ഫറോഖ് കോട്ടയില്‍ ടിപ്പുവിന്റെ നോട്ടം

Reading Time: 2 minutes

ടിപ്പുവിന്റെ കോട്ട എന്ന് കേട്ടാല്‍ നമുക്ക് ഓര്‍മവരുന്ന ചില കോട്ടകളുണ്ട്. മൈസൂര്‍ കോട്ട, വെല്ലൂര്‍ കോട്ട, പാലക്കാട് കോട്ട എന്നിങ്ങനെ.. എന്നാല്‍ മലബാറിന്റെ വിരിമാറില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച ഒരു കോട്ടയുണ്ട്.
രണ്ട് നൂറ്റാണ്ടിലേറെ കാലം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു പൈതൃക കേന്ദ്രം. കാണാന്‍ ഏറെ കാഴ്ചകളില്ലെങ്കിലും പഠിക്കാനും പകര്‍ത്താനും ഏറെ പാഠങ്ങളുള്ളയിടം. ചാലിയാറിന്റെയും അറബിക്കടലിന്റെയും ചാരെ തന്ത്രപ്രധാനമായ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ കോട്ട ടിപ്പുവിന്റെ പൂവണിയാത്ത സ്വപ്‌നങ്ങളുടെ നേര്‍സാക്ഷ്യം കൂടിയാണ്.
മലബാറില്‍ ചരിത്രമുദ്രകളായി തലയുയര്‍ത്തി നില്‍ക്കുന്ന പല പൈതൃക കേന്ദ്രങ്ങളുണ്ടെങ്കിലും അവ സംരംക്ഷിക്കുന്നതില്‍ സമൂഹവും സര്‍ക്കാറും ഏറെ പിന്നിലാണെന്ന് പറയാം. പുരാതന മനുഷ്യരുടെ വിസര്‍ജ്യങ്ങള്‍ ഖനനം ചെയ്‌തെടുത്ത് ഗവേഷണവിധേയമാക്കുന്ന ശാസ്ത്രശാഖയായ കോപ്രോളജി (Coprology) വരെ വികസിച്ച കാലത്താണ് നാം ജീവിക്കുന്നത്. ആര്‍ക്കിയോളജി, ആന്ത്രോപോളജി, മ്യൂസിയോളജി, പാളിനോളജി, പാലിയോളജി, ഡെന്‍ഡ്രോക്രൊണോളജി, പെട്രോഗ്രാഫി, എപിഗ്രാഫി, ന്യൂമിസമാറ്റിക്‌സ് തുടങ്ങി ചരിത്രത്തെ വിശകലന വിധേയമാക്കുന്ന വിത്യസ്ത പഠനശാഖകളും അനുബന്ധ പഠനവിഭാഗങ്ങളും ഇന്നുണ്ട്. ജിപിആര്‍ (Ground Penetrating Radar), ലിഡാര്‍ (light detection ranging), കാര്‍ബണ്‍ ഡേറ്റിംഗ്, എ എം എസ് (Accelerator Mass Spectrometry), ഇപിആര്‍ (Electron spin resonance) എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങളും അവയുടെ ഭാഗമായി പ്രയോഗിച്ചുവരുന്നു.
എന്നാല്‍, നമ്മുടെ ചരിത്രബോധം ഇപ്പോഴും കേവല നേത്രനിരീക്ഷണങ്ങളിലും പൂര്‍വഗാമികള്‍ എഴുതിവെച്ചത് പകര്‍ത്തിയെഴുതുന്നതിലും കെട്ടിക്കുടുങ്ങി നില്‍ക്കുകയാണ്. സ്റ്റേജിലും പേജിലും പൂര്‍വകാലത്തെ ചൊല്ലി തമ്മില്‍ കലഹിക്കുന്നവര്‍ പോലും അവയെക്കുറിച്ച് ആഴത്തില്‍ പഠിക്കാനുള്ള ശ്രമങ്ങള്‍ അപൂര്‍വമായേ നടത്താറുള്ളൂ. അത്തരമൊരു പരിതസ്ഥിതിയില്‍ മലബാറിന്റെ ചരിത്രത്തില്‍ ഇത്രയും പ്രാധാന്യമുള്ള ഒരു കോട്ട വിസ്മരിക്കപ്പെട്ടതില്‍ ഒട്ടും അദ്ഭുതപ്പെടാനില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിപ്പുവിന്റെ കോട്ട കാടുമൂടിക്കിടക്കുന്നു എന്ന വാര്‍ത്ത പത്രങ്ങളില്‍ കണ്ടപ്പോള്‍ തന്നെ അവിടെയൊന്ന് സന്ദര്‍ശിക്കണമെന്ന ചിന്ത മനസില്‍ മൊട്ടിട്ടിരുന്നു. പല കാരണങ്ങളാല്‍ അത് നടന്നില്ല. അടുത്തിടെ പുരാവസ്തുവസ്തു വകുപ്പിന് കീഴില്‍ ഖനനം നടക്കുന്നു എന്ന വിവരം അറിഞ്ഞപ്പോഴാണ് അവിടം സന്ദര്‍ശിക്കണമെന്ന മോഹം വീണ്ടുമുണ്ടായത്.
1766ലാണ് മൈസൂര്‍ ഭരണാധികാരിയായിരുന്ന ഹൈദരലി പാലക്കാട് രാജാവിന്റെ സൈന്യത്തോടൊപ്പം ചേര്‍ന്ന് മലബാര്‍ കീഴടക്കുന്നത്. പതിനാല് വര്‍ഷം ആ ഭരണം നീണ്ടുനിന്നു. അതില്‍ ഒമ്പത് വര്‍ഷം ഹൈദരലിയും ഏഴ് വര്‍ഷം പുത്രനായ ടിപ്പുവുമായിരുന്നു ഭരണാധികാരികള്‍. യഥാക്രമം ശ്രീനിവാസ റാവു, മദണ്ണ എന്നിവരായിരുന്നു ഗവര്‍ണറായും കലക്ടറായും നിയമിതരായത്.
വടവൃക്ഷങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കുന്നിന്‍പുറമായിരുന്നു ആദ്യ കാലത്ത് ഈ പ്രദേശം. കോഴിക്കോട്, ബേപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളും കല്ലായി, ചാലിയാര്‍, കടലുണ്ടി പുഴകളും കാണാന്‍ സാധിക്കുന്ന ഈ കുന്നിന്‍പുറം ടിപ്പുവിന്റെ നയതന്ത്രമികവില്‍ തന്ത്രപ്രധാനമായ ഒരിടമായി മാറുന്നതിനാണ് പിന്നീട് ചരിത്രം സാക്ഷിയാകുന്നത്. തന്റെ സൈനിക നീക്കങ്ങള്‍ വിജയിച്ചതോടെ ഫറോഖിനെ മലബാറിന്റെ തലസ്ഥാന നഗരിയായി അദ്ദേഹം പ്രഖ്യാപിക്കുകയും 1788ല്‍ ഇവിടെ ഒരു കോട്ട പണിയാനാരംഭിക്കുകയും ചെയ്തു.
ആയിരത്തോളം തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ഫോര്‍ട്ട്. ചെങ്കല്‍പ്പാറ തുരന്നെടുത്ത് നിര്‍മിച്ച മരുന്നറയാണ് പ്രധാന ആകര്‍ഷണം. മരുന്നറയില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ക്ക് പുരാതന നാണയങ്ങളും അവ അച്ചടിക്കാനുപയോഗിച്ചിരുന്ന ഉപകരണങ്ങളും ലഭിച്ചിട്ടുണ്ട്. പരിസരത്തായി ഒരു ഇരട്ടക്കിണറും കാണാം. പുറമെ നിന്ന് അക്രമിക്കാനെത്തുന്ന ശത്രുസൈന്യത്തെ തടയാന്‍ കൂറ്റന്‍ കിടങ്ങുകളും ആരുമറിയാതെ അകത്ത് നിന്ന് പുറത്തേക്ക് പോകാന്‍ പാകത്തിലുള്ള തുരങ്കങ്ങളും കോട്ടയിലുണ്ടായിരുന്നുവത്രെ. അടുത്തകാലം വരെ ചാലിയാര്‍ പുഴയുടെ തീരത്ത് അത്തരമൊരു തുരങ്കത്തിന്റെ മുന്‍ഭാഗം ദൃശ്യമായിരുന്നു.
നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ മലബാറിലെ ഒരു പ്രധാന ചരിത്ര സ്മാരകങ്ങളിലൊന്നായി ഫറോഖ് കോട്ട മാറിയേനെ. പക്ഷേ, തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ടിപ്പു സുല്‍ത്താന് കഴിഞ്ഞില്ല. 1790ല്‍ ബ്രിട്ടീഷ് പട്ടാളം കോട്ട കീഴടക്കി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീരങ്കപട്ടണം സന്ധിപ്രകാരം മലബാര്‍ ഒന്നടങ്കം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ അധീനതയിലായിത്തീരുകയും ചെയ്തു.
മലബാറിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട് മൈസൂര്‍ പടയോട്ടക്കാലത്തെ ഈ ഭരണസിരാകേന്ദ്രത്തിന്. വര്‍ഗീയ താത്പര്യങ്ങള്‍ക്ക് വേണ്ടി ഗതകാലത്തെ വളച്ചൊടിക്കുന്ന പ്രവണത ഇന്ന് വ്യാപകമാണ്. പൈതൃകശേഷിപ്പുകള്‍ യഥാവിധി സംരംക്ഷിച്ചില്ലെങ്കില്‍ അവയില്‍ പ്രതിലോമശക്തികളുടെ കൈകടത്തലുകള്‍ ഉണ്ടാകാനിടയുണ്ട്. ഹൈദരലിയെയും ടിപ്പു സുല്‍ത്താനെയും പ്രതിസ്ഥാനത്താക്കി ഇല്ലാക്കഥകള്‍ മെനഞ്ഞെടുക്കാന്‍ തത്പരകക്ഷികള്‍ ശ്രമിക്കുമ്പോള്‍ വിശേഷിച്ചും.

Share this article

About ഉമൈര്‍ ബുഖാരി

umairkdy@gmail.com

View all posts by ഉമൈര്‍ ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *