ഗ്ലോബല്‍ ബുക് ടെസ്റ്റ്

Reading Time: 2 minutes

നബിവായനയുടെ പതിമൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ബുക് ടെസ്റ്റ്. ഓരോ വര്‍ഷവും പുസ്തകത്തിന്റെ തിരഞ്ഞെടുപ്പും നടത്തിപ്പിന്റെ സാങ്കേതികതയും പരീക്ഷയിലെ പങ്കാളിത്തവും കൊണ്ട് ബുക് ടെസ്റ്റ് ശ്രദ്ധേയമാകുന്നു. രണ്ട് വര്‍ഷം മുമ്പാണ് ബുക് ടെസ്റ്റിന് ഗ്‌ളോബല്‍ മാനം വരുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളില്‍ നിന്ന് രിസാലയിലെ ഉള്ളടക്കങ്ങള്‍ ആസ്പദിച്ച് വിജ്ഞാന പരീക്ഷയുടെ സ്വഭാവത്തില്‍ തുടക്കംകുറിച്ച ബുക് ടെസ്റ്റ് പ്രത്യേകം തയാറാക്കുന്ന പുസ്തകങ്ങളെ അധികരിച്ച് വളരെ ഗൗരവത്തോടെയാണ് ഇന്ന് നടക്കുന്നത്.
പ്രവാചക ജീവിതത്തിന്റെ വിവിധ വശങ്ങളെ വളരെ ആഴത്തില്‍ ജനകീയ വായനക്കും പഠനത്തിനും വിധേയമാക്കുന്നു എന്നതാണ് വാര്‍ഷിക ബുക് ടെസ്റ്റിന്റെ പ്രത്യേകത. വിവിധ മതക്കാരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ളവരും ബുക് ടെസ്റ്റില്‍ പങ്കാളികളാകുന്നു. സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ വലിയ ഉത്സാഹത്തോടെയും പ്രാധാന്യത്തോടെയുമാണ് ബുക് ടെസ്റ്റിനെ സമീപിക്കുന്നത്. കേവല പുസ്തകവായന എന്ന തലത്തില്‍ നിന്ന് ഓരോ വര്‍ഷവും തിരഞ്ഞെടുക്കുന്ന പുസ്തക വിഷയത്തെക്കുറിച്ച് കാമ്പറിഞ്ഞ പഠനവും താരതമ്യവും ചരിത്ര വിശകലനവും നടക്കുന്നു എന്നത് സന്തോഷകരമാണ്.
2007ലാണ് ബുക് ടെസ്റ്റിന്റെ ആദ്യ രൂപമായ ഓണ്‍ലൈന്‍ വിജ്ഞാന പരീക്ഷക്ക് നാന്ദി കുറിക്കുന്നത്. രിസാല സ്റ്റഡി സര്‍ക്കിളിന് ഗള്‍ഫ് ഏകോപനം സാധ്യമാക്കിയ വര്‍ഷം കൂടിയായിരുന്നു ഇത്. 2020 ബുക് ടെസ്റ്റോടെ ഗ്‌ളോബല്‍ ആര്‍എസ്‌സി കൂടി യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും അപൂര്‍വം ചില വിദേശ രാജ്യങ്ങളില്‍ നിന്നും മാത്രമാണ് പ്രതിനിധ്യം ഉണ്ടാകാറുള്ളതെങ്കില്‍ ഈ വര്‍ഷം കാനഡ, യുകെ, യുഎസ്, ആസ്‌ട്രേലിയ, ജര്‍മനി, ഫിജി, മാലിദ്വീപ്, മൊസാംബിക് തുടങ്ങി മിക്ക രാജ്യങ്ങളിലും വ്യവസ്ഥാപിതമായി ബുക് ടെസ്റ്റ് നടക്കുന്നു.
മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ധ്വംസിക്കപ്പെടുകയും രാഷ്ട്ര സങ്കല്‍പങ്ങളും ദേശീയതയും ഭരണകൂടങ്ങളുടെ സര്‍വാധിപത്യത്തിന്റെ ഉപാധിയായി മാറുകയും ചെയ്യുന്ന ഈ കാലത്ത് ആര്‍ എസ് സി ഗ്‌ളോബല്‍ ബുക് ടെസ്റ്റിന് തിരഞ്ഞെടുത്ത പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്. ലോകത്താദ്യമായി സമഗ്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന് വേദിയായ പ്രവാചകര്‍ മുഹമ്മദ് നബിയുടെ(സ്വ) അറഫാ പ്രഭാഷണത്തെ മുന്‍നിര്‍ത്തിയാണ് പൊതു വിഭാഗത്തിനുള്ള മലയാളത്തിലെ പുസ്തകം. മര്‍കസ് നോളജ് സിറ്റി അക്കാദമിക് ഡയറക്ടര്‍ ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫിയാണ് രചയിതാവ്.
കുരുന്നു വിദ്യാര്‍ഥികളെ വായനയിലേക്ക് പ്രേരിപ്പിക്കുന്നതിനും പ്രവാചക ജീവിത സന്ദര്‍ഭത്തെ സരളമായി അവതരിപ്പിക്കുന്നതിനും വേണ്ടി ഇംഗ്ലീഷില്‍ രചിക്കപ്പെതാണ് ‘ഇല്ല്യൂമിനേറ്റഡ് ലാറ്റേണ്‍’ എന്ന പുസ്തകം. നൗഫല്‍ അബ്ദുല്‍ കരീം ആണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഈ പുസ്തകം എഴുതിയത്. രണ്ട് പുസ്തകങ്ങളുടെയും പ്രസാധകര്‍ കോഴിക്കോട് ഐപിബിയാണ്(ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോ).
ഓരോ വര്‍ഷവും ബുക് ടെസ്റ്റിന് വേണ്ടി എഴുതപ്പെടുന്ന ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍ ഒരേ സമയം ചരുങ്ങിയത് പത്ത് എഡിഷനുകളിലായി കാല്‍ ലക്ഷത്തിലധികം കോപ്പികള്‍ ഇറങ്ങുന്നു എന്നതാണ് ഇതിന്റെ വ്യാപ്തി. ബുക് ടെസ്റ്റില്‍ പങ്കാളികളാകാന്‍ സന്നദ്ധതയുള്ള ആര്‍ക്കും പോര്‍ട്ടലില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനും ഡിജിറ്റല്‍ പുസ്തകത്തിന് റിക്വസ്റ്റ് ചെയ്യാനും കഴിയും.
രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. പുസ്തകങ്ങളുടെ പിന്‍ഭാഗത്ത് നല്‍കിയ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി പ്രാഥമിക പരീക്ഷയില്‍ പങ്കെടുക്കാം. നവംബര്‍ 16 വരെയാണ് ഇതിന്റെ കാലയളവ്. പ്രാഥമിക പരീക്ഷയില്‍ നിശ്ചിത മാര്‍ക്ക് നേടുന്നവരെ അന്തിമ പരീക്ഷക്ക് പരിഗണിക്കും. നവംബര്‍ 20നാണ് ഫൈനല്‍ പരീക്ഷ. രണ്ടു പരീക്ഷകളും ഓണ്‍ലൈന്‍ ആയാണ് എഴുതേണ്ടത്. നവംബര്‍ 26 ന് പരീക്ഷാ ഫലം പ്രഖ്യാപിക്കും. ഫൈനല്‍ പരീക്ഷയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്ന വിജയിക്ക് 50,000 ഇന്ത്യന്‍ രൂപയും രണ്ടാം സ്ഥാനത്തിന് 25,000 ഇന്ത്യന്‍ രൂപയുമാണ് സമ്മാനം. വിദ്യാര്‍ഥികളില്‍ നിന്ന് ഒന്ന്, രണ്ട് സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 10,000, 5,000 ഇന്ത്യന്‍ രൂപയാണ് സമ്മാനമായി നല്‍കുന്നത്.
മലയാളം പുസ്തകം ആസ്പദിച്ച് പരീക്ഷയെഴുതുന്നവരാണ് ‘ജനറല്‍ വിഭാഗം’. കുട്ടികളില്‍ സ്റ്റുഡന്റ്‌സ്-സീനിയര്‍, സ്റ്റുഡന്റസ് -ജൂനിയര്‍ എന്നിങ്ങനെ രണ്ട് കാറ്റഗറിയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് മാത്രമായി തയാറാക്കിയതാണ് ഇംഗ്ലീഷ് പുസ്തകം. എന്നാല്‍ മലയാളത്തില്‍ പ്രായഭേദമന്യേ പരീക്ഷയെഴുതാനാകും. ബുക് ടെസ്റ്റ് വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനും rsconline.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. $

Share this article

Leave a Reply

Your email address will not be published. Required fields are marked *