ചില കൈ പ്രയോഗങ്ങള്‍!

Reading Time: < 1 minutes

കൈത്താങ്ങ്, ഒരു കൈ സഹായം, കൈ വിട്ട കളി എന്നിങ്ങനെ കൈ കൂട്ടിയുള്ള പ്രയോഗങ്ങള്‍ ഭാഷയില്‍ പലതുമുണ്ട്. ഇത്തരം കൈ പ്രയോഗങ്ങളുടെ പുതിയ വേര്‍ഷനുമായി വന്നിരിക്കുകയാണ് നമ്മുടെ പിള്ളേര്‍.
‘കൈയിന്ന് പോയി’ എന്നതാണ് ന്യൂജെന്‍ കൈപ്രയോഗങ്ങളില്‍ മുഖ്യം. പണമോ മറ്റോ നഷ്ടപ്പെട്ടതിനെ സൂചിപ്പിക്കാനല്ല ഈ ‘കൈയിന്ന് പോക്ക്’. മാനേജ് ചെയ്യാന്‍ പറ്റാത്ത വിധം സാഹചര്യം അനിയന്ത്രിതമാവുക, ഉദ്ദേശിച്ചേടത്ത് കാര്യങ്ങള്‍ നില്‍ക്കാതിരിക്കുക എന്നൊക്കെയാണ് ഈ കൈയിന്ന് പോക്കിന്റെ വിവക്ഷ.
ഒരു തമാശ കാണിക്കുക, ധൈര്യം തെളിയിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ ഒപ്പിച്ച വേലത്തരം സ്‌ഫോടനാത്മകമായ അവസ്ഥ പ്രാപിച്ചാല്‍ സംഗതി കയ്യിന്ന് പോയി എന്നായിരിക്കും പ്രതികരണം. ഏത് പോലീസ് വന്നാ നമ്മക്കെന്താ എന്ന ഭാവത്തില്‍ ബുക്കും പേപ്പറുമില്ലാതെ, ഹെല്‍മറ്റ് വെക്കാതെ ബൈക്കുമെടുത്ത് ചീറിപ്പാഞ്ഞു പോലീസിന്റെ മുന്നില്‍ ചെന്ന് ചാടുകയും പുലിവാല്‍ പിടിക്കുകയും ചെയ്‌തെന്നിരിക്കട്ടെ. അല്ലെങ്കില്‍ ഒരു ഹരത്തിന് കത്തിച്ചു വിട്ട പടക്കം പൊട്ടി ആര്‍ക്കെങ്കിലും പരിക്ക് പറ്റുകയും കേസും കോടതിയും പൊല്ലാപ്പുമാവുകയും അവസാനം നല്ല ഒരു സംഖ്യ കൊടുത്ത് ഒത്തു തീര്‍പ്പാക്കേണ്ടി വരികയും ചെയ്‌തെന്നിരിക്കട്ടെ. ഇത്തരം സാഹചര്യങ്ങളുടെ ആ ഒരു അവസ്ഥ ഏറ്റവും നന്നായി ആവിഷ്‌കരിക്കാന്‍ ‘കൈയിന്ന് പോയി’ എന്ന പ്രയോഗത്തെ വെല്ലാന്‍ ഒരു പ്രയോഗമില്ല തന്നെ.
സംഘാംഗങ്ങള്‍ ഒന്നിച്ച് ടൂറോ മറ്റോ പോയി തിരിച്ചു വന്നാല്‍ എല്ലാവരും ഹാങോവറില്‍ നില്‍ക്കുമ്പോഴും ഗാങ് ലീഡര്‍ ചിലപ്പോ തലക്ക് കൈയും കൊടുത്തിരിക്കുന്നത് കാണാം. സംഗതി അന്വേഷിച്ചാല്‍ ബഡ്ജറ്റ് ‘കൈയിന്ന് പോയെ’ന്ന് പറയും. അടിച്ചു പൊളിക്കുന്നതിനിടയില്‍ ചെലവ് കണ്‍ട്രോള്‍ ചെയ്യാന്‍ മറന്നു പോയെന്ന് ചുരുക്കം. സോഷ്യല്‍ മീഡിയയില്‍ തമാശക്ക് വിട്ട വോയ്‌സുകള്‍ കൈയിന്ന് പോയി പൊല്ലാപ്പിലായവര്‍ എത്ര!
‘കൈയിന്ന് കൂട്ടുക’ എന്നതാണ് മറ്റൊരു കൈപ്രയോഗം. ആരെയെങ്കിലും പുകഴ്ത്തി പറയുമ്പോള്‍ ഒരു പഞ്ച് കിട്ടാനായി അയാളിലില്ലാത്ത കാര്യങ്ങള്‍ കൂട്ടിപ്പറയുന്നതിനെ സൂചിപ്പിക്കാനാണ് കൈയിന്ന് കൂട്ടുക, കയ്യിന്ന് ഇടുക എന്നൊക്കെ പറയുക. ഏതെങ്കിലും വസ്തുക്കളുടെ മേന്മ, സ്ഥലത്തിന്റെ പ്രത്യേകതകള്‍ എന്നിവ വര്‍ണിക്കുമ്പോഴും കൈയിന്ന് കൂട്ടാറുണ്ട് പലരും. ഇതിന് കേറ്റി പറയുക എന്നും ഒരു പ്രയോഗമുണ്ട്. പലരേയും വാഴ്‌ത്തേണ്ടി വരുമ്പോള്‍ കൈയിന്ന് കൂട്ടിയില്ലെങ്കില്‍ ഒന്നും പറയാനില്ലാത്ത അവസ്ഥ വരുന്നത് നമ്മുടെ കുറ്റമല്ലല്ലോ ല്ലേ?

Share this article

About അബ്ദുല്ല വടകര

enpee_sa@yahoo.com

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *