ഒരുങ്ങിനില്‍ക്കാം വരവേല്‍ക്കാം

Reading Time: 2 minutes

പുണ്യങ്ങളുടെ വിശുദ്ധ റമളാന്‍ സമാഗതമാകുന്നു. ആരാധനകളുടെ ഈ പൂക്കാലത്തെ ആത്മഹര്‍ഷത്തോടെയും ചൈതന്യത്തോടെയും വരവേല്‍ക്കാന്‍ മുസ്‌ലിം ലോകം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ഥത്തില്‍ നീണ്ട രണ്ട് മാസത്തെ പ്രാർഥനയോടെയും പ്രതീക്ഷയോടെയും വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ പുണ്യ റമളാനിനെ വിശ്വാസികള്‍ നിരന്തരം വിളിച്ചുവരുത്തുകയാണ്. നമ്മുടെ വീട്ടില്‍ ഒരു വിശിഷ്ഠ അതിഥി വരുമ്പോള്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാറുള്ള പോലെ തന്നെ, വിശുദ്ധ റമളാനിനെ വരവേല്‍ക്കാനിരിക്കുന്ന ഈ സമയത്ത് നാം ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്.
ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷമാണല്ലോ പുണ്യ റമളാനെ വിശ്വാസികള്‍ വരവേല്‍ക്കുന്നത്, റജബില്‍ ഒരുക്കം ആരംഭിക്കണം, ശഅ്ബാനില്‍ നട്ടുനനച്ച് റമളാനില്‍ കൊയ്‌തെടുക്കുന്നതു വരെ നമ്മള്‍ ജാഗരൂഗരാവണം.
മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ മൂന്ന് വിധത്തില്‍ നടത്താമെന്നാണ് പണ്ഡിതാഭിപ്രായം. ഒന്ന് മാനസികമായ തീരുമാനം, രണ്ട് ശാരീരികമായ ഒരുക്കം, മൂന്ന് കര്‍മപരമായ മുന്നൊരുക്കം. ആരോഗ്യത്തോടെയും ആത്മീയ ചൈതന്യത്തോടെയും റമളാനിനെ സ്വീകരിക്കാനും ആരാധനാ നിരതമാകാനുമുള്ള രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പ്രാര്‍ഥന മാനസിക മുന്നൊരുക്കത്തിന്റെ ഭാഗമാണ്.
വളരെ പ്രധാനപ്പെട്ടത് മാനസികമായ തീരുമാനങ്ങളാണ്. ഇത്തവണത്തെ റമളാന്‍ എങ്ങനെയാവണം, എവിടെയാകണം എന്ന് ഓരോ വിശ്വാസിയും നേരത്തെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. യാന്ത്രികമായി നോമ്പെടുത്തും വല്ലപ്പോഴും തറാവീഹ് നിര്‍വഹിച്ചും ആള്‍ക്കൂട്ടത്തിനനുസരിച്ച് ആരാധനകളില്‍ പങ്ക് ചേര്‍ന്നുമുള്ള വഴിപാട് പരിപാടികള്‍ക്ക് പകരം റജബ് മാസം മുതല്‍ നന്നായി മുന്നൊരുക്കം നടത്തി റമളാനെ വരവേല്‍ക്കാന്‍ കഴിഞ്ഞാല്‍ റമളാന്‍ മാസത്തെ കര്‍മങ്ങള്‍കൊണ്ട് അലങ്കരിക്കാം. ഇതിന്റെ അഭാവമാണ് പലര്‍ക്കും റമളാന്‍ ഭാരമായി അനുഭവപ്പെടുന്നത്.
റമളാനില്‍ കര്‍മരംഗത്ത് സജീവമാകണമെന്ന് നേരത്തെ തീരുമാനമെടുക്കുകയും അതിനനുസരിച്ച് നമ്മുടെ ജോലിയെയും ജീവിതത്തെയും ക്രമീകരിക്കുകയും വേണം. ദുര്‍ബലമായ അഭിപ്രായങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. ശക്തമായ തീരുമാനങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. അല്ലാഹുവേ, റജബിലും ശഅ്ബാനിലും നീ ഞങ്ങള്‍ക്ക് ബറകത്ത് ചെയ്യേണമേ എന്ന മസ്ജിദിലെ ഇമാമിന്റെ പ്രാർഥനക്ക് ആമീന്‍ പറയുക മാത്രമായി നമ്മുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിപ്പോവുന്നോ?
മാനസികമായ മുന്നൊരുക്കത്തിലൂടെ റമളാനില്‍ എന്തൊക്കെ, എത്രയൊക്കെ ചെയ്യണമെന്ന് ഉറച്ച നിലപാടിലെത്താന്‍ വിശ്വാസിക്ക് കഴിയുന്നതാണ്. അല്ലാഹു ഖുദ്‌സിയ്യായ ഹദീസില്‍ പറയുന്നു: എന്റെ അടിമ ഒരു നല്ല കാര്യം ചെയ്യാന്‍ കരുതിയാല്‍ തന്നെ ഞാനവന് അതിന്റെ പ്രതിഫലം രേഖപ്പെടുത്തിക്കഴിഞ്ഞു.
ഇമാം അഹ്്മദ്‌(റ) ഉദ്ധരിക്കുന്ന ഒരു തിരുവചനം കാണാം: ശഅ്ബാന്‍ സമാഗതമായാല്‍ നിങ്ങള്‍ ഹൃദയം ശുദ്ധിയാക്കുകയും നിയ്യത്ത് നന്നാക്കുകയും ചെയ്യണം. പുണ്യങ്ങളുടെ പൂക്കാലമായ റമളാനിന്റെ മുന്നൊരുക്കത്തിനുള്ള പ്രേരണയാണിത്.
രണ്ടാമത്തേത്, ശാരീരികമായ മുന്നൊരുക്കമാണ്. പതിനൊന്ന് മാസം പകലന്തിയോളം വയര്‍ നിറച്ച് ആഹാരം കഴിച്ച് ശീലിച്ച മനുഷ്യശരീരത്തെ പകല്‍ സമയം പൂര്‍ണമായും പട്ടിണിക്കിടാനും നോമ്പ് മുറിയുന്ന മുഴുവന്‍ സംഗതികളില്‍നിന്ന് വിട്ടുനില്‍ക്കാനുമുതകുന്നവിധത്തില്‍ പാകപ്പെടുത്തേണ്ടതുണ്ട്. റജബിലെയും ശഅ്ബാനിലെയും കുറച്ച് ദിനങ്ങള്‍ സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ഒരുമാസം മുഴുവന്‍ പട്ടിണി കിടക്കാനും നോമ്പെടുക്കാനും സത്യവിശ്വാസി പരിശീലിക്കുന്നു.
വിശപ്പും ദാഹവും സഹിക്കാനും പട്ടണിപ്പാവങ്ങളുടെ പ്രയാസങ്ങളറിയാനും നോമ്പിന്റെ പരമമായ ലക്ഷ്യം നേടിയെടുക്കാനും സത്യവിശ്വാസിക്ക് സാധ്യമാകുന്നു. ശാരീരിക മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടുള്ള സുന്നത്ത് നോമ്പിലൂടെ ഏത് പ്രതിസന്ധിഘട്ടത്തിലും റമളാന്‍ നോമ്പനുഷ്ഠിക്കാന്‍ പരിശീലനം നേടുന്നു.
തിരുനബി(സ്വ) റമളാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സുന്നത്ത് നോമ്പനുഷ്ഠിച്ചിരുന്നത് ശഅ്ബാനിലായിരുന്നല്ലോ.
റമളാന്‍ പ്രമാണിച്ച് “നനച്ചുകുളി’ എന്ന പേരില്‍ നടക്കുന്ന കഴുകി വൃത്തിയാക്കൽ സമ്പ്രദായം പഴയകാലം മുതല്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതും ഇന്നും തുടര്‍ന്നു വരുന്നതുമാണ്. റമളാനോടടുത്ത സമയത്താണ് നനച്ചുകുളി നടത്താറുള്ളത്. നോമ്പിന്റെ മുന്നോടിയായി വീടും പള്ളിയും മദ്‌റസകളുമെല്ലാം ക്ലീന്‍ ചെയ്യുന്നതും പെയിന്റിങ്‌ നടത്തുന്നതും സാര്‍വത്രികമാണ്. വിശുദ്ധ റമളാനോടുള്ള ആദരസൂചകമായാണ് ഇത്തരം മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്.
പുണ്യങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്ന മാസമാണ് റമളാന്‍. പ്രമുഖ സ്വഹാബിവര്യന്‍ സല്‍മാനുല്‍ ഫാരിസിൽ (റ)നിന്നുള്ള നിവേദനം; “ശഅ്ബാന്‍ മാസത്തിന്റെ അവസാനത്തിലൊരിക്കല്‍ നബി(സ്വ) തങ്ങള്‍ പറഞ്ഞു; ജനങ്ങളെ, നിങ്ങള്‍ക്കിതാ മഹത്തായ മാസം സമാഗതമായിരിക്കുന്നു, പുണ്യമേറിയ മാസമാണിത്, ആയിരം മാസത്തേക്കാള്‍ പുണ്യമുള്ള രാത്രി ആ മാസത്തിലുണ്ട്, അതില്‍ നോമ്പനുഷ്ഠിക്കാന്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിന്റെ രാവുകളില്‍ നിസ്‌കരിക്കല്‍ സുന്നത്തുമാണ്. റമളാനില്‍ െഎഛിക കാര്യങ്ങള്‍ക്ക് നിര്‍ബന്ധമായ കാര്യങ്ങളുടെ കൂലിയും നിര്‍ബന്ധ കാര്യങ്ങള്‍ക്ക് എഴുപത് കൂലിയും ലഭിക്കുന്നതാണ്.’
മൂന്നാമത്തേത് കര്‍മപരമായ മുന്നൊരുക്കമാണ്. ഏതൊരു വിശ്വാസിയും ജാഗ്രതയോടെ ആരാധനാ നിരതനാകുന്ന സന്ദര്‍ഭമാണ് റമളാന്‍. നോമ്പും നിസ്‌കാരവും ഖുര്‍ആനോത്തും ഇഅ്തികാഫും ധര്‍മം ചെയ്യലും നോമ്പുതുറ സൽകാരവും.. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യ കര്‍മങ്ങള്‍. നേരത്തെയുള്ള ആസൂത്രണങ്ങളോടെയും മുന്നൊരുക്കത്തോടെയും നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ ആനന്ദകരമാകും.
പുണ്യമാസത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങാനും പാപമോചനം നടത്താനും കടങ്ങളും ബാധ്യതകളും വീട്ടിത്തീര്‍ക്കാനും പ്രവാചകര്‍(സ്വ) കല്‍പിക്കുമായിരുന്നു. പിണങ്ങിക്കഴിയുന്നവരെ ഇണക്കാനും കലഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും പരസ്പര വിട്ടുവീഴ്ചയോടെ ജീവിക്കാനും സ്വഹാബികളെ ഉപദേശിക്കുമായിരുന്നു.
ഭക്ഷണങ്ങള്‍ ക്രമീകരിച്ചും റമളാനിന് വേണ്ടി ഒരുങ്ങേണ്ടതുണ്ട്. നോമ്പുതുറ മുതല്‍ അത്താഴം വരെയുള്ള ഭക്ഷണമഹാമഹം ഒഴിവാക്കാനും പരിശീലനം ആവശ്യമാണ്. അതും റജബിലും ശഅ്ബാനിലും നേടിയെടുക്കേണ്ടതാണ് ■

Share this article

About അബൂബക്കര്‍ സിദ്ദീഖ് ടി.പി

hafizabutp18@gmail.com

View all posts by അബൂബക്കര്‍ സിദ്ദീഖ് ടി.പി →

Leave a Reply

Your email address will not be published. Required fields are marked *