സമ്മേളന സ്വാധീനങ്ങള്‍

Reading Time: 2 minutes

സംഘടനയിലെ സമ്മേളനാനുഭവങ്ങള്‍ പൊതുവായി ഓരോ വ്യക്തിയിലും സ്വാധീനിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പല രീതിയിലാണ്. സമ്മേളനം കാണാന്‍ പോകുക എന്ന നിലയില്‍ കൊണ്ടുനടന്ന തുടക്കകാല കൗതുകവും പുറംകാഴ്ചകളും കച്ചവടങ്ങളും ആസ്വദിച്ച് മടങ്ങിപ്പോരുന്ന ഗൃഹാതുരത്വ ഓര്‍മകളും പലര്‍ക്കുമുണ്ടായിരിക്കും. ചിലരെങ്കിലും ബഹളമയമായ വലിയ പരിപാടികളുടെ മുഴക്കമുള്ള ശബ്ദങ്ങളിലും മോടിയിലും ആവേശം കൊണ്ടവരും ഉണ്ട്. പരിപാടികളെ തത്വികാവലോകനം നടത്തുകയും എന്ത് നേടിയെന്ന ആശയ ചോദ്യങ്ങളുതിര്‍ത്ത് വൈകാരികതകളെ പാടേ അവഗണിക്കുന്നവരും ഇല്ലാതില്ല.
മറ്റേത് പദ്ധതികളെയും പോലെ സമ്മേളനത്തെയോ ബഹളമയമായ പരിപാടികളെയോ സാമാന്യമായി ഒരു കോണില്‍ നിന്ന് വിലയിരുത്താനാകില്ല. ഇപ്പറഞ്ഞവ എല്ലാം ആണ് സമ്മേളനം. എന്നാല്‍ കുറേക്കൂടി സൂക്ഷ്മമായ അനുഭവതലങ്ങളിലേക്ക് കടന്ന് നിരീക്ഷിക്കുമ്പോള്‍ ലഭിക്കുന്ന ഫലങ്ങള്‍ കൂടി വിലയിരുത്തിയാല്‍ മാത്രമാണ് ഈ ചര്‍ച്ച പൂര്‍ത്തിയാകുക. അവിടെ കാഴ്ചക്കാരും പങ്കാളികളും സമ്മേളന ദിനവും പൊലിമയും എന്നിവക്കപ്പുറത്ത് സംഘാടകരിലേക്കും അതിന്റെ ഒരുക്കനാളുകളും ആസൂത്രണ നോവും പിന്നാമ്പുറങ്ങളും ഒക്കെ കടന്നുവരേണ്ടിവരും.
വിജയന്‍ മാഷ് പറഞ്ഞത് പോലെ ഒരിക്കലും ലക്ഷ്യം സംഘടനയല്ല, അത് നേടിയെടുക്കാനുള്ള മാര്‍ഗവും അവസരവുമാണ് സംഘടന എന്ന തലത്തില്‍ കൂടി ആലോചനകള്‍ പോകേണ്ടതുണ്ട്. ഓരോ പദ്ധതി പ്രവര്‍ത്തനങ്ങളുടെയും ആന്തരികവും ബാഹ്യവുമായ ഊന്നലുകളിലേക്ക് സംഘാടകര്‍ എത്തുക അപ്പോള്‍ മാത്രമാണ്.
സംഘടനയെ അഭ്യന്തരമായി ഒരുക്കുന്നതിലും അംഗങ്ങളുടെ വൈകാരിക ബന്ധവും അടുപ്പവും ഊട്ടിഉറപ്പിക്കുന്നതിലും സമ്മേളനങ്ങള്‍ക്ക് നല്ല പങ്കുണ്ട്. ബഹുമുഖ ലക്ഷ്യങ്ങളോടെ അത് മുന്നോട്ട് വെക്കുന്ന പ്രമേയവും പദ്ധതികളും എന്ത് തന്നെയായാലും ഈ കാലത്ത് സംഘാടകര്‍ തമ്മില്‍ രൂപപ്പെടുന്ന പ്രത്യേക സ്‌നേഹബന്ധവും ആ കൂടിയാട്ടത്തില്‍ നിന്ന് ലഭിക്കുന്ന ആനന്ദവും പകരുന്ന അനുഭൂതി ജീവിതത്തിലെ വലിയ അനുഭവമായി അവശേഷിക്കും. എത്ര കാലം പിന്നിട്ടാലും മായാത്ത ഇത്തരം നല്‍നിമിഷങ്ങളുടെ ഓര്‍മകളില്‍ പടുത്തുയര്‍ത്തപ്പെടുന്ന വലിയ ആകാശമാണ് ഓരോ സമ്മേളനങ്ങളിലൂടെയും സംഘടനയും സംഘാടകരും ആന്തരികമായി നേടിയെടുക്കുന്നത് എന്ന് പറയാം.
ഇത് സംഘടന ഒരു ലക്ഷ്യമാക്കിയത് കൊണ്ടല്ല. സംഘടനാമാര്‍ഗത്തിലൂടെ ലക്ഷ്യം കൈവരിക്കാന്‍ തയാറാക്കുന്ന സന്നാഹങ്ങളുടെ സജ്ജീകരണമാണ്. അകം ക്രമബദ്ധവും ഭദ്രവും ആയിരിക്കുക എന്നത് സജീവമായ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ അത്യാവശ്യമാകും. അതിനപ്പുറത്തുള്ള സാമൂഹികമായ സന്ദേശവും മാനവികമായ കാഴ്ചപ്പാടുകളും വിജയിക്കുക പോലും ഇത്തരം സജ്ജീകരണങ്ങളിലൂടെയാണ്. സമൂഹവും അഭിസംബോധിതരും എന്ന പരികല്പനകളില്‍ അഭ്യന്തര അംഗങ്ങള്‍ പ്രഥമമായി വരേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിന്റെ കൂടി പ്രതിഫലനമാണത്.
പദ്ധതികളോ പരിപാടികളോ മാത്രമല്ല, ഒരു മുദ്രാവാക്യമോ പ്രമേയമോ ഒരു പ്രത്യേക കാലത്തെ അടയാളപ്പെടുത്തുന്ന സന്ദര്‍ഭങ്ങളും ഉണ്ടല്ലോ. അതിന്റെ ആശയതലമോ ഘടനാപരമായ വ്യതിരിക്തതകളോ രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യങ്ങളോ ഒക്കെ ആകാം ഇതിനു കാരണം. എന്നാല്‍ ഇത്തരം ചില പ്രയോഗങ്ങളിലും നിലനില്‍ക്കുന്ന സ്ഥിരം ശൈലികളും രൂപങ്ങളും ഉണ്ട്. അതിനെ പൊളിച്ചെഴുതുക കൂടി ചെയ്താല്‍ മാത്രമാകും കാലാതീത നിലനില്‍പ്പ് കൂടുക.
പ്രവാസ ലോകത്ത് ഇത്തരം ഒരു സമ്മേളനാനുഭവം പകരം സാധിക്കുമോ എന്ന അന്വേഷണമാണ് യൂനിറ്റ് സമ്മേളനങ്ങള്‍. ‘ന്യൂനോര്‍മല്‍ യുവത്വം മാരികള്‍ക്ക് ലോക്കിടും’ എന്ന സന്ദേശമാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ യൂനിറ്റ് സമ്മേളനങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഭാഷകളുടെ വൈയാകരണങ്ങള്‍ക്കപ്പുറത്ത് സംവേദനം ചെയ്യാന്‍ സാധിക്കുന്ന വലിയ ആശയങ്ങള്‍ പുതിയ ഇത്തരം ഭാഷാസംയുക്തങ്ങള്‍ക്ക് കഴിയും എന്നത് തന്നെയാണ് ഈ മുദ്രാവാക്യത്തിന്റെ വാക്കടുക്കുകളുടെ പ്രത്യേകതയും.
പരമ്പരാഗതമോ യാന്ത്രികമോ ആയ ഒന്നിനെയും നിരാകരിക്കുകയും നശിപ്പിക്കുകയും അല്ല, അവയെ ശുദ്ധീകരിക്കാനും നവീകരിക്കാനും ഉള്ള പ്രതിരോധത്തിന്റെ ഉറവിടങ്ങള്‍ കണ്ടെടുക്കുകയാണ് ഇത്തരം പ്രയോഗങ്ങളും രീതികളും. ആശയങ്ങള്‍ക്ക് അവ സൃഷ്ടിക്കുന്ന ഭാഷയും മനോഭാവവും ആത്യന്തിക ലക്ഷ്യവും അതിനനുസൃതമായി രൂപപ്പെടുന്ന ചുറ്റുപാടും സമൂഹവുംഎല്ലാം ചേര്‍ന്ന് ഉണ്ടാക്കിയെടുക്കുന്ന സാമൂഹിക സര്‍ഗാത്മകതയുടെ സൗന്ദര്യ ശാസ്ത്രമുണ്ട്. അത്തരം ജൈവ മനോഗതിയുടെ ഊര്‍ജനിധിയായി ഇത്തരം വാക്യഘടനകള്‍ മാറും. പുതുകാല സ്വാധീനങ്ങള്‍ കേവല നിഷേധം കൊണ്ട് തള്ളിക്കളയാവുന്നതല്ല എന്ന സന്ദേശം കൂടി ഇവിടെ ചേര്‍ത്ത് വായിക്കാം.
ഒരു ലക്ഷ്യവും അതിലേക്കുള്ള സഞ്ചാര രീതിയും അവയില്‍ ഉള്ളടങ്ങിയിരിക്കുന്ന സൈദ്ധാന്തികവും കര്‍മപരവുമായ തത്വഭദ്രതയും അടയാളപ്പെടുത്തുന്ന ഏതു പ്രയോഗങ്ങള്‍ക്കും ഒരു സാര്‍വജനീന സ്വീകാര്യത ഉണ്ടാകുമെന്നത് ഉറപ്പാണ്. അങ്ങനെ ഒരു ജനതയുടെ വിപ്ലവ ചിന്തയെ ഉണര്‍ത്തിയും വൈചാരിക മണ്ഡലത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന അനേകം വാക്യങ്ങളും മുദ്രാവാക്യങ്ങളും പ്രമേയങ്ങളും പ്രയോഗങ്ങളും ചരിത്രത്തിലുണ്ട്. ഇത്തരം ഒന്നായി യൂനിറ്റ് സമ്മേളനവും സന്ദേശവും മാറും.

Share this article

Leave a Reply

Your email address will not be published. Required fields are marked *