ഇബ്‌നു ഹജര്‍(റ): ഹദീസിന്റെ ഉറപ്പ്‌

Reading Time: 3 minutes

ഹദീസ് വിജ്ഞാന രംഗത്ത് നിറസാന്നിധ്യമാണ് ഇബ്‌നു ഹജര്‍ അസ്ഖലാനി(റ). ആ ജീവിതം ജ്ഞാനകുതുകികള്‍ക്ക് എന്നും ആവേശമാണ്. ഭൂഖണ്ഡാതിര്‍ത്തികള്‍ ഭേദിച്ച് ജീവിതകാലം മുഴുവന്‍ പണ്ഡിതരുമായി സഹവസിച്ച് വൈജ്ഞാനിക സപര്യ പുഷ്ടിപ്പെടുത്തിയതാണ് ഇബ്‌നു ഹജറെന്ന നാമത്തെ അനശ്വരമാക്കിയത്. അനാഥനായാണ് വളര്‍ന്നത്. വൈജ്ഞാനിക ലോകത്തെ ഉത്തുംഗതകള്‍ കീഴടക്കാന്‍ അതൊന്നുംതന്നെ തടസമായില്ല. ഹിജ്‌റ 773 ശഅബാന്‍ 22ന് ജനിച്ച ഇബ്‌നു ഹജറിന്റെ(റ) പൂര്‍ണനാമം ശിഹാബുദ്ദീന്‍ അബുല്‍ ഫള്ൽ അഹ്‌മദ്‌ ബ്‌നു അലിയ്യുബ്‌നു മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു അലിയ്യ് ബ്‌നു മഹ്‌മൂദ് ബ്‌നു അഹ്മദ് അല്‍ കിനാനി അല്‍ അസ്ഖലാനി എന്നാണ്. പണ്ഡിതനും ആത്മീയാചാര്യനുമായിരുന്ന നൂറുദ്ദീന്‍ അലിയ്യ് ബ്‌നു ഖുതുബുദ്ദീനാണ് പിതാവ്. തീജാര്‍ ബിന്‍ത് ഫഖ്റ് ‍എന്നവരാണ് മഹാന്റെ മാതാവ്. മിസ്വ് റിലെ അസ്ഖലാന്‍ എന്ന പ്രദേശത്തേക്ക് ചേര്‍ത്തിയാണ് അസ്ഖലാനി എന്ന് വിളിക്കുന്നത്. പൂര്‍വപിതാക്കന്മാര്‍ അസ്ഖലാനില്‍ ജീവിച്ചവരായിരുന്നു. പ്രശസ്ത അറബി ഗോത്ര വിഭാഗമായ കിനാനയിലാണ് മഹാന്റെ കുടുംബം ചെന്നുചേരുന്നത്. പിതാക്കന്മാരുടെ പരമ്പരയില്‍ പെട്ട അഹ്‌മദ്‌ എന്നവര്‍ ഹജര്‍ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അവരിലേക്ക് ചേര്‍ത്തിയാണ് ഇബ്‌നുഹജര്‍ എന്ന് വിളിക്കുന്നത്. ഇബ്‌നു ഹജറിന്റെ(റ) ഉപ്പാപ്പ ഖുതുബുദ്ദീന്‍ മുഹമ്മദ് ബ്‌നു നാസ്വിറുദ്ദീന്‍ എന്നവര്‍ വ്യാപാരിയും വിജ്ഞാനസമ്പാദനത്തില്‍ താത്പര്യമുള്ളവരും ആയിരുന്നു. ഇവരുടെ മക്കളില്‍ ഇമാമിന്റെ പിതാവൊഴികെ എല്ലാവരും കച്ചവടക്കാരായി ജീവിച്ചു. പിതാവ് അറിവന്വേഷണത്തിനായി പുറപ്പെടുകയും ചെയ്തു. പിതാവിന്റെ പിതൃവ്യന്‍ അറിയപ്പെട്ട പണ്ഡിതനും മുഫ്തിയുമായിരുന്നു. ഹിജ്‌റ 714ന് വഫാത്തായ ഉസ്മാനുബ്‌നു മുഹമ്മദ് ബ്‌നു അലിയ്യ് എന്ന ഈ മഹാന്‍ ഇസ്‌കന്തറിലെ തലയെടുപ്പുള്ള കര്‍മശാസ്ത്ര വിശാരദനായിരുന്നു. ഫത് വകള്‍ക്കുള്ള അവസാനവാക്കായി അവര്‍ ഖ്യാതി നേടിയിരുന്നു. ഇബ്‌നു ഹജറിന് തന്നേക്കാള്‍ മൂന്ന് വയസ് പ്രായമുള്ള ഒരു സഹോദരിയും ഉണ്ടായിരുന്നു. സിത്തു റകബ് എന്ന അവര്‍ ചെറുപ്രായത്തില്‍ തന്നെ എഴുത്തുകാരിയായും ഖാരിഅതായും പേരെടുത്തു. പാണ്ഡിത്യത്തിലും സാഹിത്യത്തിലും ആധ്യാത്മികതയിലും കേളി കേട്ടവരായിരുന്നു ഇബ്‌നു ഹജറിന്റെ(റ)കുടുംബമെന്ന് ചുരുക്കം.
മാതാവിന് പിറകെ പിതാവും ഇഹലോക വാസം വെടിഞ്ഞതോടെ അനാഥനായിട്ടാണ് ഇബ്‌നു ഹജര്‍(റ) വളര്‍ന്നത്. വഫാത്തിനോടടുത്തപ്പോള്‍ പിതാവ് ഉറ്റ സുഹൃത്തുക്കളായിരുന്ന സഖിയുദ്ദീന്‍ ഖറൂബി, ശംസുദ്ദീന്‍ ബ്‌നു ഖത്താന്‍ എന്നിവരോട് കുട്ടിയുടെ സംരക്ഷണം ഏല്‍പിച്ചിരുന്നു. ഈജിപ്തിലെ കച്ചവട പ്രമാണിയായിരുന്ന സഖിയുദ്ദീന്‍ ഖറൂബി, ഇബ്‌നു ഹജറിന്റെ(റ)പഠന കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തി.
തുളഞ്ഞ ബുദ്ധിയും അപാര മനഃപാഠസിദ്ധിയും ഉള്ള കുട്ടിയാണെന്ന് തിരിച്ചറിയാന്‍ സഖ്‌യുദ്ദീന്‌ അധിക സമയം വേണ്ടി വന്നില്ല. ഒറ്റ ദിവസം കൊണ്ടു തന്നെ സൂറത്തു മറിയം മനഃപാഠാമാക്കിയ ഇബ്‌നുഹജര്‍(റ)ഒരതുല്യ പ്രതിഭയാണെന്ന് അദ്ദേഹം മനസിലാക്കി. സ്വദറുദ്ദീന്‍ സഫ്തീ എന്ന പണ്ഡിതന്റെ ശിക്ഷണത്തില്‍ ഒമ്പതു വയസ് തികയുമ്പോഴേക്ക് ഇബ്‌നു ഹജര്‍(റ)ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു.
പിന്നീട് ഹിജ്‌റ 784ന് സഖ് യുദ്ദീന്‍ ഖറൂബി ഹജ്ജിന് പുറപ്പെട്ടപ്പോള്‍ 12 വയസു പ്രായമുള്ള ഇബ്‌നു ഹജറി(റ)നേയും കൂടെ കൂട്ടി. മക്കയില്‍ നിന്ന് പ്രശസ്ത ഹദീസ് പണ്ഡിതന്‍ അബ്ദുല്ലാഹി ബിന്‍ മുഹമ്മദ് എന്നിവരില്‍ നിന്ന് സ്വഹീഹുല്‍ ബുഖാരിയുടെ മിക്ക ഭാഗവും ഓതിയിട്ടുണ്ട്. ആദ്യമായി ഹദീസ് കേള്‍ക്കുന്നതും ഈ പണ്ഡിതനില്‍ നിന്നാണ്. ഇതേ വര്‍ഷം തന്നെ റമളാനില്‍ തറാവീഹിന് ഇമാമായി സേവനം ചെയ്യാനും ഇബ്‌നു ഹജറിന്(റ)അവസരം ലഭിച്ചു. ജമാലുദ്ദീന്‍ മുഹമ്മദ് അബ്ദുല്ല എന്നിവരില്‍ നിന്ന് ഫിഖ്ഹുല്‍ഹദീസ് പഠിക്കാന്‍ തുടങ്ങി. ഹാഫിള് അബ്ദുല്‍ ഗനിയ്യ് മഖ്ദസിയുടെ ഉംദതുല്‍ അഹ്കാമാണ് അബൂ ഹാമിദ് എന്നവര്‍ ദര്‍സ് നടത്തിയിരുന്നത്. ഹദീസില്‍ നിന്നും കര്‍മശാസ്ത്ര വിധികള്‍ നിര്‍ധാരണം ചെയ്തു പഠിക്കുന്ന വിജ്ഞാനശാഖയാണ് ഫിഖ്ഹുല്‍ ഹദീസ്. ഹിജ്‌റ 786 മക്കയില്‍ നിന്ന് മടങ്ങിയ ശേഷം ഉംദതുല്‍ അഹ്കാം, ഹദീസ് ഗ്രന്ഥമായ അല്‍ഫിയ്യത്തുല്‍ ഇറാഖിയ്യ്, ഖസ്‌വീനീ ഇമാമിന്റെ അല്‍ഹാവീ അസ്സഗീര്‍, ഉസൂലുല്‍ ഫിഖ്ഹിലെ മുസ്തസ്വറുബ്‌നുല്‍ ഹാജിബ്, ബൈളാവീ ഇമാമിന്റെ മന്‍ഹജുല്‍ ഉസൂല്‍, ഹരീരി ഇമാമിന്റെ മല്‍ഹതുല്‍ ഇഅ്റാബ്, അല്‍ഫിയ്യതു ബ്‌നുമാലിക് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഹൃദ്യസ്ഥമാക്കുകയും ചെയ്തു. ഹിജ്‌റ 787ന് സഖ് യുദ്ദീന്‍ ഖറൂബി വഫാത്താവുകയും ശേഷം ശംസുദ്ദീനു ബ്‌നു ഖത്താന്‍, ഇബ്‌നു ഹജറിന്റെ(റ)സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. പതിനാലു വയസായിരുന്നു അന്ന് ഇബ്‌നു ഹജറിന്റെ(റ)പ്രായം. ഇബ്‌നു ഖത്താന്‍ പണ്ഡിതനും ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ നിപുണനുമായിരുന്നു. കര്‍മശാസ്ത്രം, ഗണിതശാസ്ത്രം, അറബി ഭാഷാപഠനം തുടങ്ങിയവയില്‍ ഇബ്‌നു ഖത്താന്‍ എന്നവരില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ചു. ഗുരുവിന്റെ അനുമതിയോടെ ദര്‍സ് നടത്തുകയും ചെയ്തു. ഹിജ്‌റ 790ല്‍ പതിനേഴ് വയസ് തികയുമ്പോള്‍ ശിഹാബുല്‍ ഖയൂത്വിയില്‍ നിന്ന് തജ്‌വീദില്‍ കൂടുതല്‍ അവഗാഹം നേടി. പിന്നീട് മറ്റു ചില ഗുരുവര്യന്മാരുടെ അടുത്ത് സ്വഹീഹുല്‍ ബുഖാരി ദര്‍സില്‍ പങ്കെടുത്തു. പതിനെട്ട് വയസ് തികഞ്ഞതോടെ സാഹിത്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു. ഒരു കവിതാശകലം കിട്ടിയാല്‍ അതിനു പിന്നാലെ അന്വേഷണ ത്വരയുമായി നടക്കുമായിരുന്നു മഹാന്‍.

അറിവന്വേഷണയാത്രകള്‍
ഈജിപ്തിനകത്തും പുറത്തും വിജ്ഞാന സമ്പാദനത്തിനായി ഇബ്‌നുഹജര്‍(റ) നിരവധി യാത്രകള്‍ നടത്തിയിട്ടുണ്ട്. ഹിജാസ്, യമന്‍, സിറിയ തുടങ്ങിയയിടങ്ങളിലെല്ലാം നിരവധി തവണ ചുറ്റി സഞ്ചരിച്ചിട്ടുണ്ട്.
ഹിജ്‌റ 793ലാണ് യാത്ര ആരംഭിക്കുന്നത്. മരുഭൂപ്രദേശമായ ഖൂസിലേക്കായിരുന്നു ആദ്യ യാത്ര. കാര്യമായ ഹദീസ് ശേഖരങ്ങളൊന്നും അവിടെ നിന്ന് കിട്ടിയില്ലെങ്കിലും ഒരുപാട് പണ്ഡിതരുമായുള്ള സഹവാസം ലഭിക്കാനിടയായി. നൂറുദ്ദീന്‍ അലിയ്യുബ്‌നു മുഹമ്മദില്‍ അന്‍സ്വാരി, ഇബ്‌നുസ്സിറാജ്, അബ്ദുല്‍ ഗഫാര്‍ ബ്‌നു അഹ് മദ് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഒരുകൂട്ടം സാഹിത്യകാരന്‍മാരെയും കവികളെയും അവിടെ പരിചയിക്കാനിടയായി. അതേ വര്‍ഷം അവസാന പാദത്തില്‍ തന്നെ മഹാന്‍ ഇസ്‌കന്തറിലേക്ക് യാത്രയായി. ഏതാനും മാസങ്ങള്‍ കൂടി അവിടെ തന്നെ കഴിച്ചു കൂട്ടി. താജ് ബ്‌നു ഖര്‍റാത്ത്, ഇബ്‌നു ശാഫിഇല്‍ അസ്ദി, ഇബ്‌നു ഹസനിതുസിയ്യ്, ശംസുല്‍ ജസരിയ്യ് തുടങ്ങിയവരടങ്ങുന്ന പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിക്കാന്‍ ഇസ്‌കന്തറിലേക്കുള്ള യാത്ര നിമിത്തമായി. അദ്ദുറുല്‍ മുളിയ്യ മിന്‍ ഫവാഇദില്‍ ഇസ്‌കന്ദരിയ്യ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു ഹജര്‍(റ) അവിടുത്തെ പണ്ഡിതരില്‍ നിന്ന് കിട്ടിയ ഹദീസുകളും കവിതാശകലങ്ങളും രേഖപ്പെടുത്തിയതായി കാണാം.

ഹിജാസിലേക്കും
യമനിലേക്കും
ഇസ്‌ക്കന്തറില്‍ നിന്ന് മടങ്ങിയ ശേഷം ഹിജ്‌റ 799 ശവ്വാല്‍ മാസം വരെ ഈജിപ്തിലാണ് മഹാന്‍ കഴിഞ്ഞത്. പിന്നീട് കടല്‍മാര്‍ഗം ഹിജാസിലേക്ക് യാത്ര തിരിച്ചു. ദുല്‍ഖഅദ് രണ്ടിന് ത്വൂറിലെത്തിച്ചേര്‍ന്നു. നജ്മുദ്ദീന്‍ മര്‍ജാനി, അസ്വലാഹുല്‍ അഖ്ഫഹസി തുടങ്ങിയ മഹത്തുക്കളില്‍ നിന്ന് അറിവു നുകര്‍ന്നു. പിന്നീട് ദുല്‍ഹിജ്ജ 13ന് വെള്ളിയാഴ്ച സഊദിയിലെ യന്‍ബഇലെത്തിച്ചേര്‍ന്നു. ഇമാം തിര്‍മുദിയുടെ പ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുത്തുര്‍മുദിയില്‍ നിന്നുള്ള ഹദീസുകള്‍ അവിടെ നിന്ന് പഠിച്ചു. പിന്നീട് ഹിജ്‌റ 800 റബീഉല്‍ അവ്വലില്‍ യമനിലെത്തിച്ചേര്‍ന്നു.
യമനിലെ ഒട്ടുമിക്ക നഗരങ്ങളിലും വിജ്ഞാന സമ്പാദനത്തിനായി മഹാന്‍ സഞ്ചരിച്ചിട്ടുണ്ട്. അബൂബക്കര്‍ മുഹമ്മദ് ബ്‌നു സ്വാലിഹ്, ശിഹാബുദ്ദീന്‍ നാശിരി, ശറഫുദ്ദീന്‍ ഇബ്‌നുല്‍ മുഖ് രി, അബ്ദുറഹ്മാന്‍ മുഹമ്മദില്‍ അലവി, അലിയ്യുബ്‌നു ഹസനുല്‍ ഖസ്‌റജി, അബ്ദുറഹ് മാനുബ്‌നു ഹൈദര്‍, അലിയ്യുബ്‌നു അഹ് മദ് അസ്സഗാനി തുടങ്ങി നിരവധി പണ്ഡിതന്മാരുടെ ശിഷ്യത്വം മഹാന്‍ സ്വീകരിച്ചിട്ടുണ്ട്, യമനില്‍ അറിവു നുകരുക എന്നതില്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നില്ല, മറിച്ച് പല പണ്ഡിതര്‍ക്കും തന്റെ പക്കലുള്ള ഹദീസുകളും മറ്റും പകര്‍ന്നു കൊടുക്കുന്നതിലും മഹാന്‍ അതിയായി ശ്രദ്ധിച്ചു. സിറിയയിലെ ഡമസ്‌കസിലേക്കും അലപ്പോയിലേക്കും മഹാന്‍ അറിവന്വേഷണത്തിനും മറ്റും വേണ്ടി യാത്ര ചെയ്തിട്ടുണ്ട്.
സേവന രംഗത്ത്
79 വര്‍ഷത്തെ ജീവിതത്തിനിടയില്‍ തഫ്‌സീര്‍, ഫിഖ്ഹ്, ഹദീസ് തുടങ്ങിയ വിഷയങ്ങളിലെ പ്രഗത്ഭനായ മുദരിസും മുഫ്തിയും പ്രഭാഷകനും ഖാളിയും എല്ലാമായിരുന്നു ഇബ്‌നുഹജര്‍(റ). ഓരോ ദിവസവും മുപ്പതില്‍പരം ഫത്‌വകള്‍ നല്‍കിയിരുന്നു. അജബുദ്ദഹ്റ് ഫീ ഫതാവാ ശഹ്റ് ‍എന്ന ഗ്രന്ഥം ഒരു മാസത്തെ മുന്നൂറിലധികം ഫത്‌വകള്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്. ഹിജ്‌റ 819ല്‍ ജാമിഅ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയിലെ സ്ഥിരം പ്രഭാഷകനായി ഇബ്‌നു ഹജറിനെ(റ)നിയമിച്ചിരുന്നു. ഹിജ്‌റ 827ല്‍ ഈജിപ്ത് പട്ടണങ്ങളുടെ ഏകീകൃത ഖാളിയായും മഹാനെ നിയമിച്ചിരുന്നു.
വിവിധ വിഷയങ്ങളിലായി അന്‍പതിലേറെ ഗ്രന്ഥങ്ങള്‍ ഇബ്‌നുഹജറി (റ)ന്റേതായി ഉണ്ട്. സ്വഹീഹുല്‍ ബുഖാരിയുടെ നൂറോളം വ്യാഖ്യാനങ്ങളില്‍ മാസ്റ്റര്‍ പീസായ ഫത്ഹുല്‍ ബാരി രചനകളിൽ പ്രധാനപ്പെട്ടതാണ്. നസ്ഹ തുന്നള്റ് ഫീ ശര്‍ഹി നുഖ്ബതില്‍ ഫിക് റ് കേരളത്തിലെ പള്ളിദര്‍സുകളിലേയും ദഅ്വ -ശരീഅത്ത് കോളേജുകളിലേയും സിലബസുകളില്‍ ഉള്‍പ്പെടുന്നു. ഹിജ്‌റ 852 ദുല്‍ഹിജ്ജ മാസം 18 ശനിയാഴ്ച മഹാന്‍ ലോകത്തോട് വിട പറഞ്ഞു. പണ്ഡിതന്മാരും ഭരണാധികാരികളും സാധാരണക്കാരു മടങ്ങുന്ന അന്‍പതിനായിരത്തിലധികം പേര്‍ മഹാന്റെ ജനാസയെ അനുഗമിച്ചതായി രേഖയുണ്ട് ■
അവലംബം
1.അല്‍ ഇസ്വാബത്തു ഫീ തംയീസി സ്വഹാബ
2.തര്‍ജമതുന്‍ മുഖ്തസ്വര്‍ ലിബിനി ഹജറില്‍ അസ്ഖലാനി

  1. അല്‍ജവാഹിറു വദ്ദുററു ഫീ തര്‍ജമതി ശൈഖില്‍ ഇസ് ലാം ഇബ്‌നു ഹജര്‍
  2. ളൗഉ ല്ലവാമിഅ ഫീ അഹ് ലില്‍ ഖര്‍നി ത്താസിഅ
  3. അല്‍ ബദ്‌റു ത്വാലിഅ ഫീ മഹാസിനി മന്‍ ബഅദല്‍ ഖര്‍നി സ്സാബിഅ
  4. ത്വബബാതുല്‍ ഹുഫാള് ലി സ്സുയൂത്വി`
Share this article

About അനസ് ആമപ്പൊയില്‍

anasamapoyil@gmail.com

View all posts by അനസ് ആമപ്പൊയില്‍ →

Leave a Reply

Your email address will not be published. Required fields are marked *