മനുഷ്യരെ രൂപപ്പെടുത്തിയ വേഷങ്ങള്‍

Reading Time: 4 minutes

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി എന്ന മഹദ്വ്യക്തിത്വം നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് അര്‍ധനഗ്‌നനായിട്ടാണ്. ഗാന്ധിജിയെ വായിക്കുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍ നമ്മുടെ മനോനയനങ്ങളില്‍ നിറയുന്ന ഗാന്ധിരൂപവും അതാണ്. ജൂബയും മുണ്ടും ധരിച്ചോ കുര്‍ത്തയും പാന്റ്‌സും ധരിച്ചോ ഉള്ള ഗാന്ധിജി നമ്മുടെ കാഴ്ചയിലോ സങ്കല്പങ്ങളിലോ ഇല്ല. മുന്‍മുഖ്യമന്ത്രി കെ കരുണാകരനിലേക്കു വരുമ്പോള്‍ തൂവെള്ള ജൂബയും മുണ്ടും ധരിച്ച കണ്ണടവെച്ച രൂപം തെളിയും. നേരേ നമ്മുടെ ചിന്തകള്‍ ഇന്ദിരാഗാന്ധിയിലേക്കു പോയിനോക്കൂ, മുട്ടിനോളം കൈയുള്ള ബ്ലൗസും സാരിയും ധരിച്ച, തലമുടി നീട്ടി വളര്‍ത്താത്ത വനിത. മുന്‍ പ്രസിഡന്റ് ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ സ്യൂട്സാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ നമ്മുടെ മുന്നില്‍ നിര്‍ത്തുന്നത്.
നമ്മുടെ കാഴ്ചകളില്‍ പതിഞ്ഞ ഈ രൂപങ്ങള്‍ അവരുടെ വ്യക്തിത്വമാണ്. അവരുടെ സ്വഭാവമോ സംസാരഭാഷയോ നിലപാടുകളോ കാഴ്ചപ്പാടുകളോ ഒന്നുമല്ല ദൃശ്യതയുടെയും ഓര്‍മകളുടെയും ആദ്യ ഘട്ടത്തില്‍ അവരെ നിര്‍ണയിക്കുന്നത്. വസ്ത്രമണിഞ്ഞു പ്രദര്‍ശിപ്പിക്കപ്പെട്ട രൂപങ്ങളാണ്. ഓരോ വ്യക്തിത്വങ്ങളെയും നാം നമ്മുടെ ദൃശ്യതയുടെ ആര്‍ക്കൈവില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന രൂപങ്ങളാണ് നമ്മെ സംബന്ധിച്ച് അവര്‍. നമുക്കിടയില്‍ ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ ആളുകളും ഇങ്ങനെയാണ്. മത, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളില്‍ വിസിബിളായി നില്‍ക്കുന്നവരും നമ്മുടെ പരിചയങ്ങളിലുള്ള ഏതാണ്ടെല്ലാ മനുഷ്യരും ഇങ്ങനെയായിരിക്കും. വ്യക്തി, കുടുംബ ജീവിതത്തില്‍ ഒന്നുചേര്‍ന്നോ വളരെ അടുത്തോ കഴിയുന്നവര്‍ക്കുമാത്രമായിരിക്കും വ്യക്തിത്വങ്ങളുടെ ആകാരം സംബന്ധിച്ച് ബഹുമുഖ അനുഭവങ്ങളുണ്ടാവുക.
ഇനി നമ്മുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അധ്യാപകരുമൊക്കെയായി നിത്യജീവിതത്തില്‍ ഇടപെടുന്നവരെക്കുറിച്ച് ചിന്തിച്ചുനോക്കൂ. മനസില്‍വരുന്ന രൂപത്തില്‍ അവര്‍ ധരിക്കുന്ന വസ്ത്രം ഇല്ലേ. വ്യത്യസ്ത വസ്ത്രം ധരിക്കുന്നവരെ അങ്ങനെയൊക്കെ സങ്കല്പിക്കാനും സാധിക്കുന്നില്ലേ. അഥവാ പാന്റ്‌സിടുന്നവരും മുണ്ടുടുക്കുന്നവരുമായ പരിചയക്കാരെ രണ്ടുഭാവങ്ങളിലും നമുക്കു കാണാനാകുന്നുണ്ട്. അപ്പോഴും അവരുടെ വസ്ത്രങ്ങളില്‍തന്നെയാണ് അവരുടെ വ്യക്തിത്വത്തിന്റെ ബാഹ്യരൂപങ്ങളെ നാം സങ്കല്പിച്ചെടുക്കുന്നതെന്നര്‍ഥം. മനുഷ്യരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍കൂടി രൂപപ്പെടുത്തുന്നുണ്ട് എന്നാണ് പറഞ്ഞു വന്നത്. നിലപാടുകളും സമീപനങ്ങളും അറിവും ആദരങ്ങളും വ്യത്യാസപ്പെടുമ്പോഴും വ്യക്തിത്വങ്ങള്‍ അവരുടെ വേഷവിധാനങ്ങളിലൂടെയാണ് രൂപം പ്രാപിക്കുന്നതും സമൂഹത്തിന്റെ കാഴ്ചയിലും ഓര്‍മകളിലും ജീവിക്കുന്നതും എന്നതു തീര്‍ച്ച.

your cloths tell a story about you എന്നൊരു ചൊല്ലുണ്ട്. ഓരോരുത്തരുടെയും വസ്ത്രങ്ങളും അവരവരെക്കുറിച്ചുള്ള കഥപറയുന്നുവെന്നാല്‍ ഒരാളെ മനസിലാക്കാന്‍ അവരുടെ വസ്ത്രംവഴി സാധിക്കുമെന്നാണ്.
വ്യക്തിത്വം സൃഷ്ടിച്ചെടുക്കുന്ന വസ്ത്രത്തിന് അങ്ങനെയൊരു ശക്തിയുണ്ട്. വസ്ത്രം വ്യക്തിത്വത്തെ അടയാളപ്പെടുത്തുക മാത്രമല്ല, രൂപപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട്. ചിലവസ്ത്രങ്ങളണിഞ്ഞുകൊണ്ട് ചിലതു സാധ്യമല്ല. വസ്ത്രങ്ങള്‍ ചിലപ്പോള്‍ ബാധ്യതയും പലപ്പോഴും സുരക്ഷയുമാകാറുണ്ട്. മതപണ്ഡിതവേഷങ്ങള്‍ സ്വീകരിച്ചവര്‍ക്ക് അതിന്റെ പവിത്രത കാത്തുസൂക്ഷിച്ചു മാത്രമേ പൊതുസമൂഹത്തിലും നിരത്തിലും ഇടപെടാന്‍ സാധിക്കൂ. ഒരുപക്ഷേ വ്യക്തിത്വത്തിന്റെ ചാപല്യങ്ങള്‍ പൊതുമധ്യേ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുക ഈ വസ്ത്രങ്ങളായിരിക്കും. വ്യക്തിയുടെ ജീവിതം വ്യക്തവും കൃത്യവും ലക്ഷ്യാധിഷ്ഠിതവുമാകണമെങ്കില്‍ അതിനനുസൃതമായ വസ്ത്രം തിരഞ്ഞെടുക്കണമെന്ന് വസ്ത്രം വ്യക്തിയില്‍ ചെലുത്തുന്ന സ്വാധീനം സംബന്ധച്ച് പഠിച്ചവര്‍ പറയുന്നുണ്ട്. അലസമായ വസ്ത്രങ്ങള്‍ അലസതയെ സൂചിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യും. എക്സിക്യൂട്ടീവ് വസ്ത്രം ധരിക്കുമ്പോള്‍ പെരുമാറ്റവും പ്രവൃത്തിയും പ്രൊഫഷനലാകാന്‍ നാം നിര്‍ബന്ധിതരാകുന്നു. വസ്ത്രം മാത്രമല്ല, ധരിക്കുന്ന കണ്ണടപോലും നമ്മുടെ പ്രവര്‍ത്തനനിലവാരത്തെ സൂചിപ്പിക്കുമെന്നാണ് നിരീക്ഷണങ്ങള്‍.
സാധാരണ ഷര്‍ട്ട് ഇന്‍സെര്‍ട്ട് ചെയ്ത് സ്യൂട്ടും ടൈയും ധരിച്ചുമാത്രം പൊതുരംഗത്തു പ്രത്യക്ഷപ്പെടുന്ന അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, അവിദഗ്ധ മേഖലിയില്‍ ജോലി ചെയ്യുന്ന തൊഴിലാളി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്ക് സ്യൂട്ടും ടൈയും ധരിക്കാതെ പുറത്തേക്കിട്ട ഷര്‍ട്ടുമായാണ് പോയത്. പ്രസിഡന്റിന്റെ ആടയടയാളങ്ങള്‍ ഉപേക്ഷിച്ച് സാധാരണക്കാരായ തൊഴിലാളികളുമായി സംസാരിക്കാന്‍ സന്നദ്ധമായത് മികച്ച ഫലമുണ്ടാക്കിയത്രെ. ചിലവേഷങ്ങളും ശരീരഭാഷയും ആളുകള്‍ക്ക് ഇഷ്ടപ്പെടില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് ചേര്‍ന്നുനില്‍ക്കാനും സാധിക്കില്ല. സാമൂഹിക പ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട മേഖലയാണിത്.

വസ്ത്രങ്ങളും വേഷഭൂഷാദികളും വ്യക്തിത്വങ്ങളെ മാത്രമല്ല സമൂഹത്തെ തന്നെയും അടയാളപ്പെടുത്തും. ഭൂഖണ്ഡങ്ങളും രാജ്യങ്ങളും പ്രാദേശികതലങ്ങള്‍ വരെ വസ്ത്രവേഷങ്ങളില്‍ വ്യത്യാസപ്പെട്ടിട്ടുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും സ്ത്രീകള്‍ സാരിയുടുക്കുന്നത് വേറെവെറെ ലെവലിലാണ്. മുണ്ടുടുക്കുന്ന മലയാളിയും തമിഴരും വ്യത്യസ്തരാണ്. ഉത്തരേന്ത്യക്കാരെയും ദക്ഷിണേന്ത്യക്കാരെയും വസ്ത്രങ്ങളില്‍ വേര്‍തിരിക്കാം. വേഷങ്ങള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ ഭാവങ്ങളുമുണ്ട്. സൈന്യം, പോലീസ്, ചുമട്ടു തൊഴിലാളികള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം ആടയടയാളങ്ങള്‍കൊണ്ട് സവിശേഷമാക്കപ്പെട്ടിട്ടുണ്ട്. മേന്മ, ആഢ്യ- അധികാര സ്ഥാനങ്ങളും വസ്ത്രങ്ങളാല്‍ അലങ്കരിക്കപ്പെടുന്നു. അധസ്ഥിതര്‍ക്കും കൈനീട്ടി ജീവിക്കുന്നവര്‍ക്കും തിരഞ്ഞെടുക്കാവുന്ന വേഷങ്ങള്‍ സംബന്ധിച്ചും മുന്‍തീര്‍പ്പുകളുണ്ട്. പ്രാദേശിക സാംസ്‌കാരികതകളും വിശ്വാസങ്ങളും വസ്ത്രങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട്. മലയാളിയുടെ മുണ്ടിന് ജാതിമതഭേദങ്ങളൊന്നുമില്ല. കേരളീയരുടെ വസ്ത്രത്തിന് മതേതരമായ പൊതുഭാവം തീര്‍ച്ചയായും ഉണ്ട്. എങ്കിലും മതത്തെയും ജാതിയെയുമൊക്കെ വസ്ത്രംകൊണ്ട് അടയാളപ്പെടുത്താനുള്ള താത്പര്യങ്ങള്‍ പലപ്പോഴായി പ്രകടമാകാറുണ്ട്. സിനമ, നാടകം പോലുള്ള കലാവിഷ്‌കാരങ്ങളില്‍ കടന്നുവരുന്ന മുസ്‌ലിമും മാപ്പിളയും നമ്പൂതിരിയുമൊക്കെ വേഷങ്ങള്‍കൊണ്ട് വേര്‍തിരിക്കപ്പെടാറുണ്ട്. പരിഷ്‌കൃത സമൂഹം പലപ്പോഴായി ഉപേക്ഷിച്ച രീതികള്‍ കെട്ടിയേല്‍പ്പിക്കാനുള്ള ശ്രമങ്ങളും ചില ആവിഷ്‌കാരങ്ങളില്‍ കണ്ടിട്ടുണ്ട്. കള്ളിത്തുണിയും ബനിയനും പച്ച ബെല്‍റ്റുമൊക്കെ അങ്ങനെയുണ്ടാകുന്നതാണ്.
ഒരാളുടെ വ്യക്തിത്വം, രാഷ്ട്രീയം, സാമൂഹികസ്ഥാനം, വരുമാനം, സ്വഭാവം തുടങ്ങിയവ അദ്ദേഹം ധരിക്കുന്ന ഷൂസിന്റെ ഫോട്ടോ കണ്ടാല്‍ മനസിലാക്കാം എന്ന് ഒരു സാമൂഹിക ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. വ്യക്തിത്വം പാദരക്ഷകളിലും പ്രതിഫലിക്കുമെന്നാണതിന്റെയര്‍ഥം. വ്യക്തിത്വത്തിന്റെ സീരിയസ്നസും അലസതയും തമാശയും വൈകൃതങ്ങളുമെല്ലാം അവര്‍ തിരഞ്ഞെടുക്കുന്ന ആടയാഭരണങ്ങളിലും തെളിഞ്ഞുനിലല്‍ക്കുമെന്നര്‍ഥം. സമയകൃത്യത പാലിക്കുന്നവരായിരിക്കും വാച്ച് ധരിക്കുന്നവര്‍ എന്നു കണ്ടെത്തുന്നു ചില സൈക്കോളജിസ്റ്റുകള്‍. ജീവനക്കാരുടെ ഡ്രസ്‌കോഡ് നിഷ്‌കര്‍ഷിച്ചുകൊണ്ട് സ്വിസ് ബേങ്ക് പുറത്തിറക്കിയ 44 പേജുള്ള ഗൈഡ് വൈറലായിരുന്നു. ജീവനക്കാരുടെ ഡ്രസ്‌കോഡ് അവരുടെ ജോലിയെയും തൊഴില്‍സമയത്തിലെ കൃത്യതയെും സ്വാധീനിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയതായിരുന്നു ഈ ഗൈഡ്. വസ്ത്രം വ്യക്തിയുടെ ചിന്തകളെ സ്വാധീനിക്കുന്നു എന്നാണ് നിരീക്ഷണം. വ്യക്തികളുടെ ആത്മവിശ്വാസത്തില്‍ തീര്‍ച്ചയായും ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് സ്വാധീനമുണ്ട്. അഴുകിയതും കീറിയതുമായ വസ്ത്രം ധരിക്കുമ്പോള്‍, അത് അടിവസ്ത്രമാണെങ്കില്‍പോലും വ്യക്തിയെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും എന്ന് പറയാറുണ്ട്.
ആളില്‍ പാതി ആടയില്‍ പാതി എന്നു പറച്ചിലുണ്ട്. വസ്ത്രങ്ങളിലാണ് മനുഷ്യന്റെ പാതി എന്നാണര്‍ഥം. ഓരോ വ്യക്തിയും അയാളുടെ സാംസ്‌കാരികവും സാമൂഹികവുമായ അടയാളമാണ്. വ്യക്തികളുടെ വേഷത്തിലും ഭാഷയിലും ഭക്ഷണത്തിലും ആ അടയാളം ദൃശ്യപ്പെടുന്നു. അദ്ദേഹത്തിനൊപ്പം അത് സഞ്ചരിക്കുന്നു.

വസ്ത്രത്തിന്റെ
ജാതിമതം
വസ്ത്ര സംബന്ധമായ ചരിത്രവര്‍ത്തമാനങ്ങള്‍ കൂടി ഉള്‍ചേരുമ്പോഴാണ് വേഷം അത്ര നിസാരമല്ലെന്നും രാഷ്ട്രീയവും സാംസ്‌കാരികവുമായ വലിയ ഭാവങ്ങളും ഭാവനകളും അതില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും മനസിലാവുന്നത്. വസ്ത്രം എന്ന പദം തന്നെ ഒരു പ്രശ്നമായിരുന്നു. മേല്‍തട്ട് ജനവിഭാഗങ്ങളുടെ ആടകള്‍ക്കാണ് വസ്ത്രം എന്ന് പറഞ്ഞിരുന്നത്. പൂജാദികര്‍മങ്ങള്‍ക്കാണ് അവരത് അണിഞ്ഞിരുന്നത്. കീഴ്തട്ട് ജനവിഭാഗങ്ങളുടെ ആടകള്‍ ഉടുപ്പ് മാത്രമായിരുന്നു. വീട്ടുടുപ്പ്, നാട്ടുടുപ്പ്, തറ്റുടുപ്പ്, താറുടുപ്പ് എന്നിങ്ങനെ നാലുതരം ഉടുപ്പുകളുമുണ്ടായിരുന്നു. ആധുനിക വേഷഭാവനകള്‍ രൂപപ്പെടുന്നതിന് മുമ്പ് വ്യാപകമായുണ്ടായിരുന്ന വസ്ത്രകാഴ്ചകളായിരുന്നു ഇത്. ഓരോ ജാതിക്കും അംഗീകരിച്ചു നല്‍കിയ വേഷമുദ്രകളുണ്ടായിരുന്നു അന്ന്. ജാതികള്‍ വസ്ത്രഭാവനകളില്‍ ഏജന്റുകളായി വര്‍ത്തിച്ചിരുന്നു. അവനവന് വേണ്ടിയല്ലാതെ വസ്ത്രം ധരിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു അവര്‍ണ വിഭാഗങ്ങള്‍. അരക്ക് താഴെ മാത്രമാണവര്‍ ഉടുപ്പ് ധരിച്ചിരുന്നത്. മുട്ടിന് മേലെയും. നായര്‍ വിഭാഗങ്ങള്‍ക്ക് മുട്ടിനു താഴെയും ധരിക്കാം. അതാത് സ്ത്രീകള്‍ക്കും ഇതു ബാധകമായിരുന്നു. മുലക്കച്ച ധരിക്കാന്‍ പോലും സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കപ്പെട്ടിരുന്നുവല്ലോ. ചാന്നാര്‍ സ്ത്രീകളുടെ മാറുമറയ്ക്കല്‍ സമരം കേരളചരിത്രത്തിലെ നിര്‍ണായക അനുഭവമായി മാറിയത് അത് അവര്‍ണ സ്ത്രീകള്‍ക്ക് സ്വന്തം മാറ് മറച്ചുവെക്കാനുള്ള അവകാശം നേടിയെടുത്തത് കൊണ്ടാണ്. അതു വരെ കമുങ്ങിന്റെ പാള കീറി മുല മറച്ചുവെച്ച സ്ത്രീശരീരങ്ങള്‍ക്ക് തുണിക്കഷണം അവകാശപ്പെട്ടത് അന്നു തൊട്ടാണ്. ഉയര്‍ന്ന ജാതിജനതക്ക് മുണ്ടിന്റെ കൂടെ മേല്‍മുണ്ട് കൂടിയുണ്ടായിരുന്നു. ഉന്നതകുലജാതയാണെന്ന വേര്‍തിരിവ് രേഖയായിരുന്നു ആ മേല്‍മുണ്ട്/ഉത്തരീയം.
കുപ്പായമിടുക എന്നതിന് മാപ്പിളയാവുക/മുസ്ലിമാവുക എന്ന ധ്വനി കൂടിയുണ്ട്. തൊപ്പിയിടുക എന്നതിന്റെ വേറൊരു പദഭേദം. മുസ്ലിമാകുന്നതോടെ വേഷധാരണത്തിന് പാലിക്കേണ്ട ‘ജാതി മര്യാദകള്‍’ ലംഘിക്കാനുള്ള സ്വാതന്ത്ര്യം കൈവന്നിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ജാതികളുടെയും ഇതര ആചാരങ്ങളുടെയും വേഷമുദ്രകള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കേരളത്തില്‍ പരക്കെ വിമര്‍ശിക്കപെട്ടു. ജാതിമേല്‍ക്കോയ്മയുടെയും ജന്മി-കുടിയാന്‍ വ്യവസ്ഥയുടെയും ആണിക്കല്ല് ഇളകാന്‍ തുടങ്ങി. അതിന് അനേകം ഏജന്റുകളും എലമന്റുകളും കാരണമായിട്ടുണ്ട്. ഇസ്‌ലാം, ടിപ്പു സുല്‍ത്താന്‍, ആധുനികത തുടങ്ങിയവ അവയില്‍ പ്രധാനമാണ്. ഭിന്നവേഷങ്ങള്‍ രൂപപ്പെടുന്നതില്‍ മതങ്ങള്‍, വിശ്വാസങ്ങള്‍, സംസ്‌കാരങ്ങള്‍, ഭൂപ്രദേശങ്ങള്‍, കാലാവസ്ഥ തുടങ്ങിയവക്ക് നല്ല സ്വാധീനമുണ്ട്. കേരളത്തില്‍ മുണ്ട് ഔപചാരികവും അനൗപചാരികവുമായ വസ്ത്രമായത് കാലാവസ്ഥയുടെയും സംസ്‌കാരത്തിന്റെയും സ്വാധീനമാണെന്ന് കരുതുന്നു. രവിവര്‍മയുടെ പെയിന്റിങ്ങുകളില്‍ നിന്ന് വളര്‍ന്നുവന്നതാണ് കേരളത്തിലെ സാരിയെന്നാണ് ഒരു നിരീക്ഷണം. പര്‍ദയെക്കുറിച്ചുള്ള പൊതു കാഴ്ചപ്പാട് അറബ് സാംസ്‌കാരികതയുടെ അനുകരണമാണെന്നാണ്. വിശ്വാസം അനുശാസിക്കുന്ന വേഷരൂപം പര്‍ദ ഉള്‍ക്കൊള്ളുന്നതിനാല്‍ പര്‍ദ വ്യാപകമായി അംഗീകരിക്കപ്പെടുകയായിരുന്നു. അടിസ്ഥാനപരമായി അത് അറബ് വത്കരണമല്ല.

കേരളത്തിലെ മുസ്ലിംകളുടെ വസ്ത്രാചാരങ്ങളില്‍ പ്രാദേശികതയുടേയോ പൊതു സാംസ്‌കാരികതയുടേയോ സ്വഭാവമുണ്ട്. കേരളത്തിന് പുറത്ത് മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളുടെ വേഷം വ്യാപകമായും കുര്‍ത്തയും പൈജാമയുമാണ്. കേരളത്തില്‍ തബ്ലീഗ് ഡ്രസ്‌കോഡ് എന്ന് ചിലരെങ്കിലും അതിനെ അഭിസംബോധന ചെയ്യുന്നുണ്ട്.
കേരളത്തിന്റെ വസ്ത്രചരിത്രത്തില്‍ നിരവധി ആദാനപ്രദാനങ്ങളുടെ അടിയൊഴുക്ക് ദര്‍ശിക്കാനാവും. പല കാലങ്ങളിലായി കേരളം കൊണ്ടും കൊടുത്തും സമ്പാദിച്ച സാംസ്‌കാരിക ശേഷിയില്‍ വസ്ത്രം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പറഞ്ഞല്ലോ, സംസ്‌കാരങ്ങളുടെ രൂപകമായി വരെ വസ്ത്രം നിരീക്ഷിക്കപ്പെട്ടു. പ്രവാസം/കുടിയേറ്റം, ആധുനിക വിദ്യാഭ്യാസം, വാണിജ്യവത്കരണം, ദൃശ്യാവിഷ്‌കാരങ്ങള്‍ തുടങ്ങിയ മോഡേണ്‍ ഫാക്ടറുകള്‍ വസ്ത്രഭാവനകളില്‍ നിരന്തര മാറ്റം രൂപപ്പെടുത്തുന്നുണ്ട്.
വി ഹാവ് ലെഗ്സ് എന്ന് ഹാഷ്ടാഗില്‍ സിനിമാ ഇന്‍ഡസ്ട്രിയിലെ ചിലര്‍ തുണിയുരിഞ്ഞ കാലുകള്‍ സമൂഹമാധ്യമത്തില്‍ പ്രദര്‍ശിപ്പിച്ചത് സാംസ്‌കാരികമായ ചില ആലോചനകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. വെളുത്ത കാലുകളാണ് ഞങ്ങള്‍ക്കുള്ളത് എന്ന ധ്വനിയെക്കാള്‍ അതിലെ മറ്റുചില ഘടകങ്ങളാണ് കൂടുതല്‍ പ്രശ്‌നമായത്. മാറുമറക്കല്‍ സമരം അടക്കമുള്ള ചരിത്ര സംഭവങ്ങളെ അദൃശ്യപ്പെടുത്താനോ അതിനോട് സാമ്യം തോന്നിപ്പിക്കാനോ ഈ കാലുകള്‍ ശ്രമിക്കുന്നുണ്ടോ എന്നതാണ് അതിലെ ഒരു പ്രശ്നം. ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടി വസ്ത്രം ധരിക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി വസ്ത്രം അഴിക്കുന്നു. ആണുങ്ങളുടെ പെണ്ണുടല്‍മനോഭാവങ്ങളെ വിവസ്ത്രരായി തന്നെ പ്രതിരോധിക്കുന്നു, അതിജീവിക്കുന്നു എന്നാണ് വി ഹാവ് ലെഗ്സ് പറയാന്‍ ശ്രമിക്കുന്നത്. സമാനമായ ആശയപ്രതലങ്ങളുള്ള രംഗങ്ങള്‍ മുന്നേയും അരങ്ങേറിയിട്ടുണ്ട്. പക്ഷേ അവയൊക്കെയും കാല്‍പനിക ഭാവങ്ങളില്‍ നിന്ന് മാറി ഒരടി യാഥാര്‍ഥ്യ ബോധങ്ങളിലേക്ക് വരുന്നില്ലെന്നതെന്നാണ് വസ്തുത. അതിനെ പ്രശ്നവത്കരിക്കുകയല്ല. വസ്ത്രം സമം ഐഡന്റിറ്റി എന്ന ആശയപരിസരവുമായി ബന്ധപ്പെട്ട ആലോചനകള്‍ പങ്കുവെക്കുന്നതിന്റെ ഭാഗമായി സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്.

Share this article

About അലി അക്ബര്‍, എന്‍ ബി സിദ്ദീഖ് ബുഖാരി

View all posts by അലി അക്ബര്‍, എന്‍ ബി സിദ്ദീഖ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *