കുണ്ടുകൂളില്‍ പൂക്കുന്ന സന്തോഷം

Reading Time: 2 minutes

നമ്മുടെ നാടിന്റെ സംസ്‌കാരം പടുത്തുയര്‍ത്തിയത് ഊഷ്മളമായ പാരസ്പര്യത്തിലാണ്. പെരുന്നാളും ഓണവും വിഷുവും ക്രിസ്മസും നേര്‍ച്ചകളും പൂരങ്ങളുമൊക്കെ ആകെ നാടിന്റേതായി മാറുന്നതിലെ ചാലകശക്തി പരസ്പരം അറിഞ്ഞുള്ള കൊള്ളക്കൊടുക്കലുകളാണ്. മനുഷ്യര്‍ക്കിടയില്‍ സൗഹൃദത്തിന്റെ ബലമുള്ള കണ്ണികളായി വര്‍ത്തിക്കുന്നതില്‍ ആഘോഷങ്ങള്‍ക്ക് പ്രമുഖ സ്ഥാനമാണുള്ളത്. പ്രാരാബ്ധങ്ങളെ അല്‍പ നേരത്തേക്കെങ്കിലും ഇറക്കിവെക്കാനാവുന്നതു കൊണ്ടാവാം ആഘോഷങ്ങള്‍ ഇത്രമേല്‍ ആഘോഷങ്ങളാവുന്നത്, ഓര്‍മകളില്‍ പൂത്തുലയുന്നത്.
പെരുന്നാള്‍ നിസ്‌കാരത്തിനു നേതൃത്വം കൊടുക്കുന്ന ഇമാമിനെ ഒരുനാടൊന്നിച്ച് ആനയിച്ചുകൊണ്ട് പോയി പെരുന്നാളാഘോഷിച്ചിരുന്ന പൂര്‍വീകരുടെ ദീപ്ത സ്മരണകളുടേതു കൂടിയാണ് കുണ്ടുകൂളില്‍ സ്രാമ്പ്യക്കും പരിസരത്തിനും ഓരോ പെരുന്നാളും. കൊണ്ടോട്ടി കാലിക്കറ്റ് എയര്‍പോര്‍ട്ടിനു തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന മുക്കൂടിനടുത്ത ഊര് എന്ന ഞങ്ങളുടെ ചെറുഗ്രാമത്തിലായിരുന്നു വ്യത്യസ്തമായ ഈ പെരുന്നാളാഘോഷം നിലനിന്നിരുന്നത്.
ഓലയും പുല്ലും മേഞ്ഞ ചെറിയ മണ്‍കൂരകളും, പേരിനുമാത്രം ഓടുമേഞ്ഞവയും മാളികവീടുകളും ഉണ്ടായിരുന്ന, തോടും വയലുകളും മലയും അതിരിടുന്ന ചെറിയൊരു ഗ്രാമം. എല്ലാവരും കര്‍ഷക വൃത്തിയിലേര്‍പ്പെട്ടു ജീവിച്ചിരുന്നവര്‍. മനുഷ്യരും മറ്റുജന്തുജാലങ്ങളും ഇടകലര്‍ന്നു കൊണ്ടും കൊടുത്തും പുലര്‍ന്ന സാധാരണക്കാരുടെ ഒരു ജനപഥം. മിക്ക വീടുകളിലും കോഴികളോ ആടുകളോ പശുക്കളോ കന്നുപൂട്ടുന്ന ഉരുക്കളോ ഉണ്ടായിരുന്നു. കലര്‍പ്പില്ലാത്ത പാലും നാടന്‍ പാലുത്പന്നങ്ങളും മുട്ടയും എല്ലാ വീടുകളിലും സുലഭമായിരുന്നു. ആഘോഷങ്ങള്‍ക്കോ വിരുന്നുകള്‍ക്കോ ആവശ്യമായ ഇറച്ചിയും പുറത്തുനിന്നും വാങ്ങേണ്ടിയിരുന്നില്ല. ഉണങ്ങല്ലരി പൊടിച്ചു വറുത്തതും ജീരാത്തരിയും (ജീരകശാല അരി) മിക്കവീടുകളിലും തങ്കാരമുണ്ടാവും. ഒന്നുമില്ലെങ്കിലും ആരും പട്ടിണികിടക്കേണ്ടി വരുമായിരുന്നില്ല. തീ പോലും വായ്പ വാങ്ങിയിരുന്ന കാലമായിരുന്നല്ലോ അത്.
കുന്നുമ്മല്‍ കളത്തിങ്ങല്‍ മോദികാക്കയുടെ വയലുകള്‍ക്കടുത്തായി അദ്ദേഹത്തിന്റെ തന്നെ കൈവശത്തിലുള്ളതായിരുന്നു കുണ്ടോതിപ്പൊറ്റമ്മല്‍ നിസ്‌കാരപ്പള്ളിയെന്ന കുണ്ടുകൂളില്‍ സ്രാമ്പ്യ. പണ്ടിവിടെ സ്ഥിരമായി ഇമാമോ ജമാഅത്തോ ഉണ്ടായിരുന്നില്ല. പൂര്‍വികരുടെ മനഃശുദ്ധികൊണ്ടാവാം ഇന്നത് പരിസര പ്രദേശങ്ങളിലെ ദര്‍സുകളെക്കാള്‍ വിപുലമായ ദര്‍സുള്ള പള്ളിയായി ശോഭിച്ചു നില്‍ക്കുന്നത്.
പെരുന്നാള്‍ സുദിനത്തിത്തിലെ പ്രഭാത നിസ്‌കാരം കഴിഞ്ഞ് പെരുന്നാളിനൊരുങ്ങി ഇമാം അവര്‍കള്‍ കുണ്ടുകൂള്‍ തറവാട്ടു പൂമുഖത്തു ചെന്നിരിക്കും. പുതുവസ്ത്രങ്ങളണിഞ്ഞു പള്ളിയിലെത്തിയ ആബാലവൃദ്ധം ജനങ്ങളുടെ നേതൃത്വത്തില്‍ തക്ബീറും ചൊല്ലി ഇമാമിനെ എതിരേല്‍ക്കാനവിടെയെത്തും. അവിടുന്ന് അറബനയുടെയും കതീനയുടെയും അകമ്പടിയോടെ ബൈത്തുകളും മര്‍ഹബയും പാടി ഇമാമിനെ പള്ളിയിലേക്ക് ആനയിച്ചു കൊണ്ടുപോവും. പരിസര വീടുകളില്‍ ചെറിയ കുട്ടികളും സ്ത്രീകളും ഈ വരവ് കാണാന്‍ തിങ്ങിക്കൂടിയിട്ടുണ്ടാവും.
വിവര സാങ്കേതിക വിദ്യ ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത അന്ന് പലപ്പോഴും നോമ്പും പെരുന്നാളുമൊക്കെ വളരെ വൈകിയായിരുന്നു അറിഞ്ഞിരുന്നത്. പുലര്‍ച്ചക്കു അല്പം മുന്‍പ് മാത്രം മാസപ്പിറവി അറിയുകയും അത്താഴം കഴിക്കാനോ മറ്റോ സാധിക്കാതെ നോമ്പെടുത്തതും കൊയ്ത്തിലും മെതിയിലും മറ്റു പണികളിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പെരുന്നാളുറപ്പിച്ചത് അറിയുകയും അതിനുശേഷം പെരുന്നാളാഘോഷിക്കുകയും ചെയ്തത് ഇന്നും ഓര്‍ത്തെടുക്കുന്നു ഈ ഗ്രാമം.
ഓണത്തിനോ പെരുന്നാളുകള്‍ക്കോ മറ്റു ആഘോഷ ദിനങ്ങളിലോ മാത്രം നിറച്ചുണ്ടിരുന്ന അക്കാലത്ത് ആഘോഷങ്ങള്‍ മതപരമായ ഒരു ചടങ്ങ് എന്നതിനപ്പുറം വ്യത്യസ്ത മാനങ്ങള്‍ ഉള്ളവയായിരുന്നു.
കുട്ടിക്കാലത്തെ ആഘോഷങ്ങളോളം നിറപ്പകിട്ടുള്ള ഓര്‍മകള്‍ നമ്മുടെ ജീവിതത്തില്‍ വേറെയുണ്ടാവാനിടയില്ല. കാണുന്നതും കേള്‍ക്കുന്നതും പരിചയിക്കുന്നതുമായ എല്ലാറ്റിനേയും അതേപടി കൂടെ കൂട്ടുന്ന കാലമാണല്ലോ അത്. കൂട്ടുകാരുടേതു പോലോത്ത പുത്തനുടുപ്പുകളും കളിപ്പാട്ടങ്ങളും തങ്ങള്‍ക്കും വേണമെന്നു രക്ഷിതാക്കളുടെ ശേഷിയറിയാതെ വാശിപിടിച്ചു കരയാന്‍ മാത്രം നിഷ്‌കളങ്കമായിരുന്ന കാലം. നാട്ടിന്‍പുറത്തെ നിര്‍ധന രക്ഷിതാക്കള്‍ക്കത് മക്കളുടെ ആവശ്യങ്ങള്‍ വലിയ ഒച്ചയെടുത്തു ശകാരിച്ചോ അടികൊടുത്തോ ഒതുക്കി ഉള്ളില്‍ തേങ്ങാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.
ആണ്ടിലൊരിക്കല്‍ മാത്രം പുതുവസ്ത്രങ്ങള്‍ കിട്ടിയിരുന്ന കുട്ടിക്കാലത്തു പെരുന്നാളും ഓണവുമെല്ലാം അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഉടയാടകള്‍ കിട്ടുന്ന പെരുംനാള് കൂടിയായിരുന്നു. ആഘോഷ ദിനങ്ങളില്‍ പുത്തനുടുപ്പുകളണിഞ്ഞ കുട്ടികള്‍ പൂതുമ്പികളെപോലെ പകലന്തിയോളം ഗ്രാമങ്ങളിലാകെ പാറിനടക്കുമായിരുന്നു. ഓണത്തിനോ പെരുന്നാളിനോപോലും പുതിയ വസ്ത്രങ്ങളില്ലാത്തതിനാല്‍ പുറത്തൊന്നും പോവാതിരിക്കുകയും കീറിപ്പറിഞ്ഞ പഴയ വസ്ത്രങ്ങളുടുത്തു പള്ളിക്കൂടത്തില്‍ പോവാന്‍ നാണമായതിനാല്‍ പഠനം തന്നെ നിറുത്തുകയും ചെയ്ത കൂട്ടുകാരെ കുറിച്ചോര്‍ക്കുമ്പോള്‍ മനസിന്നും പൊള്ളുന്നു.
അന്നൊക്കെ മാസങ്ങള്‍ക്കു മുമ്പേ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിത്തുടങ്ങും. പെരുന്നാളറിഞ്ഞാല്‍ പിന്നെ അന്നുരാത്രി ഉറക്കമില്ല. വിളഞ്ഞൂല്‍ പുള്ളികുത്തി മൈലാഞ്ചി അരച്ചിടലാണ് പെണ്‍കുട്ടികള്‍ക്ക് പ്രധാനം. മൈലാഞ്ചി ഊരി (പറിച്ചു) ഉണക്കി പൊടിച്ചു നേരത്തെ തയാറാക്കിവെക്കുന്നവരും ധാരാളം. ആണ്‍കുട്ടികള്‍ പടക്കം പൊട്ടിക്കലിലും പൂത്തിരി കത്തിക്കലിലും മറ്റും മുഴുകും. മുതിര്‍ന്നവര്‍ ഫിത്വ്ര്‍ സക്കാത്തിലും പെരുന്നാള്‍ വിഭവങ്ങളുണ്ടാക്കുന്നതിലും വ്യാപൃതരായി പെരുന്നാള്‍ രാത്രിയെ ആഘോഷമാക്കും. പരിസര പ്രദേശങ്ങളില്‍ നിന്നുപോലും ഫിത്വ്ര്‍ അരി വാങ്ങാന്‍ ആളുകള്‍ ചൂട്ടും കത്തിച്ചു വരികയും ഇവിടുത്തുകാര്‍ മറ്റിടങ്ങളിലേക്കു പോവലും പതിവായിരുന്നു.
പുലര്‍ച്ചെ ശരീരമാസകലം വെളിച്ചെണ്ണ തേച്ചു വലിയവരുടെ കൂടെ ചെറളത്തോട്ടില്‍ പോയി വാസന സോപ്പും തേച്ചുള്ളൊരു കുളിയുണ്ട്. ആണ്ടില്‍ രണ്ടുതവണ മാത്രം കൈവരുന്നിരുന്ന ഈ സൗഭാഗ്യം അന്നത്തെ ചെറിയ കുട്ടികളുടെ മനസില്‍ ഇന്നും പെരുന്നാളോര്‍മകളോടൊപ്പം നീന്തിത്തുടിക്കുന്നു.
കുത്തരികൊണ്ടുള്ള തേങ്ങാച്ചോറും പരിപ്പുകറിയും ഇറച്ചി വരട്ടിയതും പപ്പടവുമായിരുന്നു പ്രധാന വിഭവങ്ങള്‍. ചിലവീടുകളില്‍ ഗോതമ്പക്കാവയും ഉണ്ടാക്കുമായിരുന്നു. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു ഭക്ഷണം കഴിച്ച് അയല്‍പക്കങ്ങളും കുടുംബങ്ങളും സന്ദര്‍ശിക്കലായിരുന്നു പ്രധാന പെരുന്നാളാഘോഷം. അയല്‍പക്ക സന്ദര്‍ശനങ്ങളില്‍ മതപരമായ യാതൊരു വേര്‍തിരിവുമുണ്ടായിരുന്നില്ല. ആണ്ടറുതികള്‍ക്കുണ്ടാക്കുന്ന പലഹാരങ്ങളില്‍ പോലും എല്ലാവര്‍ക്കും വീതമുണ്ടായിരുന്നു. അവകാശമുണ്ടായിരുന്നു. പരസ്പരം കൊണ്ടും കൊടുത്തും ജീവിച്ചിരുന്ന വറുതിയുടെ (നന്മയുടെ) ആ കാലത്തെ സൗഹൃദങ്ങളുടെ നൂലില്‍ തൊടാന്‍ എന്നും പെരുന്നാളും ഓണവും ഉണ്ണുന്ന സമൃദ്ധിയുടെ ഇക്കാലത്ത് നമുക്കു സാധിക്കാറുണ്ടോ?

Share this article

About മുസ്തഫ മുക്കൂട്

View all posts by മുസ്തഫ മുക്കൂട് →

Leave a Reply

Your email address will not be published. Required fields are marked *