പെരുമ്പടപ്പ് പെരുമ

Reading Time: < 1 minutes

പൊന്നാനിയുടെയും വന്നേരി നാടിന്റെയും വൈജ്ഞാനിക, ആത്മീയ, സാംസ്‌കാരിക പൈതൃകമടങ്ങിയ മലപ്പുറം-തൃശൂര്‍ അതിര്‍ത്തിപ്രദേശമായ പെരുമ്പടപ്പിന് പെരുമകളേറെയുണ്ട്.

പെരുമ്പടപ്പ് സ്വരൂപം
കൊച്ചി രാജ കുടുംബത്തിന്റെ ആസ്ഥാനകേന്ദ്രമാണ് പെരുമ്പടപ്പ്. ഒരു കാലത്ത് കേളികേട്ട മാമാങ്കത്തിന്റെ ആധ്യക്ഷം ഇവിടുത്തെ തമ്പുരാനായിരുന്നു. പിന്നീട് കോഴിക്കോട് സാമൂതിരി അത് പിടിച്ചടക്കിയെങ്കിലും പഴയ പ്രമാണപ്രകാരം പെരുമ്പടപ്പ് സ്വരൂപം രാജാവ് തന്നെ കൈയില്‍ വെക്കുകയായിരുന്നു. ഇത് കാരണം തര്‍ക്കം ഉടലെടുക്കുകയും പെരുമ്പടപ്പിലുള്ള രാജാവിന്റെ കൊട്ടാരം തകര്‍ക്കുകയും ചെയ്തു.
പെരുമ്പടപ്പ് സ്വരൂപം രാജവംശത്തിന്റെ ഭരണത്തില്‍ വന്ന പ്രദേശമാണ് പിന്നീട് കൊച്ചി രാജ്യമായത്. അവസാനത്തെ ചേരമാന്‍ പെരുമാളിന്റെ സഹോദരി പുത്രനാണ് പെരുമ്പടപ്പ് സ്വരൂപത്തിന്റെ സ്ഥാപകന്‍ എന്ന് വിശ്വസിക്കുന്നു.
രാജ വംശത്തിന്റെ ചിത്രകൂടമെന്ന രാജധാനിയുടെ ശേഷിപ്പുകളിലൊന്നാണ് വലിയ കിണര്‍. പതിമൂന്നാം ശതകത്തിലുള്ള ഈ കിണര്‍ ഇപ്പോഴും പുരാവസ്തു വകുപ്പ് സംരക്ഷിച്ചുപോരുന്നുണ്ട്.
വന്നേരി നാട്
പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാന കേന്ദ്രമായിരുന്നു വന്നേരി നാടും ചിത്രകൂടവും. ആരുടെ അധികാരാരോഹണവും പട്ടാഭിഷേകവും നടന്നിരുന്നത് വന്നേരിയിലാണ്. ഇതിനോട് ചേര്‍ന്നാണ് പുന്നയൂര്‍ക്കുളം. കമലാസുരയ്യയുടെ നാലപ്പാട്, മാപ്പിള കവി പുന്നയൂര്‍ക്കുളം ബാപ്പു മാസ്റ്റര്‍, കാട്ടുമാടം നാരായണന്‍ നമ്പൂതിരി, എം ടി വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ വന്നേരിയുടെ മഹിമ ലോകത്തോളം ഉയര്‍ത്തിയവരാണ്.

പുത്തന്‍പള്ളി മഖാം
ദക്ഷിണേന്ത്യയിലെ തീര്‍ഥാടനകേന്ദ്രമായ പുത്തന്‍പള്ളി പെരുമ്പടപ്പിലാണ്. കോഴിക്കോട് കക്കാട് പുതിയേടത്ത് തറവാട്ടില്‍ ജനിച്ച ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാരുടേതാണ് മഖ്ബറ. പഠനത്തിന് പുത്തന്‍പള്ളിയിലെത്തുകയും പിന്നീട് അവിടെ മരണപ്പെടുകയും ചെയ്യുകയായിരുന്നു.
വിഷ നിവാരണത്തിന് പ്രസിദ്ധമാണ് ഈ മഖാം. പുത്തന്‍പള്ളി മൂപ്പര് എന്ന പേരിലും മഹാന്‍ അറിയപ്പെടുന്നു. വിഷം തീണ്ടിയവരെ വെള്ളം മന്ത്രിച്ചു ചികിത്സിച്ചിരുന്നു. 1914ല്‍ മഹാന്‍ മരണപ്പെട്ടു.

കാട്ടുമാടം മന
പൈതൃകവും തച്ചുശാസ്ത്രവും ചേര്‍ന്ന കാട്ടുമാടം മന, പെരുമ്പടപ്പ് വന്ദേരിക്കടുത്ത് സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാന്ത്രികവിദ്യയുടെ ചരിത്രം പറയാനുണ്ട് കാട്ടുമാടം മനക്ക്.
ഒറ്റത്തടി തൂണ്‍ കല്ലുമായി ഒട്ടിച്ചു ചേര്‍ത്തിരിക്കുന്ന നിര്‍മാണ വിദ്യയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള മന ഹിന്ദു ആചാരങ്ങള്‍ക്ക് പേരുകേട്ടതാണ്. എഴുത്തുകാരനായിരുന്ന കാട്ടുമാടം നാരായണന്റെ ജന്മ വീട് കൂടിയാണിത്.

സൈനുദ്ദീന്‍ റംലി
മണലിലെ മൂപ്പര് എന്നറിയപ്പെടുന്ന സൈനുദ്ദീന്‍ റംലി മറപ്പെട്ടുകിടക്കുന്നത് പെരുമ്പടപ്പിലെ നൂണക്കടവ് എന്ന സ്ഥലത്താണ്. മഖ്ദൂമിന്റെ ശിഷ്യനും പുത്തന്‍പള്ളി ശൈഖിന്റെ ഗുരുവുമാണ് സൈനുദ്ദീന്‍ റംലി. കോള്‍ പാടങ്ങളില്‍ പേര് കേട്ട നൂണക്കടവ് പാടവും പക്ഷി സാങ്കേതങ്ങളുടെ കേന്ദ്രമായ ഉപ്പുങ്ങല്‍ കടവും ഒന്നിക്കുന്ന താഴ്‌വാരത്താണ് മഖാമുള്ളത്.
ആത്മീയ ചൈതന്യം തുളുമ്പുന്ന എരമംഗലം ഹിശാം – ചിയാം മുസ്ലിയാര്‍, വെളിയങ്കോട് ഉമര്‍ ഖാസി, ഞമനെങ്ങാട് ഏനിക്കുട്ടി മുസ്ലിയാര്‍, പറയങ്ങാട് ചേക്കു മുസ്ലിയാര്‍, ശുജായി മൊയ്തു മുസ്ലിയാര്‍ എന്നിവരുടെ മഖാമുകള്‍ പെരുമ്പടപ്പുമായി അതിര്‍ത്തി പങ്കിടുന്നു.

Share this article

About നിസാര്‍ പുത്തന്‍പള്ളി

View all posts by നിസാര്‍ പുത്തന്‍പള്ളി →

Leave a Reply

Your email address will not be published. Required fields are marked *