അഴിഞ്ഞു പോയതിനാല്‍ തീര്‍ന്നുപോയി രാഷ്ട്രീയം

Reading Time: 3 minutes

വാക്കുകളെ അവയുടെ പ്രഭവസ്ഥാനത്ത് ചെന്ന് സ്പര്‍ശിക്കുക എന്ന ഒരു പ്രയോഗമുണ്ട്. വാക്കേ വാക്കേ കൂടെവിടെ എന്ന് എം.ഗോവിന്ദന്‍. എം. ഗോവിന്ദന്റെ എല്ലാ ആലോചനകളും പോലെ കാലത്തിന് ഒരുപാട് മുന്നേ സഞ്ചരിച്ചു വാക്കിന്റെ കൂട് തേടുന്നു ഈ വരികളും. കൂട്ടിലാണ് വാക്കിനെ തിരഞ്ഞുചെല്ലേണ്ടത് എന്ന ആഹ്വാനം അര്‍ഥവ്യതിയാനങ്ങള്‍ക്കെതിരെ നടന്ന കലാപാഹ്വാനമാണ്. കാരണം വാക്കിന്റെ പ്രഭവവും പ്രവാഹവും സൂക്ഷ്മമായി പഠിച്ചിട്ടുള്ള മനുഷ്യര്‍ അതിന്റെ സഞ്ചാര പഥങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പിന്തുടരല്‍ കൗതുകകരമാണ്. വാക്ക് ഉദ്ഭവിക്കുന്നത് മിക്കപ്പോഴും ഇന്ന് പ്രയോഗിക്കപ്പെടുന്ന അര്‍ഥത്തില്‍ ആവണമെന്നില്ല. അത് ഒരു കാര്യം. മറ്റൊന്ന് വാക്കിന്റെ സഞ്ചാര ഗതി നിര്‍ണയിക്കുന്ന ഘടകങ്ങള്‍ സവിശേഷമാണ് എന്നതാണ്.
എങ്ങനെയാണ് ഒരു വാക്ക് ഉദ്ഭവിക്കുക? ഒരു ആശയത്തില്‍ നിന്നാണ് എന്ന് പൊതുവേ പറയാം. ഭൗതിക വസ്തുവും ഒരാശയമാണ് എന്ന് മനസിലാക്കാം. ആശയങ്ങള്‍ ഭൗതികവസ്തുവായി മാറുമെന്ന് പറഞ്ഞത് കാള്‍മാര്‍ക്‌സാണ്. നോക്കൂ, വര്‍ഗീയത എന്നത് ഒരാശയമാണല്ലോ? പക്ഷേ, കോടാലി എന്ന ഭൗതിക വസ്തുവിനെക്കാള്‍ പ്രഹരശേഷിയും ഹിംസാത്മകതയും വളര്‍ച്ചയും എല്ലാം വര്‍ഗീയത എന്ന ആശയത്തിനുണ്ട്. അതിനാലാണ് ആശയം പിന്നീട് ഭൗതികവസ്തുവായി മാറുമെന്ന് പറയുന്നത്. വാക്കിന്റെ കൂട്ടിലേക്കാണ് നമ്മള്‍ പോയത്. ഒരു സവിശേഷ ചിന്ത അല്ലെങ്കില്‍ ആശയം രൂപപ്പെടുന്നു. ആ ആശയത്തെ രൂപപ്പെടുത്തിയ ചിന്തകര്‍ അല്ലെങ്കില്‍ ആ ആശയം രൂപപ്പെട്ട സന്ദര്‍ഭം അപ്പോള്‍ ആ ആശയത്തെ പ്രകാശിപ്പിക്കാനുള്ള ഒരു പദത്തെ തിരയുന്നു. പലപ്പോഴും ആ ആശയത്തിന്റെ സംഗ്രഹം ഒരു വാക്കായി പിറവിയെടുക്കുന്നു. അപ്പോള്‍ സ്പന്ദിക്കുന്ന, സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ചരിത്രമാണ് ആ വാക്കിന്റെ സൃഷ്ടാക്കളില്‍ ഒന്ന് എന്നതും ഓര്‍ക്കണം. അങ്ങനെ വാക്ക് രൂപപ്പെടുന്നു. ഇപ്പോള്‍ അരാജകാവസ്ഥ എന്ന വാക്ക് അല്ലെങ്കില്‍ അരാജകം എന്ന വാക്കിനെ എടുക്കാം. അനാര്‍ക്കി എന്നതാണ് പദം. ആര്‍ക്കോസ് എന്ന വാക്ക് മുന്‍പേ ഉണ്ട് ഗ്രീക്കില്‍. ആര്‍ക്കോസ് എന്നാല്‍ ഭരിക്കുന്ന ആള്‍. ഭരിക്കുന്ന ആള്‍ ഇല്ലാത്ത, ഭരണം ഇല്ലാത്ത കുത്തഴിഞ്ഞ ഒരു വ്യവസ്ഥയെ ആണ് അനാര്‍ക്കി എന്ന പദം ദ്യോതിപ്പിക്കുന്നത്. ആര്‍ക്കോസ് ഇല്ല എന്ന അര്‍ഥത്തില്‍ അന്‍ ആര്‍ക്കോസ് ഉണ്ടാകുന്നു. അന്‍ എന്നത് മിക്കവാറും ഭാഷകളില്‍ നിഷേധ പദമാണ്. മധ്യകാല ലത്തീനിലും സമാനമായ പദത്തെ കണ്ടെത്താം. ഇത്തരം കൊയിനിങ്ങുകള്‍ അഥവാ സംയോജനങ്ങള്‍ ഭാഷയുടെ ചരിത്രത്തില്‍ എമ്പാടും കാണാം.
വാക്കിനെക്കുറിച്ചും അതിന്റെ കൂടിനെക്കുറിച്ചും ആമുഖമായി ഇത്രയും പറഞ്ഞത് പൊളിറ്റിക്‌സിലേക്ക് വരാനാണ്. നഗരകാര്യങ്ങള്‍ എന്ന അതിലളിതമായ അര്‍ഥത്തെ പ്രഭവത്തില്‍ ഉത്പാദിപ്പിച്ചിരുന്ന പദമാണ് പൊളിറ്റിക്‌സ്. അരിസ്‌റ്റോട്ടിലിന്റെ വിഖ്യാത കൃതിയായ പൊളിറ്റിക്കയിലാണ് അതിന്റെ വേരുകള്‍. നാമിന്ന് കാണുന്ന ഭരണകൂടത്തിന്റെ, ജനാധിപത്യത്തിന്റെ, ഭരണത്തിന്റെ എല്ലാം ആദ്യവേരുകള്‍ ഇന്ന് മനസിലാക്കപ്പെടുന്നതുപോലെ പുരാതന ഗ്രീസില്‍ കണ്ടെത്താന്‍ കഴിയുമല്ലോ. ആദ്യ വേരുകള്‍ എന്നത് ബോധപൂര്‍വമായ ഒരു പ്രയോഗമാണ്. നാമിന്ന് മനസിലാക്കുന്ന ഇത്തരം പ്രയോഗങ്ങളോട് കാര്യമായ ചാര്‍ച്ചയൊന്നും പുരാതന ഗ്രീസിലെ അത്തരം കാര്യങ്ങള്‍ക്ക് ഇല്ലായിരുന്നു. നഗരകാര്യങ്ങള്‍ എന്ന് പൊളിറ്റിക്‌സിനെ നിര്‍വചിച്ചതോര്‍ക്കുക. നഗരത്തില്‍, നഗര ജീവികള്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു സംവിധാനം മാത്രമായിരുന്നു അക്കാല ഭരണക്രമവും ജനാധിപത്യം എന്ന് അന്ന് മനസിലാക്കപ്പെട്ടിരുന്ന സംഗതികളും. നഗരത്തിലെ മുന്തിയ ഒരു വിഭാഗത്തിന് മാത്രം പ്രാപ്യമായ ഒന്ന്.
പക്ഷേ, പൊളിറ്റിക്‌സ് എന്ന പദം ചരിത്രത്തിലൂടെ സജീവമായി സഞ്ചരിച്ചു. പൊതുജീവിതം, അധികാരം എന്നിങ്ങനെ അതിശക്തമായ രണ്ട് പ്രമേയങ്ങളുമായി അത് ഇടപെട്ടു. പൊതുജീവിതത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്ന അധികാരത്തെ, അധികാരത്തിന്റെ അതിസൂക്ഷ്മമായ പ്രതിഫലനങ്ങളെ പൊളിറ്റിക്‌സ് എന്ന് മനസിലാക്കാന്‍ തുടങ്ങി. പ്രവര്‍ത്തനക്ഷമമായ അധികാരം, അതിസൂക്ഷ്മ പ്രതിഫലനങ്ങള്‍ എന്നീ പ്രയോഗങ്ങള്‍ പ്രധാനപ്പെട്ടതാണ്. വിശദീകരണം ആവശ്യമുള്ളവ. അതിലേക്ക് പിന്നീട് വരാം. പൊതുജീവിതത്തിലെ അധികാരം അതിന്റെ പ്രതിഫലനം എന്നിവയുമായി ബന്ധപ്പെട്ട് രൂപം കൊള്ളുന്ന ഒന്നാണ് പൊളിറ്റിക്‌സ് എന്നത് ഇപ്പോള്‍ തീര്‍പ്പാക്കപ്പെട്ടിട്ടുള്ള സാമുഹ്യശാസ്ത്ര പരികല്‍പനയാണ്. അധികാരത്തോടുള്ള സമീപനം പൊളിറ്റിക്‌സാണ്. അതായത് നിങ്ങള്‍ പല കാരണങ്ങളാല്‍ സാമൂഹികമായി ഒരു പ്രിവിലേജില്‍ ചെന്ന് പതിക്കുന്നു എന്ന് കരുതുക. ആ ചെന്ന് ചേരലില്‍ നിങ്ങള്‍ക്ക് പങ്കില്ല എന്നും കരുതുക.
ഉദാഹരണത്തിന് നിങ്ങള്‍ ജന്മനാ സമ്പന്നനാണ്. നിങ്ങളുടെ പിതാമഹന്‍മാരായി സമ്പാദിച്ച പണം നിങ്ങളിലേക്ക് അതിസ്വാഭാവികമായി എത്തിച്ചേര്‍ന്നതാണ്. അപ്പോള്‍ നിങ്ങള്‍ ഒരു സമ്പത്തിനകത്ത് പെടുന്നു. സമ്പത്തിനകത്ത് ജീവിക്കേണ്ടി വരുന്നു. സമ്പത്ത് നിങ്ങളില്‍ അധികാരത്തിന്റേതായ ഒരു നില സൃഷ്ടിക്കും. കാരണം ലളിതമാണ്. സമ്പത്ത് ആണ് അധികാരത്തെ സൃഷ്ടിക്കുന്നത്. വേറൊരു ഭാഷയില്‍ കാള്‍ മാര്‍ക്‌സ് ഇതിനെ മിച്ചമൂല്യം എന്ന് വിശദീകരിച്ചു. ഈ സമ്പത്ത് സൃഷ്ടിക്കുന്ന അധികാരം നിങ്ങളുടെ ചെയ്തികളില്‍, ചലനങ്ങളില്‍, സമീപനങ്ങളില്‍ ചില പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ ജീവനക്കാരോടുള്ള പെരുമാറ്റം ഉള്‍പ്പെടെ ഓര്‍ക്കാം. നിങ്ങള്‍ നിരത്തിലൂടെ കാര്‍ ഓടിച്ച് പോകുമ്പോള്‍ എതിരെ വരുന്ന കാല്‍നടക്കാരനോടുള്ള സമീപനം ഓര്‍ക്കാം. അധികാരം അതിന്റെ പ്രതിഫലനം എന്നീ കാര്യങ്ങള്‍ സ്വാഭാവികമായ യാഥാര്‍ഥ്യമാണ്. ഇതിനോട്, അതായത് ഈ അധികാരത്തോടും അല്ലെങ്കില്‍ നിങ്ങള്‍ക്ക് കൈവന്ന ദൃശ്യമോ അദൃശ്യമോ ആയ അധികാര നിലയോടും നിങ്ങള്‍ എന്‍ഗേജ് ചെയ്യും. ചെയ്യാതിരിക്കാന്‍ കഴിയില്ല. ആ എന്‍ഗേജിങ്ങിന് നിങ്ങള്‍ സ്വീകരിക്കുന്ന ഭാഷയാണ് നിങ്ങളുടെ പൊളിറ്റിക്‌സ്, മലയാളീകരിച്ചാല്‍ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങള്‍ നിങ്ങളുടെ പലതരം പ്രിവിലേജുകളെ മനസിലാക്കി, ഇവിടത്തെ ഉദാഹരണത്തില്‍ സാമ്പത്തിക നിലയെ മനസിലാക്കി, ആ പ്രിവിലേജ് പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ കാട്ടുന്ന അതിജാഗ്രത നിങ്ങളുടെ രാഷ്ട്രീയമാണ്. പ്രദര്‍ശിപ്പിക്കാന്‍ കാട്ടുന്ന വ്യഗ്രതയും നിങ്ങളുടെ രാഷ്ട്രീയമാണ്. ഇങ്ങനെ വൈയക്തികവും സാമൂഹികവുമായ ജീവിതത്തിന്റെ നാനാതരം അടരുകളില്‍ വേരോടിപ്പടര്‍ന്ന ഒരു നിലയുടെ പേരാണ് വാസ്തവത്തില്‍ പൊളിറ്റിക്‌സ് അഥവാ രാഷ്ട്രീയം. നഗരകാര്യങ്ങള്‍ എന്ന പ്രഭവാര്‍ഥത്തില്‍ നിന്ന് അത് ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു.
നിങ്ങളുടെ സാമൂഹികമായ ഇടപെടലുകളില്‍, ബന്ധങ്ങളില്‍ നിങ്ങള്‍ ചുറ്റുപാടുകളോട്, ചരാചരങ്ങളോട് നടത്തുന്ന എല്ലാ പ്രതികരണങ്ങളുടേയും വേരുകള്‍ നിങ്ങളുടെ രാഷ്ട്രീയത്തിലാണ്. ആ പ്രതികരണങ്ങളില്‍ ജനാധിപത്യം ഇല്ലെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ജനാധിപത്യത്തിന്റെ വിരുദ്ധ ചേരിയിലാണ്. ജനാധിപത്യത്തിന്റെ ചേരിയിലാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ കണ്‍സിഡര്‍ ദ അദര്‍, മറ്റുള്ളവരെ പരിഗണിക്കുക എന്ന പെരുമാറ്റത്തെ അടിമുടി ഉള്‍വഹിക്കുന്നവരും പ്രകാശിപ്പിക്കുന്നവരും ആയിരിക്കും. മറ്റുള്ളവരെ പരിഗണിക്കാതെ നിങ്ങള്‍ നടത്തുന്ന എന്തും നിങ്ങളെ ജനാധിപത്യത്തിന്റെ വിരുദ്ധ ചേരിയില്‍ അണിനിരത്തും. ജനാധിപത്യത്തിന്റെ വിരുദ്ധ ചേരി നമുക്ക് ഇന്ന് അറിയാവുന്നതുപോലെ ഫാഷിസ്റ്റ് ചേരിയാണ്. നിങ്ങളുടെ വീട്ടില്‍ ഉണ്ടാകുന്ന മാലിന്യം നിങ്ങള്‍ അടുത്ത പറമ്പിലേക്ക് എറിയുമ്പോള്‍ നിങ്ങള്‍ അയാളെ പരിഗണിക്കുന്നില്ല. ആ നിമിഷം നിങ്ങള്‍ ജനാധിപത്യത്തിന്റെ എതിര്‍ ചേരിയിലായി മാറുന്നു. ഇങ്ങനെ നിങ്ങളെ നിങ്ങളുടെ പ്രകാശനങ്ങളുടെ പേരില്‍ തരം മാറ്റുന്ന ഉഗ്രരൂപിയായ പ്രതിഭാസത്തെയാണ് നാം രാഷ്ട്രീയം എന്ന് ഇപ്പോള്‍ വിളിക്കേണ്ടത്.
അപ്പോള്‍ നിങ്ങള്‍ കക്ഷി രാഷ്ട്രീയത്തെ അവഗണിക്കുകയാണോ എന്ന ചോദ്യം ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്. അല്ല. നാമിപ്പോള്‍ സംസാരിച്ച രാഷ്ട്രീയമെന്ന വിശാലാശയത്തിന്റെ ഒരു പ്രയോഗസ്ഥാനം കക്ഷിരാഷ്ട്രീയമാണ്. മാത്രവുമല്ല സാമൂഹ്യ സംവിധാനങ്ങളില്‍ നടുനായകത്വമുള്ള ഭരണനിര്‍വഹണ സ്ഥാപനങ്ങള്‍, പാര്‍ലമെന്റായാലും നിയമസഭ ആയാലും ചലിക്കുന്നത് കക്ഷി രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനം കൊണ്ടാണ്. അപ്പോള്‍ കക്ഷി രാഷ്ട്രീയത്തെ ഒഴിവാക്കി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് അതിവാദമോ ഉട്ടോപ്യന്‍ ശ്രേഷ്ഠ വാദമോ ആകും. രാഷ്ട്രീയമെന്ന വിശാലാശയത്തിന്റെ പ്രയോഗസ്ഥാനമാണ് കക്ഷി രാഷ്ട്രീയം എന്ന് പറഞ്ഞുവല്ലോ? അത് വിശദീകരിക്കേണ്ടതുണ്ട്. അധികാരമാണ് കക്ഷിരാഷ്ട്രീയത്തിന്റെ ലക്ഷ്യവും മാര്‍ഗവും. ഈ അധികാരത്തോട് എങ്ങനെയാണ് കക്ഷിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇടപെടുന്നത് എന്നതിലാണ് അവരുടെ ജനാധിപത്യപരതയും ജനാധിപത്യ വിരുദ്ധതയും അളക്കപ്പെടുന്നത്. അധികാരമാണ് കക്ഷി രാഷ്ട്രീയത്തിന്റെ ലക്ഷ്യവും മാര്‍ഗവും എന്ന് പറഞ്ഞുവല്ലോ? ഈ അധികാരം എങ്ങനെ പ്രകാശിപ്പിക്കണം എന്നതില്‍ ഇടപെടാനുള്ള ദര്‍ശനമാണ് രാഷ്ട്രീയം. അതിനിര്‍ഭാഗ്യകരമെന്ന് പറയട്ടേ, സംഭവിച്ചത് അതല്ല. അധികാരം നേടുകയും അധികാരം പ്രകാശിപ്പിക്കുകയും ചെയ്യാനുള്ള വഴിയായി രാഷ്ട്രീയം മാറി. ലോകമെമ്പാടും ഇതേ മാറ്റങ്ങള്‍ ഉണ്ടായി. ആ മാറ്റങ്ങളെ നമുക്ക് കേരളത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കാം.
കേരളം പശ്ചാത്തലമായെടുക്കുന്നത് ഒരു സവിശേഷതയെ മുന്‍നിര്‍ത്തിയാണ്. നവോത്ഥാനാനന്തര കേരളം ആളോഹരി യുക്തി എന്ന ഒരു ഇന്‍ഡെക്‌സ് ഉണ്ടെങ്കില്‍ അതില്‍ രാജ്യത്ത് ഒന്നാമതെത്താന്‍ കോപ്പുള്ള സംസ്ഥാനമാണ്. അത്രക്ക് വ്യക്തിഗത അവബോധമുള്ള പ്രദേശം. ഫ്യൂഡലിസം പിന്‍വാങ്ങിയ, നവോത്ഥാനം ഏറെക്കുറെ ഫലവത്തായ, വിദ്യാസമ്പന്നതയുള്ള മനുഷ്യര്‍ പാര്‍ക്കുന്ന നാടാണിത്. ആ നാട് ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയുമാണ്. സ്വാഭാവികമായും കക്ഷി രാഷ്ട്രീയം അതിന്റെ അവസാന ലാപ് എടുക്കുന്നു. അതിന്റെ വാചകമേളകള്‍ നിറയുന്നു. അതെല്ലാം നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്, നമ്മുടെ ശീലമാണ്. പക്ഷേ, നമ്മളാദ്യം കണ്ട രാഷ്ട്രീയം എന്ന ആശയം എവിടെ മറഞ്ഞുപോകുന്നു? ജനാധിപത്യത്തിന്റെ ചേരിയില്‍ നില്‍ക്കുന്നവര്‍ വാക്കിലും പ്രവൃത്തിയിലും ജനാധിപത്യ വിരുദ്ധരാകുന്നത് കാണുന്നില്ലേ? എന്താണ് നിങ്ങളുടെ സമീപനം എന്ന വലിയ ചോദ്യത്തിന് ഉത്തരം തേടാനുള്ള ഉപകരമാണ് രാഷ്ട്രീയം എന്ന് നമ്മള്‍ കണ്ടു. അതില്‍ എമ്മട്ടിലുള്ള ഉത്തരമാണ് നിങ്ങളെ ജനാധിപത്യത്തിന്റെ ചേരിയില്‍ നിര്‍ത്തുന്നത് എന്നും കണ്ടു. നോക്കൂ നമുക്ക് ചുറ്റും നാം കാണുന്ന നമ്മള്‍ രാഷ്ട്രീയ മനുഷ്യര്‍ എന്ന് കരുതുന്നവര്‍ എടുക്കുന്ന നിലപാടുകള്‍ കാണൂ. അവരുടെ വാക്കുകള്‍ കേള്‍ക്കൂ. നാം കടന്നുപോയ എന്താണ് രാഷ്ട്രീയം എന്ന ആശയത്തിലേക്ക് വരൂ.
അപ്പോള്‍ നിരാശയോടെ നാം തല താഴ്ത്തും. ഇതല്ല ഇതല്ല എന്ന് വിലപിക്കും. പുരാതന ഗ്രീസില്‍ നിന്ന് സഞ്ചരിച്ചെത്തിയ ആ വാക്ക് വഞ്ചിതമായിരിക്കുന്നു എന്ന് നടുക്കത്തോടെ അറിയും. പൊളിറ്റിക്കലാവുക എന്നാല്‍ എന്താണെന്ന് പഠിക്കേണ്ടിയിരിക്കുന്നു. പഠിപ്പിക്കേണ്ടിയിരിക്കുന്നു.

Share this article

Leave a Reply

Your email address will not be published. Required fields are marked *