തമിഴ് മണ്ണില്‍ താമര വിരിയുമോ?

Reading Time: 3 minutes

കരുണാനിധിക്കും ജയലളിതക്കും ശേഷം ദ്രാവിഡ രാഷ്ട്രീയം ഏത് ദിശയിലായിരിക്കും സഞ്ചരിക്കുക എന്നതിനുള്ള ഉത്തരമായിരിക്കും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് നല്‍കാനുണ്ടാവുക. ഹിന്ദുത്വത്തെയും സംഘപരിവാര്‍ രാഷ്ട്രീയത്തെയും അയിത്തം കല്പിച്ച രാഷ്ട്രീയമാണ് തമിഴിന്റേത്. എന്നിരുന്നാലും അവരുടെ രാഷ്ട്രീയത്തെ കാലങ്ങളായി പ്രതിനിധാനം ചെയ്യുന്ന ഡിഎംകെയും എഐഎഡിഎംകെയുംഅധികാര രാഷ്ട്രീയത്തില്‍ ബിജെപിയുമായി പലഘട്ടങ്ങളില്‍ സന്ധിയിലേര്‍പ്പെടുക്കയും ചെയ്തിട്ടുണ്ട്. ഇത് തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ ബൗദ്ധികതെയ ചോദ്യം ചെയ്യുന്ന ഒന്നായി ഒരിക്കലും മാറിയിരുന്നുമില്ല. ഉള്ളടക്കപരമായ ഈ രാഷ്ട്രീയ വസ്തുതയുടെ മര്‍മത്തിലാണ്ഇത്തവണ ബിജെപി മുരുകനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് തീവ്ര ഹിന്ദുത്വത്തിലൂടെ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നത്. അയോധ്യയിലെ രാമന്‍ കേരളത്തില്‍ അയ്യപ്പനാവുന്ന പോലെ തമിഴ്‌നാട്ടില്‍ അത് മുരുകനായി ഉയര്‍ത്തപ്പെടുകയാണ്. തന്തൈ പെരിയാറും അണ്ണാദുരെയും കെട്ടിഉയര്‍ത്തിയ സാമ്രാജ്യം പിന്നീട് എംജിആറിലൂടെയും കരുണാനിധിയിലുടെയും വളര്‍ന്നപ്പോഴും ശേഷം വഴി പിരിഞ്ഞപ്പോഴുമൊന്നും തമിഴന്റെ കീഴാള രാഷ്ട്രീയ ബോധത്തിന് മൗലികമായ മാറ്റം സംഭവിച്ചിരുന്നില്ല. ‘ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴിക്ക്’ എന്ന തമിഴ് ദേശീയതക്ക് ഇപ്പോഴും ഇളക്കം വന്നിട്ടില്ല. പക്ഷേ എംജിആറിന്റെയും ജയലളിതയുടെയും പാര്‍ട്ടിയല്ല പളനിസാമിയുടെയും പനിനീര്‍ സെല്‍വത്തിന്റെയും പാര്‍ട്ടി. കലൈഞ്ജറിലേക്ക് വളരാന്‍ സ്റ്റാലിന് ഇനിയും ഒരുപാട് അങ്കം ജയിക്കണം. അത് കൊണ്ട് തന്നെ ജയലളിതക്കും കരുണാനിധിക്കും ശേഷമുള്ള തമിഴ് രാഷ്ട്രീയം ദ്രാവിഡ നാടിന്റെ ജാതകം തന്നെ തിരുത്തിക്കുറിക്കും എന്നതില്‍ തര്‍ക്കമുണ്ടാവില്ല. അത് കൊണ്ടൊക്കെത്തന്നെയാണ് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവും എന്ന് നിരീക്ഷിക്കപ്പെടുന്നത്.
ദളിത് രാഷ്ട്രീയത്തിന്റെയും തമിഴ് ദേശീയതയുടെയും പാതയിലുടെയാണ് ഇക്കാലമത്രയും തമിഴ് രാഷ്ട്രീയം സഞ്ചരിച്ചിരുന്നത്. പലതവണ തമിഴ്‌നാട്ടില്‍ പരാജയപ്പെട്ട സംഘപരിവാര്‍ അജണ്ടകള്‍ ഇത്തവണ വിജയം കാണുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്കിടയിലും മുരുകനൊരു ഐക്കണാണ് എന്നതാണ് ഇതിന്റെ മുഖ്യകാരണം. അടുത്ത കാലത്ത് പെരിയാറിസ്റ്റുകളുടെ ഒരു യൂട്യൂബ് ചാനലില്‍ മുരുകനെ അധിക്ഷേപിച്ചു എന്ന വാദത്തോടെയാണ് സംഘപരിവാര്‍ മുരുകനെ ഇയര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയ പ്രചാരണം തുടങ്ങിയത്. ബിജെപിയുടെ പരാതിയില്‍ വീഡിയോ പ്രചരിപ്പിച്ചവരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതേ തുടര്‍ന്നാണ് പെരിയാറിസ്റ്റുകള്‍ ഹിന്ദു വിരുദ്ധരാണെന്നും ഡിഎംകെ ഹിന്ദു വിരുദ്ധമാണെന്നുമുള്ള പ്രചരണം ബിജെപി ശക്തമായി ഉയര്‍ത്തിയത്.
പതിവില്‍ നിന്ന് വ്യത്യസ്തമായി സംഘപരിവാറിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം വളര്‍ന്നിട്ടുണ്ട് എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. പക്ഷേ അത് ഇളക്കമുണ്ടാക്കുന്നത് എംജിആറിന്റെ സാമ്രാജ്യത്തിനായിരിക്കും. കഴിഞ്ഞ വര്‍ഷാവസാനമാണ് തമിഴ്‌നാട്ടില്‍ വ്യാപകമായി ആരാധിക്കപ്പെടുന്ന ഹിന്ദു ദൈവമായ വേല്‍മുരുകനെ ഉയര്‍ത്തിക്കൊണ്ട് തമിഴ്‌നാട് ബിജെപി അധ്യക്ഷന്റെ നേതൃത്വത്തില്‍ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൂടെ വേല്‍യാത്ര എന്ന പേരില്‍ യാത്ര പ്രഖ്യാപിച്ചത്. എന്നാല്‍ തുടക്കത്തില്‍ തന്നെ എഐഎഡിഎംകെ യാത്രക്ക് അനുമതി നിഷേധിക്കുകയും യാത്രയുടെ പ്രചാരണത്തിന് എംജിആറിന്റെ ചിത്രം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സഖ്യകക്ഷിയായിട്ട് കൂടി ബിജെപിയുമായി തര്‍ക്കങ്ങളുണ്ടായത്. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കപ്പെടുന്നതോടെ അത് തങ്ങളുടെ വോട്ട് ബാങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്ന രാഷ്ട്രീയ തിരിച്ചറിവായിരിക്കണം യാത്ര തടയാനും എംജിആറിന്റെ ചിത്രം ഉപയോഗിക്കുന്നത് വിലക്കുന്നതിനുമൊക്കെ എഐഎഡിഎംകെയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ബീഹാറില്‍ നിതീഷിന്റെ പാര്‍ട്ടിക്കുണ്ടായ പോലെ ഒരു വലിയ തിരിച്ചടിയൊന്നും എഐഎഡിഎംകെക്ക് വരാനിരിക്കുന്നില്ല. എന്നാല്‍ വിദൂര ഭാവിയില്‍ ബിജെപിയാല്‍ തങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടുമെന്ന് അവര്‍ കണക്കു കൂട്ടുന്നുണ്ടാവും. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് ഗ്രൗണ്ട് ഒരുക്കാനുള്ള സമയമാണ്. മികച്ച സംഘടനാ സംവിധാനത്തോടെ സംസ്ഥാനത്ത് ഇപ്പോള്‍ സജീവമായി ബിജെപി രംഗത്തുണ്ട്.
കഴിഞ്ഞ തവണത്തേത് പോലെ ബിജെപി ഒറ്റക്ക് മത്സരിക്കുകയാണെങ്കില്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ കഴിയും എന്നതാണ് മുരുകനെ ഉയര്‍ത്തിയുള്ള പ്രചാരണത്തിന്റെ മൂല കാരണം. ഒറ്റക്ക് മത്സരിക്കുന്ന പാര്‍ട്ടികള്‍ക്ക് തമിഴ്‌നാട്ടില്‍ പ്രസക്തിയില്ല എന്നതാണ് ചരിത്രം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കിങ് മേക്കറായിരുന്ന കാമരാജ് നാടരുടെ സമ്രാജ്യം ശേഷിപ്പുകളില്ലാതെ അവസ്തമിച്ച അവസഥയാണ്. 1967 ലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഭക്തവത്സലത്തിന് ശേഷം അര നൂറ്റാണ്ടായി ഇതുവരെ കോണ്‍ഗ്രസ് തിരിച്ചു വന്നിട്ടില്ല. മാത്രവുമല്ല ഒരു സമര്‍ദശക്തിപോലുമല്ലാത്ത വിധം കോണ്‍ഗ്രസ് മെലിഞ്ഞു പോയിരിക്കുന്നു. കോണ്‍ഗ്രസിന് ശേഷം ഹിന്ദി വിരുദ്ധതയും തമിഴ് ദേശീയതയെ ഊതിക്കത്തിച്ച ദ്രാവിഡ രാഷ്ട്രീയത്തില്‍ അണ്ണാദുരയും എംജിആറും കരുണാനിധിയും ജയലളിതയും മാറി ഭരിച്ച തമിഴ് നാട്ടില്‍ മൂന്നാമതൊരു കക്ഷിക്ക് ഒരിക്കലും നിര്‍ണായക ഇടപെടലിന് സാധിച്ചിട്ടില്ല. എഐഎഡിഎംകെ സഖ്യത്തില്‍ നിന്ന് പുറത്ത് വന്ന് 2016ല്‍ മൂന്നാം ബദലിനൊപ്പം മത്സരിച്ച ഇടതു പാര്‍ട്ടികള്‍ 19 സീറ്റുകളില്‍ നിന്നാണ് പൂജ്യത്തിലേത്തേക്ക് കൂപ്പുകുത്തിയത്. ഇരു ഇടതുപാര്‍ട്ടികള്‍ക്കും ഒരു ശതമാനം വോട്ട് പോലും കിട്ടിയില്ല എന്നത് ഇതിന്റെ ഏറ്റവും മികച്ച സാക്ഷ്യമാണ്. സഖ്യകക്ഷികളെ മാന്യമായി പരിഗണിക്കുക എന്ന രാഷ്ട്രീയ മര്യാദയും ഇരു ദ്രാവിഡ കക്ഷികളും ഇതുവരെ കാണിച്ചിട്ടുമില്ല. ആ പാരമ്പര്യം തിരുത്തുമെന്നാണ് ഇത്തവണ ബിജെപി അവകാശപ്പെടുന്നത്.
ദൈവത്തെയും തമിഴ് ജനതയുടെ അഭിമാനത്തെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള യാത്രയാണിതെന്നായിരുന്നു വേല്‍യാത്ര പ്രഖ്യാപിച്ച സമയത്ത് ബിജെപി പ്രചരിപ്പിച്ചത്. തമിഴ് വൈകാരികതയും വിശ്വാസവും സമം ചേര്‍ത്ത് കലക്കുന്ന ബിജെപിക്ക് ഇത് ഏറ്റവും മികച്ച അവസരമാണ്. പക്ഷേ തമിഴ്‌ദേശീയതയും സംഘപരിവാര്‍ ദേശീയതയും എത്രകണ്ടു യോജിച്ച് പോവും എന്ന് കണ്ടറിയേണ്ടതാണ്. ഇപ്പോള്‍ തന്നെ എഐഎഡിഎംകെ സഖ്യത്തിനൊപ്പം 60 സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് തങ്ങളുടെ ശക്തി കാണിക്കാനും കൂടുതല്‍ സീറ്റിനായി വിലപേശലിനുമുള്ള കരുത്തുണ്ടാക്കാനും യാത്രയുടെ ആരംഭ സമയത്ത് കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ഒരു സീറ്റു പോലുമില്ലാത്ത പാര്‍ട്ടിയാണ് തമിഴ്‌നാട്ടില്‍ ബിജെപി. മാത്രവുമല്ല കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ച ബിജെപിയുടെ പെട്ടിയില്‍ വീണതാകട്ടെ 2.86 ശതമാനം വോട്ടുകള്‍ മാത്രമാണ്. അത് കൊണ്ട് തന്നെ ഇപ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപി ഒരു സാന്നിധ്യം പോലുമല്ല എന്നതാണ് വസ്തുത. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ കണെക്കടുക്കുമ്പോള്‍ തന്നെ ഇന്ത്യയില്‍ ബിജെപിയുടെ ഏറ്റവും മോശപ്പെട്ട പ്രകടനമാണ് തമിഴ്‌നാട്ടിലേത്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ കൂടിയാവുമ്പോള്‍ എഐഎഡിഎംകെ ബിജെപിക്ക് സീറ്റുകള്‍ വിട്ടുനല്‍കാന്‍ സാധ്യതയില്ല. എന്നിരുന്നാലും മോദി-അമിത്ഷാ ദ്വയം എഐഎഡിഎംകെ നേതാക്കളുമായി മികച്ച ബന്ധം സൂക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒറ്റക്ക് നിന്നാല്‍ ഒന്നും നേടാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം.
മുരുകനെ പ്രൊജക്ട് ചെയ്യുന്നതിനൊപ്പം രജനികാന്തിനെ കൂടി രംഗത്തിറക്കാനുള്ള തീവ്ര ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നു. പിന്നീട് രജനി സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കും എന്ന നില എത്തിയതോടെയാണ് ആ ശ്രമം പരാജയപ്പെട്ടത്. പക്ഷേ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടി അലട്ടിയപ്പോള്‍ രജനി രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സിനിമ നടന്മാര്‍ക്ക് അമ്പലങ്ങളുള്ള നാട്ടില്‍ തങ്ങളുടെ ആരാധന പാത്രങ്ങളെ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് ജീവിതത്തിലേക്കും പകര്‍ത്തുന്നവരാണ് തമിഴര്‍. ഈ പള്‍സ് മനസിലാക്കിയ എംജിആറിന്റെ പാത പിന്തുടര്‍ന്നാണ് ജയലളിതയും പിന്നീട് സ്വന്തം പാര്‍ട്ടിയുമായി വിജയകാന്തും ശരദ്കുമാറുമൊക്കെ രാഷ്ട്രീയത്തില്‍ വന്നത്. ഒടുവില്‍ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് കമല്‍ഹാസനും ലക്ഷ്യം വെക്കുന്നത് ഇതേ വോട്ട് ബാങ്കിലാണ് രജനിക്കൊപ്പം തന്നെതമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് കമല്‍ഹാസന്‍. കമല്‍കൂടി രംഗത്ത് വന്നാല്‍ അത് തിരഞ്ഞെടുപ്പില്‍ ചെറുതല്ലാത്ത ചലനങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്.
കരുണാനിധിക്ക് ശേഷം ഡിഎംകെയില്‍ സമ്പുര്‍ണ ആധിപത്യം സ്ഥാപിച്ചസ്റ്റാലിനെ മാറ്റിനിര്‍ത്തിയാല്‍ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഒരു ക്രൗഡ്-പുള്ളറെ ചൂണ്ടിക്കാണിക്കുക പ്രയാസമാണ്. സ്റ്റാലിന് മാത്രമാണ് വലിയ ആള്‍കൂട്ടങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നത്. കലൈഞ്ജറുടെ രാഷ്ട്രീയ തന്ത്രഞ്ജതയും നേതൃത്വശേഷിയും ഏറെക്കുറേ സ്റ്റാലിനിലുണ്ട്. പത്ത് വര്‍ഷത്തെ തുടര്‍ച്ചയായ എഐഎഡിഎംകെ ഭരണത്തിന് ഇത്തവണ സ്റ്റാലിന്‍ കര്‍ട്ടനിടും എന്ന് തന്നെയാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ കരുണാനിധിയുടെ മൂത്ത മകനായ അഴകിരി എഐഎഡിഎംകെ ബിജെപി സഖ്യത്തിനൊപ്പമാണ് എന്ന സൂചന നല്‍കിക്കഴിഞ്ഞു. അത് ഡിഎംകെയുടെ വോട്ടുകളില്‍ ചെറിയ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട്. ശരത്കുമാറിനും വിജയ്കാന്തിനുനൊന്നും പ്രത്യേകിച്ച് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഏതെങ്കിലുമൊരു സംഖ്യത്തിനൊപ്പം ചേര്‍ന്ന് പരമാവധി സ്ഥാനം ഭദ്രമാക്കുക എന്നതായിരിക്കും അവരുടെ ലക്ഷ്യം. പക്ഷേ കോണ്‍ഗ്രസിന് ഒരു സാന്നിധ്യം പോലുമായി നിലനില്‍ക്കുമോ എന്നതാണ് സംശയം. കോണ്‍ഗ്രസിന്റെസംഘടനാ സംവിധാനം അത്രകണ്ട് ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ബിജെപി മികച്ച സംഘടനാ സംവിധാനത്തോടെ സജീവവുമാണ്. അത് കൊണ്ട് തന്നെ ബിജെപിയുടെ ഇന്നിംഗ്‌സാണ് ഏവരും ഉറ്റുനോക്കുന്നത്.

Share this article

About ജുനൈദ് ടിപി തെന്നല

junaidthennala@gmail.com

View all posts by ജുനൈദ് ടിപി തെന്നല →

Leave a Reply

Your email address will not be published. Required fields are marked *