‘എല്ലാ വര്‍ഷവും പോപ് വന്നെങ്കില്‍..’

Reading Time: 3 minutes

“വടക്കന്‍ ഇറാഖിലെ പ്രധാന ക്രിസ്ത്യന്‍ നഗരമായ കരാക്കോഷ് 2016ലാണ് ഞാന്‍ അവസാനമായി സന്ദര്‍ശിക്കുന്നത്. അന്ന് തീര്‍ത്തും നിര്‍ജീവമായിരുന്നു ആ നഗരം. ഐസിസ് പോരാളികളില്‍ നിന്ന് മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള ഇറാഖ് സേനയുടെയും സഖ്യകക്ഷികളുടെയും ശ്രമങ്ങളുടെ മുറിവുകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട നഗരമായിരുന്നു കരാക്കോഷ്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളും ചീഞ്ഞ ഭക്ഷണങ്ങളും അസ്വസ്ഥമായ കുറേ മനസുകളും ബാക്കിയാക്കിയാണ് ഐസിസ് നഗരം വിടുന്നത്. ഈ കഴിഞ്ഞ വാരാന്ത്യത്തില്‍ ഫ്രാന്‍സിസ് മാർപാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഞാന്‍ ഒരിക്കല്‍ കൂടി കരാക്കോഷ് നഗരത്തിലെത്തി. ഒരിക്കല്‍ ശൂന്യമായിരുന്ന നഗരത്തില്‍ വര്‍ണ ബലൂണുകള്‍ കാറ്റിലാടുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍നിര്‍മിച്ചു. മതിലുകളും കെട്ടിടങ്ങളും തൂവെള്ള പുതച്ച് ഉന്മേശഭരിതമാണ്. ജനജീവിതം സാധാരണ നിലയിലെത്തി നില്‍ക്കുന്നു.
“എല്ലാ വര്‍ഷവും പോപ്പ് വന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ തിരക്കേറിയ ഓപണ്‍ എയര്‍ മാർകറ്റിലെ ഒരു പഴം വില്‍പനക്കാരന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഏതാണ്ട് ഇരുപത് വര്‍ഷം മുമ്പ് തന്നെ ഇറാഖിലെ റിപോർട്ടിങ് ഞാന്‍ ആരംഭിച്ചിരുന്നു. അന്നെല്ലാം ഇറാഖും ഇറാഖിലെ ജനങ്ങളും സംഘര്‍ഷങ്ങളില്‍ വീര്‍പ്പുമുട്ടുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഫ്രാന്‍സിസ് മാർപാപ്പയുടെ ചരിത്രപ്രസിദ്ധമായ ഇറാഖ് സന്ദര്‍ശനത്തിലൂടെ മത-ദേശ ഭേദമന്യേ വലിയ പ്രതീക്ഷയാണ് ഇറാഖി ജനതക്കു ലഭിച്ചിരിക്കുന്നത്.
ദീര്‍ഘകാലം ഇറാഖില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്ന മോയിസസ് സമാന്‍ നാഷനല്‍ ജ്യോഗ്രഫിയുടെ ഡിജിറ്റല്‍ പ്രൊഡ്യൂസര്‍ സിഡ്‌നി കോംപസുമായി നടത്തിയ സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണിത്. ഫ്രാന്‍സിസ് മാർപാപ്പയുടെ ഇറാഖ് സന്ദര്‍ശനം ഇറാഖികള്‍ക്കിടയില്‍ പ്രതീക്ഷയുടെ പുതിയ ആകാശങ്ങള്‍ തുറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നു.
ചരിത്രപരമായൊരു സന്ദര്‍ശനത്തിനാണ് ഇറാഖ് ജനത സാക്ഷ്യംവഹിച്ചത്. പ്രവാചകന്‍ ഇബ്റാഹീം നബിയുടെ ജന്മനാട്ടില്‍ ചരിത്രത്തിലാദ്യമായി ഒരു മാര്‍പാപ്പയെത്തിയിരിക്കുന്നു. “നൂറ്റാണ്ടിലെ യാത്ര’യെന്നാണ് ഫ്രാന്‍സിസ് മാർപാപ്പയുടെ യാത്ര വിശേഷിപ്പിക്കപ്പെട്ടത്. “നിങ്ങളോ, എല്ലാവരും സഹോദരന്മാര്‍’ എന്ന മത്തായിയുടെ സുവിശേഷം ഉയര്‍ത്തിപ്പിടിച്ച് നടന്ന പോപ്പിന്റെ സന്ദര്‍ശനത്തിന് ഇറാഖിലെ നിലവിലെ സാഹചര്യത്തില്‍ പ്രസക്തിയേറെയാണ്. കൊല്ലങ്ങളോളം വീണുകിടന്ന ഒരു ദേശത്തോടുള്ള കടമയെന്നാണ് യാത്രയെ മാര്‍പാപ്പ വിശേഷിപ്പിച്ചത്. ആദ്യദിവസം ഇറാഖിലെ പ്രമുഖ ശിയാ പണ്ഡിതന്‍ ആയത്തുല്ല അലി അല്‍ സിസ്താനിയുമായും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കദീമിയുമായും ചര്‍ച്ച നടത്തി. ഇറാഖിലെ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യപരിഗണന നല്‍കണമെന്ന് പോപ്പ് അവരോട് ആവശ്യപ്പെട്ടു. ഇറാഖിലെ മറ്റുള്ളവരെപ്പോലെ ഭരണഘടനാപരമായ മുഴുവന്‍ സ്വാതന്ത്ര്യങ്ങള്‍ക്കുമൊപ്പം ക്രിസ്ത്യന്‍ ജനതയും ജീവിക്കുമെന്നായിരുന്നു സിസ്താനിയുടെ മറുപടി. ക്രിസ്തീയരും ജൂതരും മുസ്‌ലിംകളും പുണ്യസ്ഥലമായിക്കരുതുന്ന ഉര്‍ നഗരത്തില്‍ ഭൂരിപക്ഷ മുസ്‌ലിംകള്‍ക്കൊപ്പം ക്രിസ്ത്യന്‍, യസീദി, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുത്ത സര്‍വമത സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുക്കുകയും 2010ല്‍ ഐഎസ് തീവ്രവാദികള്‍ തകര്‍ത്ത ബാഗ് ദാദിലെ രക്ഷാമാതാ ദേവാലയം സന്ദര്‍ശിക്കുകയും ചെയ്തു.
2019ല്‍ മാര്‍പാപ്പ തുടക്കമിട്ട, കത്തോലിക്കരും ഇസ്‌ലാമിക സമൂഹവുമായുള്ള സര്‍വമതചര്‍ച്ചയുടെ തുടര്‍ച്ചയാണിത്. ഇറാഖില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള നിനെവയിലെ കരാക്കോഷ് നഗരവും ബാഗ് ദാദ്, മോസുള്‍ നഗരങ്ങളും മാര്‍പാപ്പ സന്ദര്‍ശിച്ചു.
പതിറ്റാണ്ടുകളായി അല്‍ഖാഇദയുടെയും ഇസ്‌ലാമിക് സ്റ്റേറ്റിന്റെയും ക്രൂരതകളേറ്റുവാങ്ങി മരവിച്ചുപോയ ഇറാഖിലെ ന്യൂനപക്ഷത്തിന് മാര്‍പാപ്പയുടെ സന്ദര്‍ശനം നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ജനസംഖ്യയുടെ 70 ശതമാനവും ശിയാ മുസ്‌ലിംകളുള്ള ഇറാഖില്‍ ക്രിസ്ത്യാനികള്‍ ഒരു ശതമാനം മാത്രമാണ്. 2003ല്‍ സദ്ദാം ഭരണകൂടത്തിനെതിരെ യുഎസ് നടത്തിയ അധിനിവേശത്തിനുമുമ്പ് ഇറാഖില്‍ 16 ലക്ഷമുണ്ടായിരുന്ന ക്രിസ്ത്യാനികളുടെ അംഗബലം ഇപ്പോള്‍ രണ്ടരലക്ഷത്തില്‍ താഴെ മാത്രം. അതില്‍ 67 ശതമാനവും കല്‍ദായ വിഭാഗക്കാര്‍. സദ്ദാം ഭരണകൂടത്തിന്റെ തകര്‍ച്ചയും അല്‍ഖാഇദയുടെയും ഐഎസിന്റെയും ഉദയവും ഇറാഖിലെ ജനതയുടെ പ്രത്യേകിച്ച് ക്രിസ്ത്യാനികളുടെ ജീവിതം നരകതുല്യമാക്കി. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് മേഖലയിലേക്കും അയല്‍രാജ്യങ്ങളായ ലബനന്‍, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളിലേക്കും അവര്‍ പലായനം ചെയ്തു. ജൂതന്മാരാകട്ടെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇന്ന് ഇറാഖിലവശേഷിക്കുന്നത്.
മുന്‍ഗാമികളായ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്റ്റ് പതിനാറാമനും കഴിയാതെപോയതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നടപ്പിലാക്കിയത്. ഉര്‍ നഗരത്തില്‍ നിന്ന് തുടങ്ങുന്ന ഇറാഖ്, ഈജിപ്ത്, ഇസ്രയേല്‍ യാത്ര ജോണ്‍ പോള്‍ രണ്ടാമന്റെ സ്വപ്‌നമായിരുന്നെങ്കിലും 2000ത്തില്‍ സദ്ദാം ഭരണകൂടവുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ നിരാശനായി. 2008ല്‍ ബെനഡിക്റ്റ് പതിനാറാമനെ ഇറാഖിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചെങ്കിലും യുദ്ധം ആ യാത്രയും തടസപ്പെടുത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം ഇറാഖിലെ ക്രിസ്ത്യന്‍ ജനതയുടെ ജീവിതത്തില്‍ വളരെപ്പെട്ടെന്ന് മാറ്റങ്ങളുണ്ടാക്കുന്ന മന്ത്രവടിയായിത്തീരുമെന്നു പറയാനാവില്ല. എന്നാല്‍ ഒന്നിച്ചുനില്‍ക്കാനുള്ള ഉപാധിയാണ് മതങ്ങളെന്ന ശക്തമായ സന്ദേശം അത് ലോകത്തിനു പകരും. ഒപ്പം ഉപേക്ഷിക്കപ്പെട്ടവരെന്ന് സ്വയം വിധിച്ചുതുടങ്ങിയ ഒരു സമൂഹത്തിന് ചെറുതല്ലാത്ത ആശ്വാസവും.

ചരിത്രപ്രസിദ്ധമായ യുഎഇ സന്ദര്‍ശനം
2019 ഫെബ്രുവരി 3 ഞായറാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയില്‍ എത്തുന്നത്. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായായിരുന്നു അറേബ്യന്‍ ഉപദ്വീപില്‍ ഒരു മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. ഒരു മാനവിക മുന്നേറ്റത്തിനാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം വഴിതെളിച്ചത്. യുഎഇ സന്ദര്‍ശനത്തിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ നടന്ന ഇറാഖ് സന്ദര്‍ശനം. ഇസ്‌ലാം വളര്‍ന്നു വികസിച്ച മണ്ണില്‍ ഊഷ്മള വരവേല്‍പ്പാണ് വലിയ ഇടയന് ലഭിച്ചത്. സമ്പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു യുഎഇ ഭരണകൂടം അദ്ദേഹത്തെ വരവേറ്റത്. ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക്, സെന്റ് ജോസഫ് കത്തീഡ്രല്‍ എന്നിവ സന്ദര്‍ശിച്ച മാര്‍പാപ്പ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുനൂറോളം മതമേലധികാരികള്‍ പങ്കെടുത്ത മാനവ സാഹോദര്യ സമ്മേളനത്തിലും പങ്കെടുത്തു. ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന വിശുദ്ധ ഖുര്‍ബാന ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു. ഒരു മാര്‍പാപ്പ അറബ് മേഖലയില്‍ നടത്തുന്ന ആദ്യ ഖുര്‍ബാനയില്‍ ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ക്രിസ്തുമത വിശ്വാസികളാണ് പങ്കെടുത്തത്. ഖുര്‍ബാനക്കെത്തിയവര്‍ക്കുള്ള വാഹന സൗകര്യമടക്കം മുഴുവന്‍ സൗകര്യങ്ങളും ചെയ്തു കൊടുക്കാന്‍ അബുദാബി സര്‍ക്കാരിനായി. യുഎഇലാണെങ്കിലും ഇറാഖിലാണെങ്കിലും രാജ്യാതിര്‍ത്തികള്‍ കടന്നുള്ള മതമേലധികാരികളുടെ യാത്രകളും രാജ്യതലവന്മാരുമായി നടത്തുന്ന സംഭാഷണങ്ങളും ലോകസമാധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായി സ്വാധീനിക്കും.

ചരിത്രത്തിലെ
മാതൃകകള്‍
മാനവ സാഹോദര്യത്തിന്റെ ഉദാത്തമായ മാതൃകകള്‍ പഠിപ്പിച്ചുകൊണ്ടാണ് മുഹമ്മദ് നബി (സ്വ) ലോകത്തിന് മുമ്പില്‍ തിളങ്ങി നില്‍ക്കുന്നത്. മാനവ സാഹോദര്യത്തെ സ്വജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയും അതു പകര്‍ത്താന്‍ പാകത്തിലേക്ക് അനുചരന്മാരെ വളര്‍ത്തിക്കൊണ്ടുവരാനും തിരുനബിക്ക് സാധിച്ചിട്ടുണ്ട്. അനസ് ബിന്‍ മാലിക്(റ) നിവേദനം: “നബിക്ക് സേവനം ചെയ്തിരുന്ന ജൂതനായ ഒരു കുട്ടിയുണ്ടായിരുന്നു. അവന്‍ രോഗിയായപ്പോള്‍ നബി അവനെ സന്ദര്‍ശിക്കാന്‍ ചെന്നു. എന്നിട്ട് അവന്റെ തലക്കു സമീപം ഇരുന്ന് അവനോടായി പറഞ്ഞു: “മോനേ, നീ മുസ്‌ലിമാവുക.’ ആ കുട്ടി തന്റെ അടുത്തുണ്ടായിരുന്ന പിതാവിനെ നോക്കിയപ്പോള്‍ പിതാവ് മകനോട് പ്രതിവചിച്ചു: “മോനേ, അബുല്‍ ഖാസിമിനെ (റസൂല്‍) അനുസരിക്കുക.’ അവന്‍ മുസ്‌ലിമായി. അവിടെ നിന്നും പുറത്തേക്ക് വന്ന പ്രവാചകർ ഇപ്രകാരം പറഞ്ഞു: “നരകശിക്ഷയില്‍ നിന്ന് അവനെ രക്ഷപ്പെടുത്തിയ അല്ലാഹുവിന് സ്തുതി’ (ബുഖാരി).
ഈ ജീവിത വീക്ഷണത്തിലൂടെ നബി(സ്വ) മുസ്‌ലിം സമൂഹത്തെ പഠിപ്പിക്കുന്ന കാര്യമെന്തെല്ലാമാണ്? മുസ്‌ലിമല്ലാത്ത വ്യക്തിയുടെ സഹായം ജീവിതാവശ്യങ്ങള്‍ക്കായി തേടുന്നതില്‍ അപാകതയില്ല. അവരുടെ ജീവിതക്ലേശങ്ങളില്‍ സാന്ത്വനം പകരല്‍ വിശ്വാസിയുടെ ബാധ്യതയാണ്.
എഡി 637ല്‍ ജറൂസലേം കീഴടക്കിയപ്പോള്‍ അവരുമായി ഖലീഫ ഉമര്‍ (റ) എഴുതിയുണ്ടാക്കിയ സമാധാന കരാര്‍ പ്രസിദ്ധമാണ്: “വിശ്വാസികളുടെ നേതാവായ ഉമര്‍ ജറൂസലേമിലെ ജനതക്ക് സുരക്ഷ ഉറപ്പ് നല്‍കുന്നു. അവര്‍ക്കും അവരുടെ സ്വത്തിനും അവരുടെ പള്ളികള്‍ക്കുമെല്ലാം ഉമര്‍ സുരക്ഷ ഉറപ്പ് നല്‍കുന്നു. അവരുടെ ചര്‍ച്ചുകള്‍ മുസ്‌ലിംകള്‍ കീഴടക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതല്ല. അവരും അവരുടെ പള്ളികളും ഭൂമിയും നശിപ്പിക്കപ്പെടുകയില്ല. നിര്‍ബന്ധപൂര്‍വം അവരെ മതപരിവര്‍ത്തനം ചെയ്യിക്കുകയുമില്ല.
ജറൂസലേമിലെ ജനത മറ്റ് നഗരങ്ങളില്‍ ജീവിക്കുന്നവരെപ്പോലെ തന്നെ നികുതിയടക്കുകയും ബൈസാന്റിയക്കാരെയും കവര്‍ച്ചക്കാരെയും തുരത്തുകയും വേണം. ബൈസാന്റിയക്കാരുടെ കൂടെ ജറുസലേം വിട്ട് പോകാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ സാധനങ്ങളെല്ലാം എടുത്ത് യാത്ര തിരിക്കേണ്ടതാണ്. തങ്ങളുടെ അഭയസ്ഥാനത്ത് എത്തുന്നത് വരെ അവര്‍ സുരക്ഷിതരായിരിക്കും. നഗരത്തില്‍ തന്നെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതാകാവുന്നതാണ്. എന്നാല്‍ അവര്‍ നികുതി നല്‍കേണ്ടതുണ്ട്. ഇനി ബൈസാന്റിയക്കാരുടെ കൂടെ പോകാനാഗ്രഹിക്കുന്നവരെ ആരും തടയുകയില്ല. വേണമെങ്കില്‍ തങ്ങളുടെ കുടുംബത്തിലേക്ക് തന്നെ അവര്‍ക്ക് തിരിച്ച് വരാവുന്നതുമാണ്. അവരില്‍ നിന്ന് ഒന്നും തന്നെ പിടിച്ചെടുക്കുന്നതല്ല. തങ്ങളുടെ മേല്‍ ചുമത്തിയിട്ടുള്ള നികുതിയടക്കാന്‍ അവര്‍ തയാറാവുകയാണെങ്കില്‍ ഈ കത്തിലെഴുതിയിരിക്കുന്ന വ്യവസ്ഥകള്‍ ദൈവിക ഉടമ്പടിക്ക് കീഴിലാണ്. അത് പാലിക്കുക എന്നത് അവന്റെ ദൂതന്റെയും ഖലീഫമാരുടെയും വിശ്വാസികളുടെയും ബാധ്യതയാണ്’. തങ്ങളുടെ ചൊല്‍പടിക്കു കീഴില്‍ വന്ന ജനതയെ ആദരവോടെ കൈകാര്യം ചെയ്യുന്ന മഹത്തായ മാതൃകയാണ് നമുക്കിവിടെ കാണാനാകുന്നത്. ആയുധബലം ലോകം ഭരിക്കുന്ന പുതിയ കാലത്ത് സമാധാനസന്ദേശം നെഞ്ചേറ്റാന്‍ ലോക മനഃസാക്ഷി ഉണരേണ്ടതുണ്ട്. ചരിത്ര പാഠങ്ങള്‍ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന രൂപത്തില്‍ ചരിത്രത്തെ പഠിക്കാന്‍ പുതിയ ലോകത്തിനാകേണ്ടതുണ്ട് ■

Share this article

About സ്വാദിഖ് വി പി തെക്കുമുറി

vpmsadhique@gmail.com

View all posts by സ്വാദിഖ് വി പി തെക്കുമുറി →

Leave a Reply

Your email address will not be published. Required fields are marked *