വായനയും പരസ്യവും

Reading Time: 2 minutes

വായിക്കുക എന്ന വാക്കിന് പ്രതിരോധം തീര്‍ക്കുക എന്നൊരു അര്‍ഥംകൂടി കൈവരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കോവിഡ് 19 ഉയര്‍ത്തിയ പ്രതിസന്ധികളെ മനുഷ്യര്‍ നേരിട്ടതില്‍ വായനക്കും വലിയ പങ്കുണ്ടായിരുന്നു. വായിക്കുക എന്നത് കേവലമായ പുസ്തകവായന എന്നതു മാത്രമല്ലാതെ കാണലും തേടലുമായിത്തീര്‍ന്ന സങ്കടകാലത്തിന്റെ പാതയിലാണ് ആ പരസ്യം വീണ്ടും ശ്രദ്ധയില്‍ പെടുന്നത്.
ആദ്യത്തെ കണ്ടുമുട്ടല്‍, ഇന്ത്യയില്‍ മുഴുവനും പൗരത്വ നിയമവുമായി ബന്ധപ്പെട്ട വലിയ പ്രതിഷേധങ്ങള്‍ നടക്കുന്ന കാലത്താണ്. പറഞ്ഞു വരുന്നത് നിത്യേനയെന്നോണം നമ്മള്‍ ടി.വിയില്‍ അശ്രദ്ധമായകണ്ടുവരുന്ന ‘ഫൈവ് സ്റ്റാര്‍’ എന്ന ഉത്പന്നത്തിന്റെ പരസ്യത്തെക്കുറിച്ചാണ്.
പരസ്യമിങ്ങനെയാണ്; വളരെ പ്രായമായ ഒരു സ്ത്രീ തെരുവിനരികിലെ ബെഞ്ചിലിരുന്ന് തൊട്ടപ്പുറത്ത് നിന്ന് ഫൈവ് സ്റ്റാര്‍ കഴിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനോട് തന്റെ വീണുപോയ വാക്കിങ് സ്റ്റിക്ക് എടുത്തു തരാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഫൈവ് സ്റ്റാറിന്റെ രുചിയില്‍ ലയിച്ചിരിക്കുന്ന യുവാവ് അത് ശ്രദ്ധിക്കുന്നേയില്ല. മറ്റൊരു വഴിയുമില്ലാതെ പ്രായമായ സ്ത്രീ എഴുന്നേറ്റ് അല്‍പം നടന്ന് വാക്കിങ് സ്റ്റിക്ക് എടുക്കുന്നതും അവരിരുന്നിരുന്ന ബെഞ്ചിലേക്ക് തൊട്ടു പുറകിലുള്ള ബില്‍ഡിങ്ഭാഗം വന്നുവീഴുകയും അവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്യുന്നു. ഒടുക്കം തന്നെ സഹായിക്കാത്തതിന് യുവാവിനോട് നന്ദിയും പറയുന്നു. രസകരമായ കാര്യം, ഇന്ത്യ മുഴുവനും തിളച്ചുകൊണ്ടിരുന്ന കൊറോണക്കു മുമ്പുള്ള കാലത്തില്‍ പല തവണ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്ന ഈ പരസ്യം പറഞ്ഞിരുന്നത് ‘ഒന്നും ചെയ്യാതിരിക്കൂ’ എന്നാണ്.
മനുഷ്യരുടെ വേരറുത്ത് മാറ്റുന്ന കാലത്തില്‍, അതിലൊന്നും ഇടപെടാതെ മാര്‍കറ്റിന്റെ മധുരങ്ങളില്‍ മതിമറന്നു നില്‍ക്കുന്ന ആ യുവാവ് എന്താണ് നമ്മോട് പറയുന്നത്? സ്‌കൂളുകളും കോളേജുകളും ബഹിഷ്‌കരിച്ച് സ്വാതന്ത്ര്യ സമരത്തിന് ആവേശം പകര്‍ന്ന യുവതലമുറയോട് ആ ചോദ്യം ഉന്നയിക്കപ്പെടുമ്പോഴാണ് അതിലെ ഭീകരത വെളിവാകുന്നത്. ഒന്നും ചെയ്യാതിരിക്കുക എന്ന അത്രയും അരാഷ്ട്രീയമായ പ്രസ്താവനയിലൂടെ ഒരു കാലത്തിന്റെ അശാന്തിയെ അപകടകരമായ വിധം അപമാനിക്കുന്നതായി ആ പരസ്യം രൂപാന്തരപ്പെടുന്നു.
തീര്‍ന്നില്ല. കാലം മറിഞ്ഞു വന്നു. എളുപ്പം പ്രതിരോധിക്കാന്‍ കഴിയാത്ത ഒരു രോഗം ലോകത്തെ നിശ്ചലമാക്കി. ജോലിയും നടത്തവും തിരക്കും മാറ്റിവെച്ച് മനുഷ്യര്‍ അവരവരുടെ സ്വകാര്യ ഇടങ്ങളില്‍ സുരക്ഷിതരായി കഴിയാന്‍ തീരുമാനിച്ചു. വീണ്ടും ടി.വിയില്‍ അതേ പരസ്യം. ഒന്നും ചെയ്യാതിരിക്കാന്‍ ഓര്‍മിപ്പിക്കുന്നു. സാമൂഹികമായ അകലം ജീവിത വ്രതമായി മാറിയ കാലത്തില്‍ നല്ലൊരു ഓര്‍മപ്പെടുത്തലായി അതേ പരസ്യം മാറുന്നു. ഒന്നും ചെയ്യാതിരിക്കുന്നത്, മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വിലയിരുത്തപ്പെടുന്ന കാലം അരാഷ്ട്രീയമെന്ന് വിലയിരുത്തിയ ഒരു പരസ്യത്തിന്റെ മറുപുറം കാണിച്ചു തന്നു. പ്രതിരോധമെന്നത് പരസ്യത്തിലൂടെ സാധിച്ചെടുത്തതിന്റെ രസകരമായ ഒരുദാഹരണമാണ് ഫൈവ് സ്റ്റാറിന്റെ പരസ്യം അപ്പോള്‍ സമ്മാനിച്ചത്.
വായന എന്നത് ഒരുപുറം മാത്രമുള്ള ഒന്നല്ല. ഒരോ കാലവും, വായിക്കുന്ന ഒരോ മനുഷ്യനും രീതിയും അതിനെ മാറ്റിക്കൊണ്ടിരിക്കും. പരസ്യങ്ങളെ സാഹിത്യമായി വായിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മാര്‍കറ്റിന്റെ താത്പര്യങ്ങള്‍ക്കപ്പുറത്തേക്ക് അവയുടെ കൈകള്‍ നീളുന്നത് പലപ്പോഴും ആരും അറിയാറില്ല. കുറഞ്ഞ സമയം കൊണ്ടെഴുതി തീര്‍ക്കേണ്ടുന്ന പരീക്ഷകളായി അവയെ കാണുന്നവരുണ്ട്. പക്ഷേ അവയുടെ രാഷ്ട്രീയം ഇപ്പോഴും നമ്മുടെ പതിവ് സാംസ്‌കാരിക വായനകളുടെ പരിധിയിലേക്ക് വന്നിട്ടില്ല.
കോവിഡിന്റെ ലോക്ഡൗണ്‍ കാലത്തില്‍ യൂറോപ്പില്‍ നടന്ന രസകരമായ ഒരു റിസേര്‍ച്ച് പുതിയ ശബ്ദങ്ങളെക്കുറിച്ചായിരുന്നു. നാലുതരം ശബ്ദങ്ങളെ തിരിച്ചറിയുകയും ചെയ്തു. ഇരുപത്തിനാല് മണിക്കൂറും ചലിച്ചുകൊണ്ടിരുന്ന വലിയ നഗരങ്ങളുടെ, തെരുവുകളുടെ ശബ്ദങ്ങളായിരുന്നു അതിലൊന്ന്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടന്ന പാത്രം മുട്ടലും കൈമുട്ടലുമായിരുന്നു രണ്ടാമത്. വീട്ടിലേക്ക് തിരിച്ചു വന്ന കുടുംബാംഗങ്ങളുടെ ആഹ്ലാദാരവങ്ങളായിരുന്നു മൂന്ന്. ഇതേ വരെ ചെവിയോര്‍ക്കാതിരുന്ന പ്രകൃതിയുടെ താഴ്ന്ന വരയിട്ട ഒച്ചകളായിരുന്നു അതില്‍ അവസാനം.
പലപ്പോഴും അശ്രദ്ധമായി കണ്ടുപോകുന്ന പലതും നമ്മളോട് ചിലത് സംസാരിക്കുന്നുണ്ട്. അത് വെളിപ്പെട്ട് കിട്ടാന്‍ ശ്രദ്ധ എന്ന സവിശേഷമായ ഭൂമികയിലേക്ക് കടന്നിരിക്കേണ്ടതുണ്ട്. വളരെ ശ്രദ്ധയോടെ നിര്‍മിക്കപ്പെടുന്നതാണ് പരസ്യങ്ങള്‍. പക്ഷേ പലപ്പോഴും ഏറ്റവും അശ്രദ്ധയോടെയിരുന്ന് നമ്മളത് കാണുന്നു. നമ്മളറിയാതെ നമ്മുടെ കണ്ണെത്താത്ത ഇടങ്ങളില്‍ നമുക്കു മുമ്പെ വന്ന് അവരില്‍ പലരും കൂടുകൂട്ടുന്നു. ശ്രദ്ധയോടെയുള്ള വായനയാണ് മനുഷ്യരെ രാഷ്ട്രീയ ജീവിയായി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് നിരന്തരം ഓര്‍മിക്കേണ്ടതുണ്ട്.

Share this article

About വിമീഷ് മണിയൂര്‍

കവി, എഴുത്തുകാരന്‍, സംവാദകന്‍.

View all posts by വിമീഷ് മണിയൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *