പ്രതികാര പ്രണയം

Reading Time: 2 minutes

ഹിജ്‌റ വര്‍ഷം 11. റബീഉല്‍ അവ്വല്‍ 9. തിരുദൂതരുടെ ഒടുവിലത്തെ വെള്ളിയാഴ്ച. ഖുതുബ കഴിഞ്ഞ് റസൂല്‍ മിമ്പറില്‍ തന്നെ ഇരുന്നു. നല്ല ക്ഷീണമുണ്ട്. നന്നേ പണിപ്പെട്ടാണ് അന്നാളുകളില്‍ നബി പള്ളിയിലെത്താറ്. രണ്ടു സ്വഹാബികളെ ഇരു വശങ്ങളിലും നിര്‍ത്തി അവരുടെ തോളില്‍ തൂങ്ങിപ്പിടിച്ചാണ് ആ വരവ്. വരുന്ന വഴികളില്‍ കാലറ്റം വലിച്ചുവന്നതിന്റെ നീണ്ട വരകളുണ്ട്. കരള് കീറുന്ന കാഴ്ചയാണത്. നോക്കി നില്‍ക്കാന്‍ നല്ല മനസുറപ്പ് വേണം. മിമ്പറില്‍ ഇരുന്ന റസൂല്‍ തന്റെ മുഴുവന്‍ അനുചരന്മാരോടുമായി പറഞ്ഞു, ആര്‍ക്കെങ്കില്‍ എന്നോട് പ്രതികാരമുണ്ടെങ്കില്‍ തീര്‍ക്കാനുള്ള സമയമാണിത്. സ്വഹാബികള്‍ വിറങ്ങലിച്ചു. ഈ പ്രണയപൂവിനോട് പ്രതികാരമോ? കണ്ട് കൊതി തീരുന്നില്ലല്ലോ. പിന്നയല്ലേ പ്രതികാരം. പിറകില്‍ നിന്ന് ഉക്കാശ(റ) എഴുന്നേറ്റുനിന്നു. ‘നബിയേ എനിക്ക് തങ്ങളോട് പ്രതികാരമുണ്ട്!’
രൂക്ഷഭാവത്തോടെ സ്വഹാബികള്‍ ഉക്കാശയെ നോക്കി. ഭാവഭേദമില്ലാതെ ഉക്കാശയും. ഉക്കാശയുടെ വഴിതടയരുതെന്ന് മുന്നില്‍ നിന്ന് റസൂല്‍. സ്വഹാബികളുടെ അടക്കിപ്പിടിച്ച രോഷത്തീ ഭേദിച്ച് ഉക്കാശ മുന്നിലെത്തി. എന്തു പ്രതികാരമാണ് നിനക്കുള്ളത്? നബി തിരക്കി. ഉക്കാശ പറഞ്ഞു, ബദ്‌റില്‍ വരിയൊപ്പിക്കുന്ന വേളയില്‍ നിങ്ങളെന്റെ വയറ്റില്‍ കുത്തിയിട്ടുണ്ട്. അതെന്നെ വല്ലാതെ പിന്തുടരുന്നു. ഉക്കാശയെ കേട്ട തിരുദൂതര്‍ രണ്ടുപേരെ തന്റെ വീട്ടിലേക്കയച്ചു. ബദ്‌റിലെ ആ വടി കൊണ്ടുവരാന്‍ അവരോട് ആവശ്യപ്പെട്ടു. വേവുന്ന മനസോടെ അവര്‍ നബിഗൃഹത്തിലെത്തി. മകള്‍ ഫാത്വിമയോട് കാര്യം പറഞ്ഞു. ഫാത്വിമ കേട്ടമാത്രയില്‍ ഞെട്ടി. ഈ വേളയില്‍ പിതാവിനെന്തിനാണ് വടി?
വടിയുമായി അവര്‍ നബിസന്നിധിയില്‍ ആഗതരായി. നബിയോര്‍ ഉക്കാശക്ക് വടി കൈമാറി. ഉക്കാശ ഒന്നുകൂടി ആവശ്യപ്പെട്ടു. എന്റെ കുപ്പായമില്ലാത്ത മേനിയിലാണ് കുത്ത് കിട്ടിയത്. നബിയും കുപ്പായമഴിക്കണം. അനുചരര്‍ നിര്‍നിമേഷരായി രംഗം വീക്ഷിക്കുന്നു. ഉക്കാശക്കിതെന്തു പറ്റി? അവര്‍ ആശ്ചര്യം കൂറി. നബിയോര്‍ കുപ്പായമഴിച്ചു. ഉക്കാശ നബിയോട് അടുത്ത് അടുത്ത് വന്നു. തിരുശരീരത്തെ തൊട്ടുനിന്നു. തുടര്‍ന്ന് ആ പ്രണയഭാജനത്തെ അണച്ചുപിടിച്ചു. തുരുതുരാ ചുംബിച്ചു. കണ്ടവരുടെ കണ്ണില്‍ ആനന്ദക്കണ്ണീര്‍ നിറഞ്ഞു. മുത്ത്‌റസൂല്‍ സന്തോഷം കൊണ്ടു. തന്റെ സ്വര്‍ഗീയ കൂട്ടുകാരനെ നോക്കൂ എന്ന് പറഞ്ഞ് നബിയോര്‍ ഉക്കാശയെ (റ) ചൂണ്ടിക്കാണിച്ചു.
ആദ്യകാലത്ത് തന്നെ ഇസ്‌ലാം ആശ്ലേഷിച്ചവരാണ് ഉക്കാശ (റ). അതിന്റെ പേരില്‍ ശത്രുക്കള്‍ നല്ലോണം അസ്വസ്ഥപ്പെടുത്തി. വളരെ പ്രയാസപ്പെട്ടു. പക്ഷേ വിശ്വാസം കൂടുതല്‍ ദൃഢപ്പെട്ടു. ഒടുവില്‍ മദീനയിലേക്ക് ഹിജ്‌റ പോകാന്‍ നബിയോര്‍ സമ്മതം കൊടുത്തു.
ബദ്‌റ്, ഉഹ്ദ്, ഖന്‍ദഖ് തുടങ്ങിയ യുദ്ധങ്ങളില്‍ നബിയോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ബദ്‌റ് യുദ്ധവേളയില്‍ ഉക്കാശയുടെ (റ) വാള്‍ മുറിഞ്ഞു. അപ്പോള്‍ മുത്തുനബി ഒരു വടിയെടുത്ത് അദ്ദേഹത്തിന് കൊടുത്തു. ആ വടി മൂര്‍ച്ചയുള്ള വാളായി മാറി. തിളങ്ങുന്ന ഇരുമ്പ് ഖഡ്ഗം. പിന്നീടുള്ള യുദ്ധങ്ങളിലെല്ലാം ഉക്കാശക്ക് ആ വാള്‍ തന്നെ മതിയായിരുന്നു. ഉക്കാശയുടെ (റ) വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബം ആ ഉപഹാരഖഡ്ഗം സൂക്ഷിച്ചിരുന്നെന്നാണ് ചരിത്രം.
ഒരിക്കല്‍ നബിതിരുമേനി (സ്വ) സ്വര്‍ഗസ്ഥരാകുന്ന ഒരു കൂട്ടത്തെ സംബന്ധിച്ച് പറഞ്ഞു. അത് കേട്ട ഉക്കാശ(റ) ഞാനതിലുണ്ടോ എന്നാരാഞ്ഞു. ഇത് കണ്ട് വേറൊരാള്‍ അത് തന്നെ ചോദിച്ചു. നബി (സ്വ) പറഞ്ഞു; ‘ഉക്കാശ മുന്‍കടന്നിരിക്കുന്നു.’ (സബഖക ബിഹാ ഉക്കാശ). ഇത് കേട്ടതിന് പിറകെ ശഹീദാകാനുള്ള മോഹത്തോടെയാണ് ഉക്കാശ(റ) ഓരോ നേരവും കഴിച്ചുകൂട്ടിയത്. ഒടുവില്‍ ഖാലിദ് ബിന്‍ വലീദിന്റെ (റ) കൂടെയുള്ള ഒരു ജിഹാദില്‍ ഉക്കാശ (റ) രക്തസാക്ഷിയായി.
സുന്ദരനും ധീരനുമായിരുന്നു ഉക്കാശ(റ). നല്ല ബുദ്ധിശാലിയും. ഹിജ്‌റ 11 ല്‍ 45-ാം വയസിലായിരുന്നു രക്തസാക്ഷ്യം.

Share this article

About മാസിന്‍ സിദ്ദീഖ്

View all posts by മാസിന്‍ സിദ്ദീഖ് →

Leave a Reply

Your email address will not be published. Required fields are marked *