ഒട്ടകം മരുഭൂമിയിലെ പ്രണയം

Reading Time: 2 minutes

പശു ഒരു സാധു മൃഗമാണെന്ന് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള. എന്നാല്‍ അതിലും വലിയ സാധുവാണ് ഒട്ടകം.
ആദ്യമൊക്കെ സ്‌ക്രീനിലായിരുന്നു ഞാന്‍ ഒട്ടകത്തെ കണ്ടത്. പിന്നെ സര്‍ക്കസ് കൂടാരങ്ങളില്‍. നാടുവിട്ട് അറേബ്യന്‍ മണലാരണ്യത്തിലെത്തിയപ്പോഴാണ് ഒട്ടകങ്ങളെ അടുത്തുനിന്നു കൂട്ടമായി കണ്ടത്. ഗുജറാത്തിലെ കച്ചിലും രാജസ്ഥാന്‍ മരുഭൂമിയിലും ഒട്ടകങ്ങള്‍ ധാരാളം. അവരുടെ അന്നവും വെള്ളവുമാണ് ഒട്ടകം. കാര്‍ഷികാഭിവൃര്‍ദ്ധിയില്‍ നമ്മള്‍ കാളകളെ ഉപയോഗിക്കുംപോലെ അവര്‍ ഒട്ടകങ്ങളെ ഉപയോഗിക്കുന്നു.
അല്‍ഐന്‍ ദുബായ് റോഡിലെ മിക്ക വാഹനാപകടങ്ങളുടെയും കാരണം ഒട്ടകമാണെന്ന് പറയപ്പെടുന്നു. കൂട്ടമായി മേയുന്നതിനിടയില്‍ കുറുകെ ചാടുന്നതുകൊണ്ട്. ഇപ്പോള്‍ ഇത്തരം അപകടങ്ങള്‍ കുറവാണ്. റോഡിനിരുവശത്തും കമ്പിവേലികള്‍ പണിതിട്ടുണ്ട്.
ഞാനിതുവരെ ഒട്ടകപ്പുറത്ത് സഞ്ചരിച്ചിട്ടില്ല. ഒട്ടകപ്പാല്‍ കുടിച്ചിട്ടില്ല. പഴയ രാജകുമാരന്റെയും രാജകുമാരിയുടെയും കഥകളില്‍ ഒട്ടകമായിരുന്നു അവരുടെ പ്രധാന വാഹനം. പ്രണയത്തിന്റെ സഞ്ചാരി. മിക്ക പ്രണയ കഥകളിലും ഒട്ടകം മേയുന്നുണ്ട്; മണലാരണ്യത്തിലെ കപ്പലായി. കാമുകീകാമുകന്മാര്‍ പ്രണയം കുടിക്കുമ്പോള്‍ എത്ര കാലം വേണമെങ്കിലും ഒന്നും കുടിക്കാതെ ഒട്ടകം ജീവിക്കും. അതാണ് മരുഭൂമിയിലെ കപ്പല്‍. സ്‌നേഹമുള്ള മൃഗം.
ഒട്ടകപ്പാലിന് കൊഴുപ്പു കൂടുതലാണ്. അരിച്ചരിച്ച് അതിന്റെ പതയാണ് ആദ്യം കുടിക്കുക. ഏറെ സംശുദ്ധമായ പാലിന് ഒരുപാട് ഔഷധ ഗുണങ്ങളുണ്ട്. ഇറച്ചിക്കും ഏറെ രുചിയാണ്. ഉണക്ക റൊട്ടിയും പഴയ കുബ്ബൂസും പുല്ലുമാണ് തീറ്റ. അത് ശേഖരിക്കുന്ന പല അറബികളെയും എനിക്ക് പരിചയമുണ്ട്. ഇതില്‍ ബദുക്കളാണ്(പൗരാണികര്‍) ഏറെയും.
ഗള്‍ഫ് ജീവിതത്തിന്റെ ആദ്യകാലത്ത് കഴുതപ്പുറത്ത് വെള്ളം, മണ്ണെണ്ണ വില്‍ക്കുന്നവരെ കണ്ടതായി ഓര്‍ക്കുന്നു. ഒട്ടകം ഇതിനായി ഉപയോഗിച്ചിരുന്നോ എന്നറിയില്ല. എന്നാല്‍ പാര്‍ക്കിലും ബീച്ചിലുമൊക്കെ ഒട്ടകസവാരി ചെയ്യുന്ന കുടുംബങ്ങളെയും കുട്ടികളെയും കണ്ടിരുന്നു. ശാബിയകള്‍ (ഗ്രാമപ്രദേശം) നഗരവത്കരണത്തോടെ കഴുതകളെയും മണ്ണെണ്ണക്കാരെയും കാണാനില്ലാതായി. അപ്പോഴേക്കും വെള്ളവും വെളിച്ചവും ധാരാളം ഉത്പാദിപ്പിക്കപ്പെട്ടു. കുതിരപ്പന്തയം, കാളമത്സരംപോലെ ക്യാമല്‍ റൈസും പഴയ തലമുറക്കും പുതിയ തലമുറക്കും ഒരുപോലെ ഇഷ്ട വിനോദമാണ്.
ജമാലിന്റെ പഴയ കഥകളിലൊക്കെ ഒട്ടകമാണ് നായകന്‍. ജമാല്‍ എന്നല്ല അയാളുടെ ശരിയായ പേര്. പേര് മറ്റെന്തോ ആണ്. മാമയാണ് ആ പേരിട്ടത്. അറബിയില്‍ ഒട്ടകത്തിന്റെ വിളിപ്പേര് ജമല്‍ എന്നാണ്. പണ്ട് വിസയും പാസ്‌പോര്‍ട്ടുമില്ലാതെ മണലാരണ്യത്തില്‍ എത്തിപ്പെട്ടതാണ് ജമാല്‍. ജമാലിന് മലയാളമല്ലാതെ മറ്റു ഭാഷ ഇല്ല. ഉടുത്ത ലുങ്കിയും കുപ്പായവുമല്ലാതെ വേറെ വേഷമില്ല. എന്നാല്‍ എല്ലാം ഉണ്ടായത് മാമ വഴിയാണ്. ഏഴോളം ഒട്ടകങ്ങളും അതിലേറെ ആടുമാടുകളും കോഴികളും മാമക്ക് ഉണ്ട്. അതിന്റെയൊക്കെ ഇടയനാണ് ജമാല്‍. മാമയുടെ മക്കളെല്ലാം പിന്നീട് വലിയ ഉദ്യോഗസ്ഥരായി. അവരോടൊപ്പം ജമാലിന്റെ രണ്ടു മക്കളും ജോലി ചെയ്യുന്നു. എല്ലാം ഒട്ടകജീവിതംകൊണ്ട് നേടിയത്. മാമയുടെ മക്കളും ജമാലും കളിക്കൂട്ടുകാരാണ്. മരുഭൂമിയാണ് അവരുടെ കളിസ്ഥലം. തലകുത്തി മറിയാന്‍ തോടുകളോ ഊഞ്ഞാലു കെട്ടാന്‍ വലിയ മാവിന്‍കൊമ്പോ ഇല്ലാത്ത കാലം. എന്തില്ലെങ്കിലും ജമാലിന് ഒരിക്കലും മാമയെ മറക്കാനാവില്ല. വഴിയരികില്‍ തളര്‍ന്നു കിടക്കുമ്പോള്‍ പഴയ ബ്രിട്ടീഷ് ജീപ്പ് വന്നു നില്‍ക്കുന്നു. കയറാന്‍ പറയുന്നു. ജമാല്‍, ജമാല്‍ എന്നു വിളിക്കുന്നു. എന്റെ പേര് ജമാലല്ലെന്നു പറയാന്‍ കഴിയുന്നില്ല. തൊണ്ടയില്‍ ശബ്ദമല്ലാതെ ഭാഷ പുറത്തേക്കു വരുന്നില്ല. ജീപ്പ് മരുഭൂമിയിലൂടെ പായുകയാണ്. ദൂരെ, ദൂരെ മണല്‍ക്കാടും കുന്നും കടന്ന് ഒരു പുരാതനമായ കുടിലില്‍ എത്തിച്ചേരുന്നു. ഈത്തപ്പഴത്തിന്റെ ഓലകൊണ്ടുണ്ടാക്കിയതാണ്. ആടുകളും ഒട്ടകങ്ങളും ബദുക്കളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം. പതിയെ ജമാലും മാമക്ക് മറ്റൊരു മകനായി. അവന്‍ അവിടെ വളര്‍ന്നു. ജീവിതം വളര്‍ന്നു. ചുറ്റുപാടുകള്‍ വളര്‍ന്നു.
ഒരിക്കല്‍ ഉണ്ണിയും സലീമും കൂടി സിനിമ കാണാന്‍ പോയപ്പോള്‍ വഴിയരികില്‍ രണ്ട് ഒട്ടകങ്ങള്‍. അവര്‍ നടക്കുമ്പോള്‍ ഒട്ടകങ്ങളും നടക്കുന്നു. അവര്‍ ഓടുമ്പോള്‍ ഒട്ടകങ്ങളും ഓടുന്നു. ഒടുവില്‍ ഒരു ടാക്‌സിക്കാരന്‍ വന്നു അവരെ രക്ഷിച്ച കഥയും ജമാലിന്റെ ഡയറിയിലുണ്ട്. അന്ന് ടാക്‌സിക്കാരന്‍ അവിടെ എത്തിയില്ലായിരുന്നെങ്കില്‍, എങ്കില്‍ ഉണ്ണിയും സലീമും പിന്നെ ഉണ്ടാകുമായിരുന്നില്ല. ഒരുപക്ഷേ, ഒട്ടകങ്ങളുടെ ഇക്കിളിനേരത്തായിരിക്കുമോ അവര്‍ അതിനെ മറികടന്നിരിക്കുക? ഇത് കേള്‍ക്കാനിടയായ കഥാകൃത്ത് പിറ്റേന്ന് ഒരു കഥ എഴുതി.
കഥയില്‍ ചോദ്യമില്ലല്ലോ. ഓരോരോ സങ്കല്പങ്ങള്‍. ഏത് സങ്കല്പമായാലും ഒട്ടകം ഒരു സാധു മൃഗമാണ്. മരുഭൂമിയിലെ കപ്പല്‍.

Share this article

About സുറാബ്

surab@ymail.com

View all posts by സുറാബ് →

Leave a Reply

Your email address will not be published. Required fields are marked *