ജമ്മു കശ്മീരിലെ ദിനങ്ങള്‍

Reading Time: 2 minutes

അസഹ്യമായ ചൂട് സഹിക്കാന്‍ കഴിയാതെയാണ് റമളാനിലെ ആദ്യത്തെ നോമ്പ് തുറന്നതിന് ശേഷം ഞങ്ങള്‍ പഞ്ചാബിലെ സര്‍ഹിന്ദില്‍ നിന്ന് ജമ്മുവിലേക്ക് വണ്ടി കയറിയത്. ജമ്മു സ്റ്റേഷനിലെത്തിയപ്പോഴേക്കും പുലര്‍ച്ചയായിരുന്നു. ഇവിടന്നങ്ങോട്ട് ട്രെയിന്‍ സര്‍വീസില്ല. ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ റജൗരിയിലേക്കെത്താന്‍ ഇനിയും മണിക്കൂറോളം യാത്ര ചെയ്യേണ്ടതുണ്ട്. അതാവട്ടെ, മലമ്പാതയിലൂടെ, പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ, തിക്കി നിറഞ്ഞ സുമോയിലും. നിര്‍ഭാഗ്യവശാല്‍ നാട്ടിലെ സിം കാര്‍ഡ് ഈ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുകയുമില്ല. റജൗരിയിലെ സ്ഥാപനത്തിലേക്കെത്താനുള്ള വഴികള്‍ നേരത്തെ തന്നെ ഞങ്ങള്‍ കരുതിവെച്ചിരുന്നു. ദുര്‍ഘടമായ പാതകള്‍ കടന്ന് മധ്യാഹ്നത്തോടെ ഞങ്ങള്‍ യെസ് ഇന്ത്യാ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റജൗരിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കെത്തിച്ചേര്‍ന്നു. സ്ഥാപക മേധാവികളായ ജാബിര്‍ സാറിന്റെയും ഹൈദര്‍ ഖുതുബിയുടെയും മാര്‍ഗ നിര്‍ദേശമനുസരിച്ച് ഞങ്ങളുടെ സംഘത്തിലെ ഓരോരുത്തരെയും സമീപസ്ഥലങ്ങളിലെ സ്‌കൂളുകളിലേക്ക് പ്രത്യേകമായി നിയോഗിച്ചു. ഞാന്‍ റജൗരിയില്‍ തന്നെ നില്‍ക്കാനാണ് താത്പര്യപ്പെട്ടത്.
ജാതിയും മിലിറ്റന്റും
ഇക്ക എന്ന് വിളിക്കുന്ന ശൗക്കത്ത് ബുഖാരിയുടെ നേതൃത്വത്തില്‍ ഇവിടെ നടന്നുവരുന്ന യെസ് ഇന്ത്യ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം ഹൃദ്യമാണ്. കേരളാ മോഡല്‍ പാഠ്യപദ്ധതിക്ക് ഇവിടെ വലിയ തോതിലുള്ള പ്രചാരവുമുണ്ട്. രണ്ട് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ അധ്യാപനം നടത്തലായിരുന്നു എന്റെ ചുമതല. ക്ലാസെടുക്കുന്നതിനുമപ്പുറം ജമ്മുവിന്റെ സാംസ്‌കാരിക ഘടനയും സ്വഭാവ പ്രക്രിയകളും മനസിലാക്കാനാണ് ഞാന്‍ കൂടുതല്‍ ശ്രമിച്ചത്. മാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ള ഈ ഭൂമിയുടെ പച്ചയായ ജീവിതങ്ങളെ അനുഭവിക്കാനായിരുന്നു താത്പര്യം. ജമ്മു കശ് മീരിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആദ്യമായി വരുന്ന പൊതുവായ മാനസികാവസ്ഥ പ്രക്ഷുബ് ധതയുടേതാണ്. വെടിയൊച്ചകള്‍ നിലക്കാത്ത രണഭൂമിയെന്നത് കാവ്യാത്മകമാണോ യാഥാർഥ്യമാണോ എന്നറിയാന്‍ ഏതൊരു പുറംദേശിയപ്പോലെ എനിക്കും താത്പര്യമുണ്ടായിരുന്നു. ക്ലാസെടുക്കാന്‍ ചെന്ന ആദ്യ ദിവസം തന്നെ ഞാന്‍ കേട്ട ചോദ്യമിതായിരുന്നു:
സര്‍ ഏത് ജാതിയാണ്? അല്‍പ നേരത്തെ സംഭ്രാന്തിക്കു ശേഷം ഞാന്‍ തിരിച്ചു പറഞ്ഞു.
“ഞാന്‍ മുസ്‌ലിമാണ്. നമുക്കിടയില്‍ അങ്ങനെ ജാതിയൊന്നുമില്ല’
ഇത് കേട്ട് അതിശയിച്ച വിദ്യാർഥികള്‍ വിശദീകരിക്കാന്‍ തുടങ്ങി.
“ഞങ്ങള്‍ക്കിടയില്‍ ഖാന്‍, ഗുജ്ജര്‍ ബകര്‍വാല്‍, ചൗധരി, ഖുറൈശി, ദീര്‍ ഇങ്ങനെയുള്ള ജാതിയുണ്ടല്ലോ’
അവരുടെ നിഷ്‌കള ങ്കമായ മറുപടി കേട്ടപ്പോള്‍ Caste and Social Stratification among Muslims in India എന്ന പുസ്തകത്തില്‍ ഇംതിയാസ് അഹ് മ ദ് നടത്തിയ നിരീക്ഷണങ്ങള്‍ എന്റെ മനസിലേക്ക് ഇരച്ചു കയറി. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അവരുടേതായ ജാതീയ സമ്പ്രദായമുണ്ടെന്ന വാദമുയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് ഇംതിയാസ് അഹ് മദ്. ഇവര്‍ക്കിടയില്‍ ജാതീയമായ വിവേചനങ്ങള്‍ പ്രകടമാവുന്നത് പ്രധാനമായും വൈവാഹിക ബന്ധത്തിലാണ്. സ്വജാതിക്കിടയിലാണ് വിവാഹന്വേഷണം പൊതുവെ ആലോചിക്കാറുള്ളത്. ആസിഫ എന്ന പെണ്‍കുട്ടി കൊലചെയ്യപ്പെട്ട സമയത്ത് രാജ്യവ്യാപകമായ പ്രതിഷേധം നടന്നെങ്കിലും ഇവിടെ ശക്തമാവാതിരുന്നതിന്റെ പ്രധാന ഘടകം അവളുടെ ജാതിയായിരുന്നു. ഗുജ്ജര്‍ ബകര്‍വാല്‍ എന്ന കീഴ്ജാതിയില്‍പ്പെട്ടവളായിരുന്നുവത്രെ ആസിഫ. ഉയര്‍ന്ന ജാതിയായ ഖാന്‍ വിഭാഗത്തിലെങ്ങാനുമാണ് അത്തരം സംഭവം നടക്കുന്നതെങ്കില്‍ രംഗം കൂടുതല്‍ കലുഷിതവും പ്രതിഷേധോന്മുഖവുമായേനേ.
ഭാവിയില്‍ എന്താവാനാണ് ആഗ്രഹമെന്ന സ്വാഭാവിക ചോദ്യത്തിന് കിട്ടിയ മറുപടിയും എന്നെ സ്തബ് ധനാക്കി. ഒരു മിലിറ്റന്റ് ആവാനായിരുന്നു പലരുടെയും അഭിലാഷം. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പട്ടാളത്തെ എതിര്‍ക്കുന്ന ജനങ്ങളുടെ കൂട്ടത്തെയാണ് മിലിറ്റന്റ് എന്ന് വിളിക്കപ്പെടുന്നത്. സാധാരണ നമ്മുടെ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രകടിപ്പിക്കാറുള്ള ആഗ്രഹങ്ങളില്‍ നിന്ന് തീര്‍ത്തും ഭിന്നമായ ഭാവി ലക്ഷ്യം അറിയിച്ചതിന്റെ പിന്നില്‍ ചരിത്രബോധമുണ്ടെന്നത് സത്യമാണ്. ഇതിനേക്കാളുമേറെ കൗതുകമായി തോന്നിയ മറ്റൊരു സംഭവമുണ്ട്. IAS ന്റെ പൂര്‍ണ രൂപം ചോദിച്ചപ്പോള്‍ ഒരു കുട്ടി പറഞ്ഞത് ഇന്ത്യന്‍ ആര്‍മി സര്‍വീസാണ്. ജനാധിപത്യക്രമത്തെ മുഖവിലക്കെടുക്കാതെയുള്ള പോരാട്ട മനസ്ഥിതി എത്രമാത്രം ചെറു കുട്ടികളില്‍ ചൂഴ്്ന്ന് കിടക്കുന്നുവെന്നാണ് ഈ സംഭവങ്ങള്‍ തര്യപ്പെടുപ്പെടുത്തുന്നത്. പ്രതിഷേധവീര്യം വര്‍ധിച്ച കുട്ടികള്‍ പട്ടാള ക്യാംപിലേക്ക് കല്ലെറിയുന്നത് പതിവാണത്രെ. ഇത്തരം പ്രകോപനപരമായ മാനസിക ഘടനക്ക് പകരം, വിദ്യാഭ്യാസത്തിന്റെ സാമൂഹിക-നൈതിക മൂല്യത്തിന് പ്രാമുഖ്യം നല്‍കിയാണ് യെസ് ഇന്ത്യ ഫൗണ്ടേഷന് കീഴിലുള്ള സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് അനുഭവിച്ചറിയാന്‍ സാധിക്കുകയുണ്ടായി.

നെറ്റ് വര്‍ക്കില്ലാത്ത രണ്ട് ദിവസം
മൊബൈലില്‍ നെറ്റ് വര്‍ക്കില്ലാതെ ജീവിക്കല്‍ അത്യന്തം സാഹസകരമാണെന്ന യാഥാര്‍ഥ്യം കൂടി കശ്്മീര്‍ യാത്ര പഠിപ്പിച്ചു തന്നു. മാജിദ് അസ്ഹരിയുടെ നേതൃത്വത്തിലുള്ള ദഅ്‌വാ കോളേജില്‍ നോമ്പുതുറക്കാനിരിക്കുമ്പോഴാണ് മിലിറ്റന്റുകളുടെ നേതാവ് ഇബ്രാഹീം മൂസ പട്ടാള വെടിവെപ്പിനിടെ കൊല്ലപ്പെട്ട വാര്‍ത്തയറിയുന്നത്. കശ്്മീരില്‍ എവിടെയെങ്കിലും പ്രശ്‌നമുണ്ടായാല്‍ നെറ്റ്‌വര്‍ക്ക് വിഛേദിക്കപ്പെടുമെന്ന കാര്യം അപ്പോഴാണ് സുഹൃത്തുക്കളായ അദനിമാര്‍ പറഞ്ഞു തന്നത്. ഗുരുതര പ്രശ്‌നമാണെങ്കില്‍ കോള്‍ ചെയ്യാന്‍ പോലും പറ്റാറില്ലെത്രെ. നെറ്റ് കട്ടായാല്‍ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചിട്ടുണ്ടെന്ന് ഉറപ്പിക്കാം. അതാണ് പതിവ്. പിറ്റേന്ന് മുതല്‍ ജനക്കൂട്ടം പട്ടാളക്കാരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഞങ്ങളാണെങ്കിലോ പിറ്റേന്ന് നാട്ടിലേക്ക് മടങ്ങാന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. എല്ലാം തകിടം മറിഞ്ഞു. അടുത്ത ദിവസം മുതല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. നമുക്ക് താങ്ങാന്‍ കഴിയുന്നതിനേക്കാളും കുറച്ചധികം തണുപ്പുമുണ്ട്. കൂട്ടുകാരുമായി സംവദിക്കാനോ വീട്ടുകാരിലേക്ക് വിവരങ്ങളറിയിക്കാനോ സാധിക്കാത്തതില്‍ അമര്‍ഷവും. വിരസതയുടെയും വിഷമത്തിന്റെയും രണ്ടു ദിവസം പിന്നിട്ടതിനു ശേഷം സർവ ധൈര്യവും സംഭരിച്ച് ഞങ്ങള്‍ നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു.
ഹര്‍ത്താലിന്റെ പ്രശ്നങ്ങൾ പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടുണ്ടെന്ന് പറയാനാവില്ല. ചെറിയ രൂപത്തില്‍ വാഹന സൗകര്യം പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എപ്പോഴും പോകുന്ന വഴിയില്‍ ഹര്‍ത്താലുകാരുടെ കല്ലേറിനെ പ്രതീക്ഷിക്കാം. വിരസത അത്രമേല്‍ വേട്ടയാടിയതിനാലാണ് ഞാനും സുഹൃത്തായ ശബീറും നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനമെടുത്തത്. പോരുന്നതിനിടയില്‍ കല്ലേറു നടത്തുന്നവരെ പോലീസ് പിടിക്കുന്ന കാഴ്ചകളും കാണാനിടയായി. കശ്്മീരില്‍ നിന്ന് ജമ്മുവിലേക്ക് ചുരമിറങ്ങിയാണ് വരേണ്ടത്. ഗതാഗത സൗകര്യത്തിനു വേണ്ടി ഒരു ദിവസം ചുരം കയറാനും അടുത്ത ദിവസം ചുരമിറങ്ങാനും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. ഷോപ്പിയാനയില്‍ കഴിഞ്ഞ് കുറച്ചെത്തിയപ്പോഴേക്കും വണ്ടികള്‍ നിരനിരയായി നിർത്തിയിട്ടിരിക്കുന്നു. മലയിടിഞ്ഞ് റോഡ് ബ്ലോക്കായിരിക്കുകയാണ്. വഴിയിലേക്ക് വീണ മണ്ണെല്ലാം ഒഴിവാക്കിയതിന് ശേഷം മാത്രമേ പോകാനാവൂ എന്ന് കൂടി കേട്ടപ്പോള്‍ പോരേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപ്പോയി. രാവിലെ പത്ത് മണിക്ക് നിർത്തിയിട്ട വാഹനത്തിന് രാത്രി പത്തു മണിക്കാണ് പോകാനായത്. അത്രയും സമയും വാഹനത്തിലും അടുത്തുള്ള കടകളിലുമായി ചെലവഴിക്കേണ്ടി വന്നു.
അത്യന്തം സാഹസം നിറഞ്ഞ കശ്്മീര്‍ യാത്ര സമ്മാനിച്ച ആലോചനകളും അനുഭവങ്ങളും വിലമതിക്കാനാവാത്തതാണ്. വിദ്യാഭ്യാസത്തിലൂടെ ധാര്‍മിക സ്വഭാവത്തെ വളര്‍ത്തിയെടുക്കാനോ മതസൗഹാർദപരമായ ബഹുസ്വര ബോധത്തെ അഭിവൃദ്ധിപ്പെടുത്താനോ സജ്ജമാവാത്തത് ഒരു പരിധിവരെ അവരെ ആന്തരികമായി അന്യവത്കരിക്കപ്പെടാനിടയാക്കുന്നുണ്ട്. മാറ്റങ്ങളുടെ മാറ്റൊലികള്‍ സൃഷ്ടിച്ചെടുക്കേണ്ടത് അനിവാര്യമാണ് ■

Share this article

About ഇ.കെ മുഹമ്മദ് നൂറാനി

muhammedeknkt@gmail.com

View all posts by ഇ.കെ മുഹമ്മദ് നൂറാനി →

Leave a Reply

Your email address will not be published. Required fields are marked *