കോവിഡ് വാര്‍ഡിലെ നെടുവീര്‍പ്പുകള്‍

Reading Time: 5 minutes

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയ ആദ്യ നാളുകളില്‍തന്നെ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കോവിഡുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ ആരംഭിക്കുകയും ചികിത്സാ സംവിധാനങ്ങളും സൗകര്യങ്ങളും വിലയിരുത്തി സജ്ജമാക്കുന്നതിനായുള്ള മീറ്റിംഗുകളും നടപടികളും തുടങ്ങുകയും ചെയ്തിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജിനുശേഷം ജില്ലയില്‍ രണ്ടാമത്തെ കോവിഡ് കെയര്‍ സെന്ററായി അവിടെ സൗകര്യപ്പെടുത്തുകയും ചെയ്തിരുന്നു.

നേരത്തേ തന്നെ സജ്ജീകരണങ്ങള്‍ ഏര്‍പെടുത്തിയതുകൊണ്ട് ഡോക്ടടര്‍മാരും ജീവനക്കാരും ആശങ്കയിലായിരുന്നു. ഏതുസമയവും രോഗികളെ സ്വീകരിക്കേണ്ടിവരുമെന്നതായിരുന്നു കാരണം. പ്രതീക്ഷിച്ചപോലെ ഒരുദിവസം രാത്രി ഒരുമണിക്ക് മഞ്ചേരി മെഡിക്കല്‍ കോളേജില്‍നിന്ന് വിളിവന്നു, സ്റ്റേബ്ള്‍ ആയിട്ടുള്ള പോസിറ്റീവ് രോഗികളെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റണം, അവിടെ തയാറായിരിക്കണമെന്നായിരുന്നു അറിയിപ്പ്. എന്തൊക്കെ ചെയ്യണമെന്ന പരിശീലനം കഴിഞ്ഞിട്ടുണ്ടെങ്കിലും പ്രായോഗികമായ അനുഭവമുണ്ടാകണമല്ലോ. നോഡല്‍ ഓഫീസര്‍ അബൂബക്കര്‍ സാര്‍തൊട്ട് താഴെവരെയുള്ള എല്ലാ സ്റ്റാഫും രാത്രി ഒന്നര, രണ്ടുമണി മുതല്‍ ഒരുക്കത്തിലാണ്. വീട് കുടിയിരിക്കുന്നതിന്റെ തലേദിവസത്തെ തിരക്കുപോലെയായിരുന്നു. ഹോസ്പിറ്റലില്‍ ഡ്യൂട്ടിയിലില്ലാതിരുന്ന നേഴ്‌സുമാരടക്കം ക്ലീനിങിനും മറ്റുമായി രാത്രി 2 മണിക്ക് പോലും ഇവിടെയുണ്ട്. 3.30 ആവുമ്പോഴേക്ക് പോസിറ്റീവ് രോഗികളെ ആംബുലന്‍സില്‍ കൊണ്ടുവന്ന് വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. രോഗികളെ എങ്ങനെ അപ്രോച്ച് ചെയ്യണമെന്ന പ്രായോഗിക പരിചയമില്ല. പിപിഇ കിറ്റ് ധരിച്ച് വളരെ സൂക്ഷ്മതയോടെയാണ് രോഗികളെ ശുശ്രൂഷിക്കേണ്ടത്. ആ കിറ്റിനുള്ളില്‍ തന്നെയാണ് ദീര്‍ഘനേരവും.

പതിയെ വാര്‍ഡിലുള്ള സ്റ്റാഫുകള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും കൈവന്നു. മുമ്പെല്ലാകോവിഡ് സൈറ്റിലേക്ക് വരുന്നത് നേരത്തേ ഒരു ടെന്‍ഷനായിരുന്നു. ഡ്യൂട്ടി നിശ്ചയിക്കുമ്പോഴേക്ക് വീട്ടില്‍ ചെറിയ കുട്ടികളുണ്ട്, പ്രായമായവരുണ്ട് എന്നൊക്കെ പറയുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പിന്നീട്, പി പി ഇ കിറ്റ് ധരിച്ച് അവരുടെ അടുത്ത് പോയി സംസാരിക്കുമ്പോള്‍ രോഗികള്‍ക്ക് കിട്ടുന്ന ആശ്വാസം, അവരുടെ കണ്ണുകളില്‍ നിന്നുള്ള പ്രതീക്ഷകള്‍ ഒക്കെ കാണുന്നത് മനസിന് സമാധാനം കിട്ടുന്ന അവസ്ഥയായി. അത് ഞങ്ങള്‍ക്ക് പ്രചോദനവുമായി.
എടപ്പാളിലുള്ള ഒരു രോഗിയാണ് ആദ്യം ഇവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്ത് പോകുന്നത്. പെരുന്നാളിന്റെ സമയത്തായിരുന്നു അത്. സ്റ്റാഫെല്ലാവരും ചേര്‍ന്ന് യാത്രയയപ്പൊക്കെ നല്‍കിയാണ് വാഹനത്തില്‍ കയറ്റി വിട്ടത്. പിന്നീട് അഡ്മിറ്റാകുന്നതും ഡിസ്ചാര്‍ജാകുന്നതുമൊക്കെ സാധാരണപോലെയായി.

ചില വീടുകളില്‍നിന്ന് അഞ്ചാറു പേര്‍ പോസിറ്റീവായി വരുന്നുണ്ടാകും. രോഗികളെ മൂന്ന് കാറ്റഗറിയായിട്ടാണ് തരംതിരിക്കുന്നത്. ലക്ഷണങ്ങളൊന്നുമില്ലാത്തവരെ യൂനിവേസിറ്റിയിലുള്ള കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കാണ് മാറ്റുക. ചെറിയ ലക്ഷണങ്ങളും ഷുഗര്‍, പ്രഷര്‍ തുടങ്ങിയ അസുഖമുള്ള ബി കാറ്റഗറിക്കാരെ താലൂക്ക് ആശുപത്രിയിലെ വാര്‍ഡില്‍ കിടത്തും. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയുക പോലെ കൂടുതല്‍ പ്രശ്‌നങ്ങളുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് അയക്കും. മിക്കവാറും കുടുംബത്തിലെ പ്രായമുള്ളവര്‍ക്ക് ഷുഗറോ പ്രഷറോ കൂടുതലുണ്ടായിരിക്കും. അവരെ ഇവിടെ കിടത്തേണ്ടി വരും. ബാക്കിയുള്ള കുട്ടികളെയും മറ്റും യൂനിവേഴ്‌സിറ്റിയിലേക്ക് വിടേണ്ടിവരും. സ്വാഭാവികമായും രോഗിക്ക് ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെടും. പ്രോട്ടോകോള്‍ അനുസരിച്ച് അവരെ ആശുപത്രിയില്‍തന്നെ കിടത്താനേ സാധിക്കൂ. ഇത്തരം ഘട്ടങ്ങളില്‍ പ്രായമായവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളാലോചിച്ച് തീരുമാനമെടുക്കാന്‍ കഴിയാത്ത പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്.

ഒരിക്കല്‍ ഒരു കുടുംബത്തെ അഡ്മിറ്റ് ചെയ്തപ്പോള്‍ പരസഹായം കൂടാതെ നടക്കാന്‍ കഴിയാത്ത പ്രായമായ ഒരു രോഗിയും കൂട്ടത്തിലുണ്ടായിരുന്നു. കാറ്റഗറി ബിയില്‍ വരുന്ന അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയുംവേണം. കൂടെ മകനും ഭാര്യയുമുണ്ടായിരുന്നു. ഭാര്യയെ സ്ത്രീകളുടെ വാര്‍ഡില്‍ കിടത്തി. മകന്‍ കാറ്റഗറി എ ആയിരുന്നു. അദ്ദേഹത്തെ പിതാവിന്റെ കൂടെ കിടത്താന്‍ പറ്റില്ല. പിതാവിനെ ആരു നോക്കുമെന്നതില്‍ ആശയക്കുഴപ്പത്തിലായി. വാര്‍ഡിലാണെങ്കില്‍ യൂറോപ്യന്‍ ക്ലോസെറ്റുമില്ല. ഒടുവില്‍ യൂനിവേഴ്‌സിറ്റിയില്‍ യൂറോപ്യന്‍ ക്ലോസെറ്റുണ്ടോ എന്നു വിളിച്ചുചോദിച്ചു. മൂന്ന് നിലകളിലുള്ള അവിടെ താഴത്തെ നിലയിലാണ് യൂറോപ്യനുള്ളത്. അവിടെയാണെങ്കില്‍ രോഗികള്‍ ഹൗസ്ഫുള്‍.

ഈ വിളികളെല്ലാം നടക്കുന്നത് രാത്രി 11 മണിക്ക് ശേഷമാണ്. ഒടുവില്‍ ഈയൊരു രോഗിയുടെ ടോയ്‌ലറ്റ് സൗകര്യത്തിനുവേണ്ടി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ സ്റ്റാഫുകളുടെ സഹകരണത്തോടെ സെന്ററില്‍ താഴെ കിടന്നുറങ്ങുന്ന രോഗികളെ മുകളിലേക്ക് മാറ്റുകയും വൃദ്ധനായ രോഗിയെ താഴേക്ക് ഷിഫ്റ്റ് ചെയ്യുകയും ചെയ്തു. അതിന്റെ റിസ്‌ക് പൂര്‍ണമായും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ നമ്മള്‍ ഏറ്റെടുക്കുകയാണ്. അദ്ദേഹത്തെ അവിടേക്ക് ഷിഫ്റ്റ് ചെയ്യുന്ന സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ അത് നമ്മുടെ മൊത്തം ജോലിയെ ബാധിക്കും. അങ്ങനെ ഇദ്ദേഹത്തെയും ഭാര്യയെയും മകനെയും ഒരു റൂമില്‍ ആക്കുകയും ചെയ്തു. ആ സമയത്ത് മകനും ഭാര്യയും ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സിംഗ് സ്റ്റാഫുമാര്‍ക്കും മുന്നില്‍ വന്ന്, താണുകൈകൂപ്പി പറയുകയാണ്, ‘സാറമ്മാരേ.. ദൈവം നിങ്ങളെ എവിടെയും എടങ്ങേറാക്കാതിരിക്കട്ടെ.’ നമ്മളൊന്നും ചെയ്തിട്ടില്ലെങ്കിലും അവരുടെ കണ്ണുകളിലുള്ള ആ പ്രാര്‍ഥന കാണുമ്പോള്‍ വളരെ സങ്കടം തോന്നാറുണ്ട്.

മറ്റൊരു രസകരമായ അനുഭവം പറയാം, വാര്‍ഡ് തുറന്ന് കുറേദിവസം കഴിഞ്ഞ്, വാര്‍ഡില്‍ നാലഞ്ചു രോഗികള്‍ മാത്രമായ സമയത്ത് അതിലെ ചെറുപ്പക്കാര്‍ വിളിച്ച് ചോദിച്ചു, ‘സാറേ, ആരും അറിയാതെ ഞങ്ങള്‍ ബ്രോസ്റ്റ് ഓര്‍ഡര്‍ ചെയ്യട്ടേ.. ഞങ്ങള്‍ക്ക് ബ്രോസ്റ്റ് തിന്നാന്‍ പൂതിയാവുന്നു, ഈ കഞ്ഞിയും ദോശയും പയറും തിന്ന് മടുത്തു. ഒരുവട്ടം ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്യട്ടെ.’ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നാണ് പ്രോട്ടോകാള്‍. മഞ്ചേരിയിലെ മേലധികാരികളോട്‌ ചോദിച്ചിട്ട് പറയാമെന്ന് മറുപടി കൊടുത്തു. സാറിനെ വിളിച്ചപ്പോള്‍ പറഞ്ഞത്, ‘വല്ല വയറിളക്കവും വന്നാല്‍ അത് കോവിഡിന്റെ ലക്ഷണമായി കാണും. പിന്നെ് ഡിസ്ചാര്‍ജാവാന്‍ കഴിയില്ല’ എന്നായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോള്‍ ‘അയ്യോ വേണ്ട, ഞങ്ങള്‍ക്ക് ബ്രോസ്റ്റൊന്നും വേണ്ടേ, തല്‍കാലം ഇവിടത്തെ ചികിത്സ തീര്‍ത്തിട്ട് വീട്ടില്‍ പോയാല്‍ മതി’ എന്നായിരുന്നു.

എല്ലാ മരണങ്ങളും ഇപ്പോള്‍ കോവിഡ് ടെസ്റ്റ് ചെയ്യല്‍ നിര്‍ബന്ധമാണ്. ഇത് ഗവണ്‍മെന്റിന്റെ പ്രോട്ടോകോളാണ്. മരിച്ചിട്ട് കൊണ്ടുവന്നതാണെങ്കി
ലും ഹോസ്പിറ്റലില്‍ വന്ന ശേഷം മരിച്ചതാണെങ്കിലും ടെസ്റ്റ് ചെയ്യണം. കോവിഡ് ടെസ്റ്റ് ചെയ്തു റിസല്‍ട്ട് വന്ന ശേഷമാണ് മയ്യിത്ത്/ശരീരം വിട്ടുകൊടുക്കുക. അതുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്‌നങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ അനുഭവിക്കുകയുണ്ടായി. കാരണം ഒരാളുടെ മയ്യിത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നാല്‍ ആദ്യം പോലീസില്‍ വിവരമറിയിക്കണം. ശേഷം കോവിഡ് ടെസ്റ്റ് ചെയ്യണം. എന്നാലേ അവര്‍ ഇന്‍ക്വസ്റ്റിന് വരൂ. ബോഡിയില്‍നിന്ന് മൂന്ന് സ്രവങ്ങളെടുക്കും. ഒന്ന് ട്രൂനാറ്റ് ടെസ്റ്റിനുവേണ്ടി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക്. മറ്റൊന്ന് ആര്‍ടിപിസി ചെയ്യാന്‍ മഞ്ചേരിയിലേക്ക്. വേറൊന്ന് ആലപ്പുഴ സെന്‍ട്രല്‍ മയ്‌റോളജി ലാബിലേക്ക്. അവിടത്തെ ടെസ്റ്റ് റിസല്‍ട്ട് ലഭിച്ചാലാണ് മരണത്തിന്റെ കാര്യത്തില്‍ കണ്‍ഫേം ചെയ്യാന്‍ പറ്റൂ. ഇത്രയും റിസല്‍ട്ട് വരുന്നതുവരെ കാത്തിരിക്കാന്‍ നമുക്ക് കഴിയില്ല. കാരണം അത്രയും സമയം ഫ്രീസറില്‍ വെക്കാന്‍ ബന്ധുക്കള്‍ തയാറാവില്ലെന്നതുള്‍പെടെ ഒരുപാട് പ്രശ്‌നങ്ങള്‍. മരണശേഷം സ്രവം മഞ്ചേരിയിലേക്കയച്ചാല്‍ നാലഞ്ചു മണിക്കൂര്‍കൊണ്ട് ട്രൂനാറ്റ് റിസല്‍ട്ട് കിട്ടും. അത് നെഗറ്റീവാണെങ്കില്‍ പോലീസില്‍നിന്ന് എന്‍ഒസി സര്‍ട്ടിഫിക്കറ്റുകൂടി കിട്ടിയാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. എന്‍ഒസി സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പോളിസി ഇന്‍ക്വസ്റ്റിന്റെ ഫോമാണ് തരുന്നതെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം. അതും പോലീസ് സര്‍ജന്‍ ആവശ്യമുള്ള കേസാണെങ്കില്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യണം. ഈ പ്രോസസെല്ലാം കഴിയുമ്പോഴേക്ക് ഒരു ദിവസമെങ്കിലുമെടുക്കും. അത്രയും സമയം മയ്യിത്ത് മോര്‍ച്ചറിയില്‍ കിടക്കുന്ന അവസ്ഥയുണ്ടാകും. പ്രോട്ടോകോള്‍ ഇങ്ങനെയായതിനാല്‍ എത്രയും സ്പീഡാക്കാന്‍ വേണ്ടിയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ നെട്ടോട്ടം ചില്ലറയല്ല. ഒരു ദിവസം ഒരേയൊരു സ്രവത്തിന്റെ മാത്രം സാമ്പിളുമായി ഔദ്യോഗിക വാഹനം മലപ്പുറം ജില്ലാ മേധാവികള്‍ ഇടപെട്ട് ആലപ്പുഴയിലേക്ക് പോയിട്ടുണ്ട്. അങ്ങനെ നിരവധി പ്രയത്‌നങ്ങള്‍. ഈ കാര്യങ്ങളൊന്നും ഒരുപക്ഷേ ജനങ്ങള്‍ അറിയുന്നുണ്ടാകില്ല. ബന്ധുക്കളെ സംബന്ധിച്ച് മയ്യിത്ത് എത്രയും പെട്ടെന്ന് കിട്ടണമെന്നായിരിക്കുമല്ലോ. മറ്റൊരനുഭവം പറയാം, എണ്‍പത് വയസുള്ള ഒരു പിതാവ് മരിച്ചു. മൂത്തമകന്‍ നിഷ്‌കളങ്കമായി കാര്യങ്ങള്‍ ചെയ്യുന്ന ഒരു വ്യക്തിയാണ്. താഴെയുള്ള ചെറുപ്പക്കാരായ മക്കള്‍ കുറച്ച് ജഗപൊക. പിതാവ് കോട്ടക്കലിലുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ നിന്നാണ് മരിക്കുന്നത്. അവിടെനിന്ന് തിരൂരങ്ങാടിയിലേക്ക് കോവിഡ് ടെസ്റ്റിനു വേണ്ടി കൊണ്ടുപോകണമെന്ന് പറഞ്ഞു. മൂത്തമകന്‍ അതുപ്രകാരം ചെയ്യാന്‍ തയാറായി. പക്ഷേ മറ്റു മക്കള്‍ ഇടക്ക് വെച്ച് അത് എതിര്‍ത്തു. പ്രൈവറ്റ് ഹോസ്പിറ്റലില്‍നിന്ന് ആംബുലന്‍സ് നേരെ വീട്ടിലേക്ക് പോയാല്‍ പോരേ എന്ന് ചോദിച്ചു. നിയമം പറയുന്നപോലെ ചെയ്താല്‍ മതി, അവസാനം പ്രശ്‌നമായാല്‍ കുഴങ്ങും. മറവു ചെയ്തശേഷം എടുക്കേണ്ട അവസ്ഥയൊക്കെ വന്നാല്‍ പ്രശ്‌നമാണെന്ന് പറഞ്ഞ് മൂത്തയാള്‍ ചെറിയ മക്കളുടെ അനുമതിയില്ലാതെ തിരൂരങ്ങാടി ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. ഒരു മണിക്കൂര്‍കൊണ്ട് കോവിഡ് ടെസ്റ്റ് നടത്തി റിസല്‍റ്റ്കിട്ടി പോകാന്‍ കഴിയുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ സംഭവിച്ചതോ, മയ്യിത്തില്‍ നിന്ന് സ്രവമെടുത്ത് മഞ്ചേരിയിലേക്കയച്ചു. അപ്പോഴേക്ക് വൈകുന്നേരമായി. ശേഷം പോലീസ് ഇന്‍ക്വസ്റ്റ് പിറ്റേന്നത്തേക്ക് നീണ്ടു. മൂത്തമകന്‍ ഹോസ്പിറ്റലില്‍ നമ്മുടെ മുന്നില്‍വന്ന് പൊട്ടിപ്പോട്ടി കരയുകയാണ്. കുടുംബത്തില്‍ മറ്റാരും കൂടെ നില്‍ക്കാത്തപ്പോഴും ഞാന്‍ നിയമമനുസരിച്ച് മുന്നോട്ടുപോകാമെന്ന് കരുതി, 80 വയസുള്ള ഉപ്പയെ ഫ്രീസര്‍ മോര്‍ച്ചറിയില്‍ കിടത്തേണ്ടി വന്നില്ലേ..ഇതായിരുന്നു സങ്കടം. റിസല്‍റ്റ് പിറ്റേന്നാണ് വരിക. നെഗറ്റീവാണെങ്കില്‍ പോലീസ് ഇന്‍ക്വസ്റ്റ് കിട്ടണം. ഇന്‍ക്വസ്റ്റ് വന്നുകഴിഞ്ഞാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം. ഒക്കെ പ്രശ്‌നമാണ്. ഇളയ മക്കളും കുടുംബക്കാരൊന്നടങ്കം മൂത്തമകനെ കുരിശില്‍കയറ്റി തല്ലിയതിനു സമാനമായി ബുദ്ധിമുട്ടിച്ചു. അന്ന് രാത്രി 12 മണിയായപ്പോഴേക്ക് റിസല്‍റ്റ് വന്നു. നെഗറ്റീവായിരുന്നു. അദ്ദേഹത്തോട് ഞാന്‍ റിസല്‍റ്റ് വന്നത് വിളിച്ചുപറഞ്ഞു. അയാള് പൊട്ടിക്കരഞ്ഞ് ചോദിച്ചു. ‘ഇനി ഞാനെന്താണ് ചെയ്യേണ്ടത്.’ പോലീസില്‍നിന്ന് എന്‍ഒസി സര്‍ട്ടിഫിക്കറ്റ് വേഗം വാങ്ങണമെന്ന കാര്യം അറിയിച്ചു. രാത്രിതന്നെ പോയി അദ്ദേഹം സര്‍ട്ടിഫിക്കറ്റ് വാങ്ങി. പിറ്റേന്ന് രാവിലെ കണ്ടപ്പോള്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ കൈകൂപ്പി അദ്ദേഹം പറഞ്ഞു, ‘റബ്ബേ, എങ്ങാനും പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട അവസ്ഥ വന്നിരുന്നെങ്കില്‍ എനിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നേനെ.’ സഹോദരങ്ങളുള്‍പ്പെടെയുള്ള കുടുംബക്കാരില്‍നിന്ന് അത്രക്കും സമ്മര്‍ദവും കുറ്റപ്പെടുത്തലും അദ്ദേഹം ഈ സമയത്തിനകം അനുഭവിച്ചിരുന്നു.

ഇതിനു സമാനമായ വേറൊരു മരണക്കഥ. ആരോടും പറയാതെ തനിയെ ഹോസ്പിറ്റലില്‍ പോയി ചികിത്സ തേടിയതായിരുന്നു ഒരാള്‍. അറ്റാക്കിന്റെ പ്രശ്‌നമുണ്ട്, മെഡിക്കല്‍ കോളേജില്‍ കാണിക്കണമെന്ന് അവിടന്ന് പറഞ്ഞിരുന്നു. തിരിച്ചുവീട്ടില്‍ പോയി. വീട്ടില്‍നിന്ന് ഹൃദയാഘാതംവന്ന് മരിച്ചു. വീട്ടുകാര്‍ പ്രൈവറ്റ് ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവിടന്ന് തിരുരങ്ങാടി ഗവണ്‍മെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചു. അങ്ങനെയാണ് ഇങ്ങോട്ട് കൊണ്ടുവരുന്നത്. കൂടെ കുറേ പേരുണ്ടായിരുന്നു. അവര്‍ ഒച്ചപ്പാടും ബഹളവുമുണ്ടാക്കി. ടെസ്റ്റ് ചെയ്തിട്ട് വേഗം മയ്യിത്ത് തരണമെന്ന് പറഞ്ഞു. കോവിഡ് ടെസ്റ്റ് റിസല്‍റ്റ് വന്നിട്ടേ കൈമാറൂ എന്ന് ഞങ്ങളും. പക്ഷേ അവരതിന് സമ്മതിക്കാതെ ബഹളമുണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ റിസല്‍റ്റ് വന്നപ്പോള്‍ പോസിറ്റീവായിരുന്നു. ഒരിക്കലും അത് പ്രതീക്ഷിക്കാത്ത ഒരാളാണ്. ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മരണകാരണം ഹാര്‍ട്ട് അറ്റാക്കാണ്. ഇതോടെ ബഹളമുണ്ടാക്കിയവരുമില്ല, മയ്യിത്ത് കൊണ്ടുപോകാനുള്ള തിരക്കുമില്ല. ഒപേപ്പറുകളൊക്കെ റെഡിയാണ്. പിറ്റേദിവസം അറിഞ്ഞത്, അവരുടെ മഹല്ലില്‍ മറവ് ചെയ്യാന്‍ പറ്റില്ല, വേറെ മഹല്ലില്‍ മറവ് ചെയ്യണമമെന്നൊക്കെ പറഞ്ഞ് ഇഷ്യൂ ആയിട്ടുണ്ടെന്നാണ്. അന്നവിടെനിന്ന് മയ്യിത്ത് കൊണ്ടുപോവുകയും ചെയ്തു.

കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പൊതുജനങ്ങളില്‍നിന്ന് കിട്ടുന്ന നെഗറ്റീവ് എനര്‍ജി ഭയങ്കരമാണ്. കുടുംബജീവിതത്തെയും വ്യക്തിജീവിതത്തെയുമൊക്കെ ഇത് ബാധിക്കുന്നുണ്ട്. ആശയവിനിമയത്തിലെ പ്രശ്‌നങ്ങളുമാകാം. ജനങ്ങള്‍ക്ക് നല്ല രീതിയില്‍ മനസിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞാല്‍ വല്യ പ്രശ്‌നമുണ്ടാകില്ല. ജോലിയുടെ ഭാഗമാണെങ്കില്‍ പോലും ഇത്രയും റിസ്‌കെടുത്ത് പോസിറ്റീവാണെന്ന് അറിയുന്ന രോഗികളെ നേരിട്ട് കൈകാര്യം ചെയ്ത് സ്വന്തം വീട്ടിലേക്ക് പോകുന്നതും ഈ പ്രശ്‌നങ്ങള്‍ക്കിടയിലാണ്. അതിനുപുറമെ ഗവണ്‍മെന്റിന്റെ സാലറി കട്ടുംമറ്റും വേറെയും. അതെല്ലാം നിലനില്‍ക്കേ തന്നെയാണ് ഈ ആരോഗ്യപ്രവര്‍ത്തകരെല്ലാം ജോലി ചെയ്യുന്നത്. അതെല്ലാം പൊതുജനം അറിയാതെ പോവുകയാണ്. വീട്ടില്‍ മുലകുടി പ്രായത്തിലുള്ള ചെറിയ കുഞ്ഞുങ്ങളുള്ള സ്റ്റാഫ് നേഴ്‌സുമാര്‍പോലും കൂട്ടത്തിലുണ്ട്. ഇവരൊക്കെ വീട്ടിലെത്തുമ്പോഴേക്ക് വളരെ സ്ട്രസ്ഫുള്‍ ആയിരിക്കും.

ഒരു ഓട്ടോ ഡ്രൈവറുടെ അനുഭവമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഒമ്പത് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭിണികള്‍ക്കുള്ള ടെസ്റ്റിനു വേണ്ടി അദ്ദേഹവും ഭാര്യയും ഹോസ്പിറ്റലില്‍ വന്നു. കൈയില്‍ ചെറിയൊരു കുഞ്ഞുമുണ്ട്. അദ്ദേഹത്തിന് വേറെ ആരുമില്ല. ഒറ്റപ്പെട്ട ജീവിതം. യുവതിയുടെ വീട്ടുകാരും മരിച്ചുപോയിട്ടുണ്ട്. റൂട്ടീന്‍ ഭാഗമായി ടെസ്റ്റ് നടത്തിയപ്പോള്‍ ഭാര്യക്ക് പോസിറ്റീവ്. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് എന്ത് വേണമെന്നറിയാതെ തരിച്ച് നില്‍ക്കുകയാണ്. കാരണം ഗര്‍ഭിണിയായി പോസിറ്റീവായാല്‍ ഉടന്‍ മഞ്ചേരിയിലേക്ക് വിടണം. അദ്ദേഹവും ചെറിയ കുട്ടിയുമാണ് കൂടെയുള്ളത്. ആ സമയത്ത് നമ്മള്‍ക്ക് ഭാര്യയെ ആംബുലന്‍സില്‍ കയറ്റി മഞ്ചേരിയിലേക്ക് വിടാമമെന്ന് പറഞ്ഞാല്‍ മതി. പക്ഷേ മാനുഷിക പരിഗണന വെച്ച് ഞങ്ങള്‍ ചെയ്തത്, തത്കാലം ഹോസ്പിറ്റലിലെ ഒരു ഏരിയയില്‍ ഈ സ്ത്രീക്ക് റെസ്റ്റെടുക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യമേര്‍പ്പെടുത്തി. ഭര്‍ത്താവിനോട് വീട്ടില്‍ പോയി സാധനങ്ങളുമായി വരാന്‍ പറഞ്ഞു. അവളുടെ ഒരു ബന്ധുവായ സ്ത്രീയെ കൂട്ടാനും പറഞ്ഞു. ആ ബന്ധുവിന്റെകൂടെ രാത്രി ആംബുലന്‍സില്‍ ഗര്‍ഭിണിയെ മഞ്ചേരിയിലേക്കയക്കുകയും അദ്ദേഹത്തെയും ചെറിയ കുട്ടിയെയും വീട്ടിലേക്കയക്കുകയും ചെയ്തു.

മറ്റൊരവസരത്തില്‍ മാനസികരോഗം, ഓര്‍മക്കുറവ്, നിന്ന നിര്‍ത്തത്തില്‍ മൂത്രമൊഴിക്കുക തുടങ്ങിയ അസുഖങ്ങളുള്ള പ്രായമായ, ഒന്നും സ്വന്തമായി ചെയ്യാന്‍ കഴിയാത്ത ഒരാള്‍. കോവിഡ് ടെസ്റ്റ് നെഗറ്റീവാണ്. അദ്ദേഹത്തിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യുന്ന ഭാര്യക്ക് പോസിറ്റീവും. ആംബുലന്‍സില്‍ ഭാര്യയെ കൂട്ടാന്‍ വേണ്ടി ചെന്നപ്പോള്‍ ഭാര്യ ഒറ്റക്ക് പോരാന്‍ തയാറാകുന്നില്ല. അങ്ങനെ ഭര്‍ത്താവിനെക്കൂടികൂട്ടി ഹോസ്പിറ്റലില്‍ കൊണ്ടുവന്നു. അത് ആകെ പ്രശ്‌നമായി. ഭാര്യയെ ഉള്ളില്‍ കയറ്റുമ്പോള്‍ പറഞ്ഞു, ഇയാള്‍ക്ക് ഒറ്റക്ക് നില്‍ക്കാന്‍ കഴിയില്ല. താഴെ പുരുഷന്മാരുടെ വാര്‍ഡില്‍ അദ്ദേഹത്തെ കിടത്തണം. പക്ഷേ നെഗറ്റീവായ ആളെ പോസിറ്റീവായ ആളുകളുടെ കൂടെ എങ്ങനെ കിടത്തും. ആകെ ആശയക്കുഴപ്പത്തിലായി. അ്‌ദ്ദേഹമാണെങ്കില്‍ ഒറ്റക്ക് ഭക്ഷണം കഴിക്കില്ല. വടി പിടിച്ചേ നടക്കാന്‍ കഴിയൂ. ഒരു കാര്യവും ചെയ്യാന്‍ കഴിയില്ല. പ്രൈമറി കോണ്ടാക്ട് ഉണ്ടെങ്കിലും റില്‍റ്റ് നെഗറ്റീവാണ്. അദ്ദേഹത്തെ ഭാര്യയുടെ അടുത്ത്‌നിന്ന് മാറ്റി. ഞാനെന്തുചെയ്യുമെന്ന് പറഞ്ഞ് ഭാര്യ ഭയങ്കര കരച്ചിലും. ഒടുക്കം അവിടത്തെ സ്റ്റാഫെല്ലാവരുംകൂടി ഭക്ഷണം വാരിക്കൊടുത്തെങ്കിലും അയാള്‍ കഴിക്കുന്നില്ല. അസ്വസ്ഥതയില്‍ നോക്കി നില്‍ക്കുകമാത്രം ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ ആ ഭാര്യയോട് ചോദിച്ചറിഞ്ഞ് കണ്ടെത്തിയ അവരുടെ അടുത്ത ബന്ധുക്കള്‍തന്നെ അദ്ദേഹത്തെ നോക്കാമെന്നേറ്റു. വീണ്ടും ആംബുലന്‍സ് തയാറാക്കി അഡ്മിറ്റ് ചെയ്ത ഭാര്യയെയുംകൂട്ടി ഇയാളെ വണ്ടിയില്‍ കയറ്റി തിരിച്ച് അതേ സ്ഥലത്ത് തന്നെ കൊണ്ടെത്തിച്ചു. അദ്ദേഹത്തെ സെറ്റ്ല്‍ ചെയ്ത ശേഷം ഭാര്യയെ തിരിച്ച് ഹോസ്പിറ്റലില്‍ കൊണ്ടുവന്നു. 108 ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനം എടുത്ത് പറയേണ്ടതാണ്. വളരെയധികം ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരാണവര്‍.

Share this article

About ഡോ. നൂറുദ്ദീന്‍ റാസി

drnoorrazi@gmail.com

View all posts by ഡോ. നൂറുദ്ദീന്‍ റാസി →

Leave a Reply

Your email address will not be published. Required fields are marked *