ശൈഖ് സബാഹ്: മാനവികതയുടെ രാജകുമാരന്‍

Reading Time: < 1 minutes

വിടപറഞ്ഞ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹദ്‌വ്യക്തിത്വത്തിനുടമയായ ഭരണാധികാരിയായിരുന്നു.
2006 ജനുവരി 29നു കുവൈത്തിന്റെ 15-ാമത് അമീറായി അധികാരമേറ്റ അദ്ദേഹം ദീര്‍ഘവീക്ഷണവും രാഷ്ട്രീയതന്ത്രജ്ഞതയും മേളിച്ച ഭരണാധികാരിയും സേവകനുമായി. മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ രമ്യമായ പരിഹാരം എപ്പോഴും ആഗ്രഹിക്കുകയും അതിനുവേണ്ടി സജീവമായ പ്രവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം.
40 വര്‍ഷക്കാലം വിദേശകാര്യമന്ത്രി എന്ന സുപ്രധാന ചുമതല വഹിച്ച അദ്ദേഹം ലോകത്തുതന്നെ ഏറ്റവും കൂടുതല്‍കാലം ആ പദവിയിലിരുന്ന വ്യക്തിയായിരുന്നു. അതുകൊണ്ടാകാം സന്ധിസംഭാഷണങ്ങളിലും സമാധാന ചര്‍ച്ചകളിലും അദ്ദേഹത്തിന് നന്നായി ഇടപെടാനും ശോഭിക്കാനും സാധ്യമായത്. 2003 മുതല്‍ മൂന്നു വര്‍ഷക്കാലം കുവൈത്തിന്റെ പ്രധാന മന്ത്രിയായും അദ്ദേഹം രാജ്യത്തെ സേവിച്ചു.
ഗള്‍ഫ് മേഖലയിലും അറബ് മേഖലയിലും സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിനായി അദ്ദേഹം നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി മാനവിക സേവനത്തിന്റെ ലോകനായകനായി 2014ല്‍ ഐക്യരാഷ്ട്രസഭ അദ്ദേഹത്തെ ആദരിച്ചു. അറബ് സമൂഹത്തിനാകെയും ഗള്‍ഫ് സമൂഹത്തിനു വിശേഷിച്ചും കുവൈത്തിന് സവിശേഷമായും ലഭിച്ച ബഹുമതിയായിരുന്നു അത്.
ഇറാഖ് അധിനിവേശത്തിനുശേഷം കുവൈത്തിനെ പൂര്‍വ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ശൈഖ് സബാഹ് തങ്ങളെ അക്രമിക്കുകയും കൈയേറ്റം നടത്തുകയും ചെയ്ത ഇറാഖിന്റെ പുനര്‍നിര്‍മാണത്തിനായി സംഘടിപ്പിച്ച ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുകയും വലിയ തുക സംഭാവന ചെയ്യുകയും ചെയ്തു. ഈ കാരുണ്യം മാത്രംമതി അദ്ദേഹത്തിന്റെ മാനവികസമീപനവും രാഷ്ട്രീയ മൗലികതയും വിലയിരുത്താന്‍.
കോവിഡ് 19 മഹാമാരി ലോകത്തോടൊപ്പം കുവൈത്തിനെയും വരിഞ്ഞു മുറുക്കിയപ്പോള്‍ ജോലിയും വരുമാനവുമില്ലാതെ കഷ്ടപ്പെട്ട പ്രവാസി സമൂഹത്തിന് സൗജന്യമായി അവശ്യവസ്തുക്കള്‍ വ്യാപകമായി വിതരണം ചെയ്തുകൊണ്ട് തങ്ങളുടെ രാജ്യത്ത് ഒരാളും പട്ടിണി കിടക്കരുത് എന്ന് ഉറപ്പുവരുത്തിയ ഭരണാധികാരിയെ അപൂര്‍വമായി മാത്രമേ കാണാനാകൂ.
അദ്ദേഹത്തെ മറവു ചെയ്ത ‘സുലൈബിഖാത്ത്’ മഖ്ബറയില്‍ ഇപ്പോഴും സന്ദര്‍ശിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്യുന്ന സ്വദേശി-വിദേശി ജനക്കൂട്ടം തന്നെയാണ് അദ്ദേഹം ജനതക്ക് എത്രമാത്രം ഇഷ്ടപ്പെട്ടവരായിരുന്നു എന്നതിന്റെ പ്രത്യക്ഷമായ അടയാളം.
ശൈഖ് സബാഹ് അല്‍ അഹ്മദിന്റെ പിന്‍ഗാമിയായി അധികാരമേറ്റ ശൈഖ് നവാഫ് ബിന്‍ അഹ്മദ് അല്‍ ജാബിര്‍ അദ്ദേഹത്തിന്റെ അര്‍ധ സഹോദരനും വിവിധ വകുപ്പുകളുടെ മന്ത്രിയായും ഗവര്‍ണറായും പ്രവര്‍ത്തിച്ച് ഭരണനൈപുണ്യം നേടിയ വ്യക്തിയുമാണ്. സഹോദരന്റെ പാതപിന്തുടര്‍ന്ന് ദീര്‍ഘകാലം ഭരണം നടത്താന്‍ അദ്ദേഹത്തിനും ഭാഗ്യമുണ്ടാകട്ടെ എന്ന് ആശംസിക്കാം.

Share this article

About സി ടി അബ്ദുല്‍ ലത്ത്വീഫ്

View all posts by സി ടി അബ്ദുല്‍ ലത്ത്വീഫ് →

Leave a Reply

Your email address will not be published. Required fields are marked *