ചിന്തയുടെ ചന്തം

Reading Time: 2 minutes

സ്രഷ്ടാവ് എല്ലാ ജീവികളെയും സൃഷ്ടിച്ചിരിക്കുന്നത് വ്യത്യസ്ത രൂപഭാവങ്ങളോടെയാണ്. ഓരോ ജീവിയും ഇതര ജീവിയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ ലോകത്തു വന്ന എല്ലാ ജീവജാലങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു. ചില പ്രത്യേക സവിശേഷതകളോടെയാണ് മനുഷ്യന്‍ വന്നത്. ഖുര്‍ആന്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ‘ഏറ്റവും നല്ല രൂപത്തിലാണ് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്.’ (ത്വീന്‍ 4)
മനുഷ്യനെ ഇതര ജീവികളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകമാണ് ചിന്താശക്തി. സ്രഷ്ടാവ് നല്‍കിയ അതിശ്രേഷ്ഠ വരദാനമാണത്. ഏതൊരു കാര്യവും ചെയ്യുന്നതിലും ചെയ്യാതിരിക്കുന്നതിലുമുള്ള മനസിന്റെ അന്ത്യാഭിപ്രായമാണ് ചിന്തയിലൂടെ ഉരുത്തിരിയുന്നത്. അതുകൊണ്ടുതന്നെ ഈ രണ്ട് അവസ്ഥകളിലും ഒരു വ്യക്തിയില്‍ രൂപപ്പെടുന്ന അനിശ്ചിതത്വത്തെ ഇല്ലായ്മ ചെയ്ത് കൃത്യമായ ലക്ഷ്യത്തിലേക്ക് അവനെ കൊണ്ടെത്തിക്കുന്നു. മനുഷ്യന്‍ തന്റെ ജീവിതപാത തിരഞ്ഞെടുക്കുന്നതില്‍ ചിന്തക്ക് ഏറെ പ്രാധാന്യമുണ്ട്. നല്ലത്/ചീത്ത മാത്രമോ ചിന്തിക്കുന്നത് മൂലം അത് മനുഷ്യന്റെ ജീവിതം നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. ചിന്തിക്കുക വഴി മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനം കരഗതമാക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാത്തവര്‍ മൃഗങ്ങളേക്കാള്‍ താഴെയായായിരിക്കുമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു.
പ്രകൃതി
വിഭവങ്ങളിലെ മാസ്മരികത
ബുദ്ധി ഉപയോഗപ്പെടുത്തി പ്രപഞ്ചത്തിലും അതിലെ ജീവാജൈവ വസ്തുതകളിലുമുള്ളത് ചിന്തിച്ച് മനസിലാക്കാനാണ് അവന്‍ നമ്മോട് ആജ്ഞാപിക്കുന്നത്. “ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്’ എന്ന് ഖുര്‍ആന്‍ ഓര്‍മിപ്പിച്ചതിന്റെ പൊരുളതാണ്. ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ ചിന്തിക്കാന്‍ ഉദ്‌ഘോഷിക്കുന്ന പദപ്രയോഗം ഉണ്ട്. പ്രപഞ്ചത്തെപ്രതി ചിന്തിക്കുകയും നോക്കിക്കാണുകയും അതിലെ വിവിധ പ്രതിഭാസങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതിന് അത് മനുഷ്യനെ പ്രേരിപ്പിക്കുന്നുണ്ട്. “നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുകയും എങ്ങനെയാണ് സൃഷ്ടിപ്പ് തുടങ്ങിയതെന്ന് നോക്കുകയും ചെയ്യുക’ എന്ന ഖുര്‍ആനിക വാക്യം അതിലേക്ക് വിരല്‍ചൂണ്ടുന്നു.
പര്‍വതങ്ങള്‍, മരുഭൂമികള്‍, സമുദ്രങ്ങള്‍, നദികള്‍ തുടങ്ങി വ്യത്യസ്തങ്ങളായ പ്രകൃതി ഘടകങ്ങള്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പിലെ വൈദഗ്ധ്യം മനുഷ്യന് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. ലോകം ഇല്ലായ്മയില്‍ നിന്ന് ഉണ്ടായതാണെന്ന അയഥാര്‍ഥ ആശയത്തെ ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ നിഷ്‌കാസനം ചെയ്യാന്‍ സാധിക്കുന്നു. ലോകത്തിന് സ്രഷ്ടാവില്ലെന്നു വാദിക്കുന്നവര്‍ക്ക് കൃത്യമായ മറുപടികൂടി നല്‍കുന്നു.

സൃഷ്ടികളില്‍
ചിന്തിക്കാനേറെ
പ്രകൃതിയിലെ വ്യത്യസ്ത തരത്തിലുള്ള സൃഷ്ടിപ്പിലേക്ക് ചിന്ത ക്ഷണിച്ചുകൊണ്ട് അല്ലാഹു ചോദിക്കുന്നു: “ഒട്ടകങ്ങള്‍ എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്, ആകാശം എങ്ങനെയാണ് ഉയര്‍ത്തപ്പെട്ടത്, പര്‍വതങ്ങള്‍ എങ്ങനെയാണ് നാട്ടപ്പെട്ടത്, ഭൂമിയെ എങ്ങനെയാണ് പരത്തപ്പെട്ടത്.. അവര്‍ നോക്കുന്നില്ലേ’ (ഗ്വാശിയ 17-20) ഓരോന്നിലും അല്ലാഹു സംവിധാനിച്ചിരിക്കുന്നത് അദ്ഭുതങ്ങളുടെ കലവറയാണ്.
നോക്കൂ, മരുഭൂമിയുടെ കൂട്ടുകാരാണ് ഒട്ടകങ്ങള്‍. അനേകം അദ്ഭുതങ്ങളാണ് ഒട്ടകത്തില്‍ നാഥന്‍ സജ്ജമാക്കിയിട്ടുള്ളത്. ഒറ്റത്തവണ 15 ലിറ്റര്‍ വെള്ളം വരെ അകത്താക്കാന്‍ കഴിയുന്ന ഈ ജീവിക്ക് ശരീര ഭാരത്തിന്റെ 40 ശതമാനം വരെ ജലനഷ്ടം സഹിക്കാനുള്ള കഴിവ് നല്‍കിയിട്ടുണ്ട്. മണലില്‍ പുതഞ്ഞുപോകാത്ത പരന്ന പാദങ്ങളും ഇരുനിര പീലികളുള്ള കണ്‍പോളകളും ആവശ്യാനുസരണം അടക്കാനും തുറക്കാനും കഴിവുള്ള നാസാദ്വാരങ്ങളും അവന്‍ രൂപകൽപന ചെയ്തിട്ടുള്ളതുതന്നെ ഇതര ജീവികളില്‍ നിന്ന് ഒട്ടകത്തിനെ വേറിട്ടുനിര്‍ത്തുന്നു. മരുഭൂമിയില്‍ വസിക്കുന്ന ജീവിയായതിനാല്‍ മരുഭൂ ജീവിതത്തിനുതകുന്ന ശരീര പ്രകൃതവും പ്രകൃതിയിലെ മറ്റു പ്രദേശങ്ങളില്‍ വസിക്കുന്ന ജീവികള്‍ക്ക് ആ പ്രദേശത്തോടിണങ്ങിയ ശരീരഘടനയും സംവിധാനിച്ചതും ഒരു സ്രഷ്ടാവ് തന്നെയാണ്.
ആകാശങ്ങളെ ഉയര്‍ത്തിനിര്‍ത്തിയത് തൂണുകളുടെയോ മറ്റോ സഹായത്താലല്ല. സൃഷ്ടിച്ചത് മുതല്‍ അവസാന നാള്‍വരെ അത് ഈ നിൽപ് തുടരുന്നു. പര്‍വതങ്ങളുടെ കാര്യമെടുത്താലോ? ചെറുതും വലുതുമായ പര്‍വതങ്ങളെ അല്ലാഹു ഈ ഭൂമിയില്‍ നാട്ടിനിര്‍ത്തിയിരിക്കുന്നത് ഭൂമിയെ ചായാതെയും ചരിയാതെയും താങ്ങിനിര്‍ത്താനാണ്. ഭൂമിയുടെ ആണിയായി വര്‍ത്തിക്കുന്ന പര്‍വതങ്ങള്‍ ഭൂലോകത്തിന്റെയൊന്നടങ്കം നിലനിൽപില്‍ പങ്കുവഹിക്കുന്നു. ഭൂമിയെ പരത്തിത്തന്നത് മനുഷ്യ, മനുഷ്യേതര ജീവികളുടെ ജീവിത വ്യവഹാരങ്ങള്‍ക്കായാണ്. ഓരോ ഭൗമാഭൗമ വസ്തുക്കളിലും നമുക്ക് ദര്‍ശിക്കാനാവുക ഇതൊന്നും മനുഷ്യന്റെ കഴിവില്‍ ഒതുങ്ങുന്നതല്ലെന്ന സത്യമാണ്. ഇവ്വിഷയകമായി ചിന്തിക്കുന്നവര്‍ക്ക് സ്രഷ്ടാവിന്റെ പരമമായ, അപാരമായ കഴിവ് ബോധ്യപ്പെടുന്നു. ഖുര്‍ആനില്‍ അവന്‍ ആജ്ഞാപിച്ചതിന്റെ പ്രാധാന്യം മനസിലാകുന്നു.

അദ്ഭുതം
നിറഞ്ഞ
ഗാലക്‌സികള്‍
ജീവികള്‍ക്കും പ്രകൃതിയിലെ വിവിധ സൃഷ്ടിപ്പുകള്‍ക്കും അതീതമായി സ്വാഭാവിക പ്രതിഭാസങ്ങളെക്കുറിച്ചും ശാസ്ത്രീയ ഗവേഷണങ്ങളെക്കുറിച്ചും ചിന്തിക്കാനും ഖുര്‍ആന്‍ പറയുന്നുണ്ട്. ജൈവപരവും മനഃശാസ്ത്രപരവുമായ രഹസ്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ ചിന്തയുടെ ഉയര്‍ന്ന ലോകത്തേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുന്നു. പ്രകൃതിയിലെ പ്രതിഭാസങ്ങളോരോന്നും കൃത്യസമയത്ത് സംഭവിക്കുന്നതിന് പിന്നിലെ രഹസ്യമെന്താണെന്ന് ആലോചിക്കുമ്പോള്‍ അത് രൂപപ്പെടുത്തിയ നാഥന്‍ എത്ര കഴിവുള്ളവനെന്ന് ഗ്രഹിക്കാനാകും.
കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളുമടങ്ങുന്ന എണ്ണമറ്റ ഗാലക്‌സികള്‍ ഒരിഞ്ചുപോലും പിഴക്കാതെ കാലങ്ങളായി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന സര്‍വശക്തനായ അല്ലാഹു ജീവജാലങ്ങള്‍ക്ക് രാവും പകലുമായി വേര്‍തിരിച്ച് ജീവിത യോഗ്യമാക്കിയതില്‍ അവർ ഈ ലോകത്തിന്റെ ഉടമസ്ഥനാണെന്ന് നമ്മെ ബോധവാനാക്കുന്നുണ്ട് ■

Share this article

About മുഹമ്മദ് ലുഖ്മാന്‍ കെ

kmluqman27@gmail.com

View all posts by മുഹമ്മദ് ലുഖ്മാന്‍ കെ →

Leave a Reply

Your email address will not be published. Required fields are marked *