വിചാരണത്തടവുകാര്‍ ചെയ്ത കുറ്റം

Reading Time: 2 minutes

ഗുജറാത്തിലെ സൂററ്റ് നഗരത്തിലെ അത്വ ലൈന്‍സ് പ്രദേശത്തുള്ള രാജശ്രീ ഹാളില്‍ നിന്ന് 2001 ഡിസംബര്‍ 28ന് 122 മുസ്‌ലിംകളെ സൂററ്റ് പോലീസ് അറസ്റ്റ് ചെയ്തു. അഖിലേന്ത്യാ ന്യൂനപക്ഷ വിദ്യാഭ്യാസ ബോര്‍ഡിന്റെ ബാനറിലുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയവരായിരുന്നു അറസ്റ്റ് ചെയ്യപ്പെട്ടവര്‍. 2021 മാര്‍ച്ച് 6ന് അഥവാ രണ്ട് പതിറ്റാണ്ടിനുശേഷം, ഈ കേസ് പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ വാദങ്ങള്‍ വിശ്വസനീയമോ തൃപ്തികരമോ അല്ല എന്ന് പറഞ്ഞു.
പ്രതികള്‍ അവരുടെ ജീവിതത്തിലെ മികച്ച വര്‍ഷങ്ങള്‍ ജയിലില്‍ കഴിഞ്ഞതിന് ശേഷം കുറ്റവിമുക്തരാക്കപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്. ഇത്തരം സംഭവങ്ങള്‍ വെളിച്ചത്തുവരുമ്പോള്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതും, സുതാര്യമായ നീതി-വിതരണ സംവിധാനം, ക്രിമിനല്‍ പ്രൊസീജിയ കോഡിലെ പരിഷ്‌കാരങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെടുന്നതും ഒരു സാധാരണ സംഭവമായിട്ടുണ്ട്.
എങ്കിലും, നിയമ പ്രക്രിയകളുടെ പേരില്‍ നിരപരാധികളായ സ്ത്രീപുരുഷന്മാര്‍ ശിക്ഷ അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രായോഗിക നടപടികളൊന്നും സ്വീകരിക്കപ്പെടുന്നില്ല. കുറ്റവാളികള്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടണം, പക്ഷേ അതിനായി നിരപരാധികള്‍ നീതിന്യായ വ്യവസ്ഥയുടെ ഇരകളാകരുത്. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളിലൊന്ന്, സംശയത്തിന്റെ ആനുകൂല്യം എല്ലായിപ്പോഴും പ്രതികള്‍ക്ക് ലഭിക്കണമെന്നതാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടേക്കാം, പക്ഷേ ഒരു നിരപരാധിയെപ്പോലും ശിക്ഷിക്കരുത് എന്നല്ലേ.
ഉത്തര്‍പ്രദേശിലെ മുന്‍ ഡിജിപി ബ്രജ്‌മോഹന്‍ സരസ്വത് പറഞ്ഞ ഒരു കാര്യമുണ്ട്, “നമ്മുടെ ക്രിമിനല്‍ സംവിധാനം കാലഹരണപ്പെട്ടതും തെറ്റായ അന്വേഷണങ്ങളുടെയും നുണകളുടെയും അടിസ്ഥാനത്തിലുള്ളതുമാണ്. വികസിത രാജ്യങ്ങളിലെ അവസ്ഥകളില്‍ നിന്നും വ്യത്യസ്തമാണ് നമ്മുടേത്. പോലീസിനെ ഇവിടെ വിശ്വസിക്കുന്നില്ല. ഇവിടെ പോലീസ് ഉദ്യോഗസ്ഥന്റെ മുമ്പാകെ നടത്തിയ കുറ്റസമ്മതം കോടതികളില്‍ സ്വീകാര്യയോഗ്യമല്ല. അതിനാല്‍, തെളിവുകളുണ്ടാക്കാന്‍ പോലീസ് കൃത്രിമമായ വഴികള്‍ സ്വീകരിക്കും. ഒരു പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും രണ്ടോ മൂന്നോ സാക്ഷികളെ കാണാന്‍ കഴിയും. അന്വേഷണം നിഷ്പക്ഷവും നീതിപൂര്‍വവുമല്ലെങ്കില്‍ അന്വേഷണഫലം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.’
പലരും കുറ്റവിമുക്തരാക്കപ്പെടുന്നത് അവര്‍ ചെയ്ത കുറ്റത്തിന് ചുമത്തപ്പെടാന്‍ സാധ്യതയുള്ള പരമാവധി ശിക്ഷയുടെ മുഴുവന്‍ കാലവും തടങ്കലില്‍ ചെലവഴിക്കപ്പെട്ടതിന് ശേഷമാണ്. “വര്‍ഷങ്ങള്‍ അനാവശ്യമായി തടവിലാക്കപ്പെട്ടതിന് ശേഷം കുറ്റവിമുക്തരാക്കുന്നത് മുറിവേറ്റ ജീവിതത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന്’ പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു, “വളരെക്കാലം തടങ്കലില്‍ കഴിയുകയോ, കുറ്റാരോപിതനായി കേസ് നടത്തുകയോ ചെയ്യുമ്പോള്‍ അത്തരം കേസുകളില്‍ പ്രതി കുറ്റക്കാരനാണോ അതോ നിരപരാധിയാണോ എന്ന വിധി നിര്‍ണയത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാവുകയാണ്. കോടതികള്‍ ജാമ്യം നല്‍കാത്തിടത്തോളം കാലം കാലതാമസം ഒരു പ്രോസിക്യൂഷന്‍ തന്ത്രമാക്കി മാറ്റാമെന്ന് പ്രോസിക്യൂഷന്‍ ഏജന്‍സികള്‍ പോലും മനസിലാക്കി വച്ചിട്ടുണ്ടെന്ന് ഹെഗ്‌ഡെ പറയുന്നു. “പക്ഷേ വേഗത്തിലുള്ള വിചാരണ നിയമവാഴ്ചയുടെ അടിസ്ഥാന പ്രമാണവും കാലതാമസം നേരിടുന്ന വിചാരണകള്‍ അസമത്വം നിലനിര്‍ത്തുന്നതുമാണെന്നും’ അദ്ദേഹം പറയുന്നുണ്ട്.
കോമണ്‍വെല്‍ത്ത് മനുഷ്യാവകാശ ഇനിഷ്യേറ്റിവിന്റെ ആക്‌സസ് ടു ജസ്റ്റിസ് പ്രോഗ്രാം / പോലീസ് റിഫോംസിന്റെ പ്രോഗ്രാം ഓഫീസറായ രാജ ബഗ്ഗ ഒരിക്കല്‍ നിരീക്ഷിച്ചത് ഇങ്ങനെയാണ്, “നിര്‍ഭാഗ്യവശാല്‍, (ഗുജറാത്തില്‍ നിന്നുള്ള 122 പേരുടെ ഈ സംഭവം) ഒരു സാധാരണ സംഭവമല്ല, മറിച്ച് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ വ്യവസ്ഥാപരമായ വെല്ലുവിളികളുടെ മറ്റൊരു ചിത്രമാണ്. ‘
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള നീതിക്കും ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ വ്യവസ്ഥിതി ജുഡീഷ്യറിയെ അപ്രാപ്യമാക്കുകയാണ്. 2006ല്‍ പ്രകാശ് സിംഗ്‌ യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീം കോടതി രണ്ട് സുപ്രധാന പോലീസിങ് പ്രവര്‍ത്തനങ്ങളെ ക്രമസമാധാനപാലനം, അന്വേഷണം എന്നിങ്ങനെ വേര്‍തിരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
“എന്നാല്‍ പതിനഞ്ച് വര്‍ഷത്തിനിപ്പുറവും ഇതിന്റെ നടപ്പാക്കല്‍ അവ്യക്തമാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത, അമിത ജോലിഭാരം അനുഭവിക്കുന്ന, പ്രാതിനിധ്യമില്ലാത്ത, പരിശീലനക്കുറവും വിവേചനപരവുമായ പൊലീസിങ് സംവിധാനത്തിന്റെ അനന്തരഫലമാണ് അന്വേഷണത്തിന്റെ ഈ മോശം ഗുണനിലവാരമെന്ന് ബഗ്ഗ പറയുന്നു.
ഉന്നത ജുഡീഷ്യറി തസ്തികകളില്‍ മൂന്നിലൊന്നും സബോര്‍ഡിനേറ്റ് ജുഡീഷ്യറി തസ്തികകളില്‍ അഞ്ചിലൊന്നും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ട് 2020 വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള ഒഴിവുകളും വന്‍തോതില്‍ കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളും കാരണം വിചാരണകള്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നു. “മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, (സൂററ്റില്‍ അറസ്റ്റിലായ 122 പേരുടെ) വിചാരണ ഒരു പതിറ്റാണ്ടിലേറെ നീണ്ടു, അഞ്ച് ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുകയും മൂന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ ഈ കേസ് കൈകാര്യം ചെയ്യുകയും ചെയ്തു,’ ബഗ്ഗ പറയുന്നു.
അറസ്റ്റ് ചെയ്ത പലരെയും ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം വിട്ടയച്ചിരുന്നു. എന്നിരുന്നാലും ഇത്തരത്തിലുള്ള ദീര്‍ഘകാലത്തെ വിചാരണ കുറ്റാരോപിതരുടെ തൊഴിലവസരങ്ങളെയും ഉപജീവന മാര്‍ഗങ്ങളെയും വളരെ പ്രതികൂലമായി ബാധിക്കുകയും അവര്‍ സാമൂഹികമായ അകറ്റിനിര്‍ത്തലുകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു.
നഷ്ടപ്പെട്ട സമയത്തിനും സ്വാതന്ത്യത്തിനും അന്തസിനും പകരം കൊടുക്കാന്‍ കഴിയില്ലെങ്കിലും വ്യവസ്ഥിതിയുടെ ഇരകളായവര്‍ക്ക് സാമ്പത്തികമായും മറ്റു രൂപത്തിലുമുള്ള പിന്തുണ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം സ്റ്റേറ്റിനുണ്ട്- ബഗ്ഗ പറയുന്നു.
പതിറ്റാണ്ടുകളായി നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്ന വ്യവസ്ഥാപരമായ തടസങ്ങള്‍ അവഗണിക്കുന്നതിലൂടെ, ഓരോ പൗരനും അവരുടെ ഭരണഘടനാപരമായ അവകാശവും സ്വാതന്ത്ര്യവും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന പ്രാഥമിക കടമ സ്റ്റേറ്റ് ഉപേക്ഷിക്കുകയാണെന്ന് വിദഗ്ധര്‍ കരുതുന്നു ■
കടപ്പാട്: THE LEAFLET

Share this article

About മുഹമ്മദ് നൗഷാദ് ഖാന്‍, വിവര്‍ത്തനം: ഷിഫിന്‍

View all posts by മുഹമ്മദ് നൗഷാദ് ഖാന്‍, വിവര്‍ത്തനം: ഷിഫിന്‍ →

Leave a Reply

Your email address will not be published. Required fields are marked *