടയില്‍ നടന്ന ഒരു സംഭാഷണമായിരുന്നു ഇതിനു കാരണം. അലക്‌സാണ്ടറിനെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങളുണ്ടായിട്ടും അസാമാന്യമായി ലോകം ഭരിച്ച സുലൈമാന്‍ നബിയെക്കുറിച്ച് രചനകളില്ലാത്തതെന്താണ്? മഹ്മൂദ് പാഷയോട് സുല്‍ത്താന്‍ ചോദിച്ചു. ഈ രണ്ടു രാജാക്കന്മാരെയും അവര്‍ താരതമ്യം ചെയ്തു. പുസ്തകരചനക്കുള്ള കാരണമായി ഈ സംഭവത്തെ ആമുഖത്തില്‍ തന്നെ പറയുന്നുണ്ട്.
ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും ഫലമായി സുല്‍ത്താന്‍ മുഹമ്മദ് രചിക്കാന്‍ കല്‍പിച്ച നിരവധി പുസ്തകങ്ങള്‍ വേറെയുമുണ്ട്.
അദ്ദേഹം തല്‍പരനായിരുന്ന വിഷയങ്ങളെ കൊട്ടാരത്തിലെ ലൈബ്രറിയില്‍ നിന്നാണ് പഠിതാക്കള്‍ വായിച്ചെടുത്തത്. മത വിജ്ഞാനീയത്തില്‍ നിയമം, ഹദീസ്, അഖീദ, തഫ്‌സീര്‍ എന്നിങ്ങനെയുള്ള ശേഖരങ്ങളുണ്ടായിരുന്നു. ബൈസന്റൈന്‍ യുദ്ധാനന്തരം വിശാലമായ ഒരു ലൈബ്രറി അദ്ദേഹം ഏറ്റെടുത്തിരുന്നതായി പറയപ്പെടുന്നു. അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പക്ഷേ അജ്ഞാതമാണ്. ഗ്രീക്ക്, ലാറ്റിന്‍ സാംസ്‌കാരിക പൈതൃകങ്ങളോടും പ്രിയമായിരുന്നു. അത്തരം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ എത്തിക്കുകയും വിവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഗുരു സ്വാധീനങ്ങള്‍
സുല്‍ത്വാന്‍ മുഹമ്മദിന്റെ വൈജ്ഞാനിക മണ്ഡലം അദ്ദേഹത്തിന് അറിവ് പകര്‍ന്നവരെയും അദ്ദേഹം വൈജ്ഞാനിക സംവാദങ്ങളില്‍ ഏര്‍പ്പെട്ടവരെയും പറയാതെ പൂര്‍ത്തിയാവുകയില്ല. അധ്യാപകര്‍ക്ക് വഴങ്ങാതിരുന്ന വാശിക്കാരന്‍ ആയിരുന്നു സുല്‍ത്വാന്‍. മുല്ല ഗുറാനി എന്ന ഷംസുദ്ദീന്‍ അഹ്മദ് ബിന്‍ ഇസ്മായില്‍ എന്നയാളാണ് സുല്‍ത്താനെ പുസ്തക പ്രിയനാക്കിയത്.
മകന് നല്ല വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നതില്‍ പിതാവ് സുല്‍ത്വാന്‍ മുറാദ് രണ്ടാമന് വലിയ ആധിയുണ്ടായിരുന്നു. അതുകൊണ്ടു നല്ലൊരു അധ്യാപകനെ അന്വേഷിക്കുകയായിരുന്നു പിതാവ്. ഒരിക്കല്‍ പണ്ഡിതനായ മുല്ല യഗാന്‍ ഹജ്ജ് കഴിഞ്ഞുവന്ന് സുല്‍ത്വാന്റെ സന്നിധിയിലെത്തി. ‘യാത്ര ചെയ്തയിടത്തു നിന്നും നമുക്കെന്ത് സമ്മാനമാണ് കൊണ്ടുവന്നതെന്ന്’ സുല്‍ത്വാന്‍ ചോദിച്ചു. ‘തഫ്‌സീറിലും ഹദീസിലും നിപുണനായ ഒരു പണ്ഡിതനെ കൊണ്ടുവന്നിട്ടുണ്ട്’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. മുല്ല ഗുറാനി ആയിരുന്നു ആ പണ്ഡിതന്‍.
സുല്‍ത്താന്‍ മുറാദ് സന്തോഷവാനായി. മുല്ല ഗുറാനി നല്ലൊരു അധ്യാപകനുമാണെന്നറിഞ്ഞതോടെ മകനെ അദ്ദേഹത്തിനേല്‍പ്പിച്ചു. തന്റെ അധ്യാപനങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് മനസിലാക്കിയ ഗുറാനി ശിഷ്യനെ താക്കീത് ചെയ്തു. പക്ഷേ രാജകുമാരന് മാറ്റമുണ്ടായില്ല. ഗുറാനി വടിയെടുത്തു. അതോടെ വായിക്കാന്‍ മടിക്കുന്ന, ഗുരുശ്രദ്ധ കാണിക്കാത്ത ശീലം മുഹമ്മദ് രാജകുമാരന്‍ മാറ്റി. മുല്ലാ ഗുറാനിയുടെ വിത്യസ്തമായ ശൈലി കൊണ്ടും വൈജ്ഞാനികവും ആത്മീയവുമായ അധ്യാപനങ്ങളുടെ ഫലമായും കുറഞ്ഞ കാലയളവ് കൊണ്ട് സുല്‍ത്വാന്‍ മുഹമ്മദ് വലിയ നേട്ടങ്ങള്‍ കൈവരിച്ചു. ളറബ്തുഹു തഅ്ദീബന്‍ (മര്യാദ പഠിപ്പിക്കാനാണ് ഞാനവനെ അടിച്ചത്) എന്ന അറബി വാക്യമായിരുന്നത്രെ അന്ന് പഠിപ്പിച്ചത്.
1446 നും 1451നുമിടയിലെ ഇസ്താംബൂള്‍ കീഴടക്കയതിനു ശേഷം സുല്‍ത്താന്‍ മുഹമ്മദ് ഗുരുവിന് മന്ത്രിനിയമനം നല്‍കിയെങ്കിലും അദ്ദേഹമത് നിരസിച്ചു. മാനിസയില്‍ നിന്നും എഡ്രിനിലേക്ക് കൊണ്ടുവന്ന ലൈബ്രറിയോടും തന്റെ അധ്യാപകരോടുമെല്ലാം സുല്‍ത്താന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു. മുല്ലാ ഗുറാനിക്ക് പുറമെ, മുല്ല ഇല്യാസ്, ഹോക യൂസുഫ് സിനാന്‍ പാഷ, അഹ്മദ് പാഷ, ഹോകസേദ് മുസ്‌ലിഹുദ്ദീന്‍ തുടങ്ങിയവരും ഇറ്റാലിയന്‍ മാതയ സിറിയാകോ അങ്കോണിറ്റാനോ, ചരിത്രകാരനായ ജോവന്നി മരിയ ആഞ്ചെലോ പ്രഭൃതികളും സുല്‍ത്വാന്റെ ഗുരുക്കന്മാരാണ്.

Share this article

About ബിഷ്ര്‍ ഇസ്മാഈല്‍

View all posts by ബിഷ്ര്‍ ഇസ്മാഈല്‍ →

Leave a Reply

Your email address will not be published. Required fields are marked *