അറബി മലയാളം

Reading Time: < 1 minutes

അറബി ലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന സമ്പ്രദായമെന്നാണ് അറബി മലയാളത്തെ സംബന്ധിച്ച പൊതുധാരണ. അറബി മലയാളത്തിന്റെ ഉദ്ഭവം, വ്യാപനം, വ്യവഹാരം എന്നിവ സംബന്ധിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ നിലനിൽക്കുന്നു. ഒമ്പതാം നൂറ്റാണ്ടിൽ ഉദ്ഭവിച്ചുവെന്ന് കരുതുന്നതിന് മതിയായ തെളിവുകളുണ്ട്. മതബോധനം ലക്ഷ്യം വെച്ച് രൂപപ്പെടുത്തിയ സങ്കേതമാണ് അറബി മലയാളം എന്ന വീക്ഷണമുണ്ട്. വ്യാപാരാവിശ്യത്തിന്റെയോ മറ്റു ഇടപാടുകളുടേയോ ഭാഗമായി രൂപമെടുത്തതാണെന്നും അഭിപ്രായമുണ്ട്. അതത്ര ബലമുള്ള നിരീക്ഷണമല്ല. മുസ്‌ലിംകളുടെ വിശ്വാസ, ആചാര, സാംസ്കാരിക ഫ്രൈംവർകിനെ തൊട്ടു നിൽക്കുന്ന വിധത്തിൽ സമുദായ വളർച്ചക്കൊപ്പം നിന്ന വ്യവഹാരമായി വേണം അറബി മലയാളത്തെ കാണാൻ. മലയാള ലിപി പരിജ്ഞാനമില്ലാതിരിക്കുകയും അറബി അക്ഷരജ്ഞാനം സ്വായത്തമാക്കുകയും ചെയ്തിരുന്ന മുസ്‌ലിം സാമുദായിക സാക്ഷരതയെ അതിവേഗം വളർത്തിയെടുത്തത് അറബിമലയാളമായിരുന്നു. സംസാര ഭാഷയെ അതിന്റേതല്ലാത്ത, എന്നാൽ പരിചയമുള്ള മറ്റൊരു ഭാഷാലിപിയിലേക്ക് മാറ്റിയെടുത്ത സ്വഭാവമാണല്ലോ അറബിമലയാളം.
1708 ൽ കണ്ടെടുക്കപ്പെട്ട ഖാളി മുഹമ്മദിന്റെ മുഹ്‌യിദ്ദീൻ മാലയാണ് അറബി മലയാളത്തിലെ ആദ്യ രചനയായി കണക്കാക്കുന്നത്. ബഗ്്ദാദിൽ മരണപ്പെട്ടുകിടക്കുന്ന, ഇലാഹീഭക്തനായ മുഹ്‌യിദ്ദീൻ ശൈഖിന്റെ ജീവിതകഥകളും കേളികളുമാണ് മാലയുടെ ഇതിവൃത്തം.
വൈദേശികാധിനിവേശത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് മുന്നിൽ നിൽക്കുകയും നാട്ടുരാജാക്കന്മാർ തരംപോലെ മാറിക്കളിക്കുകയും ചെയ്തതിൽ ജീവൽപ്രതിസന്ധി നേരിട്ട സമുദായത്തിന് ആത്മബലം നൽകുക എന്ന ലക്ഷ്യമായിരുന്നത്രെ മുഹ്‌യിദ്ദീൻ മാല നിർവഹിച്ചത്. മുഹ്‌യിദ്ദീൻ മാലയുടെ സ്വാധീനത്തിൽ പിന്നീട് നൂറോളം മാലകൾ പിറന്നു. ശുദ്ധാത്മാക്കളുടെ ജീവിതാനുഭവങ്ങൾ ഈണത്തോടെ ആലപിക്കാവുംവിധം എഴുതുന്ന രൂപമാണ് മാലക്കുള്ളത്. മാപ്പിളപ്പാട്ട് ഗണത്തിലാണ് മാലകൾ വരുന്നത്. അറബി മലയാള സാഹിത്യത്തിലെ പ്രധാന വിഭാഗമാണ് മാപ്പിളപ്പാട്ടുകൾ. വിരഹവും സന്തോഷവും വിജ്ഞാനവും ഇതിവൃത്തമാക്കി എണ്ണമറ്റ രചനകൾ അറബി മലയാളത്തിൽ വിരചിതമായിട്ടുണ്ട്. മലയാള ഭാഷ സ്വതന്ത്രമായ എഴുത്തു വ്യവഹാര സങ്കേതങ്ങളിലേക്ക് വരുന്നതിന് മുന്നേ അറബി മലയാളത്തിൽ ധാരാളം അമൂല്യ രചനകൾ ഉണ്ടായിട്ടുണ്ട്. പലകുറി അറബി മലയാള ലിപി പരിഷ്കരണം നടന്നിട്ടുണ്ട്. നിരവധി ഭാഷകളിൽ നിന്ന് പദങ്ങൾ സമ്പാദിച്ചാണ് അറബി മലയാള സ്വരൂപം ഉണ്ടായത്. അത് മാപ്പിളമാരുടെ ഗ്രന്ഥഭാഷ മാത്രമാണെന്ന് നിരീക്ഷച്ചവരുണ്ട്. മണിപ്രവാളം പോലെ മലയാളത്തിന്റെ ഉപഭാഷയെന്ന വീക്ഷണവുമുണ്ട്. അറബി മലയാളം സ്വതന്ത്രഭാഷയെന്നാണ് അറബി മലയാള ഗവേഷകനും ചരിത്രകാരനുമായ ഒ. ആബുവിന്റെ കണ്ടെത്തൽ. നല്ല അന്വേഷണ, പഠന സാധ്യതകൾ തുറന്നിടുന്ന അറബി മലയാളം ചിതലെടുത്ത് പോകരുതാത്ത നമ്മുടെ സ്വത്താണ്. മാപ്പിളമാർ ജീവിച്ചതിന്റെ അടയാളമാണ് ■

Share this article

About എന്‍.ബി സിദ്ദീഖ് ബുഖാരി

nbsbukhari@gmail.com

View all posts by എന്‍.ബി സിദ്ദീഖ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *