അദവിയ്യ: പ്രണയത്തിന്റെ പേര്

Reading Time: 3 minutes

ബല്‍ഖയുടെ രാജകുമാരന്‍, അഹ്മദിന്റെ മകന്‍ ഇബ്‌റാഹീം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സര്‍വം ത്യജിച്ച് കൊട്ടാരം വിട്ടിറങ്ങിയിട്ട് വര്‍ഷം 14 ആകുന്നു. സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും നീണ്ട വര്‍ഷങ്ങള്‍. കനല്‍ കാടുകളത്രയും താണ്ടിയത് ഉമ്മുല്‍ഖുറയെ പുല്‍കുന്നതിലുള്ള ആഗ്രഹത്തോടെ. ഇന്നിതാ താന്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയിരിക്കുന്നു. മക്കയുടെ അതിര്‍ത്തി കടന്ന് ഇബ്‌റാഹീം യാത്രാക്ഷീണം കാരണം വഴിയോരത്തെ തണലില്‍ തന്റെ ഭാണ്ഡം ഇറക്കിവെച്ച് മയങ്ങി. സ്വപ്‌നത്തില്‍ അസ്വസ്ഥമായ രംഗങ്ങളാണ് കടന്നുവരുന്നത്. ചെങ്കോലും കിരീടവും വലിച്ചെറിഞ്ഞ ഫഖീറായലഞ്ഞത് സ്രഷ്ടാവിന്റെ സന്നിധിയിലേക്കെത്തിച്ചേരാനാണ്. എന്നാല്‍ ഇന്ന് മക്കയിലെത്തിയപ്പോഴോ, കഅ്ബ കാണാനില്ല. ആശ്ചര്യം തന്നെ! കഅ്ബ സ്ഥലത്തില്ല. ഇതെന്തുപരീക്ഷണം. ഉടനെ ഒരു ദിവ്യ സന്ദേശം അദ്ദേഹത്തിന് കേള്‍ക്കാനായി.
‘ഇബ്‌റാഹീം, താങ്കളുടെ കണ്ണുകള്‍ക്കൊരു കുഴപ്പവുമില്ല. കഅ്ബ ഒരു സ്ത്രീയെ സ്വീകരിക്കാന്‍ പോയതാണ്. അവരിതാവരികയായി.’ ഇബ്‌റാഹീം അദ്ഭുത പരതന്ത്രനായി. ആരാണ് ആ ഭാഗ്യവതി! വര്‍ഷങ്ങളായി താന്‍ കഅ്ബയെ തേടി മക്കയിലെത്തിയപ്പോഴോ കഅ്ബ ഒരു സ്ത്രീയെ തേടിപ്പുറപ്പെട്ടിരിക്കുന്നു. നാഥാ ഇതെന്തു പരീക്ഷണം?
കഠിനാധ്വാനി ക്ഷമയുടെ തോഴനാണ്. ഇബ്‌റാഹീം കാത്തിരുന്നു. അതാ ഒരു സ്ത്രീ കടന്നുവരുന്നു. കഅ്ബ അവരുടെ വഴിയേ നീങ്ങിക്കൊണ്ടിരിക്കുന്നു.
ഉറക്കമുണര്‍ന്ന ഇബ്‌റാഹീം കഅ്ബയിലേക്ക് കുതിച്ചു. ആശ്ചര്യം തന്നെ. ഇബ്‌റാഹീം ഇബ്‌നു അദ്ഹം(റ)വിന് കണ്ണുകളെ വിശ്വസിക്കാനായില്ല. അവിടെയതാ ഒരു സ്ത്രീ കഅ്ബയുടെ അരികില്‍ ധ്യാനനിരതയായിരിക്കുന്നു. പ്രാര്‍ഥനയുടെ ഇടവേളയില്‍ ഇബ്‌റാഹീം അവരെ സമീപിച്ചു. സൃഷ്ടികള്‍ സര്‍വരും താണുവണങ്ങുന്ന കഅ്ബ സ്വീകരിക്കാന്‍ മാത്രം ആത്മീയോന്നതി നേടിയ ആ മഹിളാ രത്‌നം മറ്റാരുമായിരുന്നില്ല. ബസറാ പട്ടണത്തിലെ ചെറ്റക്കുടിലില്‍ പിറന്ന് ഇറാഖിനുമപ്പുറം വിശ്വാസി ലക്ഷങ്ങള്‍ക്ക് ദിവ്യാനുരാഗത്തിന്റെ മധുപകര്‍ന്നുനല്‍കി ആത്മീയോന്നതിയിലേക്കുയര്‍ത്തിയ ടൈഗ്രീസിന്റെ പുത്രി. അദവിയ്യാ ഗോത്രക്കാരി റാബിഅ(റ).
ബസ്വറ പട്ടണത്തിന്റെയോരത്ത് ദാരിദ്ര്യം തെളിഞ്ഞ കുടിലില്‍ ദൈവത്തിന്റെ വിനയാന്വിതരായ ആ അടിമകള്‍ക്ക്- ഇസ്മാഈലിനും പത്‌നിക്കും- നാലാമത്തെ കുഞ്ഞ് പിറന്നപ്പോള്‍ ആധിപൂണ്ട മനസുമായി ആ ഉമ്മ തന്റെ പ്രണയനാഥനോട് ചോദിച്ചു. സയ്യിദീ, നമ്മുടെ മൂന്നു കുഞ്ഞുങ്ങളെയും നമുക്ക് നഷ്ടമായി. ഇവളെങ്കിലും രക്ഷപ്പെടില്ലേ. എല്ലാം അല്ലാഹുവിന്റെ വിധി. ബീവി സമാധാനിച്ചു. അല്ലാഹു നമ്മെ കൈയൊഴിയില്ല. ഭര്‍ത്താവിന്റെ ആശ്വാസ വചസുകള്‍ ബീവിയെ ശാന്തയാക്കി. റാബിഅ (നാലാമത്തവള്‍) എന്ന പേരിട്ട് അവര്‍ കുഞ്ഞിനെ വളര്‍ത്തി. വിളക്കിലൊഴിക്കാന്‍ എണ്ണ പോലുമില്ലാതെ കഷ്ടപ്പെട്ടിരുന്ന അവര്‍ ഒരിക്കല്‍ പോലും റബ്ബിന്റെ മുന്നിലല്ലാതെ കൈനീട്ടില്ലെന്ന വാഗ്ദത്വം പാലിക്കാന്‍ കഠിനമായി ശ്രമിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി ശൈഖിന്റെ മയക്കത്തില്‍ നബി(സ്വ) പ്രത്യക്ഷനാവുകയും റാബിഅ ദിവ്യയായി വളരുമെന്നും ലോകത്തിന് ജ്ഞാനത്തിന്റെ പ്രകാശം പകര്‍ന്നുനല്‍കുമെന്നും അറിയിച്ചു. അതോടൊപ്പംതന്നെ ബസ്വറയിലെ അമീര്‍ നിത്യവും തുടര്‍ന്നുപോന്നിരുന്ന ആരാധനാകര്‍മങ്ങളില്‍ കഴിഞ്ഞാഴ്ചത്തെ വീഴ്ചയുടെ നഷ്ടപരിഹാരമായി നബിതങ്ങളുടെ നിര്‍ദേശപ്രകാരം 400 ദീനാര്‍ തരണമെന്ന് അമീറിന് കത്തെഴുതണമെന്നും നിര്‍ദേശിച്ചു. ഉറക്കമുണര്‍ന്ന ശൈഖ് കത്തെഴുതി അമീറിനെ സമീപിച്ചു. തന്റെ രഹസ്യമായ ആരാധനകളിലെ വീഴ്ചയെക്കുറിച്ച് തിരിച്ചറിഞ്ഞ ഈ അപരിചിതന്‍ റബ്ബിന്റെ ഇഷ്ടദാസന്‍ തന്നെ എന്ന് മനസിലാക്കിയ അമീര്‍ ശൈഖിനെ സ്വീകരിക്കുകയും പാരിതോഷികം നല്‍കി യാത്രയാക്കുകയും ചെയ്തു. തന്റെ പൊന്നുമകളുടെ മഹത്വം ആ പിതാവിനെ സന്തോഷഭരിതനാക്കി. കുടുംബത്തിന്റെ ഓമനയായി റാബിഅ വളര്‍ന്നു. ആത്മീയാന്തരീക്ഷത്തില്‍ തന്നെ അവളെ വളര്‍ത്തി. റബ്ബിന്റെ തീരുമാനം സുനിശ്ചിതം തന്നെ. റാബിഅയുടെ ചെറുപ്പത്തില്‍ തന്നെ ഉമ്മയും ഉപ്പയും രോഗശയ്യയിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. ബസ്വറ പട്ടണത്തെയാകെ മുക്കിയ വെള്ളപ്പൊക്കത്തില്‍ നാട്ടുകാരായ സുമനസുകളാണ് റാബിഅയെ രക്ഷിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തത്. അനാഥത്വത്തിന്റെ കഷ്ടതകള്‍ സഹിക്കാതായപ്പോള്‍ റാബിഅ നാടുവിടാന്‍ തീരുമാനിച്ചു. വീടുവിട്ടിറങ്ങിയ റാബിഅ പക്ഷേ പരീക്ഷണങ്ങളുടെ കഠിന മാര്‍ഗങ്ങളിലേക്കാണ് കടന്നുചെന്നത്. ഏകയായി സഞ്ച രിക്കുന്ന അവളെ അടിമക്കച്ചവടക്കാര്‍ തടവിലാക്കുകയും ചന്തയില്‍ വില്‍ക്കുകയും ചെയ്തു. ചന്തയില്‍ അടിമയായി വില്‍ക്കപ്പെടുമ്പോള്‍ റാബിഅക്ക് പ്രായം പത്ത്. സന്താനങ്ങളില്ലാതിരുന്ന റാബിഅയുടെ പുതിയ യജമാനനും പത്‌നിയും അവളെ മകളെപ്പോലെ പരിഗണിച്ചു. നല്ല ജീവിതസാഹചര്യവും വിദ്യാഭ്യാസവും നല്‍കി. അതീവ ഭക്തയായ റാബിഅ അവരുടെ മനം കവരുക തന്നെ ചെയ്തു. അങ്ങനെയിരിക്കെ അര്‍ധരാത്രിയില്‍ ധ്യാനനിരതയായി റബ്ബിന്റെ മുന്നില്‍ കരഞ്ഞ് കേഴുന്ന റാബിഅയില്‍നിന്ന് പുറപ്പെട്ട ദിവ്യ പ്രകാശത്തില്‍ തന്റെ വീടാകെ പ്രശോഭിതമായിരിക്കുന്നതായി യജമാനന്‍ കാണുകയുണ്ടായി. തന്റെ അടിമയായി കഴിയുന്ന ഈ പെണ്‍കുട്ടി നിസാരക്കാരിയല്ലെന്ന് മനസിലാക്കിയ യജമാനന്‍ പശ്ചാത്തപിക്കുകയും മഹതിയോട് അവരെ മോചിപ്പിക്കുകയാണെന്നും ശിഷ്ടകാലം അവരോടൊപ്പം ഒരു രാജ്ഞിയെപ്പോലെ കഴിഞ്ഞ് തങ്ങളെ അനുഗ്രഹിക്കണമെന്നും അപേക്ഷിച്ചു. ദുനിയാവിലെ ബന്ധങ്ങള്‍ തനിക്ക് ബന്ധനങ്ങളാകുമെന്ന് ഭയന്ന് മഹതി അവര്‍ക്ക് നന്ദി പറഞ്ഞ് യാത്ര പോകാന്‍ സമ്മതിക്കണമെന്ന് അറിയിച്ചു. ദുഃഖാര്‍ദ്രരായ ആ ദമ്പതികള്‍ തീരുമാനം മഹതിയുടെ ഇംഗിതത്തിന് വിട്ടു. യജമാനന്‍ നല്‍കിയ കഴുതപ്പുറത്തേറി ബീവി യാത്രയായി.
വീടുവിട്ടിറങ്ങിയ ബീവി ടൈഗ്രീസിന്റെ കരയിലൂടെ സഞ്ചരിച്ചു. സാഗരത്തെ പുല്‍കാന്‍ ആര്‍ത്തലച്ചൊഴുകുന്ന നദിയും ലക്ഷ്യം വെച്ച് പാറുന്ന പറവകളും ബീവിയുടെ ചിന്തകളുണര്‍ത്തി. സൃഷ്ടി സര്‍വവും ലക്ഷ്യത്തിലേക്ക് വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ മനുഷ്യന്‍ മാത്രം താന്‍ തീര്‍ത്ത വൃത്തത്തിനുള്ളില്‍ ജീവിതത്തെ കെട്ടിയിട്ട് സുഖിക്കുന്നു. എന്നാല്‍ പ്രാപഞ്ചിക ഉണ്മയുടെ അകംപൊരുളുകള്‍ മനസിലാക്കിയ ജ്ഞാനികള്‍ക്കതിന് കഴിയില്ല. മനുഷ്യന്റെ ബലഹീനതയോര്‍ത്ത് ബീവി ദുഃഖിച്ചു. സ്രഷ്ടാവിന്റെ ഗേഹവും സൃഷ്ടികളുടെ അഭയകേന്ദ്രവുമായ കഅ്ബയിലേക്ക് പുറപ്പെടാന്‍ ബീവി തീരുമാനിച്ചു. ഊഷരമായ മരുക്കാടുകള്‍ താണ്ടിയുള്ള യാത്രയില്‍ കഠിനമായ ക്ലേശങ്ങള്‍ നേരിടുമ്പോള്‍ റബ്ബിനെ തേടുന്നതിലുള്ള ആനന്ദമായിരുന്നു ബീവിയില്‍ ഊര്‍ജം പകര്‍ന്നത്.
മക്കയില്‍നിന്ന് തിരികെയെത്തിയ ബീവി ബ്വസറയില്‍തന്നെ തങ്ങി. പ്രാര്‍ഥനയും ആരാധനകളും വര്‍ധിപ്പിച്ച ബീവി സമയമത്രയും ധ്യാനനിരതയായി കഴിച്ചുകൂട്ടി. പരമോന്നതനായ അല്ലാഹുവുമായുള്ള ഇഷ്ഖില്‍ ബീവിയുടെ മനം കുളിരണിഞ്ഞു. അവിടെ നാഥനല്ലാതെ മറ്റൊന്നുമില്ല. അനുരാഗത്തിന്റെ അഗ്‌നിജ്വാല പ്രണയഭാജനമൊഴിച്ച് സര്‍വം ഭസ്മീകരിക്കുമെന്ന് റൂമീചിന്ത ബീവിയില്‍ പുലര്‍ന്നുകണ്ടു.
റാബിഅക്ക് പ്രായം 17ലെത്തി. ഏതൊരു പെണ്ണും വിവാഹസ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങുന്ന പ്രായം. പല പ്രമുഖരും ബീവിയുമായുള്ള വിവാഹാലോചനയുമായി വന്നുവെങ്കിലും നിരാശയായിരുന്നു ഫലം. അവരില്‍ പണ്ഡിതന്മാരും ഭരണാധികാരികളും വരെ ഉള്‍പ്പെട്ടു. ബീവിയുമായി വൈവാഹിക ബന്ധം ആഗ്രഹിച്ച് ബസ്വറയിലെ അമീര്‍ ഏറെ സമ്മര്‍ദങ്ങള്‍ ചെലുത്തിയെങ്കിലും ബീവി വഴങ്ങാതിരുന്നപ്പോള്‍ നിരാശനായി രാജ്യഭാരമുപേക്ഷിച്ച് ധ്യാനിയായി സഞ്ചരിക്കുകയാണുണ്ടായത്.
ഭവതി എന്നെങ്കിലും ഒരുനാള്‍ വിവാഹിതയാകുമോ? എന്ന സുഫിയാനു സൗരിയുടെ ചോദ്യത്തിന് മറുപടി ഇപ്രകാരമായിരുന്നു: ‘വിവാഹം ആവശ്യമായി വരുന്നത് ജീവിതത്തില്‍ അത്തരം തിരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയുള്ളവര്‍ക്കാണ്. അല്ലാഹുവിലുള്ള സമര്‍പണമല്ലാതെ മറ്റൊന്നുമില്ലാത്ത ഇവള്‍ക്ക് വിവാഹം ഒരു പ്രശ്‌നമായുദിക്കുന്നതേയില്ല. ഞാനെന്റെ സര്‍വവും നാഥനായ അല്ലാഹുവില്‍ സമര്‍പ്പിച്ചതാണ്. ദൈവവുമായുള്ള ബന്ധത്തിനിടക്ക് പ്രാപഞ്ചികമായ ഒരു വൈവാഹിക ബന്ധം എനിക്ക് കഴിയില്ല.’
അറിവ് വിശ്വാസിയുടെ കളഞ്ഞുപോയ മുത്താണ്. റാബിഅക്ക് അലസയായിരിക്കാന്‍ കഴിയില്ല. ജ്ഞാനം തേടി പുറപ്പെടണം. ബീവി വീടുവിട്ടിറങ്ങി. കഠിന ക്ലേശങ്ങള്‍ തരണങ്ങള്‍ ചെയ്ത് നൈലിന്റെ കരയിലൂടെ സഞ്ചരിച്ച് ഈജിപ്തിലെത്തി. മഹാനായ ദുന്നൂന്‍ മിസ്രിയുടെ ശിഷ്യത്വം സ്വീകരിച്ചു. അവിടെനിന്ന് പഠനം പൂര്‍ത്തീകരിച്ച് ഈജിപ്തും മദ്‌യനും കടന്ന് ഫലസ്തീനിലേക്ക് യാത്രയായി. ജറുസലേമിലെ വിശുദ്ധ ഗേഹം സന്ദര്‍ശിച്ചു. അവിടെ ജ്ഞാനം നേടി. ഇനിയും വിശ്രമിക്കാനായിട്ടില്ല. അറിവിന്റെ അക്ഷയ ഖനി ലോകത്തിനായി തുറന്നുനല്‍കിയ മുത്ത് റസൂലിന്റെ (സ്വ) നാട്ടിലെത്തി. ഹജ്ജ് കഴിഞ്ഞ് മക്കയില്‍ തങ്ങി നബിയെ സന്ദര്‍ശിച്ചു. കണ്ണീരിനാല്‍ ചിത്തം കഴുകി ബീവി ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു. ആത്മീയോന്നതിയുടെ ഗിരിശൃംഖങ്ങള്‍ ബീവിക്കുമുന്നില്‍ ഒന്നൊന്നായി കീഴടങ്ങി. വീണ്ടും യാത്ര തുടര്‍ന്ന് ബീവി നജ്ദിലൂടെ കിഴക്കോട്ട് സഞ്ചരിച്ച് അറിവിനാല്‍ ഹൃദയം പ്രശോഭിതമാക്കി. കേട്ടറിഞ്ഞ ദിവ്യന്മാരെയെല്ലാം സന്ദര്‍ശിച്ച് അറിവും അനുഗ്രഹവും നേടി. ജ്ഞാനത്തിന്റെ മുത്തുകള്‍ കോര്‍ത്ത മാലയണിഞ്ഞ് ബീവി ബസ്വറയില്‍ തിരികെയെത്തി.
അറിവും അനുഗ്രഹവും തേടി വിശ്വാസിലോകം ബസ്വറയിലേക്കൊഴുകി. ബസ്വറയിലെ ആ ചെറ്റക്കുടിലില്‍ ലോകത്തിന് അറിവിന്റെ ദിവ്യപ്രഭയാല്‍ വെളിച്ചം നല്‍കി. ഹസനുല്‍ബസ്വരി, മാലിക്ബ്‌നു ദീനാര്‍, അബ്ദുല്‍ വാഹിദ് ബിന്‍ സൈദ് പോലുള്ള ജ്ഞാനികളും ഭരണകര്‍ത്താക്കളും വര്‍ത്തകപ്രമാണി മാരും ബീവിയുടെ നിത്യസന്ദര്‍ശകരായിരുന്നു. അമന്‍ സിയാദിനെപ്പോലുള്ള വര്‍ത്തകപ്രമാണിമാര്‍ ബീവിയുടെ അനുഗ്രഹത്താല്‍ വളര്‍ന്നവരായിരുന്നു. പകലുകളില്‍ നോമ്പെടുത്തും രാത്രി കാലങ്ങളില്‍ പ്രാര്‍ഥനയില്‍ മുഴുകിയും ബീവി ദിനങ്ങള്‍ കഴിച്ചുകൂട്ടി. ഖലീഫ പോലും നഗ്‌നപാദനായി മാത്രം സന്ദര്‍ശിച്ച ബീവി മരണം വരെ ചെറ്റക്കുടിലി ലായിരുന്നു താമസിച്ചത്. ബീവിയൊന്നു സമ്മതിച്ചാല്‍ കൊട്ടാര സമാനമായ വീട് നിര്‍മിച്ചുനല്‍കാന്‍ ജനം തയാറായിരുന്നു. എന്നാല്‍ റബ്ബിന്റെ പ്രീതി മാത്രം കാംക്ഷിച്ച മഹതി ആഡംബരത്തില്‍ മുഴുകിയ ബസ്വറയിലെ കൊട്ടാരത്തെ തഴുകി വരുന്ന കാറ്റിനെപ്പോലും ഭയന്നു. ബീവിയുടെ ശിഷ്യഗണങ്ങള്‍ ബസ്വറയിലും ഈജിപ്തിലും അലക്‌സാണ്ടറിയലുമടക്കം ലോകത്തിന്റെ വിവിധ കോണുകളില്‍ സത്യസന്ദേശത്തിന്റെ പ്രചാരകരായി.
പ്രാണനാഥനായ ദൈവത്തെ ആരാധിക്കുന്നത് സ്വര്‍ഗത്തെ മോഹിച്ചാണെങ്കില്‍ സ്വര്‍ഗത്തില്‍നിന്ന് പുറന്തള്ളാനും നരകത്തെ ഭയന്നാണെങ്കില്‍ തന്നെ ചാരമാക്കാനും കേഴുന്ന ബീവി റാബിഅ, കൃപാ നിധിയായ നാഥന്റെ ദര്‍ശനത്തിന് മാത്രം ആശിക്കുന്നു. ആ ദര്‍ശനം മാത്രം തടയരുതെന്ന് അപേക്ഷിക്കുന്നു.
‘എന്റെ പ്രതീക്ഷയും ആനന്ദവുമായവനേ, നിന്നെയല്ലാതെ മറ്റൊന്നിനെയും പ്രണയിക്കാന്‍ എന്റെ ഹൃദയത്തിനാവുന്നില്ലല്ലോ’ എന്ന് ബീവി റാബിഅ പാടുന്നുണ്ട്. എണ്‍പതാം വയസില്‍ ബീവി റാബിഅ(റ) വിടപറഞ്ഞു.

Share this article

About മുബശ്ശിര്‍ ഡി എസ് വെണ്ണക്കോട്

dsmubashir@gmail.com

View all posts by മുബശ്ശിര്‍ ഡി എസ് വെണ്ണക്കോട് →

Leave a Reply

Your email address will not be published. Required fields are marked *