സാമ്പത്തിക സംവരണം: ലളിതയുക്തികളിലെ വ്യാജോക്തികള്‍

Reading Time: 3 minutes

മുന്നാക്കക്കാരിലും അഷ്ടിക്ക് വകയില്ലാത്തവരുണ്ട്, ഉയര്‍ന്ന ജാതിയില്‍ പിറന്നുപോയി എന്നതുകൊണ്ട് അവരെ പട്ടിണിക്കിടുന്നത് ശരിയാണോ എന്ന ‘ലളിതയുക്തി’ കൊണ്ടാണ് സവര്‍ണ സംവരണത്തെ രാഷ്ട്രീയക്കാര്‍ വിശദീകരിക്കുന്നത്. രാഷ്ട്രീയക്കാര്‍ എന്ന പ്രയോഗം മനഃപൂര്‍വമാണ്. ബിജെപിയും കോണ്‍ഗ്രസും സിപിഎം ഉള്‍െപ്പടെ ഇടതുപാര്‍ട്ടികളും സവര്‍ണ സംവരണത്തിന് അനുകൂലമാണ്. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ല് ലോക്‌സഭയില്‍ വന്നപ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്തത് മൂന്ന് അംഗങ്ങള്‍ മാത്രമാണ്. രണ്ടുപേര്‍ മുസ്‌ലിം ലീഗില്‍ നിന്ന്, മറ്റെയാള്‍ മജ്ലിസിന്റെ അസദുദ്ദീന്‍ ഉവൈസി. ഒന്നാം മോഡി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ധൃതിപ്പെട്ട് കൊണ്ടുവന്ന മുന്നാക്ക സംവരണ ഭരണഘടനാ ഭേദഗതി സാവേശം കൈയടിച്ചു വരവേറ്റ ആദ്യ സംസ്ഥാനം ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന കേരളമായിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് വരാം. അതിനുമുമ്പ് ലേഖനാരംഭത്തില്‍ പരാമര്‍ശിച്ച ‘ലളിതയുക്തി’യെക്കുറിച്ച് സംസാരിക്കാം.
യഥാര്‍ഥത്തില്‍ എന്താണ് സംവരണത്തിന്റെ താത്പര്യം? പട്ടിണി മാറ്റലാണോ, ദാരിദ്ര്യ നിര്‍മ്മാര്‍ജനമാണോ, സാമ്പത്തിക പുരോഗതി ഉറപ്പാക്കലാണോ? ഇതൊന്നുമല്ല. പിന്നെയോ? നമുക്ക് ജസ്റ്റിസ് സാവന്തിനെ വായിക്കാം. സംവരണം ഇഴകീറി പരിശോധിച്ച ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്നയാളാണ് ജസ്റ്റിസ് സാവന്ത്. ‘സാമ്പത്തികാവസ്ഥ മാത്രം കണക്കിലെടുത്ത് പിന്നാക്കാവസ്ഥ നിര്‍ണയിച്ചാല്‍ മുന്നാക്കവിഭാഗങ്ങള്‍ക്ക് എല്ലായിടത്തും അധികാരം കുത്തകയാക്കി കൈയിലെടുക്കാന്‍ മാത്രമേ സഹായിക്കൂ. ഇതിനെ മറികടക്കാനാണല്ലോ നമ്മള്‍ സംവരണസംവിധാനം കൊണ്ടുവന്നത്.’ സംവരണം ഒരു സാമ്പത്തിക പാക്കേജ് അല്ലെന്നു തന്നെയാണ് ഇപ്പറഞ്ഞതിനര്‍ഥം. നമ്മുടെ സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥയില്‍ നിന്ന് പുറന്തള്ളപ്പെട്ട, അഥവാ മേല്‍ജാതിക്കാരും രാഷ്ട്രീയാധികാരവും പുറന്തള്ളിയ വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതിയും അധികാര പങ്കാളിത്തവും ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വ നിര്‍വഹണമാണ് സംവരണം. ഭരിക്കുന്നവരുടെ ഔദാര്യമായല്ല സംവരണത്തെ ഭരണഘടന വിഭാവന ചെയ്യുന്നത് എന്നുകൂടി ഓര്‍ക്കണം. ആ ഓര്‍മപ്പെടുത്തലിനു പോലും വലിയ പ്രാധാന്യമുണ്ടിപ്പോള്‍. കേരളത്തില്‍ അല്ലാതെ വേറെ എവിടെയെങ്കിലും മുസ്‌ലിംകള്‍ക്ക് സംവരണം ഉണ്ടോ എന്ന് ഇന്ത്യയിലെ ഏക ഇടതുമുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചത് ‘ഔദാര്യവിചാരം’ തികട്ടിവന്നപ്പോഴാകണം. ‘ഞങ്ങള്‍’ ഇവിടെ ഉള്ളത് കൊണ്ടാണ്, ‘ഞങ്ങള്‍’ ഭരിക്കുന്നത് കൊണ്ടാണ് ‘നിങ്ങള്‍ക്ക്’ സംവരണം കിട്ടുന്നത് എന്നാണല്ലോ അദ്ദേഹം ഉദ്ദേശിച്ചിരിക്കുക. ആ മനോഭാവം തന്നെയാണ് മോഡി സര്‍ക്കാരിന്റെ മുന്നാക്ക സംവരണത്തിന് കൈയടിക്കാന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
ഇനി പരിശോധിക്കേണ്ടത് ദാരിദ്ര്യം മാറിയാല്‍ ഒരു പിന്നാക്കക്കാരന്റെ സാമൂഹികനില മാറുമോ എന്നാണ്. ആലുമൂട്ടില്‍ കൊച്ചുകുഞ്ഞ് ചാന്നാറിന്റെ ജീവിതകഥയിലുണ്ട് ഉത്തരം. ഇട്ടുമൂടാന്‍ സ്വത്തുള്ളയാളായിരുന്നു കൊച്ചുകുഞ്ഞ്. ഈഴവപ്രമാണി. തിരുവിതാംകൂര്‍ പ്രജാസഭയിലെ കീഴ്ജാതി അംഗം. അക്കാലത്ത് തിരുവിതാംകൂറില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് സ്വന്തമായി കാറുണ്ടായിരുന്നത്, അതിലൊരാള്‍ കൊച്ചുകുഞ്ഞ് ചാന്നാര്‍. മറ്റെയാള്‍ തിരുവിതാംകൂര്‍ രാജാവ്. പണം എത്രയുണ്ടായിട്ടെന്ത്? കാര്‍ത്തികപ്പള്ളിയിലേക്ക് പോകും വഴി ഹരിപ്പാട് അമ്പലത്തിനടുത്തെത്തുമ്പോള്‍ കൊച്ചുകുഞ്ഞ് കാറില്‍ നിന്നിറങ്ങും, ഒരൂടുവഴിയിലൂടെ നടന്ന് അമ്പലം കടന്നിട്ടുള്ള റോഡിലേക്ക് എത്തും. കാരണം അമ്പലത്തിനുമുന്നിലൂടെ വഴി നടക്കാനോ കാറില്‍ സഞ്ചരിക്കാനോ അയിത്തജാതിക്കാര്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ നായര്‍ സമുദായക്കാരനായതുകൊണ്ട് അമ്പലത്തിനു മുന്നിലൂടെ കാറോടിക്കാം. പണം കുന്നോളമുണ്ടായാലും സാമൂഹികനീതി കൈയെത്തിപ്പിടിക്കാന്‍ കഴിയില്ല. കൊച്ചുകുഞ്ഞ് ചാന്നാറിന്റെ അനുഭവം അതാണ് പറഞ്ഞുതരുന്നത്. സഞ്ചാരസ്വാതന്ത്ര്യത്തില്‍ പോലും തുല്യത ലഭ്യമല്ലാതിരുന്ന പിന്നാക്കവിഭാഗങ്ങള്‍ എങ്ങനെയാണ് നിവര്‍ന്നുനിന്നത്? അതിന്റെ ഉത്തരം സംവരണം എന്നാണ്. അഥവാ സംവരണത്തിലൂടെ അവര്‍ രാഷ്ട്രീയാധികാരത്തില്‍ പങ്കാളികളായി. ആ അധികാരപങ്കാളിത്തം നല്‍കിയ ആത്മവിശ്വാസമാണ് അവരെ മുന്നോട്ടുനയിച്ചത് എന്നും പറയാം.
അധികാരപങ്കാളിത്തമില്ലാത്തതാണോ മുന്നാക്കവിഭാഗത്തിലെ പിന്നാക്കക്കാരുടെ പ്രശ്നം? നിശ്ചയമായും അല്ല. കേരളത്തിന്റെ കാര്യമെടുക്കുക. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ 40.5 ശതമാനത്തില്‍ കൂടുതല്‍ പങ്കാളിത്തമുണ്ട് നായര്‍ സമുദായത്തിന്. മറ്റു മുന്നാക്ക ഹിന്ദു സമുദായങ്ങള്‍ക്കാകട്ടെ അധികപ്രാതിനിധ്യം 56.5 ശതമാനമാണ് (അവലംബം: കേരള പഠനം, ശാസ്ത്ര സാഹിത്യ പരിഷത്ത്). മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ക്ഷേമ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതിന് പകരം സാമ്പത്തിക സംവരണമാണ് പരിഹാരമെന്ന് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും കേരളത്തിലെ സിപിഎം സര്‍ക്കാരും കരുതുന്നു. അപ്പോള്‍ മറ്റൊരു ചോദ്യം ഉയരുന്നു. ദാരിദ്ര്യം മാറ്റാന്‍ സംവരണം എടുത്തുപയോഗിക്കുമ്പോള്‍ നേരത്തെയുള്ള സംവരണസമുദായങ്ങളിലെ ഇനിയും മാറിയിട്ടില്ലാത്ത ദാരിദ്ര്യാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാരുകളുടെ കൈയില്‍ എന്താണ് പരിഹാരമായുള്ളത്. ശേഷിക്കുന്ന നാല്പത് ശതമാനം കൂടി മാറ്റിവെച്ചാലും മറികടക്കാന്‍ കഴിയാത്തത്രയും പതിതാവസ്ഥയിലാണ് ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങള്‍. അവരുടെ ദാരിദ്ര്യം ദാരിദ്ര്യമല്ലാതാവുകയും മുന്നാക്കക്കാരുടെ ദാരിദ്ര്യം ബിജെപി, സിപിഎം സര്‍ക്കാരുകളുടെ മുന്‍ഗണന ആവുകയും ചെയ്യുന്നതിന്റെ മാനദണ്ഡം എന്താണ്?
സാമ്പത്തിക സംവരണം ആത്യന്തികമായി ഒരു ഭരണഘടനാ പ്രശ്‌നമാണ്. സുപ്രീം കോടതിയുടെ മുമ്പില്‍ 35 ലധികം ഹരജികള്‍ കിടപ്പുണ്ട്. കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. അതിനു മുമ്പ് കേരളം തിടുക്കപ്പെട്ട് എന്തിന് സാമ്പത്തിക സംവരണം നടപ്പാക്കി? രണ്ടു വിശദീകരണങ്ങളാണ് സിപിഎം കേന്ദ്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, കേന്ദ്രനിയമം അനുസരിക്കുകയാണ്. സുപ്രീം കോടതി തീര്‍പ്പാക്കും വരെ കാത്തിരിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയില്ല. രണ്ട്, സാമ്പത്തിക സംവരണം പാര്‍ട്ടി നയമാണ്. സാമൂഹിക നീതിക്ക് വിരുദ്ധമായ ഒരു നയം ഒരിടതുപക്ഷ പ്രസ്ഥാനത്തിനുണ്ടാകാമോ? ഉണ്ടാകരുത് എന്നാണ് നമ്മളാഗ്രഹിക്കുന്നത്. സാമ്പത്തിക സംവരണം എങ്ങനെയാണ് സാമൂഹിക നീതിക്ക് എതിരാകുന്നത് എന്നാണോ? പറയാം. കേരളത്തില്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ ആറോ ഏഴോ ശതമാനമാണ്. അവര്‍ക്ക് പത്ത് ശതമാനമാണ് സംവരണം. സംവരണ നിരക്ക് താരതമ്യേന കുറഞ്ഞ മെഡിക്കല്‍ പിജിയില്‍ പോലും ഇതാണവസ്ഥ. കേരളത്തില്‍ മെഡിക്കല്‍ പി ജിയില്‍ നാല്‍പത് ശതമാനം സര്‍വീസ് ക്വാട്ടയാണ്. അതുകൊണ്ടുതന്നെ സംവരണ സമുദായങ്ങള്‍ക്ക് കുറഞ്ഞ ശതമാനമേ മെഡിക്കല്‍ പിജിയില്‍ സീറ്റുകള്‍ ഉള്ളൂ. ഈഴവര്‍ക്ക് 3 ശതമാനം, മുസ്‌ലിംകള്‍ക്ക് രണ്ടു ശതമാനം, ലത്തീന്‍ കത്തോലിക്കര്‍ക്ക് ഒരു ശതമാനം എന്നിങ്ങനെ. ഇവിടെയും മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം മാറ്റമില്ലാതെ കിട്ടുന്നു.
സംവരണ സമുദായത്തിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡമാണ് പരാമര്‍ശിക്കേണ്ട മറ്റൊരു കാര്യം. കോര്‍പറേഷന്‍ പരിധിയില്‍ അമ്പത് സെന്റ് ഭൂമി സ്വന്തമായുള്ള കുടുംബത്തിലെ ആളും സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം സാമ്പത്തിക സംവരണത്തിന് അര്‍ഹനാണ്. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ സെന്റിന് 25 ലക്ഷം രൂപ കണക്കാക്കുക. അങ്ങനെയെങ്കില്‍ അമ്പത് സെന്റ് സ്ഥലമുള്ള ഒരാള്‍ ദരിദ്രനാണ് എന്ന് വരുകില്‍ അതിനേക്കാള്‍ വലിയ അശ്ലീലം മറ്റെന്തുണ്ട്?
ഓപ്പണ്‍ ക്വാട്ടയില്‍ നിന്നാണ് മുന്നാക്കക്കാരുടെ പത്ത് ശതമാനം കണ്ടെത്തുന്നത് എന്ന് സര്‍ക്കാര്‍ പറയുന്നു. കേരളത്തില്‍ വിദ്യാഭ്യാസ സീറ്റുകള്‍ വീതം വെച്ചപ്പോള്‍ നടന്നത് അതല്ല എന്നത് ഒരു പ്രശ്‌നം. ഇനി ഓപ്പണ്‍ (ജനറല്‍) ക്വാട്ട എന്നാല്‍ സംവരണേതര സമുദായങ്ങളുടെ ക്വാട്ട അല്ലല്ലോ. അതുകൊണ്ട് ആ വിഭാഗത്തില്‍ നിന്ന് കൊടുത്താലും നഷ്ടം സംവരണ സമുദായങ്ങള്‍ക്ക് കൂടിയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇത് ബാധിക്കുക മുസ്‌ലിം സമുദായത്തെ ആയിരിക്കും. കാരണം സര്‍ക്കാര്‍ സര്‍വീസില്‍ മുസ്‌ലിം പ്രാതിനിധ്യകമ്മി -136.0 ശതമാനം ആണ്. ‘ആനുപാതികമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം ഉയര്‍ന്ന മധ്യവര്‍ഗക്കാരുടെ ഇടയില്‍ മൂന്നര ഇരട്ടിയോളം അധികമാണെന്ന് കാണാം. ജാതി, മത അടിസ്ഥാനത്തില്‍ നോക്കിയാല്‍ സവര്‍ണ ഹിന്ദു മതവിഭാഗത്തില്‍ പെട്ടവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പങ്ക് കിട്ടുന്നുണ്ട്. ഈഴവരുടെ പ്രാതിനിധ്യം ഏതാണ്ട് സമതുലിതമാണ്. മറ്റു പിന്നാക്ക വിഭാഗങ്ങളുടേത് ഏറെ പിന്നിലാണ്. മുസ്‌ലിംകളുടെ അവസ്ഥ ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ പട്ടിക വര്‍ഗക്കാരുടേതിനേക്കാള്‍ പിന്നാക്കമാണ്.’- ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠനത്തില്‍ നിന്നാണ് ഈ കണക്കും ഉദ്ധരണിയും.
പിന്നാക്കക്കാരെ കൂടുതല്‍ പിന്നാക്കമാക്കുന്ന കൊടും വഞ്ചനയാണ് നടന്നിരിക്കുന്നത്. ഇക്കാര്യം ഉന്നയിക്കുന്നത് സവര്‍ണ സമുദായത്തോടുള്ള വൈരാഗ്യം കൊണ്ടല്ല. അവരിലെ പിന്നാക്കക്കാര്‍ രക്ഷപ്പെടുന്നതിലുള്ള അസൂയ കൊണ്ടുമല്ല. മറിച്ച് എല്ലാ സംവരണ തത്വങ്ങളും അട്ടിമറിക്കുന്ന, സംവരണത്തിന്റെ ലക്ഷ്യത്തെത്തന്നെ നിരാകരിക്കുന്ന നടപടിയാണ് സാമ്പത്തിക സംവരണം എന്നതുകൊണ്ടാണ്. ‘ലളിതയുക്തികള്‍’ കൊണ്ട് നീതീകരിക്കാവുന്ന ഒന്നല്ല സാമ്പത്തിക സംവരണം എന്നത് വ്യക്തവുമാണ്.
ഇക്കാര്യം മുന്നില്‍ വെച്ചുകൊണ്ട് തന്നെ ഒരു കാര്യം പ്രസ്താവ്യമാണ്. നടപ്പാക്കിക്കഴിഞ്ഞ ഒരു നിയമത്തെ റദ്ദ് ചെയ്യാന്‍ കോടതി പോലും തയാറായേക്കില്ല. പ്രത്യേകിച്ചും ഇക്കാലത്ത്. അതുകൊണ്ട് നിയമം നടപ്പാക്കുന്നതില്‍ സംഭവിച്ച വീഴ്ചകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിനെ സമ്മര്‍ദപ്പെടുത്തുകയാണ് ഇനി കേരളത്തിലെ സംവരണ സമുദായങ്ങള്‍ക്ക് അഭികാമ്യമായിട്ടുള്ളത്. മൂന്നു നിര്‍ദേശങ്ങള്‍ ഈ ലേഖനം മുന്നോട്ടുവയ്ക്കുന്നു.

  1. ജനസംഖ്യാനുപാതികമായി സംവരണ തോത് പുനഃക്രമീകരിക്കുക. 10 ശതമാനത്തില്‍ താഴെ മാത്രം വരുന്ന മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കവിഭാഗങ്ങള്‍ക്ക് 10% എന്ന പരമാവധി സംവരണം നല്‍കിയത് നീതീകരിക്കാനാവില്ല. കേരളത്തിലെ വിവിധ വിഭാഗങ്ങളുടെ തൊഴില്‍ വിദ്യാഭ്യാസ പ്രാതിനിധ്യത്തെക്കുറിച്ച് പഠിച്ച് അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയിലും തൊഴില്‍മേഖലയിലും സംവരണ തോത് പുനഃക്രമീകരിക്കുക.
  2. മുന്നാക്ക സംവരണം വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയപ്പോള്‍ വലിയ അന്തരം മുന്നാക്ക, പിന്നാക്ക വിഭാഗങ്ങളുടെ സീറ്റുകള്‍ തമ്മില്‍ ഉണ്ടാകാന്‍ കാരണം നിലവില്‍ വിദ്യാഭ്യാസമേഖലയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം കുറവാണ്. മെഡിക്കല്‍ പി.ജി മികച്ച ഉദാഹരണമാണ്. തൊഴില്‍ നിയമനങ്ങളില്‍ പിഎസ്‌സി അംഗീകരിച്ചിരിക്കുന്ന സംവരണ തോത് ഈഴവ 14, മുസ്‌ലിം 12 എന്നിങ്ങനെയാണ്. ഈ സംവരണതോത് വിദ്യാഭ്യാസമേഖലയില്‍ പൂര്‍ണമായി നടപ്പാക്കിയാല്‍ വലിയ തോതിലുള്ള അന്തരം കുറയ്ക്കാന്‍ കഴിയും.
  3. പി എസ് സി റൊട്ടേഷന്‍ 11, 21, 31 എന്ന രീതിയില്‍ മുന്നാക്ക സംവരണത്തിനാക്കുക. അങ്ങനെ 10 ശതമാനത്തിന് മുകളില്‍ സംവരണം പോകാതെ പിരമിതപ്പെടുത്തുക.
Share this article

About മുഹമ്മദലി കിനാലൂര്‍

mdalikinalur@gmail.com

View all posts by മുഹമ്മദലി കിനാലൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *