കോപം, ക്രോധം, വിപ്ലവം

Reading Time: 2 minutes

മിക്കപ്പോഴും കോപിച്ചുകൊണ്ടിരുന്ന അച്ഛന്റെ മുഖം ഓര്‍മയുണ്ട്. കുട്ടിക്കാലത്താണത്. എനിക്ക് അഞ്ചു വയസായപ്പോള്‍ അച്ഛന്‍ പോസ്റ്റോഫീസ് ഗുമസ്തനായി. വലിയൊരു കുടുംബത്തിന്റെ ഭാരം അച്ഛന്റെ ചുമലിലുണ്ടായിരുന്നു. കിട്ടുന്ന ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെട്ടിരുന്ന അച്ഛന്റെ രോഗത്തിന്റെ കാരണം അതായിരുന്നുവെന്ന് പില്‍ക്കാലത്ത് ഞാന്‍ മനസിലാക്കി. അക്കാലത്ത് ചില ഉദരരോഗങ്ങളും അച്ഛന് ഉണ്ടായിരുന്നതായി അറിയാം. അദ്ദേഹത്തോട് സംസാരിക്കാന്‍ തന്നെ പേടിയായിരുന്നു. എപ്പോഴാണ് രോഷം അണപൊട്ടി ഒഴുകുന്നതെന്നു പറയാന്‍ പറ്റില്ല.
എന്റെ കൗമാരക്കാലത്തെ അച്ഛന്റെ പോസ്റ്റോഫീസ് യാത്രകള്‍ ഓര്‍മ വരുന്നു. പെന്‍ഷന്‍ പറ്റുന്നതിനു മുമ്പ് അച്ഛന്‍ ജോലി ചെയ്തിരുന്നത് ആനക്കര പോസ്റ്റോഫീസിലാണ്. അങ്ങോട്ട് ബസ് സൗകര്യമില്ല. പട്ടാമ്പി റോഡില്‍ നീലിയാട് എന്ന സെന്ററിലിറങ്ങി മൂന്നു കിലോമീറ്ററോളം നടക്കണം. അച്ഛന്‍ നടന്നുതന്നെ പോയി. ചിലപ്പോഴൊക്കെ വീട്ടില്‍ നിന്നിറങ്ങി ബസ് പിടിക്കാന്‍ നില്‍ക്കാതെ ആനക്കര വരെ നടക്കും. അപ്പോള്‍ മൊത്തം ഏഴു കിലോമീറ്ററോളം വരും. അച്ഛന് നേരത്തെ പ്രാതലൊരുക്കാനും ഉച്ചഭക്ഷണം കൊണ്ടുപോകാനുമൊക്കെയായി വെളുക്കുംമുമ്പ് അമ്മ അടുക്കളയില്‍ കയറും. കാലാവസ്ഥ മാറുമ്പോള്‍ അച്ഛന് പനിയും കഫക്കെട്ടും വരും. പോസ്റ്റോഫീസില്‍ നിന്ന് ലീവ് കിട്ടാന്‍ പ്രയാസമായിരുന്നു. രോഗവും വെച്ചുകൊണ്ടാണ് അദ്ദേഹം ജോലിക്ക് പോയിരുന്നതെന്നറിയാം.
അമ്മയും ദേഷ്യം വരുന്ന സ്വഭാവക്കാരിയായിരുന്നു. വീട്ടിലാണെങ്കില്‍ ഒരുപാട് അംഗങ്ങള്‍. അച്ഛന്റെ ശമ്പളം കൊണ്ട് എല്ലാവര്‍ക്കും വെച്ചു വിളമ്പാന്‍ അമ്മ പ്രയാസപ്പെട്ടു. അമ്മയുടെ ദേഷ്യത്തിന്റെ കാരണം അതായിരുന്നു. എന്നാല്‍ ജീവിത പ്രയാസങ്ങള്‍ മറികടന്നപ്പോള്‍ അച്ഛന്റെയും അമ്മയുടെയും രോഷത്തിന് ശമനമായി.
പില്‍ക്കാലം ഞാന്‍ ഇത്തരം രോഷത്തിന്റെ കാരണം വിലയിരുത്തി. അതൊട്ടും വൈയക്തികമായിരുന്നില്ല. കുടുംബപരവും സാമൂഹികവുമായ കാരണങ്ങളാലായിരുന്നു. അന്നത്തെ സാമൂഹികചുറ്റുപാടില്‍ മാറ്റം വരികയും സാമ്പത്തികസ്ഥിതി മാറുകയും ചെയ്തപ്പോള്‍ രോഷം മാറാന്‍ കാരണം അതാണ്.

നവരസങ്ങള്‍ കൊണ്ട് സമ്പന്നമാണ് മനുഷ്യജീവിതം. പ്രകൃതിയുടെ ഭാവവൈവിധ്യങ്ങളില്‍ കാണുന്ന മാറ്റം മനുഷ്യഭാവങ്ങളിലും പ്രകടമാണ്. സാത്വികഭാവമാണ് ഉജ്വലമെന്ന് സന്ന്യാസികള്‍ക്കു പറയാം. പക്ഷേ ഗൃഹസ്ഥാശ്രമിക്ക് അത് സാധ്യമല്ല. ശൃംഗാരമാണ് രസരാജനെന്ന് ആചാര്യന്‍മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അതിന്റെ കാരണം ശൃംഗാരമാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്നതുകൊണ്ടാണ്. പ്രണയവും രതിയും പിറവികളും ഒക്കെ വേണമല്ലോ ജീവജാലങ്ങള്‍ക്ക്. ഇല്ലെങ്കില്‍ ജീവികുലം കുറ്റിയറ്റുപോകില്ലേ? ഇന്ദ്രിയങ്ങളെ അടക്കി സംയമനം പാലിക്കണമെന്ന് ഋഷിതുല്യരായ മനുഷ്യര്‍ക്കു പറയാന്‍ സാധിക്കും. പക്ഷേ സാധാരണക്കാര്‍ക്ക് സാധിക്കില്ല. യഥാര്‍ഥ മനുഷ്യപ്രകൃതി ഉജ്വലമായി മാറുന്നത് രസങ്ങള്‍ മാറിമാറി പ്രത്യക്ഷപ്പെടുമ്പോഴാണ്.
മനുഷ്യന്റെ സ്വഭാവം, പെരുമാറ്റ രീതികള്‍ എന്നിവയെല്ലാം വളരെ സാമൂഹികമാണ്, പാരിസ്ഥിതകവുമാണ്. പ്രകൃതി പ്രതിഭാസങ്ങളെല്ലാം മനുഷ്യന്റെ സ്വഭാവത്തെ സ്വാധീനിക്കും. ഉഷ്ണരാജ്യങ്ങളിലും ശൈത്യരാജ്യങ്ങളിലുമെല്ലാമുള്ള മനുഷ്യരുടെ സ്വഭാവരീതികള്‍ ഒരേ തരത്തിലുള്ളതല്ല. അതുപോലെ തന്നെയാണ് സാമൂഹികബന്ധങ്ങളും. മഹാമാരികള്‍, വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവയെല്ലാം മനുഷ്യന്റെ സ്വഭാവത്തേയും പെരുമാറ്റരീതികളേയും സ്വാധീനിക്കുന്നുണ്ട്.
ക്ലോസ്ട്രോഫോബിയ (Claustrophopia) എന്നൊരു മാനസികാവസ്ഥയുണ്ട്. ഏകാന്തത ഉണ്ടാക്കുന്ന ഒരുതരം മനോവിഭ്രാന്തിയാണത്. അകാരണമായ ഭീതി, വിഷാദം എന്നിവയൊക്കെ ഈ രോഗത്തിന്റെ പ്രകടനങ്ങളാണ്. ചിലപ്പോള്‍ പാനിക് അറ്റാക്ക് (Panic Attack) വരെയാവാം. അംബരചുംബികളായ കെട്ടിടങ്ങളുടെ ഏറ്റവും മുകളിലത്തെ നിലയില്‍ സമൂഹവുമായി ബന്ധമൊന്നുമില്ലാതെ കഴിയുന്ന വൃദ്ധജനങ്ങള്‍ക്ക് ഈ മാനസികരോഗമുണ്ടാകാം.
ഇതിനു സമാനമാണ് കാബിന്‍ ഫീവര്‍ (Cabin Fever) എന്ന മാനസികാവസ്ഥ. സത്യത്തില്‍ ഇതൊരു രോഗമൊന്നുമല്ല. കടുത്ത ഏകാന്തത സൃഷ്ടിക്കുന്ന ഒരു മാനസികാവസ്ഥയാണ്. ഭ്രാന്തിന്റെ ലക്ഷണങ്ങളൊക്കെ കാണിച്ചെന്നിരിക്കും. മാര്‍കേസിന്റെ നോവലിലൊക്കെ കാബിന്‍ഫീവറിന്റെ പരാമര്‍ശങ്ങളുണ്ട്.

കോവിഡ് മഹാമാരിയുടെ കാലത്ത് പലതരത്തിലുള്ള മാനസിക വിഭ്രാന്തികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ധാരാളം ആളുകള്‍ക്ക് ജീവനോപാധികള്‍ നഷ്ടപ്പെട്ടതിനാല്‍ വിഷാദം ബാധിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമായ പ്രശ്നങ്ങളുണ്ടായി. കോപവും മാനസിക പിരിമുറുക്കത്തിന്റെ സൃഷ്ടിയാണ്. സ്‌കൂള്‍ തുറക്കാനാകാതെ വീട്ടില്‍ അകപ്പെട്ട കുട്ടികള്‍ നിരന്തരമായി രക്ഷിതാക്കളോട് കോപിക്കുന്നു. സൂക്ഷ്മമായി നോക്കിയാല്‍ അവര്‍ കലഹിക്കുന്നത് മനുഷ്യജീവിതം താറുമാറാക്കിയ വൈറസിനോട് തന്നെയാണ്. ഇക്കാലത്ത് കുട്ടികളിലും മാനസിക പിരിമുറുക്കം കൂടുതലാണ്.
കോവിഡ് കാലത്തെ മാനസിക പ്രശ്നങ്ങള്‍ നഗരങ്ങളിലാണ് കൂടുതല്‍. നഗരങ്ങളാണ് അടക്കപ്പെട്ടത്. ഗ്രാമങ്ങളില്‍ സാമൂഹിക ബന്ധങ്ങള്‍ക്ക് കൂടുതല്‍ ഊഷ്മളതയുണ്ട്. വിനിമയത്തിനുള്ള സാധ്യതയും കൂടുതലാണിവിടെ.
കോപം എന്നതിന് രോഷം എന്നൊരു പര്യായം കൂടി നാം കല്‍പിച്ചുകൊടുക്കാറുണ്ട്. രോഷം എന്നത് വ്യക്തിപരം എന്നതിലുപരി സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുള്ളതാണ്. കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളോടെ രോഷം പ്രകടിപ്പിക്കുമ്പോള്‍ അത് വിപ്ലവത്തിലേക്ക് നയിക്കുന്നത് കാണാം. അനീതി നിറയുന്ന സ്ഥലങ്ങളിലൊക്കെ അതിനെതിരെ രോഷമുണ്ടാവണം. ഇല്ലെങ്കില്‍ ജനത അടിമകളായി മാറും. രോഷമെന്നത് രാഷ്ട്രീയ പ്രതിരോധ ആശയമായി രൂപംകൊള്ളുന്നു എന്നര്‍ഥം. അരികുവത്കരിക്കപ്പെട്ട സമൂഹത്തിലൊക്കെ തങ്ങളുടെ അരികുവത്കരണത്തിനു കാരണമായ വ്യവസ്ഥക്കെതിരെ രോഷമുണ്ടാകും. രോഷാകുലരായ ജനതയുടെ കലാപങ്ങള്‍ രൂപപ്പെട്ടു വരും. ഇത്തരം ഘട്ടങ്ങളില്‍ ജനതക്ക് ശമനം നല്‍കണമെങ്കില്‍ ഭരണകൂടം ജനങ്ങള്‍ക്ക് അനുകൂലമാകണം.
ഇന്ത്യയില്‍ രോഷത്തിന് അസാധാരണമായ രാഷ്ട്രീയമാനമുണ്ടാകുന്നത് സ്വാതന്ത്ര്യ സമരവേളയിലാണ്. പിന്നീട് പല കാലഘട്ടങ്ങളില്‍ ഭരണകൂടത്തിനെതിരെ രോഷങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. നല്ല മാനസികാരോഗ്യമുള്ള ജനതക്കേ രാഷ്ട്രീയമായി രോഷാകുലരാകാന്‍ സാധിക്കുകയുള്ളൂ. രോഷമില്ലെങ്കില്‍ ജനാധിപത്യത്തിന്റെ വാതിലുകള്‍ അടയും.
ജോണ്‍ സ്റ്റീന്‍ബക്ക് എന്ന അമേരിക്കന്‍ എഴുത്തുകാരന്റേതായി 1939ല്‍ പുറത്തുവന്ന നോവലിന്റെ പേര് ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍ എന്നാണ് (The grapes of wrath). കുടിയേറ്റ കര്‍ഷകരുടെ ദയനീയ ജീവിതം ആവിഷ്‌കരിച്ച നോവലാണിത്. രോഷമെന്നത് ക്രോധമായി മാറുകയാണ് ഈ കൃതിയില്‍. വിപ്ലവ ആശയങ്ങള്‍ നിറഞ്ഞതുകൊണ്ട് മുതലാളിത്തത്തിന്റെ വക്താക്കള്‍ ഈ കൃതിയെ അംഗീകരിച്ചില്ല. കോപം ക്രോധമാകുമ്പോഴൊക്കെ രാഷ്ട്രത്തിന്റെ ഗതി മാറ്റിയ വിപ്ലവങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Share this article

About പി. സുരേന്ദ്രന്‍

View all posts by പി. സുരേന്ദ്രന്‍ →

Leave a Reply

Your email address will not be published. Required fields are marked *