അബുദാബിയിലെ റേഷന്‍ കട

Reading Time: 2 minutes

നിശ്ചിത അളവില്‍ ആവശ്യങ്ങള്‍ക്കുള്ള ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വിതരണത്തിനെ പൊതുവായി റേഷനിങ് എന്ന് പറയുന്നു. അത്തരം സംവിധാനത്തില്‍ ഉപഭോക്താവിനെ തിരിച്ചറിയുന്നതിനും വിതരണ വസ്തുക്കളുടെ അളവ് രേഖപ്പെടുത്തുന്നതിനും ഉള്ള രേഖയാണ് റേഷന്‍ കാര്‍ഡ്.
ലോകത്തിലെ ഏകദേശം എല്ലാ രാജ്യത്തും റേഷന്‍ സംവിധാനം നിലനില്‍ക്കുന്നുണ്ട്. അബുദാബിയിലെ റേഷന്‍ സംവിധാനം ഏറെക്കുറേ ഇന്ത്യന്‍ റേഷന്‍ സംവിധാനങ്ങളോട് സാമ്യമുള്ളതാണ്. ഇവിടെയും വീട് കേന്ദ്രീകരിച്ച് ആണ് റേഷന്‍ കാര്‍ഡ് നല്‍കുന്നത്. യുഎഇ പൗരന്മാര്‍ക്ക് മാത്രമാണ് റേഷന്‍ കാര്‍ഡ് ലഭിക്കുക. പ്രവാസികള്‍ക്ക് റേഷന്‍ കാര്‍ഡിന് അര്‍ഹതയില്ല. കേരളത്തില്‍ താലൂക്ക് ഓഫീസില്‍ നിന്ന് റേഷന്‍ കാര്‍ഡ് നല്‍കുന്നത്‌പോലെ അബുദാബിയിലും മുന്‍സിപ്പാലിറ്റിയില്‍ നിന്നാണ് റേഷന്‍കാര്‍ഡ് നല്‍കപ്പെപെടുന്നത്. (കേരളത്തിലെ താലൂക്ക് ഓഫീസ് പോലെയാണ് യുഎഇ മുനിസിപ്പാലിറ്റി ഓഫീസും) എന്നാല്‍ ഇന്ത്യയിലെന്ന പോലെ ഗുണഭോക്താക്കളെ എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ വേര്‍തിരിച്ചിട്ടില്ല. എല്ലാവര്‍ക്കും ഒരേ മോഡലിലാണ് റേഷന്‍ കാര്‍ഡും സാധനങ്ങളുടെ വിലയും. എന്നാല്‍ വീട്ടിലെ അംഗങ്ങള്‍ക്ക് അനുസരിച്ച് ധാന്യങ്ങളുടെ അളവില്‍ വ്യത്യാസം ഉണ്ട്. ഇന്ത്യയില്‍ അരിയും ഗോതമ്പുമാണ് റേഷന്‍ വഴി വിതരണം ചെയ്യുന്ന പ്രധാന സാധനങ്ങളെങ്കില്‍ അബുദാബിയില്‍ അരിയും ആട്ടയുമാണ്. എടിഎം കാര്‍ഡ് മോഡല്‍ ആണ് ഇവിടെ റേഷന്‍ കാര്‍ഡ്. കാര്‍ഡുടമയുടെ പേരും കാര്‍ഡ് നമ്പറും അനുവദിച്ച അളവും റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ധാന്യങ്ങള്‍ക്കുള്ള കാര്‍ഡ് എന്ന് കാര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട്. ക്യാശോ ബാങ്ക് കാര്‍ഡോ മുഖേന സാധങ്ങള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.
അറബികള്‍ താമസിക്കുന്ന ഏകദേശം സ്ഥലത്തെല്ലാം റേഷന്‍ ഷാപ്പുകള്‍ ഉണ്ട്. കേരളത്തിലെ പോലെ പീടിക റൂം മാത്രമല്ല. എല്ലാവിധ ആധുനിക സംവിധാനങ്ങളോടുകൂടിയ വിശാലമായ ഗോഡൗണ്‍ ആണ് ഇവിടുത്തെ റേഷന്‍ കട. പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിച്ച ഓഫീസ്. വിശാലമായ പാര്‍ക്കിംഗ്. ധാന്യങ്ങളും മറ്റു വിഭവങ്ങളും സൂക്ഷിക്കുന്ന വിശാലമായ ഗോഡൗണ്‍, സെക്യൂരിറ്റി ഗെയ്റ്റ് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാമാണ് ഇവിടത്തെ റേഷന്‍ ഷാപ്പിലെ പ്രത്യേകതകള്‍.
റേഷന്‍ കടയുടെ മേല്‍നോട്ട ചുമതല യുഎഇ സ്വദേശികള്‍ക്കാണ്. അരിക്കും ആട്ടയ്ക്കും പുറമെ പഞ്ചസാര, ചായപ്പൊടി, ഏലക്കായ, പാല്‍പ്പൊടി, മിനറല്‍ വാട്ടര്‍, പയര്‍ വര്‍ഗങ്ങള്‍, കാരക്ക, ഉപ്പ്, ഓയില്‍ തുടങ്ങി വിഭവങ്ങളും സബ്സിഡി നിരക്കില്‍ റേഷന്‍ കട വഴി ലഭിക്കും. അപ്പപ്പോള്‍ അളന്ന് തൂക്കി കൊടുക്കുന്ന സംവിധാനമല്ല. എല്ലാം നിശ്ചിത അളവിലുള്ള പാക്കിങ് ആണ്. 3 ദിര്‍ഹം മാത്രമേ ഒരുകിലോ അരിക്കു വിലയുള്ളൂ. മാര്‍ക്കറ്റില്‍ ഈ അരിക്ക് 9 ദിര്‍ഹം വിലയുണ്ട്, ബാക്കി 6 ദിര്‍ഹം സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ആണ്. ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും വരുന്ന മുന്തിയയിനം ബസുമതി അരി റേഷന്‍ വഴി വിതരണം ചെയ്യുന്നു. ഇന്ത്യയില്‍ ഇത്തരം ഗുണമേന്മയുള്ള അരിക്ക് 100 രൂപയോളം വില വരും. കൊട്ടാരങ്ങളില്‍ ഉപയോഗിക്കുന്ന സൂപ്പര്‍ ക്വാളിറ്റി അരിയും ഇവിടെ ലഭ്യമാണ്. മാര്‍കറ്റില്‍ 3 ദിര്‍ഹം വിലയുള്ള ആട്ട പകുതി വിലക്ക് റേഷന്‍ കട വഴി ലഭിക്കും. 1.50 ദിര്‍ഹമാണ് ഒരു കിലോ ആട്ടയ്ക്ക്. എന്നാല്‍ പഞ്ചസാര 10, 20, 50 എന്നിങ്ങനെ വ്യത്യസ്ത അളവിലുള്ള പാക്കറ്റുകള്‍ ലഭ്യമാണ്. ഒരു കിലോ പഞ്ചസാരക്ക് 1.75 ദിര്‍ഹം ആണ് വില. മാര്‍ക്കറ്റില്‍ മൂന്ന് ദിര്‍ഹം വിലയുണ്ട്. അരിയെ പോലെ തന്നെ ഏറ്റവും ഗുണമേന്മ നിറഞ്ഞ സാധനങ്ങളാണ് അബുദാബി റേഷന്‍കട വഴി വിതരണം ചെയ്യുന്ന പഞ്ചസാരയും ആട്ടയും. ധാന്യങ്ങള്‍ക്ക് പുറമേ ഒട്ടകങ്ങള്‍ക്കുള്ള പ്രത്യേക ഫുഡും റേഷന്‍കട വഴി ലഭിക്കും.
ഗോഡൗണില്‍ ജോലിചെയ്യുന്നവരില്‍ ഏറെയും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. ചില കാര്‍ഡുടമകള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ റേഷന്‍കാര്‍ഡ് നല്‍കാറുണ്ട്. പത്തുവര്‍ഷമായി അറബിക് സഹോദരന്റെ കാര്‍ഡ് ഉപയോഗിച്ചാണ് ഞാന്‍ റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാറുള്ളത്. കാര്‍ഡ് പ്രകാരം ഒരു മാസത്തില്‍ രണ്ട് ചാക്ക് അരിയാണ് അനുവദിച്ചതെങ്കിലും മാസാവസാനത്തില്‍ ചില സമയത്ത് രണ്ട് ചാക്ക് അരി വേറെയും ലഭിക്കാറുണ്ട്. നാലു ചാക്ക് അരിക്ക് 960 ദിര്‍ഹം ലാഭമാണ് ലഭിക്കുന്നത്. അബുദാബിയിലെ വിദൂര പട്ടണമായ ഗയാത്തിയിലെ റേഷന്‍ കടയില്‍ നിന്നാണ് ഞങ്ങള്‍ സാധനങ്ങള്‍ വാങ്ങാറുള്ളത്. ഈ കാര്‍ഡ് മുഖേന വേറെ സ്ഥലത്തുള്ള റേഷന്‍ കട വഴി സാധനം ലഭിക്കുന്നതല്ല. റേഷന്‍കട വഴി ലഭിക്കുന്ന അരി ബിരിയാണി, നെയ്‌ച്ചോര്‍, മന്തി, സാധാരണ ചോര്‍, ദോശ, നെയ്യപ്പം തുടങ്ങിയവക്ക് ഉപയോഗിക്കാന്‍ പറ്റുന്നതാണ്. തിളച്ച വെള്ളത്തില്‍ 10 മിനിറ്റ് കൊണ്ട് വേവുന്ന അരി ആയതിനാല്‍ തിരക്കുപിടിച്ച ജോലിക്കിടയില്‍ പെട്ടെന്ന് ഭക്ഷണം പാകം ചെയ്യാന്‍ കഴിയും. ഈ ഭാഗത്തുള്ള അഡ്‌നോക് ജീവനക്കാരില്‍ അധികപേരും ഈ കാര്‍ഡ് ഉപയോഗിച്ചാണ് അരി വാങ്ങുന്നത്. ചില അറബി സഹോദരന്മാര്‍ അരി ദാനമായി നല്‍കാറുമുണ്ട്.
അരിക്കു പുറമെ പഞ്ചസാരയും ഉപ്പും ഓയിലും ഞങ്ങള്‍ റേഷന്‍ കടയില്‍ നിന്നാണ് വാങ്ങാറ്. കേരളത്തിലെ വിലയേക്കാളും കുറഞ്ഞ വിലയില്‍ ആണ് ഇവ നമുക്ക് ലഭിക്കുന്നത്. ശരാശരി ശമ്പളക്കാരായ ഞങ്ങള്‍ക്ക് ചുരുങ്ങിയ ബജറ്റ് തയാറാക്കാന്‍ അബുദാബി ബലദിയ റേഷന്‍കട ഏറെ സഹായകമാണ്.

Share this article

About അലി കട്ടയാട്ട്

alicheruvadi@gmail.com

View all posts by അലി കട്ടയാട്ട് →

Leave a Reply

Your email address will not be published. Required fields are marked *