കേരള മുസ്ലിം ചരിത്രരചനയും എപിഗ്രാഫിയും

Reading Time: 2 minutes

എന്താണ് എപിഗ്രാഫി? കേരള ചരിത്ര നിര്‍മിതിയില്‍ എപിഗ്രാഫിയുടെ പ്രാധാന്യം എത്രത്തോളമാണ്? തലവാചകം വായിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന സംശയങ്ങളാണിത്. ചരിത്രരചനയില്‍ നിരന്തരം കടന്നു വരുന്ന മേഖലയാണിതെങ്കിലും കേരളീയ മുസ്‌ലിംകളുടെ ഇന്നലെകളെ വിലയിരുത്തുന്നതില്‍ അപൂര്‍വമായി മാത്രമേ എപിഗ്രാഫി കടന്നുവരാറുള്ളൂ. ആദിമകാല മാപ്പിള സംസ്‌കാര പഠനത്തില്‍, വിശിഷ്യാ മഖ്ദൂമുമാര്‍ക്ക് മുമ്പുള്ള മുസ്‌ലിം ജീവിതത്തെ അനാവരണം ചെയ്യുന്നതില്‍ ഇത്തരം വിഭവങ്ങളുടെ പ്രാധാന്യത്തെ ചെറുതായി കാണാനുമാകില്ല.
പാറകള്‍, ഗുഹകള്‍, ലോഹങ്ങള്‍ തുടങ്ങി ഉറച്ചതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ പ്രതലങ്ങളില്‍ മുദ്രണം ചെയ്യപ്പെട്ട ലിഖിതങ്ങളെ പഠനവിധേയമാക്കുന്ന ശാസ്ത്രീയ ശാഖയാണ് എപിഗ്രാഫി.
ഗ്രന്ഥങ്ങള്‍ പലപ്പോഴും കാലപ്പഴക്കത്താല്‍ നശിക്കാറുണ്ട്. എന്നാല്‍ എക്കാലത്തും പരിവര്‍ത്തന വിധേയമാകാതെ അവശേഷിക്കുന്നവയാണ് എപിഗ്രാഫിക് സോഴ്‌സുകള്‍. ഖനനപ്രക്രിയകള്‍ക്കിടയിലും മറ്റു പര്യവേഷണങ്ങള്‍ക്കിടയിലും ഇത്തരം പുരാലിഖിതങ്ങള്‍ ഗവേഷകര്‍ കണ്ടെത്താറുണ്ട്. അവയുടെ കാലപ്പഴക്കം നിര്‍ണയിക്കാനും സവിശേഷതകള്‍ തിരിച്ചറിയാനും ഇന്ന് നൂതന മാര്‍ഗങ്ങള്‍ ലഭ്യമാണ്. പ്രാചീനവും പുതുതലമുറക്ക് പരിചിതവുമല്ലാത്ത ലിപികളാണ് അവയില്‍ പ്രയോഗിക്കപ്പെടാറുള്ളതെങ്കിലും ഗതകാല സംസ്‌കാരങ്ങളുടെ സവിശേഷതകള്‍ ഭാഗികമായെങ്കിലും മനസിലാക്കാന്‍ ഇവ സഹായകമാവും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം എപിഗ്രാഫിക്കല്‍ സോഴ്‌സുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. സ്വഹാബിമാര്‍ നിര്‍മിച്ച പള്ളികളിലും വസിച്ച ഇടങ്ങളിലുമെല്ലാം അത്തരം തിരുശേഷിപ്പുകള്‍ ഉണ്ടായിരുന്നു. മാലിക് ബ്‌നു ദീനാര്‍ മുതല്‍ മഖ്ദൂം വരെയുള്ള കാലഘട്ടത്തിന്റെ (ശേഷം വന്നവരുടെയും) കഥപറയുന്ന വിലപ്പെട്ട രേഖകള്‍. പക്ഷേ, അവയില്‍ പലതും നഷ്ടപ്പെടുകയോ കൈകടത്തലുകള്‍ക്ക് വിധേയമാവുകയോ ചെയ്തുവെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോഴും അവശേഷിക്കുന്നവ തന്നെ അര്‍ഹമായ രൂപത്തില്‍ സംരംക്ഷപ്പെടുന്നുമില്ല. ഉത്തരവാദപ്പെട്ടവരുടെ സത്വരശ്രദ്ധ പതിയേണ്ട ഇടങ്ങളാണവ. കേന്ദ്ര-സംസ്ഥാന സാംസ്‌കാരിക വകുപ്പുകള്‍, വഖ്ഫ് ബോര്‍ഡ്, സ്ഥാപന മഹല്ല് ഭാരവാഹികള്‍, സമുദായ സ്‌നേഹികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടേണ്ടതുണ്ട്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ICHR), ആര്‍ക്കിയോളജിക്കല്‍ സർവെ ഓഫ് ഇന്ത്യ (ASI), കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (KCHR) തുടങ്ങി വിവിധ അംഗീകൃത ചരിത്ര ഗവേഷണ ഏജന്‍സികള്‍ രാജ്യത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ ഈ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പൈതൃക സംരംക്ഷണവുമായി ബന്ധപ്പെട്ട ബഹുമുഖ പദ്ധതികള്‍ നടക്കുന്നുണ്ട്. ഐ സി എച്ച് ആര്‍ ഫെല്ലോഷിപ്പോടെ സൗത്ത് ഇന്ത്യയിലെ അറബി, ഉർദു, പേര്‍ഷ്യന്‍ എപിഗ്രാഫിക് ഡോക്യുമെന്റുകള്‍ പരിശോധിച്ച് റിപോര്‍ട്ട് തയാറാക്കാനുള്ള പ്രൊജക്ട് അവയിലൊന്നാണ്. എപിഗ്രാഫിയ ഇന്‍ഡിക്കയുടെ എഡിറ്ററും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ എപിഗ്രാഫിക് വിഭാഗം ഡയറക്ടറുമായിരുന്ന ഗുജറാത്തീ ചരിത്രകാരന്‍ സിയാഉദ്ദീന്‍ അബ്ദുല്‍ ഹയ്യ് ദേശായിക്കായിരുന്നു അതിന്റെ ചുമതല. ആറുവര്‍ഷത്തെ പരിശ്രമങ്ങള്‍ക്ക് ശേഷം 1989ല്‍ തന്റെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ച് അദ്ദേഹം A Topographical List of Arabic, Persian and Urdu Inscriptions of South India എന്ന ഗ്രന്ഥം അനുവാചകര്‍ക്ക് സമര്‍പ്പിക്കുകയുണ്ടായി.
ദേശായിയുടെ ഈ പുസ്തകത്തില്‍ കേരളത്തിലെ പുരാലിഖിതങ്ങളെ കുറിച്ചുള്ള എകദേശ വിവരണങ്ങളുണ്ട്. ആലപ്പുഴ, ബേപ്പൂര്‍, കണ്ണൂര്‍, ചാലിയം, കൊച്ചി, കൊല്ലം, കൊണ്ടോട്ടി, കോഴിക്കോട്, മാടായി, പൊന്നാനി, കൊയിലാണ്ടി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പുരാതന പള്ളികളും ഖബ്റ് സ്ഥാനുകളും സന്ദര്‍ശിക്കുകയും അവിടങ്ങളില്‍ ഉല്ലേഖനം ചെയ്യപ്പെട്ടുകിടക്കുന്ന എപിഗ്രാഫുകള്‍ ലിസ്റ്റ് ചെയ്യുകയുമുണ്ടായി. 93 മുദ്രണങ്ങളാണ് അങ്ങനെ കണ്ടെത്തിയത്. മുസ്‌ലിം ഭരണം നിലനിന്നിരുന്ന ദക്ഷിണേന്ത്യയിലെ മറ്റു പ്രദേശങ്ങളിലേതിനെക്കാള്‍ കുറവാണെങ്കിലും കേരളത്തിലെ പുരാലിഖിതങ്ങള്‍ സവിശേഷസ്വഭാവമുള്ളവയാണ്.
ശിലാലിഖിതങ്ങള്‍ മലബാറില്‍ കുറവാണ്. പകരം മരപ്പലകളില്‍ കൊത്തിവെക്കുന്ന രീതിയാണ് നമ്മുടെ നാടുകളില്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ അവ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് സിയാഉദ്ദീന്‍ ദേശായി നിരീക്ഷിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ പഠനം നടന്നതെന്നോര്‍ക്കണം. ശേഷം ഈ പ്രദേശങ്ങളിലുള്ള ലിഖിതങ്ങള്‍ സംരംക്ഷിക്കുവാനും ഗവേഷണവിധേയമാക്കുവാനുമുള്ള പ്രസക്തമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല, ദേശായി ലിസ്റ്റ് ചെയ്തതിനെക്കാള്‍ കൂടുതല്‍ പുരാലിഖിതങ്ങള്‍ നിലവിലുണ്ടാകാന്‍ സാധ്യതയുണ്ട്. അവ്വിധം ഒരു അപ്‌ഡേഷനെങ്കിലും നടന്നതായി അറിവില്ല.
ഖേദകരമെന്ന് പറയാം, ഇത്തരം അമൂല്യ ചരിത്രശേഷിപ്പുകള്‍ സംരംക്ഷിക്കാനുള്ള ഉദ്യമങ്ങള്‍ പരിമിതമായേ നടക്കുന്നുള്ളൂ. പഴയകാല പള്ളികളിലെ കുതുബ്ഖാനകള്‍ പോലും കൃത്യമായി പരിപാലിക്കപ്പെടുന്നില്ല. മുന്‍ഗാമികളുടെ സര്‍ഗാത്മക സംഭാവനകള്‍ പലതും പുതുതലമുറക്കിന്ന് ലഭ്യമല്ല. അവയില്‍ ഭാഗികമായും പൂര്‍ണമായും നശിച്ചവയുണ്ട്. ചില അപവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പൗരാണികചിഹ്നങ്ങളോടുള്ള സമൂഹത്തിന്റെ സമീപനങ്ങള്‍ പോസിറ്റീവല്ലെന്ന് പറയാം. എപിഗ്രാഫിക്കല്‍ റിസോര്‍സുകളുടെ പരിപാലനക്കാര്യത്തില്‍ വിശേഷിച്ചും.
മതപരമായും സാമൂഹികമായും അവയോട് നമുക്ക് കടപ്പാടുണ്ട്. മുന്‍ഗാമികള്‍ വഖ്ഫ് ചെയ്ത സ്വത്തുക്കളുടെ ഗണത്തില്‍ വരുന്നവയാണ് അവയില്‍ ഭൂരിഭാഗവും. വഖഫ് അന്യാധീനപ്പെടുന്നത് ഒരിക്കലും അഭിലഷണീയമല്ലല്ലോ.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൈയെഴുത്തുപ്രതികള്‍ ഡിജിറ്റലൈസ് ചെയ്യാനും ജംഗമവസ്തുക്കള്‍ നവീകരിച്ച് ദൃഢപ്പെടുത്താനുമുള്ള മാര്‍ഗങ്ങളുണ്ട്. നിപുണരായ ടെക്കികളും സമൂഹത്തില്‍ വേണ്ടത്ര ഉണ്ട്. അവ കാര്യക്ഷമമായി പ്രയോജനപ്പെടുത്തപ്പെടണമെങ്കില്‍ പൈതൃകകേന്ദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ക്കിടയില്‍ ബോധവത്കരണം നടക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ, വര്‍ഗീയശക്തികളുടെ ചരിത്ര അപനിര്‍മിതികള്‍ക്ക് മറുപടി പറയാനും കേരള മുസ്‌ലിം ചരിത്രത്തില്‍ തെളിവുകളായി അവശേഷിക്കുന്ന ആധികാരികസ്തംഭങ്ങള്‍ തന്മയത്തത്തോടെ ഭാവിതലമുറകള്‍ക്ക് അനുഭവിക്കാനും സാധിക്കുകയുള്ളൂ ■

Share this article

About ഉമൈര്‍ ബുഖാരി ചെറുമുറ്റം

umairkdy@gmail.com

View all posts by ഉമൈര്‍ ബുഖാരി ചെറുമുറ്റം →

Leave a Reply

Your email address will not be published. Required fields are marked *