പണിയെടുക്കൂ, പക്ഷേ ‘പണി’ കൊടുക്കരുത്‌

Reading Time: 3 minutes

ചാഞ്ചാട്ടവും സങ്കീര്‍ണതയും അവ്യക്തതയും നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ ലോകത്ത് തൊഴില്‍ മേഖലകളില്‍ വലിയ പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. തൊഴില്‍ മേഖലയിലെ എല്ലാ പ്രത്യാഘാതങ്ങളും സമൂഹത്തിന്റെ നിലനിൽപിനെയാണ് സാരമായി ബാധിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ ഉള്ളത് വ്യാപാര, കെട്ടിട നിര്‍മാണ മേഖലകളിലാണ്. നിരന്തരമായ വിലയിരുത്തല്‍ നടത്തുകയും നൂതന ആശയങ്ങള്‍ കൊണ്ടുവരികയും ചെയ്തില്ലെങ്കില്‍ പഴയതുപോലെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കുവെക്കുന്നത്. ശൈലിയിലും മനോഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി കടന്നുവരുന്ന ഇത്തരം തൊഴില്‍ മേഖലകളില്‍ പഴുതുകള്‍ അടച്ചുകൊണ്ട് മുന്നേറാനായിക്കഴിഞ്ഞാല്‍ തൊഴില്‍ മേഖലയില്‍ നല്ലൊരു അന്തരീക്ഷം രൂപപ്പെടുത്താന്‍ കഴിയും.
ഒരു വീട് പണിയണമെന്ന ആഗ്രഹം പങ്കുവെക്കുമ്പോള്‍ ചിലര്‍ ഇങ്ങനെ പറയാറുണ്ട്, “പണി ചെയ്യിപ്പിക്കുമ്പോള്‍ ഇന്നയാളുകളെ ഏൽപിച്ചാല്‍ വാക്കുപാലിച്ചു വൃത്തിയായി ചെയ്തുതരും.’ കടയിലേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ “അവിടേക്ക് പോകണ്ട, അതിനേക്കാള്‍ നല്ല കട മറ്റേതാണ്’ എന്ന് ചിലര്‍ പറയും. പെട്രോള്‍ അടിക്കേണ്ട സമയത്ത് അടുത്തടുത്ത പമ്പുകള്‍ ഉണ്ടായിട്ടും ഒരു പമ്പിലേക്കുതന്നെയാണ് ആളുകള്‍ കയറുന്നത്. എന്തുകൊണ്ടാണ് ചിലരിലേക്ക് മാത്രം ആളുകള്‍ ആകര്‍ഷിക്കപ്പെന്നത്? ഉപഭോക്താക്കളെ തൃപ്തിപെടുത്തുന്ന രീതിയും ശൈലിയും ഇടപാടുകളും മറ്റുള്ളവരില്‍ നിന്ന് വിഭിന്നമായി അവരില്‍ ഉള്ളതുകൊണ്ടാണ്.
നിലവില്‍ ഈ മേഖലകളില്‍ കണ്ടുവരുന്ന മോശം പ്രവണതകളും ചില സാമ്പ്രദായിക ശീലങ്ങളും മാറ്റിയെടുക്കേണ്ടതുണ്ട്. വര്‍ക് പ്രൊഫഷനലിസത്തിന്റെ അഭാവം ഇത്തരം മേഖലകളിലുള്ള തൊഴിലാളികളിലും തൊഴിലുടമസ്ഥരിലും നമുക്ക് ദര്‍ശിക്കാന്‍ കഴിയും. ഒരു അടുക്കും ചിട്ടയും ഇല്ലാത്ത രീതി പലപ്പോഴും ജോലികള്‍ കൃത്യസമയത്തു തീര്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കൊണ്ടുപോകുന്നു. ഗള്‍ഫില്‍ തൊഴിലുകള്‍ ഏറ്റെടുക്കുന്നതിലും പൂര്‍ത്തിയാക്കുന്നതിലും പ്രൊഫഷനലിസം കാണാന്‍ കഴിയും. പൂര്‍ണമായും ഗള്‍ഫിലെ രീതികള്‍ നമുക്ക് നാട്ടില്‍ അവലംഭിക്കാന്‍ കഴില്ലെങ്കിലും പകര്‍ത്താനും ഉള്‍ക്കൊളളാനും കഴിയുന്നവ പ്രാബല്യത്തില്‍ വരുത്താന്‍ കഴിയണം. ഗള്‍ഫിലെ ഒത്തിരി സംസ്‌കാരങ്ങള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നവരാണ് മലയാളികള്‍. തൊഴില്‍ മേഖലയിലെ നല്ല മാറ്റങ്ങള്‍ക്ക് അത്തരം കൈമാറ്റങ്ങള്‍ കാരണമാകട്ടെ.

നാട്ടു
തൊഴിലാളികള്‍
നാട്ടുകാരായ തൊഴിലാളികളാണ് ഇവര്‍. നമ്മുടെ തൊട്ടടുത്തുള്ള ഇവരുടെ സേവനം പലപ്പോഴും അവശ്യ സമയങ്ങളില്‍ ലഭ്യമാകാറില്ല. നാട്ടുതൊഴിലാകളെ ലഭിക്കണമെങ്കില്‍ അവരുടെ പിന്നാലെ നടന്നു കുഴയണമെന്ന സ്ഥിതിവിശേഷമുണ്ട്. അത് പരിഹരിക്കാനും മറികടക്കാനും നാട്ടിതര തൊഴിലാളികളെ ആശ്രയിക്കേണ്ടിവരുന്നു.

നാട്ടിതര
തൊഴിലാളികള്‍
കേരളത്തിന് പുറത്തുള്ള തൊഴിലാളികളുടെ ഗള്‍ഫാണ് കേരളം. അവരുടെ നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന കൂലി ലഭിക്കുന്നുവെന്നതാണ് അവരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്. നിര്‍മാണ മേഖല, ഹോട്ടലുകള്‍, കടകള്‍ തുടങ്ങിയുള്ള എല്ലാ മേഖലകളിലും ഇവര്‍ ജോലി ചെയ്യുന്നുണ്ട്. തൊഴിലിനുവേണ്ടി മറ്റൊരു നാട്ടിലേക്ക് വന്നിരിക്കുന്നു എന്നതുകൊണ്ടുതന്നെ ഏത് സമയത്തും ജോലി ചെയ്യാനും നന്നായി അധ്വാനിക്കാനും ഇവര്‍ സന്നദ്ധമാണ്.

തൊഴിലിനോടുള്ള സമീപനം
നാം ചെയ്യുന്ന ഏതൊരു ജോലിയും ഇഷ്ടപ്പെട്ടു നിര്‍വഹിക്കാന്‍ കഴിയണം. അല്ലെങ്കില്‍ ആ ജോലി ചെയ്യുന്ന സമയം മുഴുവന്‍ വലിയ ഭാരമായി അനുഭവപ്പെടും. രാവിലെ എഴുന്നേറ്റ് ഇന്ന് ജോലിക്ക് പോകണമല്ലോ എന്ന നിരാശ നിറഞ്ഞ സമീപനം ആണെങ്കില്‍ ആ ജോലി ചെയ്യുമ്പോഴോ ചെയ്തതിനു ശേഷമോ യാതൊരു സംതൃപ്തിയും ലഭിക്കില്ല. ചെയ്യുന്ന തൊഴിലിനെ സ്‌നേഹിച്ച് അതൊരു പാഷന്‍ ആയി സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോയിക്കഴിഞ്ഞാല്‍ വലിയ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. തൊഴിലാളിയും തൊഴിലുടമസ്ഥയും ഈ സമീപനമാണ് സ്വീകരിക്കേണ്ടത്. അല്ലെങ്കില്‍ ഏതൊരു തൊഴിലും സംരംഭവും അധിക നാള്‍ നിലനില്‍ക്കില്ല. അതിന്റെ വളര്‍ച്ച മുരടിക്കുക മാത്രമേ ചെയ്യൂ. തൊഴിലിനോടോ ബിസ് നസിനോടോ ഉള്ള പെരുമാറ്റവും സമീപനവുമാണ് പ്രൊഫഷനലിസം നിര്‍ണയിക്കുന്നത്.

കഴിവും
പരിശീലനവും
അറിവും പരിചയവും കൃത്യമായി പരിശോധിച്ചു കൊണ്ടായിരിക്കണം തൊഴിലാളികളെ നിയമിക്കേണ്ടത്. അല്ലെങ്കില്‍ പിഴവുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അത് തുടര്‍ ജോലികളെ ബാധിക്കുകയും ചെയ്യും. ഗള്‍ഫില്‍ ഒരാളെ ജോലിക്കു തിരഞ്ഞെടുക്കുമ്പോള്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്താറുണ്ട്. മാത്രമല്ല ആവശ്യമായ പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് കൃത്യമായ പരിശീലനങ്ങള്‍ സാധ്യമാക്കി അവരുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കും. നിശ്ചിത കാലയളവില്‍ അവരുടെ പെര്‍ഫോമന്‍സ് വിലയിരുത്തുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

ജോലിയുടെ
സമയക്രമം
ഗള്‍ഫില്‍ ഓഫീസ് ജോലികളും നിര്‍മാണ ജോലികളുമൊക്കെ അതിരാവിലെ ആരംഭിക്കും. ഗവണ്‍മെന്റ് സ്ഥാപനങ്ങളും നേരത്തേതന്നെ പ്രവര്‍ത്തന നിരതമാകും. ക്യാംപുകളില്‍ നിന്ന് ബസുകള്‍ പുലര്‍ച്ചെ തന്നെ ലേബര്‍മാരെ കയറ്റി അതാത് ജോലി സ്ഥലങ്ങളിലേക്ക് പോകുന്നത് നിത്യ കാഴ്ചയാണ്. അതിരാവിലെ തന്നെ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന ഉന്മേഷവും ഊര്‍ജവും വളരെ വലുതാണ്. അത് ഉത്പാദനക്ഷമത വര്‍ധിപ്പിക്കും. നാട്ടില്‍ സ്‌കൂളുകള്‍, ഷോപ്പുകള്‍, കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങി ചായപ്പീടിക പോലെയല്ലാത്ത ഒട്ടുമിക്കവയും പ്രവര്‍ത്തന സജ്ജമാകണമെങ്കില്‍ സമയം പിടിക്കും. മാത്രമല്ല ജോലി ചെയ്തു തുടങ്ങുമ്പോഴേക്കും ഉച്ചയാകുകയും ചെയ്യും. ഒരു ദിവസത്തിലെ അതിപ്രധാനമായ സമയമാണ് നഷ്ടപ്പെടുന്നത്. ഇത് ഒരുപക്ഷേ സാമ്പ്രദായകമായി രൂപപ്പെട്ടു വരുന്ന ഒരു സംസ്‌കാരമാകാം. ഇത്തരം രീതികളില്‍ നിന്നുള്ള മാറ്റങ്ങള്‍ ചെറുതായി പലയിടങ്ങളിലും കണ്ടുവരുന്നത് ആശാവഹമാണ്.

പ്രവർത്തന
കാലയളവ്
ഏറ്റെടുത്തിട്ടുള്ള വര്‍ക്കുകള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയുന്നില്ല എന്നത് ഈ മേഖലയിലെ ഒരു വലിയ പ്രതിസന്ധിയാണ്. അതിന് പല കാരണങ്ങള്‍ ഉണ്ട്. തൊഴിലാളികള്‍ക്ക് ആവശ്യത്തിനോ അതില്‍ കൂടുതലോ പണികള്‍ ഉണ്ട്. മാത്രവുമല്ല ഏറ്റെടുത്ത പണികള്‍ പലതും പാതിവഴില്‍ ഉപേക്ഷിച്ചാണ് പുതിയത് ഏറ്റെടുക്കുന്നത്. ഏറ്റെടുത്തിടത്ത് നിന്ന് സമ്മര്‍ദം വരുമ്പോള്‍ പഴയത് പാതിവഴില്‍ ഇട്ടെറിഞ്ഞുകൊണ്ട് പുതിയത് തുടങ്ങിവെക്കാന്‍ പുറപ്പെടും. ശേഷം അതില്‍ നിന്ന് മറ്റൊന്നിലേക്കോ ആദ്യം പാതിയില്‍ ഇട്ടത് പൂര്‍ത്തിയാക്കാനോ പോകും. കൃത്യമായ കണക്കുകൂട്ടലുകളോ ആസൂത്രണമോ ഇല്ലാതെയാണ് വര്‍ക്കുകള്‍ ഏറ്റെടുക്കുന്നത്. ചെയ്തുതീര്‍ക്കാന്‍ എത്ര സമയം എടുക്കുമെന്ന് കൃത്യമായ തീര്‍ച്ചയില്ലാതെയാണ് ഓരോ വര്‍ക്കുകകളും ധാരണയാകുന്നത്.

ഓവര്‍ ടൈം
സമയബന്ധിതമായി വര്‍ക്കുകള്‍ തീര്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവസരം നല്‍കിക്കൊണ്ട് വര്‍ക്കുകള്‍ തീര്‍പ്പാക്കുന്ന സംവിധാനമാണ് ഓവര്‍ ടൈം. ഗള്‍ഫിലെ സാധാരണ ജോലി സമയം എട്ട് മണിക്കൂര്‍ ആണ്. കൂടുതലായി ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും അധിക കൂലി ലഭ്യമാകും. അവധി ദിവസമായ വെള്ളിയാഴ്ചയും മറ്റു പൊതു അവധി ദിവസങ്ങളിലും ജോലി ചെയ്യാന്‍ തൊഴിലാളികള്‍ സന്നദ്ധമാണ്. അവരുടെ മാസവേതനത്തില്‍ അത് നിഴലിക്കും എന്നത് തന്നെയാണ് കാരണം. നാട്ടില്‍ പൊതു അവധി ദിവസമായ ഞായറാഴ്ച പണിയെടുത്താലും മറ്റുള്ള ദിവസം ലഭിക്കുന്ന അതേ വേതനം തന്നെയാണ് ലഭിക്കുന്നത്. അവധി ദിവസങ്ങൾ കൂടി ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വേതന വര്‍ധനവ് നാട്ടിലും സാധ്യമാക്കാന്‍ കഴിയണം. അവശ്യസമയങ്ങളില്‍ ഓവര്‍ ടൈം സ്വഭാവത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ വേണ്ടി തൊഴിലാളികള്‍ സന്നദ്ധമായാല്‍ നാട്ടിലും വര്‍ക്കുകള്‍ ത്വരിതപ്പെടുത്താന്‍ കഴിയും.

അവധിയെടുക്കല്‍
ഗള്‍ഫില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ആളെ സംബന്ധിച്ചിടത്തോളം ലീവ് എടുക്കാന്‍ ചില കടമ്പകളുണ്ട്. ഒരു മാസത്തില്‍ ഇത്ര ലീവുകളെടുക്കാനെ കഴിയൂ എന്ന നിയമ വ്യവസ്ഥയുണ്ട്. ലീവ് എടുക്കുക എന്നത് അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഒന്നാണ്. ശാരീരിക അസ്വസ്ഥകളോ മറ്റു പ്രതിബന്ധങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഒരു നീണ്ട ലീവ് പോലും സംഭവിക്കുന്നത്. നാട്ടില്‍, ഞാനിന്ന് പണിക്കു വരുന്നില്ല എന്ന് പറയാന്‍ പ്രത്യേകിച്ചു കാരണങ്ങള്‍ വേണമെന്നില്ല. ഞാനിന്നെത്തിയില്ലെങ്കില്‍ പണി മുടങ്ങുമല്ലോ എന്ന ചിന്തയും ഇല്ല. ഒരു സംഘത്തിലെ പ്രധാനപ്പെട്ട ഒരാള്‍ അവധി എടുക്കുന്നതിലൂടെ അതിലുള്ള മറ്റുള്ളവരും അവധിയെടുക്കാന്‍ നിര്‍ബന്ധിതരാകുകയോ സ്വയം അവധി പ്രഖ്യാപിക്കുകയോ ചെയ്യുന്നു. നിസാരമായ കാര്യങ്ങള്‍ക്ക് ഇടക്കിടെ അവധിയെടുക്കുന്ന രീതി ജോലിയെയും സംരംഭത്തെയുമെല്ലാം സാരമായി ബാധിക്കുന്നുണ്ട്.
തൊഴില്‍
കരാറുകള്‍
ഞാനിന്നു മുതല്‍ ജോലിക്കു വരുന്നില്ല എന്ന് പറഞ്ഞു പാതി വഴിയില്‍ ജോലികള്‍ ഇട്ടു പോകുന്നവരെ നാട്ടില്‍ കാണാന്‍ കഴിയും. അതല്ലെങ്കില്‍ ജോലി ഏല്പിച്ചതിനു ശേഷവും പണി തുടങ്ങാതെ കുറേക്കാലം പിറകെ നടക്കേണ്ടി വരുന്ന അവസ്ഥയും ഉണ്ട്. ഗള്‍ഫിലെ ജോലികള്‍ കരാര്‍ അടിസ്ഥാനത്തിലാണ്. കരാറുകള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ നിയമ വ്യസ്ഥകളുണ്ട്. തൊഴിലാളിയും കമ്പനിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. അതില്‍ ഇത്ര സമയം ജോലി ചെയ്യണം ഇത്ര കാലം കൊണ്ട് പൂര്‍ത്തിയാക്കണമെന്നെല്ലാം വിവരിച്ചിട്ടുണ്ടാകും. ഒരു തൊഴിലാളിക്ക് അവിടെ നിന്ന് വിട്ടുപോകാന്‍ എളുപ്പത്തില്‍ കഴിയില്ല. തൊഴിലാളികള്‍ തനിക്ക് കീഴില്‍ തന്നെ പണി തുടരുമോ എന്ന ആശങ്കയിലാണ് നാട്ടിലെ എൻജിനീയര്‍മാര്‍ എപ്പോഴും ഉള്ളത്. അവര്‍ നാളെ എത്തുമോ എന്നുപോലും കൃത്യമായി പറയാന്‍ അവര്‍ക്ക് കഴിയില്ല. എത്തിയില്ലെങ്കില്‍ എന്തുകൊണ്ട് എത്തിയില്ല എന്ന് അന്വേഷിച്ചു സ്വരം കടുപ്പിക്കാനും തരമില്ല. അവരെ ചേര്‍ത്തു പിടിക്കാന്‍ എന്ത് ചെയ്യാം എന്ന ആലോചനയിലാണ് അവര്‍ ഉള്ളത്. ഒരു വര്‍ക്ക് പൂര്‍ണമായും കഴിഞ്ഞാല്‍ അവര്‍ക്ക് ലാഭത്തില്‍ നിന്നുള്ള ചെറിയൊരു ശതമാനം നല്‍കി സന്തോഷിപ്പിക്കുക എന്ന ആശയം നടപ്പിലാക്കി വിജയിച്ചു എന്ന് ഒരിക്കൽ കൂട്ടുകാരന്‍ അഫ്‌സല്‍ എൻജിനീയര്‍ പങ്കുവെച്ചതോർക്കുന്നു. അതിലൂടെ അവരെ കൂടെ നിര്‍ത്താനും ദീര്‍ഘകാല നിലനിൽപ് മുന്നില്‍ കണ്ട് ജോലി ചെയ്യാന്‍ അവര്‍ തയാറാവുകയും ചെയ്യും. തൊഴിലാളികളും വര്‍ക്കിന്റെ ഭാഗമാണ് എന്ന് അവരെ തോന്നിപ്പിക്കാനും അത് കാരണമാകും■

Share this article

About ഫൈസൽ സി. എ

faisalca313@gmail.com

View all posts by ഫൈസൽ സി. എ →

Leave a Reply

Your email address will not be published. Required fields are marked *