ഡിജിറ്റല്‍ വത്കരണത്തിന് വിധേയരാകുന്ന മനുഷ്യര്‍

Reading Time: 4 minutes

മനുഷ്യരെ ഡിജിറ്റല്‍വത്കരിക്കുക എന്നൊരു പ്രയോഗമുണ്ട്. അഥവാ പടിപടിയായി ഒരു ഡിജിറ്റല്‍ യന്ത്രമായി അവന്‍ പരിവര്‍ത്തിക്കപ്പെടുന്നു എന്ന് വേണമെങ്കില്‍ ചുരുക്കാം. നിശ്ചിതമായ ഫലങ്ങള്‍ മാത്രം നല്‍കുന്ന ചില ഇന്‍പുട്ടുകളോട് മാത്രം പ്രതികരിക്കുന്ന ഒരു സ്വഭാവത്തിലേക്ക് അവന്‍ മാറുകയാണ് ഇവിടെ. വ്യാവസായിക വിപ്ലവമാണ് മാനുഷിക ഡിജിറ്റല്‍ വത്കരണത്തിന്റെ പ്രാരംഭം.
പതിനെട്ടാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തിന് ശേഷം, നിര്‍മാണങ്ങളെ യന്ത്രവത്കരിക്കുന്നതിനുള്ള ആധുനിക രീതികള്‍ കണ്ടെത്താന്‍ തുടങ്ങി. അച്ചുകള്‍ ഉണ്ടാക്കിയും യന്ത്രങ്ങള്‍ നിര്‍മിച്ചുമാണ് ഇത് സാധ്യമാക്കിയത്. തുടക്കം മുതലേ ഇതിന്റെ ഉദ്ദേശ്യം വ്യവസായത്തെ മനുഷ്യന്റെ ജീവിതത്തെയും കൃഷിയെയും കച്ചവടത്തെയും ഗതാഗതത്തെയും ആരോഗ്യത്തെയുമെല്ലാം കൃത്യമായി മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാക്കുന്ന ഒന്നാക്കി മാറ്റുക എന്നതായിരുന്നു. എന്നാല്‍ അതൊരു ദുരന്തമായി മാറുകയാണ് ഉണ്ടായത്. ഇന്‍ഡസ്ട്രി തന്നെ ഒരു ലക്ഷ്യമായി മാറി. മനുഷ്യരാകട്ടെ, യന്ത്രങ്ങളെയും മറ്റു അനാവശ്യ വസ്തുക്കളെ പോലും നിര്‍മിച്ചെടുക്കുന്ന അധ്വാനത്തിലേക്ക് കൂടി വികസിക്കേണ്ട അവസ്ഥ വന്നു. പിന്നീട് മനുഷ്യന്‍ തന്റെ പ്രൊഡക്ടുകള്‍ വിറ്റഴിക്കാനുള്ള സാമൂഹ്യവും മനഃശാസ്ത്രീയവുമായ രീതികള്‍ കൂടി കണ്ടുപിടിച്ചു. ഇത് വന്‍ ഉപഭോഗ സംസ്‌കാരത്തിലേക്ക് ലോകത്തെ എത്തിച്ചു.
ഇതിനു പിന്നാലെ പല ഘട്ടങ്ങള്‍ മാറി മാറി വന്നു. മനുഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ടുകള്‍ക്കിടയില്‍ പെട്ടു പോയി. ഓരോ ഘട്ടത്തിലും ഫിക്‌സഡ് പ്ലാനുകളും മെക്കാനിസവുമെല്ലാം ഉപയോഗപ്പെടുത്തി ഈ പ്രക്രിയ പുരോഗമിച്ചു. സ്ഥാപിത താത്പര്യങ്ങളും വ്യാജവും പെരുകി. അങ്ങനെ മനുഷ്യന്‍ പോലുമറിയാതെ അവന്റെ ഡിജിറ്റല്‍വത്കരണം സംഭവിക്കാന്‍ തുടങ്ങി. സ്വയം പോലുമറിയാതെ ഇത്തരത്തില്‍ മാറുന്നതില്‍ ഇന്‍ഡസ്ട്രിയുടെ പങ്കിനെക്കുറിച്ചുള്ള രണ്ടു ഉദാഹരണങ്ങള്‍ നമുക്ക് പരിശോധിച്ചു നോക്കാം.

പ്രിന്ററിന്റെ കണ്ടുപിടിത്തം
ഒരു വ്യക്തിക്ക് പലതും എഴുതാന്‍ ഉണ്ടാകും. കത്തുകളും പുസ്തകങ്ങളും നോട്ടുകളുമെല്ലാം. ഇതെല്ലാം കൈ കൊണ്ടാണ് എഴുതുന്നത്. ഓരോരുത്തര്‍ക്കും വിഭിന്നമായ കൈയെഴുത്തുകളും രീതിശാസ്ത്രങ്ങളും ആത്മാവുമെല്ലാം ഉണ്ടാകും. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, മിക്ക പ്രേമലേഖനങ്ങളുടെയും മൂല്യം അത് എഴുതുന്ന ആളുടെ കൈയെഴുത്തിലും കുത്തിവരകളിലും എഴുത്തിന്റെ ചെരുവിലും അക്ഷരത്തിന്റെ നിറത്തിലും വലിപ്പത്തിലും കടലാസിന്റെയും മഷിയുടെയും രൂപത്തിലുമെല്ലാമായിരിക്കും. എന്നാല്‍ പ്രിന്റര്‍ വരികയും ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം മനുഷ്യന് വിടുതി നല്‍കുകയും ചെയ്തു. എല്ലാം വേഗത്തിലാക്കുകയും പ്രൊഡക്ടിവിറ്റി കൂടുകയും ചെയ്തു. എന്നാലും പഴയ എഴുത്തു രീതികളിലുണ്ടായിരുന്ന ആത്മാവിനെ അത് കൊന്നുകളഞ്ഞു. എല്ലാ എഴുത്തുകാരെയും സമന്മാരാക്കി. പണ്ട് കത്തുകളിലൂടെ കൈമാറിയിരുന്ന വികാരങ്ങള്‍ കേവലം യാന്ത്രിക ഇന്‍പുട്ടുകളും അക്കങ്ങളും മാത്രമായി മാറി. തദ്ഫലം ഒരു വ്യക്തിക്ക് തന്റെ എഴുത്തുകളില്‍ ആത്മാവാണോ വേണ്ടത് അതോ ഡിജിറ്റലൈസേഷന്‍ ആണോ എന്ന് തീരുമാനിക്കേണ്ടതായി വന്നു.

ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍
ഇന്ന് നാം കാണുന്ന ഔപചാരിക വിദ്യാഭ്യാസ രീതികളല്ല പണ്ട് ഉണ്ടായിരുന്നത്. അതിനപ്പുറം, വിദ്യാഭ്യാസം എന്നത് കൂടുതല്‍ സ്വതന്ത്രവും പുതുമകളെ സ്വീകരിക്കാന്‍ പ്രാപ്തമായതും ആയിരുന്നു. അത് ക്രിയാത്മകവും അതുല്യവുമായിരുന്നു. അധ്യാപകര്‍ തങ്ങളുടെ പക്കലുള്ള അറിവും ശാസ്ത്ര ബോധവുമെല്ലാം സ്വതന്ത്രവും സൗജന്യവുമായി മുന്നിലെ വിദ്യാര്‍ഥിക്ക് പകര്‍ന്നു നല്‍കുന്നു. അതോടൊപ്പം തന്നെ വിദ്യാര്‍ഥികള്‍ പരസ്പരമുള്ള ജ്ഞാന കൈമാറ്റങ്ങളും നടത്തുന്നു. താത്പര്യമുള്ള വിഷയത്തില്‍ കൂടുതല്‍ അറിവുള്ളവരില്‍ നിന്ന് ഓരോരുത്തരും പഠിക്കുന്നു.
എന്നാല്‍ ഇന്നത്തെ ഔപചാരിക വിദ്യാഭ്യാസം എല്ലാവരെയും ഒരേ വിവരമാണ് പഠിപ്പിക്കുന്നത്. ഒരേ രീതിശാസ്ത്രമാണ് അതിന് ഉപയോഗിക്കുന്നത്. അത്തരം ചട്ടക്കൂടുകള്‍ക്ക് അപ്പുറത്തേക്ക് പോകല്‍ വിദ്യാര്‍ഥിക്ക് നിഷിദ്ധമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മനുഷ്യനുള്ളിലെ ജിജ്ഞാസ മരിക്കുകയും അവന്റെ ക്രിയാത്മകതയും ത്വരയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഇതെല്ലാം സംഭവിച്ചത് വിദ്യാഭാസത്തെ ആധുനികതയുടെ വ്യവസായിക മൂശയിലിട്ട് വാര്‍ത്തെടുത്തത് കൊണ്ടാണ്. മരത്തോടും പ്ലാസ്റ്റിക്കിനോടും ഫാക്ടറികളോടും ഇടപെടുന്നത് എങ്ങനെയാണോ അങ്ങനെ തന്നെ വിദ്യാഭ്യാസത്തോടും ഇടപെട്ടത് വന്‍പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. ഒരേ സംഘങ്ങള്‍, മുന്നേ തയാറാക്കപ്പെട്ട വാര്‍പ്പു മാതൃകകള്‍, ആദ്യമേ തീരുമാനിക്കപ്പെട്ട, പ്രതീക്ഷിത ഫലങ്ങള്‍ ഇവയെല്ലാം ആധുനിക മനുഷ്യനെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഘടകങ്ങളാണ്.

സാങ്കേതിക വിപ്ലവകാലത്തെ ഡിജിറ്റല്‍വത്കരണം
വിവര സാങ്കേതിക വിദ്യ ഏറെ മുന്നോട്ടുപോയ ഇക്കാലത്ത് മാനുഷിക ഡിജിറ്റല്‍ വത്കരണത്തിന്റെ രീതിയും പ്രത്യേകതകളുമെല്ലാം മാറി. ആശയ വിനിമയത്തിന്റെ നവ മാധ്യമങ്ങളും അവയുടെ ഉച്ചസ്ഥായിയില്‍ എത്തി എന്നത് ഇവയില്‍ പ്രധാനമാണ്. ചില കാര്യങ്ങളിലൂടെ ഇത് വിശദീകരിക്കാം.

താത്പര്യങ്ങളെ ഏകീകരിക്കല്‍
മുന്‍നിര ആഗോള കമ്പനികള്‍ക്കും അന്താരാഷ്ട്ര സെലിബ്രിറ്റികള്‍ക്കും പുതിയ മീഡിയകളില്‍ വലിയ പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. യാഥാര്‍ഥ്യം എന്തെന്നാല്‍, ഈ സാങ്കേതിക വിദ്യകളും സോഫ്റ്റ് വെയറുകളും മീഡിയയുമെല്ലാം മനുഷ്യരെ രണ്ടു സംഘങ്ങളാക്കി തിരിച്ചു. ആകെ ജനങ്ങളുടെ ചെറിയൊരു ശതമാനം മാത്രം വരുന്നവരാണ് ഒന്നാമത്തേത്. ഇവരെ സ്വാധീനിക്കുന്നവര്‍ എന്നു വിളിക്കാം. രണ്ടാമത്തേത്, ഇവരുടെ അനുയായികളാണ്. ബാക്കിയുള്ള ലോക ജനത മൊത്തം ഈ കൂട്ടത്തില്‍ പെടും. നിസാരമായ സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പ് പോലും മതി ഇവര്‍ക്ക് ആളുകളെ സ്വാധീനിക്കാന്‍. അത് കാട്ടു തീ പോലെ മീഡിയയില്‍ പടരും.
മനുഷ്യന്റെ മറ്റു ഓരോ ഇഷ്ടങ്ങളോട് തട്ടിച്ചും ഇത് കാണാം. പാട്ട്, സിനിമ, ഭക്ഷണം, ഉപകരണങ്ങള്‍, വാഹനങ്ങള്‍, സ്വഭാവങ്ങള്‍, ആശയങ്ങള്‍ എന്നിങ്ങനെ അവന്‍ ഇഷ്ടപ്പെടുന്ന എന്തെല്ലാം ഉണ്ടോ അവിടെയെല്ലാം ഈ ചൂഷണവുമുണ്ട്. പരക്കെ അറിയപ്പെട്ടതിനോടും പൊതു/ പ്രശസ്തര്‍ നിര്‍ദേശിക്കുന്നതിനോടും മാത്രമേ മനുഷ്യരുടെ ഇഷ്ടങ്ങള്‍ ചായ്‌വ് കാണിക്കുന്നുള്ളൂ. ശരിക്കും ഓരോരുത്തര്‍ക്കും ഇത്തരം ഇഷ്ടങ്ങള്‍ വ്യത്യസ്തമാണ്. പക്ഷേ ഇപ്പോള്‍ വലിയ സംഘങ്ങളെ എടുത്തു നോക്കിയാലും അവരുടെ ഇഷ്ടങ്ങളും മറ്റുമെല്ലാം സമാനമായേക്കാം.

സ്വഭാവത്തെയും ചിന്തയെയും ഏകീകരിക്കുന്നത്
നവ മാധ്യമങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന ഒന്നുണ്ട്. പലരും അവരുടെ ജീവിതാനുഭവങ്ങള്‍, ശീലങ്ങള്‍, പ്രവര്‍ത്തികള്‍ പങ്കുവെക്കുന്നു. ഏറ്റവും ചെറിയ കാര്യങ്ങള്‍ വരെ ഇങ്ങനെ ചെയ്യുന്നു. ഇത് സ്ഥിരമായി വീക്ഷിക്കുന്ന മറ്റുള്ളവരും അത്തരമൊരു സാഹചര്യം വരുമ്പോള്‍ അതു പോലെ തന്നെ പ്രതികരിക്കുന്നു. വേറെ സ്വന്തമായി ഒരു മാര്‍ഗം തേടാനോ മറ്റോ അവര്‍ തയാറാകുന്നില്ല. ഇങ്ങനെ നോക്കുമ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരേ ഫലങ്ങള്‍ മാത്രം പുറത്തു വരുന്ന വലിയ ഒരു കൂട്ടത്തെ നമുക്ക് കാണാന്‍ സാധിക്കും. ഒരു സംഘത്തെ മൊത്തമായി ഹിപ്‌നോസിസ് ചെയ്തതു പോലെ എന്നൊക്കെ വേണമെങ്കില്‍ പറയാം.
പ്രിന്‍സിപ്പിള്‍ ഓഫ് ബ്ലൈന്‍ഡ് കറക്ട്‌നസ് എന്ന പ്രതിഭാസം ഇന്ന് വളരെ വ്യാപകമാണ്. അഥവാ ഭൂരിപക്ഷം പിന്തുണക്കുന്നു എന്ന ഒരേ ഒരു കാരണത്താല്‍ ഒരു കാര്യം ശരിയാണോ തെറ്റാണോ എന്ന തീര്‍പ്പില്‍ എത്തുക. ആ വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയോ അതിന്റെ ഉറവിടം തിരയുകയോ അതിലെ തെറ്റോ ശരിയോ പരിശോധിക്കുകയോ എല്ലാം ചെയ്യുന്നതിന് മുന്‍പേ ആണിത്. വളരെ അപകടമാണ് ഇത്തരം ശീലങ്ങള്‍. ഡിജിറ്റലൈസേഷന്റെ മറ്റൊരു ദുരന്ത ഫലമാണിത്.
ഒരു ചെറിയ ഫോട്ടോയോ സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു പ്രതികരണമോ മതി. ഒരു വലിയ മര്‍മപ്രധാനമായ ചര്‍ച്ച അവസാനിപ്പിക്കാന്‍. മാത്രമല്ല, മുന്‍പേ അവര്‍ തീരുമാനിച്ച/തയാറാക്കിയ ചര്‍ച്ചകളിലേക്ക് ഇതിനെയൊന്നാകെ മാറ്റുകയും ചെയ്യും.

ബലംപ്രയോഗിച്ചുള്ള തിരഞ്ഞെടുപ്പ്
‘മനുഷ്യാ നീ സ്വതന്ത്രനാണ്,’ നമ്മുടെ കാലത്ത് ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് ഇങ്ങനെയുള്ള സ്വാതന്ത്ര്യത്തെയും സമത്വത്തെയും നീതിയെയുമെല്ലാംകുറിച്ചുള്ള മുദ്രാവാക്യങ്ങളാണ്. പക്ഷേ, ഇവിടത്തെ ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ അംഗീകരിക്കുകയോ അതിനെ പിന്തുടരുകയോ ചെയ്യുന്നില്ലെങ്കില്‍, ലോകം നമ്മെ വലിച്ചെറിയുന്നു. വല്ല പത്തൊന്‍പതാം നൂറ്റാണ്ടിലേക്കോ അതിനും മുന്‍പുള്ള കാലത്തേക്കോ നാം പലായനം ചെയ്യേണ്ടി വരും.
ഇപ്പോഴത്തെ കാര്യം നോക്കൂ, കോവിഡ് വാക്‌സിന്‍ എടുക്കല്‍ നിര്‍ബന്ധമൊന്നുമല്ല, അത് എടുത്തില്ല എന്നു വെച്ച് ഏതെങ്കിലും മഹാ സൈന്യം നിങ്ങളുടെ വീട്ടിലേക്ക് വരികയും ബലാല്‍കാരമായി കുത്തിവെക്കുകയുമില്ല. പക്ഷേ, വാക്‌സിന്‍ എടുക്കേണ്ട എന്നു നിങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് പിന്നെ യാത്ര ചെയ്യാനോ ഷോപ്പിങിനോ ജോലിക്കോ ഹോസ്പിറ്റലിലോ പള്ളിയിലോ സ്‌കൂളിലോ പോകാനോ കഴിയില്ല. വാക്‌സിന്‍ എടുക്കുകയും പൊതു വളര്‍ത്തു ജീവികളോട് കൂടെ തന്നെയാണ് ഉള്ളതെന്നും തെളിയിക്കുന്ന രേഖ കാണിക്കാതെ ഒരുപക്ഷേ നിങ്ങളുടെ തൊട്ടു മുന്നിലെ ചെറിയ കടയില്‍ നിന്ന് പോലും നിങ്ങള്‍ക്ക് സാധനം വാങ്ങാന്‍ കഴിഞ്ഞില്ലെന്നു വരാം. പക്ഷേ പറച്ചില്‍ ഇപ്പോഴും ഇങ്ങനെയാണ്; നിങ്ങള്‍ സ്വതന്ത്രരാണ്, ആരും നിങ്ങളെ നിയന്ത്രിക്കുന്നില്ല.

ഡിജിറ്റല്‍ മേയ്ക്കല്‍
ഗൂഗിളും മറ്റു കമ്പനികളുമെല്ലാം ലോഞ്ച് ചെയ്തത് മുതലേ അവര്‍ പതുക്കെ നമ്മെയിങ്ങനെ മേയ്ക്കാനും തുടങ്ങിയിട്ടുണ്ട്. പതുക്കെ, അദൃശ്യമായി ആണ് ഈ ഏകീകൃത ഭാവങ്ങളെയും ശീലങ്ങളെയും ചിന്തകളെയും നമുക്ക് മേല്‍ അവര്‍ അടിച്ചേല്‍പ്പിക്കുന്നത്. അങ്ങനെ നമ്മെ അവര്‍ ഡിജിറ്റല്‍ അന്തേവാസികള്‍ ആക്കി മാറ്റുന്നു. ഇത്തരം സ്റ്റാന്‍ഡേര്‍ഡുകള്‍ കണ്ടുപിടിച്ച ചിലര്‍ സോഷ്യല്‍ ഡിലേമ എന്ന ഡോക്യുമെന്ററി ഫിലിമില്‍ വരികയും ഖേദം പ്രകടിപ്പിക്കുകയുമെല്ലാം ചെയ്തിരുന്നു. അവരിലൊരാള്‍ പറഞ്ഞത് ഇങ്ങനെയാണ്; ഞങ്ങള്‍ ഇരുപത്-മുപ്പത് പേരാണ് ഭൂമിയിലെ മൂന്ന് ബില്യന്‍ ജനങ്ങളെ നിയന്ത്രിച്ചിരുന്നത് എന്ന സത്യം എന്നെ സംഭ്രാന്തനാക്കുന്നു.
ഒരുപക്ഷേ, ബ്ലോഗര്‍മാര്‍ക്ക് ഇക്കാര്യം നന്നായി അറിയാമായിരിക്കും. ഒരു ബ്ലോഗര്‍ ഒരു ക്രിയാത്മക വിഷയത്തില്‍ എഴുതാന്‍ ഉദ്ദേശിക്കുമ്പോള്‍, അതിനി മഹാ കവി മുതനബ്ബി തന്നെ വന്നാലും ശരി, ഗൂഗ്ള്‍ നല്ല എഴുത്തിന് പറഞ്ഞു തരുന്ന നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും എഴുതുക. എസ് ഇ ഒ(Search Engine Optimization) സ്റ്റാന്‍ഡേര്‍ഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. അഥവാ ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ സെര്‍ച് ചെയ്തു കൊണ്ടിരിക്കുന്ന വിഷയത്തെക്കുറിച്ചായിരിക്കും ഈ ടഋഛ സ്റ്റാന്‍ഡേര്‍ഡ് നിങ്ങളോട് എഴുതാന്‍ കല്‍പിക്കുന്നത്. ഇത് അനുസരിച്ചില്ലെങ്കില്‍ നിങ്ങളുടെ എഴുത്ത് ഗൂഗിള്‍ സെര്‍ച് റിസല്‍റ്റില്‍ കാണിക്കുകയോ ഒരാള്‍ പോലും അത് വായിക്കുകയോ ഇല്ല. ഉദാഹരണത്തിന്, നിങ്ങള്‍ മുതനബ്ബി ആണെന്നും ഇക്കാലത്ത് ഒരു കവിത എഴുതുന്നു എന്നും വെക്കുക, ഗൂഗിള്‍ നിങ്ങളോട് കികി ഡാന്‍സിനെ പറ്റിയാണ് ആളുകള്‍ കൂടുതല്‍ സെര്‍ച്ച് ചെയ്യുന്നത് എന്ന് പറയും. അപ്പോള്‍ നിങ്ങള്‍ അതിനെ പറ്റി എഴുതേണ്ടി വരും.
അങ്ങനെ വിഷയം തിരഞ്ഞെടുത്തിന് ശേഷം, ഒരു കെട്ട് നിര്‍ദേശങ്ങള്‍ മുന്നില്‍ വെക്കും. അതെല്ലാം നിങ്ങള്‍ പാലിക്കണം. കികി ഡാന്‍സ് എന്ന പദം പത്തു തവണ ആവര്‍ത്തിക്കണം, വ്യക്തവും ലളിതവുമായിരിക്കണം, ആലങ്കാരിക പ്രയോഗങ്ങളോ മറ്റോ ഒന്നും പാടില്ല, ഇത്യാദി നിര്‍ദേശങ്ങള്‍ ആയിരിക്കും. ഇവ അംഗീകരിച്ചില്ലെങ്കില്‍ നിങ്ങളുടെ കവിത ഇവിടെ സ്വീകരിക്കില്ല, വല്ല പഴയ രാജ സദസ്സിലോ മറ്റോ പാടിക്കോളൂ എന്നാണ്.
ഭീമന്‍ കമ്പനികളും വ്യവസായികളും അന്താരാഷ്ട്ര രാഷ്ട്രീയക്കാരുമെല്ലാം ഗൂഗിളിനും മറ്റും ബില്യന്‍ കണക്കിന് പണം നല്‍കുന്നുണ്ടത്രേ, തങ്ങളുടെ ആശയങ്ങളും മറ്റും പരസ്യങ്ങളിലൂടെ ആളുകളില്‍ കുത്തിനിറക്കാന്‍ വേണ്ടിയാണ്. അങ്ങനെയാണ് ഓരോന്നും ‘ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്’ ആയി മാറുന്നത്.
ഉദാഹരണത്തിന്, ഇന്‍ഡോംകോം എന്നൊരു കമ്പനി അഞ്ചു വര്‍ഷത്തേക്ക് തങ്ങളെ തീവ്രമായി പരസ്യം ചെയ്യാന്‍ ഗൂഗിളിന് ബില്യന്‍ കണക്കിന് ഡോളര്‍ നല്‍കുന്നുവെന്ന് വെക്കുക, അപ്പോള്‍ ഈ ഡിജിറ്റല്‍ ആള്‍ക്കൂട്ടം മേയ്ക്കപ്പെടുന്നത് ഇന്‍ഡോം പ്രൊപഗണ്ട പ്രകാരമായിരിക്കും. നിങ്ങള്‍ ഭൂമിയെ തന്നെ സാരമായി ബാധിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് എഴുതാന്‍ വന്നാലും ഗൂഗ്ള്‍ നിങ്ങളോട് പറയും ഈ വിഷയമൊരു പരാജയം ആണ്, ആരും അത് ശ്രദ്ധിക്കില്ല എന്നെല്ലാം പറയും. എന്നിട്ട് നിങ്ങളോട് അവര്‍ക്ക് വേണ്ടതിനെ പറ്റി എഴുതാന്‍ പറയും.
ഒരിക്കല്‍ എനിക്ക് ഒരു സ്വകാര്യ വെബ്‌സൈറ്റില്‍ നിന്ന് സഹായം തേടേണ്ടതായി വന്നു. എന്റെ ബ്ലോഗുകളെക്കുറിച്ച് ഒരു SEO എക്‌സ്‌പെര്‍ട്ടിനോട് സംസാരിച്ചു. അയാള്‍ രണ്ടു ദിവസത്തോളം എന്റെ ബ്ലോഗുകള്‍ പഠിക്കുകയും എനിക്ക് റിപ്പോര്‍ട്ട് തരികയും ചെയ്തു. എന്നിട്ടെന്നോട് പറഞ്ഞു; നിങ്ങള്‍ SEO സ്റ്റാന്‍ഡേര്‍ഡുകള്‍ ഒന്ന് കൂടി ശ്രദ്ധിക്കണം. എനിക്ക് മനസിലായില്ല. ഞാന്‍ ഒന്ന് കൂടി ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ നാട്ടിലെ ഹോട്ടലുകളെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചും ബര്‍ഗറിനെക്കുറിച്ചുമെല്ലാം എഴുതൂ..’ ഇതൊക്കെയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ അന്വേഷിക്കുന്ന കാര്യങ്ങള്‍. ഇതാണ് മനുഷ്യന്‍ ഡിജിറ്റലൈസ് ചെയ്യപ്പെട്ടാലുള്ള അവസ്ഥ!

അപകടങ്ങള്‍
പ്രകൃതി ബുദ്ധിയെ(നാചുറല്‍ ഇന്റലിജന്‍സ്) കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മറികടക്കുമെന്നോ മനുഷ്യന്റെ ജോലി യന്ത്രങ്ങള്‍ കൈയടക്കുമെന്നോ റോബോട്ടുകള്‍ മനുഷ്യ കുലത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്നോ മാത്രമല്ല ഭയക്കേണ്ടത്. അതിലെല്ലാം ഉപരി, നമ്മെ ഞെട്ടിക്കേണ്ടത്, നാം പോലുമറിയാതെ നടക്കുന്ന ഈ മാനുഷിക ഡിജിറ്റല്‍വത്കരണമാണ്. അത് മനുഷ്യനിലെ മാനവികതയെ കൊന്നുകളയുന്നു എന്ന വസ്തുതയാണ്.
അല്‍ഷിമേഴ്‌സിനും ഓര്‍മക്കുറവിനും വിഷാദ രോഗത്തിനും ഇന്‍സോംനിയക്കുമെല്ലാം ചികില്‍സിക്കുന്നത് പോലെ ഈ രോഗത്തിനും ചികിത്സ അത്യാവശ്യമാണ്. അല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന അവസ്ഥ ഒന്ന് സങ്കല്‍പിച്ചു നോക്കൂ, ലോകത്തെ മില്യന്‍ കണക്കിന് ആളുകളെ നിയന്ത്രിക്കുന്ന ഒരു യൂണിറ്റ്, പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ഇരുന്ന് അതിനെ നിയന്ത്രിക്കുന്ന ഏതെങ്കിലും ഒരു കമ്പനി, ജനങ്ങള്‍ എന്ത് ചിന്തിക്കണമെന്ന്, സന്തോഷിക്കണോ സങ്കടപ്പെടാണോ എന്ന് അവര്‍ തീരുമാനിക്കുന്നു! എത്ര ഭീതിതമാണ് അത്.

Share this article

About ഡോ. അബ്ദുല്ല സലീം, വിവര്‍ത്തനം: മുഹമ്മദ് എ ത്വാഹിര്‍

View all posts by ഡോ. അബ്ദുല്ല സലീം, വിവര്‍ത്തനം: മുഹമ്മദ് എ ത്വാഹിര്‍ →

Leave a Reply

Your email address will not be published. Required fields are marked *