ഒട്ടകം മഹാ വിസ്മയം

Reading Time: 4 minutes

വിശുദ്ധ ഖുര്‍ആന്‍ ഒട്ടക സൃഷിടിപ്പിനെ ഗവേഷണ മനസോടെ സമീപിക്കാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍ രഹസ്യങ്ങളുണ്ട്. ഇതര മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി അദ്ഭുതങ്ങളുടെ കലവറ ചുമന്നുനടക്കുന്നവയാണ് ഒട്ടകങ്ങള്‍.
പരമാവധി അമ്പത് വര്‍ഷത്തെ ആയുസാണ് ഒട്ടകത്തിന് കണക്കാക്കുന്നത്. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു ഒട്ടകത്തിന് 2.15 മീറ്റര്‍ നീളമുണ്ടാവും.
മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗതയിലും 500 കിലോഗ്രാം ഭാരം വഹിച്ച് മണിക്കൂറില്‍ 18 കിലോമീറ്റര്‍ വേഗതയിലും പതിനെട്ടു മണിക്കൂര്‍ തുടര്‍ച്ചയായി നടക്കാനും ഒട്ടകത്തിന് കഴിയും.
മരുഭൂമിയിലെ നീണ്ട യാത്രക്കനുയോജ്യമായ ശാരീരിക പ്രകൃതിയുള്ള ഒട്ടകത്തിന്റെ നടത്തം ഇതര ജീവികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഒട്ടകം നടക്കുമ്പോള്‍ മുന്നിലെ വലതു കാലിനൊപ്പം പിന്നിലെ വലതു കാലും ഇടതുകലിനൊപ്പം ഇടതുകാലുമാണ് മുന്നോട്ടു വെക്കുന്നത്. മറ്റുള്ളവ നടക്കുമ്പോള്‍ മുന്നിലെ വലതു കാലിനൊപ്പം പിന്നിലെ ഇടതുകാലാണ് മുന്നോട്ടു വെക്കുക. രണ്ടുകുളമ്പുകളുള്ള ജീവികളുടെ പാദങ്ങള്‍ വേര്‍തിരിഞ്ഞതുപോലെ ഒട്ടകത്തിന്റെ പാദങ്ങള്‍ നിശ്ശേഷം വേര്‍പിരിഞ്ഞിട്ടില്ല. കാലിനടിയിലെ പരന്ന ചര്‍മങ്ങള്‍ മണലില്‍ താഴ്ന്ന് പോകാതിരിക്കാന്‍ സഹായിക്കുന്നു.
മരുഭൂമിയില്‍ യഥേഷ്ടം ലഭ്യമാകുന്ന മുള്‍ച്ചെടികള്‍ ഭക്ഷിക്കാന്‍ പര്യാപ്തമായ രൂപത്തില്‍ മേല്‍ ചുണ്ടുകള്‍ രണ്ടായി പിളര്‍ന്നതാണ് വായ്ഭാഗം. ആഹാര ശേഖരണത്തിനും ദഹിപ്പിക്കുന്നതിനാവശ്യമായ ദ്രവത്തിനും ദഹിപ്പിക്കുന്നതിനുമായി മൂന്ന് അറകളായാണ് വയറ്.
ഒട്ടകത്തിന്റെ കണ്ണുകള്‍ അതിശയിപ്പിക്കുന്നവയാണ്. സൂര്യകിരണങ്ങളില്‍നിന്നും മണല്‍ കാറ്റില്‍ നിന്നും കണ്ണുകള്‍ക്കു പൂര്‍ണ സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നീണ്ട പുരികങ്ങളുള്ള രണ്ടു നിര പീലികളോട് കൂടിയ കട്ടിയുള്ള വലിയ കണ്‍പോളകളാണ് ഇവക്കുള്ളത്.
നാസികാ ദ്വാരങ്ങള്‍ ഇഷ്ടാനുസാരം തുറക്കാനും അടക്കാനും കഴിയുന്നവയാണ്. ശ്വാസകോശത്തില്‍ മണല്‍ പ്രവേശിക്കുന്നതിന് തടയാന്‍ ഇത് സഹായിക്കുന്നു.
ഒട്ടകത്തിന്റെ മുഴുവന്‍ കൊഴുപ്പും സംഭരിക്കുന്നത് പൂഞ്ഞയിലാണ്. 25 കിലോഗ്രാം വരെ കൊഴുപ്പ് ഇതില്‍ സംഭരിച്ചുവെക്കുന്നു. വെള്ളം ലഭിക്കാതെ വരുമ്പോള്‍ ഇതില്‍ നിന്നും വെള്ളം ഉത്പാദിപ്പിക്കപ്പെടുന്നു.ഒറ്റ തവണ 15 ലിറ്റര്‍ വെള്ളം വരെ അകത്താക്കാന്‍ ഒട്ടകത്തിന് കഴിയും. മറ്റു സസ്തനികള്‍ക്ക് 20 ശതമാനം ജലം നഷ്ടമായാല്‍ ജീവഹാനി സംഭവിക്കുമെങ്കില്‍ ശരീര ഭാരത്തിന്റെ 40 ശതമാനം വരെ ജലനഷ്ടം താങ്ങാനുള്ള ശേഷി ഒട്ടകത്തിനുണ്ട്. കഠിനമായ ശൈത്യോഷ്ണ കാലവസ്ഥയില്‍ സംരക്ഷണ കവചമായി കട്ടിയുളള രോമങ്ങളും മണല്‍താപമേല്‍ക്കാന്‍ സഹായിക്കുന്ന കാലില്‍ കട്ടിയുളള ചര്‍മങ്ങളും ഒട്ടകത്തിനുണ്ട്.

ആഫ്രിക്കയിലും പശ്ചിമേഷ്യയിലും കാണപ്പെടുന്ന ഡ്രോമിഡറി എന്ന അറേബ്യന്‍ ഒട്ടകങ്ങള്‍ക്ക് ഒറ്റക്കൂനും കിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന ബാക്ട്രിയന്‍ ഒട്ടകങ്ങള്‍ക്ക് രണ്ട് കൂനുമാണുള്ളത്. ഇവക്കിപ്പോള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു അറേബ്യന്‍ ആണ്‍ ഒട്ടകത്തിന്റെ ശരീര ഭാരം ഏകദേശം 300 മുതല്‍ 400 കിലോഗ്രാം വരെയാണ്.
കുവൈത്തിന്റെ ദേശീയ മൃഗം ഒറ്റക്കൂനുള്ള ഒട്ടകമാണ്. ഒട്ടകം എന്നര്‍ഥമുള്ള ജമല്‍ എന്ന അറബി പദമാണ് ക്യാമല്‍ എന്ന ഇംഗ്ലീഷ് പദത്തിനാസ്പദം.
അത്യാധുനിക യന്ത്രവത്കൃത വാഹനങ്ങളെയും കപ്പലുകളേയും വെല്ലുന്ന ശേഷികളും സവിശേഷതകളുമടങ്ങുന്ന ഏക സസ്തനിയാണ് ഒട്ടകം. പൊള്ളുന്ന മണല്‍പ്പരപ്പില്‍ പ്രതികൂല കാലാവസ്ഥയെ അതിജയിക്കാനുള്ള ശേഷിയും വിസ്മയിപ്പിക്കുന്ന ശരീരഘടനയും അന്വര്‍ഥമാക്കുന്നതാണ് മരുക്കപ്പല്‍ എന്ന വിശേഷണം.
ഒട്ടകത്തിന് പ്രത്യേക പരിഗണന നല്‍കുന്ന അറേബ്യന്‍ രാജ്യങ്ങളില്‍ ഒട്ടകത്തിനെ അനുമതിയില്ലാതെ കൊല്ലുന്നതും വാഹനമിടിച്ചു പരിക്കേല്‍പ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്.
ഇരിക്കുന്ന അവസ്ഥയില്‍ ഇണചേരുന്ന ഏക അംഗുലേറ്റയാണ് ഒട്ടകം. ഇണചേരുന്നത് മറ്റുള്ളവര്‍ കാണുന്നത് ഒട്ടകം ഇഷ്ടപ്പെടുന്നില്ലെന്നും ആരെങ്കിലും നോക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അയാളെ വധിക്കാനുള്ള കലി ഒട്ടകത്തിനുണ്ടാവുമെന്നുമാണ് പറയപ്പെടുന്നത്.
1983ലെ സെന്‍സസ് പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഒട്ടകങ്ങളുള്ളത് സോമാലിയയിലാണ്. ഇന്ത്യയില്‍ 15 ലക്ഷത്തോളം ഒട്ടകങ്ങളുണ്ട്. 75 ശതമാനവും രാജസ്ഥാനിലാണുള്ളത്.
മിസ് ക്യാമല്‍ എന്ന പേരില്‍ ലോക ഒട്ടക സൗന്ദര്യമേള സഊദി അറേബ്യയിലെ റിയാദില്‍ നടന്നുവരുന്നു. മില്യന്‍ കണക്കിന് ഡോളറുകളും കിങ് അബ്ദുല്‍ അസീസ് അവാര്‍ഡുമാണ് സമ്മാനമായി നല്‍കാറുള്ളത്. കോടികള്‍ മുടക്കി നടക്കുന്ന പരിപാടിയില്‍ സ്വദേശികളും വിദേശികളുമായി പതിനായിരങ്ങള്‍ സംബന്ധിക്കാറുണ്ട്. സൗന്ദര്യമുള്ള എണ്ണമറ്റ ഒട്ടകങ്ങളെ അണിനിരത്തിയാണ് ഈ മേള നടക്കുന്നത്. വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് സൗന്ദര്യമേറിയ ഒട്ടകത്തെ തിരഞ്ഞെടുക്കുക. ചുരുണ്ട രോമങ്ങള്‍, തടിച്ച ചെവികള്‍, നീണ്ട കണ്‍പീലികള്‍, ആകൃതിയൊത്ത പൂഞ്ഞ എന്നിവയാണ് പ്രധാന സൗന്ദര്യമാനദണ്ഡങ്ങള്‍. തലയുടെ വലിപ്പം, ചുണ്ടുകള്‍ പല്ലുകളെ മൂടുന്നുണ്ടോ, കഴുത്തിന്റെ നീളം, പൂഞ്ഞയുടെ രൂപം എന്നിവയും പരിഗണിക്കും. വലിയ തലയുള്ള ഒട്ടകങ്ങള്‍ക്ക് മൂല്യമേറും. മൂക്കിന്റെ ദ്വാരങ്ങള്‍ ഉയര്‍ന്നതും വിടര്‍ന്നതുമാകണം. കാതുകള്‍ പുറകിലേക്ക് ചാഞ്ഞ് നില്‍ക്കുകയും വേണം. ഉറച്ച, നീളമേറിയ പാദങ്ങള്‍. ഈ തരത്തില്‍ 11 മാനദണ്ഡങ്ങളാണ് തിരഞ്ഞെടുപ്പില്‍ പരിഗണിക്കുക. (മനോരമ)
ഒട്ടകങ്ങളെ ചികിത്സിക്കാനുള്ള ഏറ്റവും വലിയ ആശുപത്രി സഊദിയിലെ അല്‍ ഖമീസിലാണുള്ളത്.1000 മില്യണ്‍ റിയാല്‍ മുതല്‍മുടക്കിയുള്ള സലാം വൈറ്റിനറി ഫോര്‍ ക്യാമല്‍സ് എന്ന അത്യാധുനിക ആശുപത്രിയാണിത്. ജൂണ്‍ 22 ലോക ഒട്ടകദിനമായി ആചരിക്കുന്നു.
അറേബ്യന്‍ ജനതയുടെ ജീവിതവുമായി ഇഴകിച്ചേര്‍ന്ന ഒട്ടകം അവരുടെ പ്രതാപത്തിന്റെയും സമൃദ്ധിയുേടയും പ്രതീകമാണ്. ദൈവിക സൃഷിടിപ്പിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കാനും ജൈവ ശാസ്ത്രപരമായ ഗവേഷണങ്ങള്‍ക്ക് വഴിയൊരുക്കാനും സാധ്യമാകുംവിധം ഉപമകളും ഉദാഹരണങ്ങളും ഖുര്‍ആനും ഹദീസും ഒട്ടകത്തെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
ഖുര്‍ആനില്‍ ഇരുപതിലധികം സ്ഥലങ്ങളില്‍ ഒട്ടകത്തെ പരാമര്‍ശിച്ചിട്ടുണ്ട്. അന്‍ആം, ഇബില്‍, ജമല്‍, ഈര്‍, ബദനത്, ഹീം, ബഈര്‍, ബഹീറത്, സാഇബത്, വസ്വീലത്, ഇശാര്‍, ഹാം, നാഖത്ത് തുടങ്ങിയ നാമങ്ങള്‍ നിരുപാധികം ഒട്ടകത്തെ സൂചിപ്പിച്ച് ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്. പക്ഷേ ഭാഷാപരമായി ഓരോ പ്രയോഗങ്ങള്‍ക്കും വ്യത്യസ്ത അര്‍ഥതലങ്ങളുണ്ട്.
ഖുര്‍ആന്‍ സൂറത്തുല്‍ അഅ്‌റാഫിലാണ് ജമല്‍ എന്ന് പ്രയോഗിച്ചിട്ടുള്ളത്. ‘നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും അവക്ക് നേരെ അഹങ്കാരം കാണിക്കുക്കുകയും ചെയ്തവര്‍ക്ക് ആകാശ കവാടങ്ങള്‍ തുറന്നു കൊടുക്കപ്പെടുകയില്ല.ഒട്ടകം(ജമല്‍) സൂചിപ്പഴുതിലൂടെ കടന്നുപോകുന്നത് വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല (അഅ്‌റാഫ് 40). ആണ്‍ ഒട്ടകത്തിനെയാണ് സാധാരണയില്‍ ജമല്‍ എന്ന് വിശേഷിപ്പിക്കുന്നത്. നാല് വയസായ ഒട്ടകമാണ് ജമലെന്ന് ഇമാം ഖുര്‍ത്വുബി രേഖപെടുത്തുന്നുണ്ട്.
ഇബില്‍ എന്ന പദം സ്ത്രീലിംഗമാണ്. രണ്ടു സ്ഥലങ്ങളിലാണ് ഖുര്‍ആന്‍ ഈ വാചകം ഉദ്ധരിച്ചിട്ടുള്ളത്. ‘ഒട്ടകത്തില്‍(ഇബില്‍)നിന്ന് രണ്ട് ഇണകളെ അവന്‍ സൃഷ്ടിച്ചു(അഅ്‌റാഫ് 144). ‘ഒട്ടകത്തെ(ഇബില്‍ )അവര്‍ വീക്ഷിക്കുന്നില്ലേ, അതിന്റെ സൃഷ്ടിപ്പെങ്ങനെയാണെന്ന്?’ (അല്‍ ഗാശിയ17).
നാഖത് എന്ന പദം അഅ്‌റാഫ്, ഹൂദ്, ഇസ്‌റാഅ്, ശുഅറാ, ഖമര്‍, ശംസ് എന്നീ അധ്യായങ്ങളിലായി ഏഴ് തവണ പറഞ്ഞിട്ടുണ്ട്. മുഴുവന്‍ സൂക്തങ്ങളിലും പ്രവാചകനായ സ്വാലിഹ് നബിയുടെ അമാനുഷികതയായി പ്രത്യക്ഷപ്പെട്ട ഒട്ടകമാണ് പ്രതിപാദ്യ വിഷയം. ഏഴു അധ്യായങ്ങളില്‍ വിവിധ സൂക്തങ്ങളിലായി മനോഹാരിതയോടെ പ്രതിപാദിക്കുന്നുണ്ട്.
അല്‍ ഈര്‍ എന്ന നാമം സൂറത്തു യൂസുഫില്‍ മൂന്ന് തവണ പരാമര്‍ശിച്ചിട്ടുണ്ട്. ചരക്കുകള്‍ ചുമക്കുന്ന ഒട്ടകം ഉള്‍പ്പെട്ട യാത്രാസംഘത്തെയാണ് ഈര്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഒട്ടകത്തിന് മാത്രമായോ യാത്രാസംഘത്തിന് തനിച്ചോ ഇങ്ങനെ പ്രയോഗിക്കാറില്ല.
വാഖിഅ സൂറത്തിലാണ് ഹീം എന്ന പേരുള്ളത്. ‘ദാഹിച്ചു വലഞ്ഞ ഒട്ടകം(ഹീം) കുടിക്കുന്നത് പ്രകാരം കുടിക്കുന്നവരാണവര്‍'(വാഖിഅഃ 55). നരകവാസികളുടെ പാനത്തെ കുറിക്കുന്നതാണീ സൂക്തം.

സൂറത്തു യൂസുഫിലെ വചനങ്ങളില്‍ ബഈര്‍ എന്ന നാമകരണവും കാണാം. ആണിനും പെണ്ണിനും ബഈര്‍ എന്ന് പ്രയോഗിക്കാറുണ്ടെങ്കിലും പ്രായം കുറഞ്ഞ മൃഗത്തിനാണ് സാധാരണയായി ഈ പേര് ഉപയോഗിക്കുന്നത്.
ആട്, മാട്, ഒട്ടകം എന്നിവക്ക് പൊതുവില്‍ അന്‍ആം എന്ന് പറയാറുണ്ടെങ്കിലും കൂടതലും ഒട്ടകത്തിന് മാത്രമാണിത് ഉപയോഗിച്ചുവരുന്നത്.വിശുദ്ധ ഖുര്‍ആന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഈ പ്രയോഗം നടത്തിയിട്ടുണ്ട്.
പൂര്‍ണ ഗര്‍ഭിണിയായ ഒട്ടകമാണ് ഇശാര്‍. സൂറത്തു തക്‌വീറില്‍ ഈ നാമം കാണാം. ‘പൂര്‍ണ ഗര്‍ഭിണികളായ ഒട്ടകങ്ങളെ (അല്‍ ഇശാര്‍) അവഗണിക്കപ്പെടുമ്പോള്‍…’ (അത്തക്‌വീര്‍ 4). അറബികളുടെ അമൂല്യ സമ്പത്തായിരുന്ന ഗര്‍ഭിണിയായ ഒട്ടകത്തെ അന്ത്യദിനത്തില്‍ തിരിഞ്ഞുനോക്കാന്‍ പോലും ആളില്ലാതെ വരുന്ന ഘട്ടമാണ് ഖുര്‍ആനിവിടെ പരാമര്‍ശിക്കുന്നത്.
ആകാരത്തെ പരിഗണിച്ചു ബദനത് എന്നും ഒട്ടകത്തെ വിളിക്കാറുണ്ട്. ശുദ്ധിവരുത്തി വെള്ളിയാഴ്ച അതിരാവിലെ പള്ളിയിലെത്തുന്നവര്‍ക്ക് ഒരു ഒട്ടകത്തെ അറുത്ത് ദാനം ചെയ്ത പ്രതിഫലമുണ്ടെന്നു പറഞ്ഞ ഹദീസില്‍ ബദനത്ത് എന്ന പദമാണുള്ളത്.
ബഹീറത്, സാഇബത്, വസ്വീലത്, ഹാം എന്ന പേരുകള്‍ ഒറ്റ വചനത്തിലാണ് വന്നിട്ടുള്ളത്. ‘ബഹീറ, സാഇബ, വസീല, ഹാം എന്നീ നേര്‍ച്ച മൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല, സത്യനിഷേധികള്‍ അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമച്ചതാണ്’ (മാഇദ 103).
അഞ്ചു പ്രാവശ്യം പ്രസവിച്ച ഒട്ടകത്തെ ദൈവങ്ങള്‍ക്കായി ഉഴിഞ്ഞിടുകയും ചെവി കീറി അടയാളം വെക്കുകയും ചെയ്തിരുന്നു. ഇത് ബഈറ. ദൈവങ്ങള്‍ക്ക് വേണ്ടി നേര്‍ച്ചയാക്കുകയും യഥേഷ്ടം ആരുടെയും വസ്തുക്കള്‍ ഭക്ഷിക്കാനനുമതി നല്‍കി മേഞ്ഞു നടക്കുന്നത് സാഇബത്. അവിശ്വാസികള്‍ നേര്‍ച്ചയാക്കിയിരുന്ന നിശ്ചിത പ്രായമുള്ള ഒട്ടകം ഹാം.
ഒട്ടകത്തിന്റെ ശബ്ദ വൈവിധ്യങ്ങളിലും ചില രഹസ്യങ്ങളുണ്ട്. അവയുമായി ഇടപഴകുന്നവര്‍ക്കത് തിരിച്ചറിയാന്‍ സാധിക്കും. ഓരോ ശബ്ദങ്ങള്‍ക്കും വിവിധ ഭാഷാപ്രയോഗങ്ങളും അറബി ഭാഷയിലുണ്ട്. കുട്ടിയുടെ തിരോധാനത്തില്‍ വിലപിച്ചുണ്ടാക്കുന്ന ശബ്ദമാണങ്കില്‍ ഹനീന്‍, വിരസത പ്രകടിപ്പിച്ചുള്ളതാണങ്കില്‍ റഗാഅ്, നടക്കുമ്പോഴുണ്ടാക്കുന്ന നേരിയ ശബ്ദത്തിന് ഹമീസ്, സന്തോഷമോ ആര്‍ദ്രതയോ വരുമ്പോള്‍ ഉണ്ടാവുന്നതാണങ്കില്‍ ഇര്‍സാം, കാറ്റടിക്കുന്ന പരിഭ്രാന്തിയില്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ക്ക് ളബ്ഹ്, അമിത ഭാരം ചുമക്കുമ്പോഴുള്ള ശബ്ദത്തിന് അത്വീത്വ് എന്നീ പ്രയോഗങ്ങളാണുള്ളത്.
ഒട്ടകത്തിന്റെ അമൂല്യമായ ഈ സൃഷ്ടി വൈഭവത്തെ സംബന്ധിച്ച് ചിന്തിക്കാനും പഠനം നടത്തുവാനും അതിലൂടെ ദൈവിക സത്യങ്ങളെ ഉള്‍ക്കൊള്ളാനുമാണ് ഒട്ടകങ്ങളിലേക്ക് അവര്‍ നോക്കുന്നുന്നില്ലെയോ? അതിനെ എങ്ങനെയാണ് സൃഷിടക്കപ്പെട്ടിരിക്കുന്നതെന്ന് ഖുര്‍ആന്‍ ചോദിക്കുന്നത്.
ഒട്ടകം അതിന്റെ ഉടമക്കൊരു അഭിമാനമാണെന്ന് നബി(സ്വ) പറഞ്ഞത് ഇബ്‌നുമാജ ഉദ്ധരിക്കുന്നുണ്ട്. പ്രവാചകരുമായി ബന്ധപ്പെട്ട് ഉദ്ധരിക്കപ്പെട്ട ഒട്ടകക്കഥകള്‍ അനവധിയുണ്ട്.
പ്രവാചകര്‍ (സ്വ) ഒട്ടകത്തെ വളര്‍ത്തുകയും സ്വന്തമായി പാല്‍ കറന്നെടുക്കുകയും ചെയ്തിരുന്നു. നിരവധി യാത്രകളിലും യുദ്ധങ്ങളിലും വാഹനമായി ഉപയോഗിച്ചിട്ടുണ്ട്.

ബദ്ര്‍ യുദ്ധത്തിലേക്കുള്ള യാത്രയില്‍ എഴുപത് ഒട്ടകങ്ങളാണ് യാത്രക്കായി ഉണ്ടായിരുന്നത്. ഓരോ ഒട്ടകങ്ങളിലും നിശ്ചിത ആളുകള്‍ ഊഴം വെച്ചായിരുന്നു യാത്ര. പ്രവാചകരുടെ ഒട്ടകത്തില്‍ സഹയാത്രികരായി അലി(റ)യും മര്‍സദ് ബ്‌നു അബില്‍ മര്‍സദു(റ)മാണ് ഉണ്ടായിരുന്നത്. തിരുനബി(സ്വ)യുടെ ഊഴമെത്തുമ്പോള്‍ അനുയായികളെപ്പോലെ അവിടുന്നും നടക്കുമായിരുന്നു.(ദലാഇലുന്നുബുവ്വ).
തബൂക്ക് സമരത്തിനുവേണ്ടിയുള്ള യാത്രക്ക് 600 ഒട്ടകങ്ങളെ ഉസ്മാനുബിനു അഫ്ഫാന്‍ (റ) ദാനം നല്‍കുകയായിരുന്നു (തിര്‍മുദി). തബൂക്കിലേക്കുള്ള യാത്രാ മധ്യേ വിശ്രമിക്കുന്നതിനടയില്‍ തിരുനബിയുടെ ഒട്ടകത്തെ കാണാതാവുകയും തിരഞ്ഞുപിടിക്കാന്‍ അനുയായികള്‍ക്ക് അവിടുന്ന് നിര്‍ദേശം നല്‍കുകയുമണ്ടായി. ‘അദൃശ്യ കാര്യങ്ങള്‍ സംസാരിക്കുന്ന വ്യക്തിക്ക് സ്വന്തം ഒട്ടകമെവിടെയാണെന്ന് കണ്ടെത്താന്‍ വരെ കഴിയാത്തതു വളരെ കഷ്ട്ടം!’ എന്ന് പറഞ്ഞു കപട വിശ്വാസിയായ സാഇദ് ബിന്‍ ലസ്വാത്ത് പരിഹസിക്കുകയുണ്ടായി. തദവസരം ‘എന്റെ ഒട്ടകം ഒരു വൃക്ഷത്തില്‍ കടിഞ്ഞാണ്‍ കുടുങ്ങി ഇന്ന സ്ഥലത്തു ഒറ്റക്ക് നില്‍പ്പുണ്ടെന്ന് തിരുനബി(സ്വ) പറഞ്ഞുകൊടുത്തു’ (അല്‍ ബിദായ വന്നിഹായ)
മദീനയിലേക്കുള്ള പലായനത്തിനുവേണ്ടി തനിക്കും പ്രവാചകര്‍ക്കും രണ്ട് ഒട്ടകങ്ങളെ സിദ്ദീഖ്(റ) വിലകൊടുത്തു വാങ്ങിയിരുന്നു. മദീനയിലെത്തിയ പ്രവാചകരുടെ ഒട്ടകത്തെ മദീനക്കാര്‍ അനുഗമിക്കുകയും അതിന്റെ മൂക്കുകയര്‍ പിടിച്ച് അവരവരുടെ ഭവനങ്ങളില്‍ കയറാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തുവല്ലോ. ‘ഒട്ടകത്തെ നിങ്ങള്‍ വിട്ടേക്കുക. അതിനു പ്രത്യേക കല്‍പനയുണ്ട്. തിരുനബി(സ്വ) അവരോട് പറഞ്ഞു. അബൂഅയ്യൂബുല്‍ അന്‍സ്വാരി(റ)യുടെ വീട്ടുപടിക്കലാണ് ഒട്ടകം മുട്ടുകുത്തിയത്. ഒട്ടകം മുട്ടുകുത്തിയ സ്ഥലത്താണ് പിന്നീട് മസ്ജിദുന്നബവി നിര്‍മിച്ചത്. ഖസ് വാഅ് എന്നായിരുന്നു പ്രവാചകരുടെ ഒട്ടകത്തിന്റെ പേര്.

കുട്ടിക്കാലത്തു അബൂജഹല്‍ തിരുനബിയെ ഒട്ടകത്തില്‍ കയറ്റി യാത്ര ചെയ്യുമ്പോള്‍ നബിയെ പിന്നിലിരുത്തിയാല്‍ ഒട്ടകം നടക്കാതിരിക്കുകയും മുന്നിലിരുത്തിയാല്‍ നടക്കുകയും ചെയ്ത സംഭവം ഇമാം റാസി തഫ്‌സീറില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഒട്ടകങ്ങളോട് പ്രത്യേകം കരുണ്യം കാണിക്കാനുള്ള നിര്‍ദേശം പ്രവാചക വചനങ്ങളില്‍ വന്നിട്ടുണ്ട്. പ്രവാചകര്‍ക്കു മുന്നില്‍ ആവശ്യമുന്നയിച്ച സവാദ് ബ്‌നു റബീഅക്ക് അവിടുന്ന് ഒട്ടകങ്ങളെ നല്‍കുകയും ഒട്ടകക്കുട്ടികളുടെ ആഹാരം മെച്ചപ്പെടുത്താനും മൃഗങ്ങളുടെ അകിടില്‍ മുറിവേല്‍ക്കാതിരിക്കാന്‍ നഖങ്ങള്‍ മുറിച്ചുമാറ്റാന്‍ വീട്ടുകാരോട് നിര്‍ദേശിക്കാനും പ്രവാചകര്‍ കല്‍പിക്കുകയും ചെയ്തു. (ബൈഹഖി)
അറവിലും കറവിലും കനിവ് കാണിക്കണമെന്നായിരുന്നു പ്രവാചകാധ്യാപനം. തിരുനബിക്ക് സമ്മാനമായി ലഭിച്ച ഒട്ടകത്തിന്റെ പാല്‍ കറക്കാന്‍ നിശ്ചയിച്ച ളിറാര്‍ ബ്‌നു അസദ്(റ) പാല്‍ നിശ്ശേഷം കറന്നെടുക്കാന്‍ തുടങ്ങിയപ്പോള്‍ കുറച്ച് അകിടില്‍ തന്നെ വിട്ടേക്കാന്‍ നബി(സ്വ) പറഞ്ഞു.
വിശന്നു വലഞ്ഞു വയറൊട്ടിയ ഒട്ടകത്തെ ശ്രദ്ധയിപ്പെട്ട തിരുമേനി (സ്വ) മിണ്ടാജീവികളില്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്നും യോഗ്യമായ രൂപത്തില്‍ അവയെ വാഹനമാക്കണമെന്നും യോഗ്യമായ നിലയില്‍ അവയെ ഭക്ഷിക്കുകയും ചെയ്യണമെന്ന് അവിടുന്ന് നിര്‍ദേശിക്കുകയുണ്ടായി(അബൂദാവൂദ്). ഒട്ടകമടക്കമുള്ള ജീവികളെ ശപിക്കുന്നതും നബി(സ്വ) വിരോധിച്ചു.

യാത്രക്കിടയില്‍ ഒരുസ്ത്രീ ഒട്ടകത്തെ ശപിക്കുന്നത് പ്രവാചകര്‍ കേള്‍ക്കാനിടയായി. ആ മൃഗത്തില്‍ നിന്നും നിങ്ങള്‍ കട്ടില്‍ ഇറക്കിവെക്കുക. കാരണം അത് ശപിക്കപ്പെട്ടിരിക്കുന്നു.തിരുദൂതര്‍ താക്കീതു നല്‍കി. പിന്നീട് അവര്‍ അതിനു പുറത്തു കയറാതിരിക്കാനും ഇനിമേലില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുമുള്ള ശിക്ഷണമായിരുന്നു അത് (ഔനുല്‍ മഅബൂദ്).
ഒട്ടകത്തെ കൊണ്ട് കഠിനമായ ജോലികള്‍ ചെയ്യിക്കുന്നതും പ്രവാചകര്‍ വിലക്കിയിട്ടുണ്ട്. അന്‍സ്വാരിയുടെ തോട്ടത്തില്‍ നിന്നും തിരുനബിയെ കണ്ട ഒരു ഒട്ടകം വിലപിച്ചു കണ്ണീര്‍ വാര്‍ത്തു സങ്കടം ബോധിപ്പിച്ചു. മൃഗത്തിന്റെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ? താങ്കള്‍ കഠിനാധ്വാനത്തിനു നിര്‍ബന്ധിക്കുന്നുണ്ടെന്നും പട്ടിണിക്കിടുന്നുണ്ടെന്നും അതെന്നോട് പരാതിപ്പെട്ടുവെന്നു നബി(സ്വ) ഉടമസ്ഥനെ ബോധ്യപ്പെടുത്തി.(അബൂദാവൂദ്)
ഒട്ടകത്തിന്റെ പാല്‍ മരുഭൂമിയിലെ നാടോടികളുടെ മുഖ്യാഹാരങ്ങളിലൊന്നാണ്. പശുവിന്‍ പാലിനെ അപേക്ഷിച്ച് കൊഴുപ്പുകുറവാണെങ്കിലും ധാതുക്കള്‍, ജീവകം മാംസ്യങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ് ഒട്ടകപ്പാല്‍.
ഒട്ടക മാംസം തിരുനബി(സ്വ) കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു (മുസന്നഫ്).സാമാന്യം ഇറച്ചി ഉള്ള മൃഗമാണ് ഒട്ടകം. നെഞ്ച്, നാഭി ഭാഗങ്ങളിലാണ് ഇറച്ചി കൂടതലുള്ളത്.
കര്‍മ ശാസ്ത്ര നിയമങ്ങള്‍ ഒട്ടകവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പ്രതിപാദിക്കുന്നുണ്ട്. സകാത് നിര്‍ബന്ധമാകുന്ന മൃഗങ്ങളില്‍ പെട്ടവയാണ് ഒട്ടകം. അഞ്ചെണ്ണം മുതല്‍ മുകളിലേക്കാണ് നിര്‍ബന്ധമാകുന്നത്. ഒട്ടകത്തൊഴുത്തില്‍ നിസ്‌കരിക്കുന്നത് കറാഹത്താണെന്ന നിയമവും പണ്ഡിതന്‍ മാര്‍ വിവരിച്ചിട്ടുണ്ട്.

Share this article

About അബ്ദുല്ല സഖാഫി വിളത്തൂര്‍

vilathoorsaqafi@gmail.com

View all posts by അബ്ദുല്ല സഖാഫി വിളത്തൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *