അബൂ ഇസ്ഹാഖ് ശീറാസി(റ): ജ്ഞാനസമര്‍പ്പണത്തിന്റെ ധന്യജീവിതം

Reading Time: 3 minutes

പൂര്‍വപേര്‍ഷ്യയുടെ പ്രവിശ്യയായിരുന്ന ശീറാസ്, ഇറാനിലെ തെക്കുഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്നത്തെ ഇറാനിലെ, ആളുകള്‍ തിങ്ങിത്താമസിക്കുന്ന ശീറാസ് എന്ന വലിയ നാടിന്റെ ഭാഗമാണ് ഫൈറൂസാബാദ്. അവിടെയാണ് ഹിജ്‌റ നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ശീറാസി പിറക്കുന്നത്. അബൂ ഇസ്ഹാഖ് ഇബ്‌റാഹീം ബ്‌നു അലിയ്യുബ്‌നു യൂസുഫ് അല്‍ഫൈറൂസാബാദി അശ്ശീറാസി എന്നാണ് പൂര്‍ണ നാമം. അബൂ ഇസ്ഹാഖ് എന്നാണ് ഓമനപ്പേര്.
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ വിജ്ഞാന മേഖലയില്‍ അതുല്യ സേവനം നല്‍കിയ ഇമാമിനെ പ്രവാചകര്‍ (സ്വ) സ്വപ്‌നത്തില്‍ “ശൈഖ്’ എന്ന് അഭിസംബോധന ചെയ്തത് ഇമാം തന്നെ സ് മരിക്കാറുണ്ടായിരുന്നു. നബി (സ്വ)യെ ദര്‍ശിക്കുമ്പോള്‍ കൂടെ സിദ്ദീഖ്(റ), ഉമര്‍(റ) ഉണ്ടായിരുന്നു. നബിയേ.. അങ്ങയുടെ ധാരാളം ഹദീസുകള്‍ ഞാന്‍ അതിന്റെ അഹ്‌ലുകാരില്‍ നിന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് ഇഹലോകത്തേക്കൊരു മുതല്‍ക്കൂട്ടായി അങ്ങയില്‍ നിന്നു തന്നെ നേരിട്ട് ഒരു ഹദീസ് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് നബി (സ്വ)യോട് പറഞ്ഞപ്പോള്‍ “ശൈഖ്’ എന്ന് എന്നെ അഭിസംബോധന ചെയ്യുകയും ഒരു ഹദീസ് പറഞ്ഞുതരികയും ചെയ്തു.

പഠനം
ഹി. 415ല്‍ ബഗ് ദാദിലേക്ക് അറിവന്വേഷിച്ചുപോയ മഹാന്‍ അബൂബക്കര്‍ ബര്‍ക്കാനി, അബൂ അലിയ്യുബ്‌നു ശാദാനി, അബൂ ത്വയ്യിബ് ത്വബ്‌രി എന്നിവരില്‍ നിന്ന് ഹദീസ് പഠിച്ചു. അവിടെവെച്ച് അബൂ ത്വയ്യിബ് ത്വബ്‌രി എന്നവരുടെ അടുക്കല്‍ പഠനം നടത്താന്‍ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് ഇമാം കണ്ടത.് എപ്പോഴും ഗുരുവിന്റെ കൂടെ നടന്ന് അവിടുത്തെ ഓരോ വാക്കുകളും സാകൂതം ശ്രദ്ധിച്ചു. പിന്നീട് അബൂ ഹാതിം ഖസ്‌വീനിയില്‍ നിന്ന് ഉസൂല്‍ കരസ്ഥമാക്കി. വിദ്യാർഥി ജീവിതത്തില്‍ പല ദിക്കുകളില്‍ നിന്നായി ധാരാളം പണ്ഡിതരില്‍ നിന്ന് അറിവ് കരസ്ഥമാക്കി. രാജ്യാതിര്‍ത്തികളോ ദൂരമോ തടസമായി നിന്നില്ല. പിന്നീട് ആ കാലഘട്ടത്തിലെ ഉന്നതരായി മാറുകയും എല്ലാ നാടുകളിലും പ്രസിദ്ധിയാര്‍ജിക്കുകയും ചെയ്തു. അധ്യാപനമാരംഭിക്കുമ്പോള്‍ ലോകത്തിന്റെ നാനാ കോണുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ അവരെ തേടിയെത്തി.
കഠിനാധ്വാനത്തിന്റെ ഉദാത്ത ഉദാഹരണമാണ് ഇമാമെന്ന് മുഹദ്ദബിന്റെ രചനാവൈഭവം നമ്മോട് വിളിച്ചോതുന്നുണ്ട്. മഹാന്‍ പറയുന്നു: എല്ലാ പാഠവും ഞാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പഠിക്കും. ആയിരത്തോളം തവണ ആവര്‍ത്തിക്കും. പഠിക്കുന്ന മസ്അലയില്‍ തെളിവായി (ഷാഹിദ്) ഉദ്ധരിച്ച വല്ല ബൈത്തുമുണ്ടെങ്കില്‍ ഞാന്‍ ആ വരി ഉള്‍കൊള്ളുന്ന ഖസീദ തന്നെ മനഃപാഠമാക്കും.
ഇറാഖിലങ്ങോളമിങ്ങോളം ഇമാമിന്റെ ശിഷ്യഗണങ്ങള്‍ മുത്ത് വിതറിയ പോലെ പരന്നുകിടന്നു. ഇമാം പറയുന്നു: ഞാന്‍ ഖുറാസാനില്‍ ചെന്നപ്പോള്‍ എന്റെ ശിഷ്യനായ ഒരു മുഫ്തിയോ ഖത്വീബോ ഖാളിയോ ഇല്ലാത്ത ഒരു സ്ഥലവും ഞാന്‍ കണ്ടില്ല. ഉസ്താദുല്‍ അസാതീദ് ഒ.കെ ഉസ്താദിനെ ശീറാസി ഇമാമിനോട് താരതമ്യം ചെയ്യുന്നതിന്റെ പൊരുള്‍ ഇതാണ്. കേരളത്തിലെ മുഴുവന്‍ ദീനീപഠിതാക്കളുടെയും ഗുരുപരമ്പര ഒ.കെ ഉസ്താദില്‍ ചെന്നെത്തുന്നു.

രചന
പേര് സൂചിപ്പിക്കും പോലെ കര്‍മശാസ്ത്ര വികാസ ചരിത്രത്തിലെ ശോഭനമായ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ മദ്ഹബിനെ തന്നെ സംസ്‌കരിക്കുക എന്ന ദൗത്യമാണ് മുഹദ്ദബിന്റെ രചനയിലൂടെ ഇമാം നിര്‍വഹിച്ചത്. രണ്ടാം ഷാഫി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇമാം നവവി മുഹമ്മദ്ദബിന് വിശദീകരണമായ മജ്മൂഅ് (ശറഹുല്‍ മുഹദ്ദബ്) രചിച്ചപ്പോഴാണ് മുഹദ്ദബിന്റെയും മുഹദ്ദബിന്റെ രചയിതാവായ അബൂ ഇസ്ഹാഖ് ശീറാസിയുടെയും ശാഫിഈ കര്‍മശാസ്ത്ര തീര്‍പ്പുകളിലെ ഉന്നതസ്ഥാനം ദൃശ്യപ്പെട്ടത്. മുഹദ്ദബിന്റെ ഗ്രന്ഥ രചനയില്‍ ഓരോ ഫസ്‌ലില്‍ നിന്ന് വിരമിക്കുമ്പോഴും രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിച്ച് അല്ലാഹുവിന് നന്ദിയര്‍പ്പിക്കും. മുഹദ്ദബിന്റെ ഉള്ളടക്കം ശരീഅത്തിന്റെ അകക്കാമ്പ് തന്നെയായിരുന്നുവെന്ന് ഇമാമിന് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: ഞാന്‍ രചിച്ച ഈ ഗ്രന്ഥം കാണുകയാണെങ്കില്‍ നബി(സ്വ)പറയും: ഇതാണ് എന്റെ ഉമ്മത്തിനോട് ഞാന്‍ കല്‍പിച്ച ശരീഅത്ത്. ശാഫിഈ കര്‍മശാസ്ത്രത്തിലെ പ്രസിദ്ധ ഗ്രന്ഥമായ മുഹദ്ദബ് പൂര്‍ത്തിയാക്കാന്‍ മഹാന്‍ ധാരാളം പ്രയത്‌നിച്ചു. ശൈഖിന് നിരവധി തവണ മുഹദ്ദബ് രചിക്കേണ്ടിവന്നിട്ടുണ്ട്. ഓരോ പ്രാവശ്യവും താന്‍ ഉദ്ദേശിച്ച രൂപത്തിലാകാതെ വരുമ്പോള്‍ അത് ടൈഗ്രീസ് നദിയില്‍ ഒഴുക്കും. ഹിജ്‌റ 455ല്‍ തുടങ്ങിയ രചന നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷം ഹിജ്‌റ 469ലാണ് പൂര്‍ത്തിയാകുന്നത്. മുഹദ്ദബിന്റെ രചനാശൈലി സരളമാണെങ്കിലും അതില്‍ പരാമര്‍ശിക്കപ്പെട്ട പണ്ഡിതരുടെ പേരുകള്‍ ചിലപ്പോള്‍ നിര്‍ണയിക്കാന്‍ പ്രയാസമായിരിക്കും. ഈ പ്രയാസം മുന്നില്‍കണ്ട് ഇമാം നവവി ശര്‍ഹുല്‍ മുഹദ്ദബിന്റെ തുടക്കത്തില്‍ ഇവ വിശദമായി വിവരിക്കുന്നുണ്ട്.

സ്വാധീനം
ഇമാംശീറാസി എവിടെ എത്തിയാലും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ അദ്ദേഹത്തെ പൊതിയുമായിരുന്നു. കാല്‍തൊട്ടു തടവി ചെരുപ്പിലെ മണ്ണെടുത്ത് അവരെ മുന്‍നിര്‍ത്തി പ്രാര്‍ഥിക്കുകയും ചെയ്യും. എല്ലാ തരത്തിലുള്ള തൊഴിലാളികളും അവരുടെ ആയുധങ്ങളും ഉപകരണങ്ങളുമായി അവരെ സമീപിക്കും. എന്നിട്ട് മഹാനരെ തൊട്ട് ബറകത്തെടുത്ത് അവയിലെല്ലാം പുരട്ടും. അബുല്‍ ഹസന്‍ ഹമദാനിയില്‍ നിന്ന് ഈ സംഭവം ത്വബഖാത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
ഇമാം അബുല്‍ ഹസന്‍ മാവര്‍ദി പറയുന്നു: ഇസ്ഹാഖ്(റ)നെപ്പോലെ ആരെയും ഞാന്‍ കണ്ടിട്ടില്ല. ഇമാം ശാഫി (റ) അദ്ദേഹത്തെ കാണുകയാണെങ്കില്‍ അദ്ദേഹത്തെക്കൊണ്ട് ഇമാം അഭിമാനം കൊള്ളും. ഒരിക്കല്‍ നൈസാബൂരില്‍ ചെന്നപ്പോള്‍ വലിയ അഭിമാനത്തോടെ അവിടുത്തെ ആളുകള്‍ സ്വീകരിക്കുകയും മഹാനായ ഇമാമുല്‍ ഹറമൈനി മുന്നിട്ടുവന്ന് ഒരു സേവകനെപ്പോലെ അവരുടെ ലഗേജുകളെല്ലാം എടുത്തു വെച്ചു കൊടുക്കുകയും നിങ്ങള്‍ക്ക് സേവനം ചെയ്യുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് പറയുകയും ചെയ്തു. ഈ രണ്ട് മഹാരഥര്‍ തമ്മില്‍ ധാരാളം വാദപ്രതിവാദങ്ങള്‍ നടന്നിട്ടുണ്ട്. ഇമാമുല്‍ ഹറമൈനി, അബൂഅബ്ദില്ലാ ദാഗിമാനി എന്നിവരോടുള്ള കര്‍മശാസ്ത്ര സംവാദങ്ങള്‍ പ്രസിദ്ധമാണ്. പരാജയം ഏറ്റുവാങ്ങിയിട്ടില്ലാത്ത വേദികളിലെ നക്ഷത്രമായിരുന്നു ഇമാം.
സാധാരണക്കാരന് ഫാതിഹ സൂറത് വശമുള്ളതുപോലെ ഇമാമുകള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസമുള്ള മസ്അലകള്‍ അദ്ദേഹത്തിനറിയാമായിരുന്നു. ശാഫിഈ ഇമാമും അബൂഹനീഫ ഇമാമും പരസ്പരം യോജിക്കുകയാണെങ്കില്‍ അബൂഇസ്ഹാഖ് (റ)ന്റെ അറിവിന് പ്രസക്തിയില്ലെന്ന് ആരോ അഭിപ്രായപ്പെട്ടു. ഈ അവസരത്തിലാണ് മുഹദ്ദബിന്റെ രചന തുടങ്ങിയതെന്ന് കേള്‍ക്കുന്നുവെന്ന് താജുദ്ദീന്‍ സുബുകി രേഖപ്പെടുത്തുന്നുണ്ട്.
ശൈഖിന്റെ വാക്കുകള്‍ ഇരുത്തി ചിന്തിപ്പിക്കുന്നതും നന്മയിലേക്ക് പ്രേരിപ്പിക്കുന്നതുമായിരുന്നു. അതില്‍ ധാരാളം ആപ്തവാക്യങ്ങളെപ്പോലെ ഉപയോഗിക്കപ്പെടുന്നുമുണ്ട്. അറിവുണ്ടായിട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കാത്തതിനെക്കുറിച്ച് ഇമാം ധാരാളം ഉണര്‍ത്തുന്നുണ്ട്. അദ്ദേഹം പറയുന്നു: സാധാരണക്കാരെ മക്കളിലേക്ക് ചേര്‍ത്തി പറയുന്നു, ധനികരെ അവരുടെ സ്വത്തിലേക്ക് ചേര്‍ത്തി പറയുന്നു, പണ്ഡിതരെ അവരുടെ അറിവിലേക്കും.
ഖാളി ഇബ്നു ഹാനിഅ് എന്നവര്‍ പറയുന്നു: രണ്ട് ഇമാമുമാര്‍ക്ക് ഹജ്ജ് ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. ഒന്ന് ശീറാസി ഇമാമാണ്. ദാരിദ്ര്യം കൊണ്ടാണ് ഇമാമിന് ഹജ്ജിന് അവസരം ലഭിക്കാതിരുന്നത്. എന്നാല്‍ അവര്‍ തയാറാവുകയാണെങ്കില്‍ ഒട്ടകപ്പുറത്തു കയറ്റിക്കൊണ്ടു പോകാന്‍ മാത്രം പോന്ന അനുയായികള്‍ ഉണ്ടാകുമായിരുന്നു. അബുല്‍ അബ്ബാസ് ജുര്‍ജാനി എന്നവര്‍ പറയുന്നു: ഐഹിക ലോകത്ത് സ്വന്തമായി ഒന്നും ഇല്ലാത്തവരായിരുന്നു മഹാന്‍. ദാരിദ്ര്യം മാത്രം പരിചയിച്ച അവര്‍ക്ക് കൂടുതല്‍ വസ്ത്രങ്ങളോ നല്ല ഭക്ഷണമോ പ്രതീക്ഷകള്‍ക്കകലെയായിരുന്നു. ഒരിക്കല്‍ അവരെ കാണാന്‍ ചെന്നപ്പോള്‍ കുടുംബക്കാരില്‍ നിന്നെല്ലാം അകന്ന് ഒഴിഞ്ഞ മുറിയില്‍ ഇരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ പാതി എഴുന്നേറ്റുനിന്നു. ശരീരത്തില്‍നിന്ന് ഔറത്ത് വെളിവാകാതിരിക്കാനായിരുന്നുവത്രെ കുനിഞ്ഞിരുന്നത്. അത്രയും ദാരിദ്ര്യമായിരുന്നു.

സൂക്ഷ്മം
ചെറിയ കാര്യങ്ങളില്‍പോലും സൂക്ഷ് മത പുലര്‍ത്തുന്നവരാണല്ലോ മഹാന്മാര്‍. രണ്ട് സംഭവങ്ങള്‍ ഇമാം നവവി ഉദ്ധരിക്കുന്നുണ്ട്. ഒരിക്കല്‍ അസ്വ ്ഹാബുകളോടൊപ്പം നടന്നുപോവുകയായിരുന്ന ശൈഖിന്റെ മുമ്പിലേക്ക് ഒരു നായ ചാടി. കൂടെയുള്ളവര്‍ നായയെ ആട്ടിയപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങള്‍ക്കറിയില്ലേ ഈ വഴി എനിക്കും നായക്കും ഒരേ പങ്കാണെന്ന്?
മറ്റൊരിക്കല്‍ അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു. ഭക്ഷണത്തിന് വേണ്ടി തിരിഞ്ഞപ്പോള്‍ തന്റെ പക്കല്‍ നിന്നും നാണയം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ആ നാണയം കണ്ടപ്പോള്‍ അത് മറ്റുള്ളവരുടേതാകാം എന്ന സാധ്യത കണക്കിലെടുത്ത് ഉപേക്ഷിക്കുകയായിരുന്നു.

പ്രസിദ്ധ
ഗ്രന്ഥങ്ങള്‍
തന്‍ബീഹും മുഹദ്ദബുമാണ് പ്രസിദ്ധ ഗ്രന്ഥങ്ങള്‍. തന്‍ബീഹിനെക്കുറിച്ച് ഹസന്‍ ബസ്വരി പറുന്നു: കഅ്ബയുടെ ഉള്‍ഭാഗത്തുനിന്ന് ആരെങ്കിലും ഉന്മേശം ഉദ്ദേശിക്കുന്നെങ്കില്‍ അയാള്‍ തന്‍ബീഹ് അന്വേഷിക്കട്ടെ എന്ന് പറയുന്നതായി ഞാന്‍ കേട്ടു. അല്ലംഉ ഫീ ഉസൂലുല്‍ ഫിഖ്ഹ്, അന്നക്തു ഫീ മസാഇലില്‍ മുക്തലിഫ് തുടങ്ങി ധാരാളം കിതാബുകള്‍ മഹാന്റെ സംഭാവനയാണ്. ഹിജ്‌റ 476 ബുധനാഴ്ച ജമാദുല്‍ ആഖിർ 21ന് മഹാന്‍ വഫാത്തായി ■

Share this article

About ഫവാസ് കുണ്ടുതോട്

muhammedfavasa399@gmail.com

View all posts by ഫവാസ് കുണ്ടുതോട് →

Leave a Reply

Your email address will not be published. Required fields are marked *