കുടിയേറ്റത്തിന്റെ വസ്ത്ര സഞ്ചാരം

Reading Time: 3 minutes

നാണം മറക്കുക എന്ന അടിസ്ഥാന ആവശ്യത്തില്‍ നിന്ന് മാറി പത്രാസിന്റെയും പ്രതാപത്തിന്റെയും കഥ പറയുകയാണ് വസ്ത്രങ്ങള്‍. കുടിയേറ്റത്തോടെയാണ് മലയാളിവസ്ത്രത്തില്‍ ഗള്‍ഫ് ആഴത്തില്‍ ഇടപെടുന്നത്. അതിനു പിന്നിലെ രാഷ്ട്രീയവും സൈദ്ധാന്തികതയും മാറ്റിവെച്ചാല്‍, പരിമളം പരത്തുന്ന അത്തറിനോടൊപ്പം പ്രവാസികളുടെ എടുത്താല്‍ പൊങ്ങാത്ത പെട്ടിയില്‍ നിന്ന് പുറത്തു ചാടിയ ഗള്‍ഫ് മണക്കുന്ന ഉടയാടകളുടേതാണ് മലയാളിയുടെ പത്രാസ്. ഇന്നും വസ്ത്രങ്ങളുപയോഗിക്കാത്ത മനുഷ്യര്‍ ഈ ഭൂമുഖത്ത് ജീവിക്കുന്നുണ്ട്. അതാത് പ്രദേശത്തെ ആവാസം സാധ്യമാക്കുന്നതിന് കാലാവസ്ഥാ വ്യതിയാനങ്ങളെ ആശ്രയിച്ചാണ് വസ്ത്ര വൈവിധ്യങ്ങള്‍ പ്രദേശങ്ങള്‍തോറും ഉണ്ടായതെന്നാണ് വെപ്പ്. ഒരേ ദേശത്തുകാരുടെ തന്നെ സംസ്‌കാരവും വിദ്യാഭ്യാസവും തൊഴിലും മതവും രാഷ്ട്രീയവും സമ്പത്തും പാരമ്പര്യവും നേരവും ആഘോഷവും എല്ലാം വസ്ത്ര സങ്കല്പങ്ങളെ നിര്‍ണയിച്ചു. ഇന്ന് വ്യക്തികളുടെ സാമൂഹിക-സാംസ്‌കാരിക പ്രത്യേകതകള്‍ തിരിച്ചറിയുന്നതിനും ആഭിജാത്യവും അഭിരുചിയും പ്രകടിപ്പിക്കുന്നതിനും ഉള്ള ഉപാധി കൂടിയാണ് വസ്ത്രം. അലങ്കാരവും ട്രെന്‍ഡും അനുകരണങ്ങളും വസ്ത്രത്തെ കൊണ്ടെത്തിച്ച പുതിയ പ്രവണതകള്‍ മാത്രം ഒരു പഠന വിഷയമാക്കാനുണ്ട്.
ഗള്‍ഫ്, കേരള വസ്ത്ര സങ്കല്പത്തെ തെല്ലൊന്നുമല്ല മാറ്റിയത്. പ്രത്യേകിച്ചും പ്രവാസം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഭാഗങ്ങളിലും സമുദായങ്ങളിലും തലമുറകളിലും ഇത് പ്രകടമാണ്. ജന്മിത്തം അവസാനിപ്പിക്കുന്നതിനും നക്‌സല്‍ തീവ്രവാദം തടയുന്നതിനും പ്രവാസം കാരണമായി എന്ന് പറയുന്നത് പോലെ മലയാളിക്ക് മര്യാദക്ക് വസ്ത്രമുടുക്കാനുള്ള പ്രചോദനവും അവസരവും സൃഷ്ടിച്ചതില്‍ ഗള്‍ഫിന്റെ പങ്ക് നിസ്തുലമാണ്.
മാറു മറക്കാനോ തലയില്‍ കെട്ടാനോ മീശ വളര്‍ത്താനോ പോലും അവകാശമില്ലാതിരുന്നൊരു സമൂഹം നിരന്തര സമരത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിന്റെ അമൃത് വേണ്ടവിധം നുകരനായത് സാധാരണക്കാരായ യുവാക്കള്‍ പ്രവാസത്തിന് ഒരുങ്ങിയതോടെയാണ്. ഉപരിപ്ലവ നവോത്ഥാനത്തിന്റെ കെട്ടിയാട്ടങ്ങളില്ലാതെ സമൂഹത്തെ നടുനിവര്‍ത്തി നില്‍ക്കാന്‍ പ്രാപ്തമാക്കിയ രാഷ്ട്രീയ ഇടപെടല്‍ കൂടിയാണ് വസ്ത്ര വിഷയത്തിലും ഗള്‍ഫ് പ്രവാസം നടത്തിയത്.
മാന്യമായ വസ്ത്രം ധരിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നത്തെ ജാതി മേല്‍ക്കോയ്മയും ദുരിതവും വേണ്ടവിധം വസ്ത്രം ധരിക്കാന്‍ അടിയാള വിഭാഗങ്ങളെ അനുവദിച്ചിരുന്നില്ല. ചാന്നാര്‍ വിപ്ലവം ഇതിന്റെ ജ്വലിക്കുന്ന അധ്യായമാണ്. അധസ്ഥിത സ്ത്രീകള്‍ മതം മാറി മുസ്ലിമാകുമാകുന്നതിനെ ‘കുപ്പായമിടുക’ എന്ന് വിശേഷിപ്പിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം.
തമ്പുരാക്കളെ പിണക്കിയാല്‍ തങ്ങളുടെ അന്നം മുട്ടും എന്ന ഭയമായിരുന്നു അവര്‍ ഇച്ഛിക്കുന്ന വസ്ത്രങ്ങള്‍ അണിയാനും സ്വന്തം മക്കള്‍ക്ക് നല്ല പേര് വെക്കാനും പിന്നാക്കക്കാരെ വിലക്കിയത്. മേല്‍ജാതിക്കാര്‍ക്ക് വിടുവേല ചെയ്തില്ലെങ്കിലും തങ്ങള്‍ക്കു ജീവിക്കാനാകും എന്ന ആത്മധൈര്യം നല്‍കിയതില്‍ ഗള്‍ഫിനു വലിയ പങ്കുണ്ട്. ഗള്‍ഫുകാരന്‍ സമ്മാനിച്ച പുള്ളിമുണ്ടിനും.
പ്രവാസികളുടെ പെട്ടിയില്‍ പ്രഥമ സ്ഥാനം കുടുംബങ്ങള്‍ക്കും കൂട്ടാളികള്‍ക്കും അയല്പക്കക്കാര്‍ക്കും തലയെണ്ണി കരുതുന്ന വസ്ത്രങ്ങള്‍ക്കായിരുന്നു. പിന്നെ മണക്കുന്ന സോപ്പും ത്രസിപ്പിക്കുന്ന അത്തറും. കുളിച്ചൊരുങ്ങി സുഗന്ധം പരത്തി നടക്കാന്‍ പ്രാപ്തമാക്കുന്ന ഈ സാംസ്‌കാരിക പ്രവര്‍ത്തനത്തിന് മതമോ സമുദായമോ പ്രശ്‌നമായിരുന്നില്ല. ഒരു ഓഹരി അന്നാട്ടുകാര്‍ക്കുള്ളതാണ്. പ്രവാസികളുടെ അവധിക്കാലം നാട്ടില്‍ പുത്തന്‍ ഉടുപ്പുകളുടെ കാലം കൂടിയായിരുന്നു. ഗള്‍ഫില്‍ കാലുകുത്തിയതു മുതല്‍ അവന്‍ കാണുന്നതും അനുഭവിക്കുന്നതുമായ എല്ലാ നന്മകളും തന്റെ നാടിനും നാട്ടുകാര്‍ക്കും വേണമെന്ന ശാഠ്യമാകാം ഈ പകര്‍ച്ചക്കും കാരണം. ഗള്‍ഫ് വരവിന്റെ പിറ്റേദിവസം തയ്യല്‍ക്കാരനെ കൊണ്ടുവന്നു കുടുംബങ്ങള്‍ക്കും അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അവരുടെ അളവനുസരിച്ചു തുണികള്‍ മുറിച്ചുകൊടുത്തിരുന്ന രീതിയില്‍ നിന്ന് തുടങ്ങും അത്.
കൂടുതല്‍ കാലം ഈടു നില്‍ക്കാത്ത കോറ (കോട്ടണ്‍) തുണികള്‍ മാത്രം ലഭ്യമാകുകയും ധരിക്കുകയും ചെയ്തിരുന്ന ഒരുകാലത്തു ഗള്‍ഫു പെട്ടികളില്‍ നിന്ന് പുറത്തുചാടിയാണ് പോളിസ്റ്റര്‍ സിന്തെറ്റിക് തുണികള്‍ മലയാളിയുടെ ജീവിതത്തോട് ചേര്‍ന്നത്. കൊറിയറും കാര്‍ഗോയും സജീവമാകുന്നതിനു മുമ്പ് തപാല്‍ വഴിയും പ്രവാസികള്‍ പ്രധാനമായും കൊടുത്തയച്ചിരുന്നത് വസ്ത്രങ്ങളായിരുന്നു.
കൊളോണിയല്‍ സ്വാധീനം വിട്ടുമാറാത്ത അപൂര്‍വം ഉദ്യോഗസ്ഥരിലോ പ്രഫനഷനലുകളിലോ മാത്രം കണ്ടിരുന്ന എക്‌സിക്യൂട്ടീവ് എന്ന് പേരിട്ട ഉടയാളകള്‍ ഇന്ന് സര്‍വ സാധാരണമാക്കിയതില്‍ പ്രവാസത്തിന് പങ്കുണ്ട്. യൂറോപ്യന്‍ അനുകരണമോ ദൃശ്യകലകളില്‍ നിന്ന് വ്യാപിച്ച സാംസ്‌കാരിക പകര്‍ച്ചയോ പ്രവാസത്തിന്റെ ശേഷം മാത്രം എണ്ണാവുന്നവയാണ്. പുരുഷന്മാര്‍ക്ക് ഉടുക്കാനൊരു വലിയ മുണ്ടും തോളിലും തലയിലും മാറിമാറി ഇടാനൊരു രണ്ടാം മുണ്ടും മാത്രം വേഷമായൊരിടത്തുനിന്നു പാന്റ്‌സും ഷൂവും ഷര്‍ട്ടും ധരിപ്പിച്ചത് ഒരളവുവരെ പ്രവാസമാണ് . കഞ്ഞിപ്രാക്കില്‍ (ലങ്കോട്ടിയില്‍) നിന്ന് ഡ്രോയറിലേക്കും ജെഡ്ഢിയിലേക്കും പരിണമിക്കാന്‍ അവസരമുണ്ടാക്കിയത് ഗള്‍ഫാണ്. ഒന്നും രണ്ടും തലമുറയിലെ ഗള്‍ഫുകാര്‍ ആദ്യമായി പാന്റ്‌സ് ധരിച്ചതു പോലും ഗള്‍ഫില്‍ പോവാന്‍ വേണ്ടിയാവും. മതരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ വേഷങ്ങളിലും വലിയ മാറ്റമുണ്ടായി. കന്തൂറയും വിവിധ തരങ്ങളിലുള്ള മേല്‍തട്ടങ്ങളും തൊപ്പികളും വിദേശങ്ങളുടെ പ്രത്യേകിച്ചും ഗള്‍ഫിന്റെ സംഭാവനയാണ്.
സ്ത്രീകളാണെങ്കില്‍ ഉടുമുണ്ടും ജമ്പറും ചട്ടയും തട്ടവും മാത്രമായിടത്തുനിന്നു മാക്‌സിയിലേക്കും മഫ്തയിലേക്കും അബായകളിലേക്കും ബുര്‍ഖയിലേക്കും പര്‍ദകളിലേക്കും ചുവടു മാറ്റി. പാന്റീസും ബ്രാകളും നേര്യതും അടിപ്പാവാടയും വസ്ത്രത്തിന്റെ ഭാഗമായി. ഗള്‍ഫ് സാരികള്‍ കല്യാണ പന്തലുകള്‍ അലങ്കരിക്കാനുപയോഗിച്ചിരുന്ന ഘട്ടംവരെ ഉണ്ടായി. മുതിര്‍ന്ന പെണ്‍കുട്ടികള്‍ പോലും പാവാട ധരിച്ചു കല്യാണങ്ങളിലും മറ്റും പങ്കുകൊണ്ടിടത്തുനിന്നു ചുരിദാറിലേക്കുള്ള മാറ്റത്തിനു വസ്ത്ര പലമകളുടെ പുതുമയിലേക്കുള്ള വഴിയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഇന്ധനമായത് ഗള്‍ഫാണ് എന്നത് യാഥാര്‍ഥ്യമാണ്.
ഗള്‍ഫ് പ്രവാസത്തിനു മുന്‍പും സ്ത്രീകളില്‍ ഹിജാബ് സംസ്‌കാരം നിലവിലുണ്ടായിരുന്നു. തുണിയും കുപ്പായവും തട്ടവുമായിരുന്നു പ്രധാന വേഷം. എങ്കിലും വീടിനു പുറത്തിറങ്ങുന്ന വേളകളില്‍ മുഖമക്കന ധരിച്ചും തട്ടം കൊണ്ട് പൂര്‍ണമായി മുഖം മറച്ചും കുടപിടിച്ചുമായിരുന്നു സഞ്ചരിച്ചിരുന്നത്. സ്ത്രീകള്‍ തലയും മുഖവും മറക്കുന്ന സംസ്‌കാരം മുസ്ലിംകളില്‍ മാത്രമല്ല പല വിഭാഗം ജനങ്ങളിലുമുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഉത്തരേന്ത്യയിലൊക്കെ ഇപ്പോഴും അത് നിലനില്‍ക്കുന്നു.
കുട്ടികളുടെ വസ്ത്രങ്ങളുടെ സ്ഥതിയും മറിച്ചല്ല. ഒറ്റ മുണ്ടില്‍ നിന്നും മൂടുതേഞ്ഞ വള്ളി നിക്കറില്‍ നിന്നും മോചനമുണ്ടായി. ഗള്‍ഫില്‍ നിന്ന് വന്നവര്‍ കൊടുത്ത ടീ ഷര്‍ട്ടുകളും ഷര്‍ട്പീസുകളും പാന്റ്സ്പീസുകളും മലയാളി വസ്ത്ര സങ്കല്പങ്ങളെ വര്‍ണാഭമാക്കി.
നാട്ടിന്‍ പുറങ്ങളിലൊക്കെ ചെരുപ്പ് ധരിച്ചിരുന്നവര്‍ നന്നേ കുറവായിരുന്നു. ചെരുപ്പുകള്‍ ഉള്ളവര്‍ തന്നെ വിരുന്നിനോ മറ്റോ പോകുമ്പോള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ. ഷര്‍ട്ടും തുണിയും ചെരുപ്പുകളുമൊക്കെ അയല്‍ പക്കങ്ങളില്‍ നിന്ന് കടം വാങ്ങി കല്യാണങ്ങള്‍ക്കും മറ്റും പോയ അനുഭവങ്ങളുള്ളവര്‍ പഴയ തലമുറയില്‍ ധരാളമുണ്ടാവും. മഹാത്മാഗാന്ധി തന്റെ വേഷവിധാനങ്ങള്‍ പരിമിതപ്പെടുത്തിയതിലും ഇത്തരമൊരു ദൗര്‍ലഭ്യതയുടെ കഥ നിറഞ്ഞിരിപ്പുണ്ടല്ലോ.
ആഗോളീകരണത്തിന്റെ ഭാഗമായി പണമുണ്ടെങ്കില്‍ എല്ലാ വസ്തുക്കളും എല്ലായിടത്തും ലഭ്യമാവുന്ന അവസ്ഥയുണ്ടാവുന്നതിനും മുമ്പേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ ജോലിക്കും മറ്റുമായി ഒത്തുകൂടുന്ന സംഗമ ഭൂമിയായി ഗള്‍ഫ് മാറിക്കഴിഞ്ഞിരുന്നു. അതുവരെ നാം കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത മനുഷ്യര്‍, അവരുടെ ഭാഷ- വേഷവിതാനങ്ങള്‍, ഭക്ഷണരീതികള്‍, സംസ്‌കാരം എല്ലാം കണ്‍നിറയെ കണ്ട മലയാളി അത് കൂടെക്കൂട്ടാന്‍ വെമ്പല്‍ കൊണ്ടത് സ്വാഭാവികം മാത്രം. ദുബായ് ലോകമാര്‍കറ്റിന്റെ അടയാളമായി ഉയര്‍ന്നുവന്നതും നമ്മുടെ മുന്‍പില്‍ പുതിയ ആകാശം തുറക്കുകയായിരുന്നു. മലയാളികള്‍ തദ്ദേശീയരുടെ വസ്ത്രരീതികള്‍ പലതും അതുപോലെ പിന്‍പറ്റിതായും സിനിമയിലൂടെയും മറ്റും അവതരിപ്പിക്കപ്പെടുന്ന ഫാഷനുകള്‍ക്ക് അനുസരിച്ചു മാറിയതായും കാണാം.
പ്രവാസം തിരഞ്ഞെടുത്തവരൊക്കെ വിജയിച്ചു എന്നോ എല്ലാം ഗള്‍ഫില്‍നിന്ന് കൊണ്ടുവന്നതാണ് എന്നോ പറയാവതെല്ലങ്കിലും സാമ്പത്തികമായി അടിത്തട്ടില്‍ ജീവിച്ചിരുന്ന ഒട്ടുമുക്കാലിന്റെയും വിശപ്പ് മാറ്റിയതും വസ്ത്രത്തിലും ഭക്ഷണത്തിലും വീടിലും പുതിയ സങ്കല്‍പങ്ങളുണ്ടാക്കിയതും പ്രായോഗികതയുടെ പുതിയ ലോകം സൃഷ്ടിച്ചതും ഗള്‍ഫ് പ്രവാസമാണെന്നു പറയാതിരിക്കാനാവില്ല.

Share this article

About മുസ്തഫ മുക്കൂട്

musthafaapmkd@yahoo.com

View all posts by മുസ്തഫ മുക്കൂട് →

Leave a Reply

Your email address will not be published. Required fields are marked *