അമേരിക്കനിസത്തോട് ബൈ പറയുമോ ബൈഡന്‍

Reading Time: 2 minutes

യു എസ് 46-ാം പ്രസിഡന്റായി ജോസഫ് റൊബീന്റ്റൊ ബൈഡന്‍ (77) തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ പരാജയപ്പെടുത്തിയാണ് ബൈഡന്‍ വൈറ്റ് ഹൗസിലെത്തുന്നത്. 280 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ബൈഡന്‍ വലിയ വിജയം കുറിക്കാന്‍ കാരണം രാജ്യത്ത് വളരുന്ന സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരി പ്രതിരോധിക്കുന്നിലെ ട്രംപിന്റെ പരാജയവും രൂക്ഷമാകുന്ന വംശീയ വിദ്വേഷവുമാണ്.
കമല ഹാരിസാണ് ബൈഡന്റെ വൈസ് പ്രസിഡന്റ്. അമേരിക്കന്‍ ചരിത്രത്തിലെ ആദ്യാനുഭവമാണ് ഈ വനിതാ ആധ്യക്ഷ്യം. രാജ്യത്ത് തുടര്‍ച്ചയായി കടുത്ത വംശീയ മര്‍ദനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന കറുത്ത ജനതക്ക് ഇന്ത്യന്‍ വംശജയായ കമലയുടെ സാന്നിധ്യം വലിയ പ്രതീക്ഷ നല്‍കുമെന്നാണ് കരുതുന്നത്.

ആദ്യകാലം
1942, നവംബറിലാണ് ബൈഡന്റെ ജനനം. റോമന്‍ കാത്തലിക് വിശ്വാസിയാണ്. മിഡില്‍ ക്ലാസ് ജീവിത നിലവാരം. ഹിസ്റ്ററി, പൊളിറ്റികല്‍ സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങില്‍ ഡിഗ്രി നേടിയിട്ടുണ്ട്. പിതാവ് യൂസ്ഡ് കാര്‍ വില്‍പനക്കാരനായിരുന്നു. ആദ്യ ഭാര്യയും ഒരുവയസുള്ള മകളും വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് അവരുടെ പരിചരണത്തിന് വേണ്ടി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കരുതിയിരുന്നു ബൈഡന്‍. ചിലരെല്ലാം പക്ഷേ അദ്ദേഹത്തെ അതിനനുവദിച്ചില്ല. അദ്ദേഹം രാഷ്ട്രീയത്തില്‍ തന്നെ തുടര്‍ന്നു.

രാഷ്ട്രീയം
1973 മുതല്‍ 2009 വരെ ഡിലവെയ്‌റില്‍ നിന്നുള്ള സെനറ്ററാണ് ബൈഡന്‍. 2009 മുതല്‍ 2017 വരെ ഒബാമയുടെ വൈസ് പ്രസിഡന്റ്. ദീര്‍ഘകാലം ഫോറിന്‍ റിലേഷന്‍ കമ്മിറ്റി സെനറ്റ് മെമ്പറും ചെയര്‍മാനുമായിരുന്നു. 2001ല്‍ അഫ്ഗാന്‍ യുദ്ധത്തെ പിന്തുണച്ചുകൊണ്ട് ബൈഡന്‍ പറഞ്ഞത്, ‘whatever it takes we should do it’ എന്നാണ്. 2002ല്‍ സദ്ദാം ഹുസൈനെതിരെയുള്ള അമേരിക്കന്‍ സായുധ സന്നാഹത്തെയും ഇറാഖ് റെസല്യൂഷനെയും പിന്താങ്ങി ബൈഡന്‍ ഈ സ്വരം കുറേ കൂടി കടുപ്പിച്ചു. ‘സദ്ദാം നാഷനല്‍ ഭീഷണിയാണ്. അതവസാനിപ്പിച്ചേ മതിയാകൂ.’ പിന്നീടാണ് നിലപാടുകളില്‍ മാറ്റം വരുത്തിയത്. യുദ്ധവിമര്‍ശകനായി മാറിയ ബൈഡന്‍ ഇറാഖിലെ അധിക അമേരിക്കന്‍ സൈനിക വിന്യാസത്തെ എതിര്‍ത്തു. ഇന്ത്യയില്‍ മോദി ഗവണ്‍മെന്റ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സി.എ.എ നയത്തെയും ബൈഡന്‍ വിമര്‍ശിച്ചിരുന്നു. സമാനമായി, രാജ്യത്തിനകത്തും പുറത്തും ഇരകളാക്കപ്പെടുന്ന മനുഷ്യസ്പന്ദനങ്ങള്‍ക്ക് കാത് നല്‍കുന്ന അമേരിക്കയെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോള്‍ ബൈഡന് അതിനാവുമെന്നാണ് കരുതപ്പെടുന്നത്.
ഒബാമയുടെ കാലത്ത് മിഡില്‍ ക്ലാസ് ജനതയുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി കൈകൊണ്ട നയനിലപാടുകള്‍ അദ്ദേഹത്തെ കൂടുതല്‍ വിശ്വസ്തനാക്കി. അവരുടെ വോട്ട് ബൈഡന് ഇപ്പോള്‍ തുണയായിട്ടുണ്ട്. വോട്ടുശതമാനം അമ്പതിലെത്തിയത് ആ ബലത്തില്‍ കൂടിയാണ്. 47 ശതമാനത്തിലേറെ വോട്ടുകള്‍ ട്രംപും സ്വന്തമാക്കിയിട്ടുണ്ട്.
ജനവികാരങ്ങള്‍ തിരിച്ചറിയുകയും അനുഗുണമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തതാണ് ബൈഡന്റെ വിജയം. കമല ഹസന്‍ പോലും അത്തരമൊരു നീക്കമായിരുന്നുവെന്നാണ് കരുതുന്നത്.
സോഷ്യലിസ്റ്റ് സാമ്പത്തിക സിദ്ധാന്തങ്ങളോടും രാഷ്ടീയ നിലപാടുകളോടും ഒരു തരി മതിപ്പില്ലാത്തവരാണ് അമേരിക്കയിലെ ഭൂരിപക്ഷം ജനതയും. അതുകൊണ്ട് തന്നെ ഫ്‌ലോറിഡ പോലോത്ത മുതലാളിത്താനുഭാവം നന്നായി പുലര്‍ത്തുന്ന സ്റ്റേറ്റുകളില്‍ ലാറ്റിന്‍സിന്റെ വോട്ടുകള്‍ ബൈഡന് നഷ്ടപ്പെട്ടിട്ടുണ്ട്. ട്രംപിന് തന്നെയാണ് അവിടങ്ങളില്‍ മേല്‍ക്കൈ. ‘ബൈഡന്‍ വന്നാല്‍ സോഷ്യലിസം വരും, അതുകൊണ്ട് എനിക്ക് വോട്ടു തരൂ’ എന്നാണ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പറഞ്ഞിരുന്നത്. സോഷ്യലിസ്റ്റുകള്‍ തങ്ങളുടെ സെയ്ഫ് സോണുകളില്‍ ഇടപെടുമെന്നും സോഷ്യലിസം അമേരിക്കയുടെ സാംസ്‌കാരികതയുടേയോ ചരിത്രപരതയുടേയോ ഭാഗമല്ലെന്ന് കരുതുന്നവരുമായി ധാരാളം അമേരിക്കന്‍സുണ്ട്. പുറമേ, നാസീ ജര്‍മനിയെക്കാള്‍ രക്തപങ്കിലമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് അവര്‍ വിചാരിക്കുക കൂടി ചെയ്യുന്നു.
‘മുസ്‌ലിം ബാന്‍’
യമന്‍, ഇറാന്‍, സിറിയ, സൊമാലിയ തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ 13 രാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ട്രംപ് നിര്‍ദേശം വച്ചിരുന്നു. ഈ ‘മുസ്‌ലിം ബാനി’നെ ആദ്യ പ്രഭാഷണത്തില്‍ തന്നെ ബൈഡന്‍ പരിഹസിച്ചു. ബ്ലാക്-വൈറ്റ്, റെഡ്- ബ്ലൂ എന്നിങ്ങനെയുള്ള വിഭജന ബോധമല്ല, പകരം യുനൈറ്റഡ് അമേരിക്കയാണ് എന്നെ നയിക്കുന്നത് എന്ന് ബൈഡന്‍ പലകുറി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ശ്വാസം മുട്ടുന്ന ജനതക്ക് അത് വലിയ ആശ്വാസം പകര്‍ന്നു. കുടിയേറ്റക്കാര്‍ക്ക് വലിയ സമാധാനമുണ്ടാക്കി.

ഇസ്രയേല്‍ ബന്ധം
ബൈഡന്‍ സിയോണിസ്റ്റ് ബന്ധം സൂക്ഷിക്കുന്നു എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇസ്രറേയല്‍ എന്ന രാഷ്ട്രം ആ പ്രദേശത്തില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ അമേരിക്കക്ക് ഒരു ഇസ്രേയല്‍ രൂപീകരിക്കേണ്ടി വരുമായിരുന്നെന്ന് മുമ്പൊരിക്കല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. 3 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന സഹായമാണ് ഇസ്രേയലിന് അമേരിക്ക ചെയ്തുവരുന്നത്. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ ഇസ്രേയല്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ഉപഹാരമാണ് ഈ സഹായം. ട്രംപ് ഈ നിലപാടിനെ നന്നായി പിന്തുണച്ചിരുന്നു. ഇസ്രേയല്‍ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ ആസ്ഥാനം ടെല്‍ അവീവില്‍ നിന്ന് ട്രംപ് ജറൂസലമിലേക്ക് മാറ്റിയത്.
ബൈഡന്റെ വരവ് അമേരിക്കന്‍ നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയില്ല എന്നാണ് ഫലസ്തീന്‍ നേതൃത്വം അഭിപ്രായപ്പെടുന്നത്. ശശി തരൂരും സമാനമായി നിരീക്ഷിച്ചിട്ടുണ്ട്. അതേ സമയം ട്രംപ് പരാജയപ്പെട്ടത് നന്നായെന്ന് ഫലസ്തീന്‍ രാഷ്ട്രീയ നേതാവ് അഭിപ്രായപ്പെടുന്നു.

ഇന്ത്യന്‍ ബന്ധം
അമേരിക്കന്‍ ഡിമോക്രാറ്റ്‌സുകളെക്കാള്‍ റിപബ്ലികന്‍സാണ് ഇന്ത്യയോട് അടുപ്പം പുലര്‍ത്തുന്നത് എന്നു പറയാറുണ്ട്. പക്ഷേ ഏത് യു എസ് പ്രസിഡന്റുമാരെ സംബന്ധിച്ചും അവരുടെ രാഷ്ട്ര പോളിസിയോട് ചേര്‍ന്നുനിന്നു മാത്രമേ മറ്റു രാജ്യങ്ങളോട് സഹകരിച്ചിട്ടുള്ളൂ. ഇന്ത്യയോടും അങ്ങനെ തന്നെയായിരുന്നു. കമല ഹാരിസോ അവരുടെ സെക്രട്ടറിയോ ഇന്ത്യന്‍ വംശജര്‍ ആയതിനാല്‍ ഇന്ത്യ കൂടുതല്‍ ആനുകൂല്യം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പൊതുവേയുള്ള നിരീക്ഷണം. ഇന്ത്യാ ചൈനാ ബന്ധം, യുദ്ധ കോപ്പുകള്‍, ഇന്ത്യനോഷ്യന്‍ ഇടപാടുകള്‍ തുടങ്ങിയ വ്യവഹാരങ്ങളില്‍ വന്‍ശക്തികളെ ആശ്രയിച്ചാണ് പലപ്പോഴും ഇന്ത്യ നില്‍ക്കുന്നത്. ഈ ആശ്രയത്തിന് ബൈഡന്‍ താങ്ങാവുമോ എന്നത് വലിയ ചോദ്യമാണ്. പ്രത്യേകിച്ചും സോഷ്യലിസ്റ്റ് സമീപനങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ബൈഡന് ഇന്ത്യാ-ചൈന പ്രശ്‌നങ്ങളിലോ ഇന്ത്യാ-പാക് പ്രശ്‌നങ്ങളിലോ ഇന്ത്യയോട് കൂടുതല്‍ അടുത്ത് നില്‍ക്കാന്‍ അത്ര പെട്ടെന്ന് സാധിച്ചെന്നു വരില്ല.

Share this article

About എന്‍ ബി സിദ്ദീഖ് ബുഖാരി

nbsbukhari@gmail.com

View all posts by എന്‍ ബി സിദ്ദീഖ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *