ഓഫീസിലേക്ക് ശവപ്പെട്ടി എത്തുന്നതിന്റെ താത്പര്യമെന്ത്?

Reading Time: 2 minutes

മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകയായ ബെര്‍ത്താ കാസറസ് (Berta Caceres), ഹോദറസിലെ തന്റെ വീട്ടില്‍ കൊലചെയ്യപ്പെട്ട് അഞ്ച് വര്‍ഷം തികയുന്നു. അതേ വര്‍ഷം കൊലചെയ്യപ്പെട്ട നൂറുകണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാള്‍ മാത്രമാണവര്‍. ഓരോ വര്‍ഷവും നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുന്നു. പക്ഷേ, അപൂര്‍വമായേ കുറ്റവാളികള്‍ നിയമത്തിന് മുന്നില്‍ ഹാജരാക്കപ്പെടുന്നുള്ളൂ. കാസറസിന്റെ കൊലപാതകത്തില്‍ ചിലരെ കുറ്റക്കാരായി കണ്ടെത്തിയെങ്കിലും അതില്‍ പങ്കാളിത്തമുള്ള പലരെയും ഇനിയും വിസ്തരിക്കാനുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പങ്കുള്ളവര്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്നത് ഹോദറസിലും ലോകത്തിന്റ മറ്റു വ്യത്യസ്ത ഭാഗങ്ങളിലും തുടരുന്ന ഒരു സ്വാഭാവിക സംഭവമാണ്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ വരുന്ന ഭീഷണികളെക്കുറിച്ചും അവരുടെ തിരോധാനത്തെക്കുറിച്ചും എന്റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് ഈ ആഴ്ചയില്‍ ജനീവയിലെ യുഎന്നിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന് മുമ്പാകെ ഞാന്‍ അവതരിപ്പിക്കുകയാണ്.
ഏറ്റവും ചുരുങ്ങിയത് 281 മനുഷ്യാവകാശപ്രവര്‍ത്തകരെങ്കിലും 2019 വര്‍ഷത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്, അത്ര തന്നെ പേര്‍ 2020ലും. കാര്യക്ഷമമായി ഈ വിഷയത്തില്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ നൂറുകണക്കിന് കൊലപാതകങ്ങള്‍ ഈ വര്‍ഷവും പ്രതീക്ഷിക്കാം.
2015 മുതല്‍ ചുരുങ്ങിയത് 1323 പ്രവര്‍ത്തകരെങ്കിലും കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കയാണ് മുന്നില്‍. ആഗോളാടിസ്ഥാനത്തില്‍ തന്നെ കാസറസിനെ പോലുള്ള പരിസ്ഥിതി പ്രവര്‍ത്തകരാണ് അധികവും ലക്ഷ്യം വെക്കപ്പെടുന്നതും കൊലചെയ്യപ്പെടുന്നതും. 2015നും 2019നും ഇടയില്‍ ഏറ്റവും ചുരുങ്ങിയത് 64 യു.എന്‍ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ വേറെയും. അത് ഒരു സ്വാഭാവിക പ്രശ്‌നമാണെന്ന് വിവരശേഖരണം നടത്തുന്നവര്‍ സമ്മതിച്ച കാര്യമാണ്. നമ്മുടെ കൈയില്‍ കണക്കുകളുള്ളതിനേക്കാള്‍ എത്രയോ പേര്‍ കൊലചെയ്യപ്പെട്ടിരിക്കാം.
എല്ലാ ഭൂഖണ്ഡങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ജനാധിപത്യ-ഏകാധിപത്യ രാഷ്ട്രങ്ങളിലും മറ്റുമായി ഗവണ്‍മെന്റ് ശക്തികളും അല്ലാത്തവരുമായി മനുഷ്യാവകാശ പ്രവര്‍ത്തകരെ പലരും ഭീഷണിപ്പെടുത്തുന്നു, കൊല ചെയ്യുന്നു. വലിയ വ്യവസായിക പ്രോജക്ടുകളുടെ പശ്ചാത്തലത്തില്‍ കാസറസിനെ പോലുള്ള പലര്‍ക്കും ജീവഹാനി സഭവിക്കുന്നു.
മറ്റുള്ളവരുടെ അവകാ ശങ്ങള്‍ക്ക് വേണ്ടി സമാധാനപൂര്‍വം മുറവിളി കൂട്ടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ എന്തുകൊണ്ടാണ് പല ഗവണ്‍മെന്റുകളും മറ്റും കൊന്നൊടുക്കുന്നത്? അതിക്രമം നടത്തുന്നവരെ ശിക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാതിരിക്കുന്നതാകാം ഒരുപക്ഷേ അവര്‍ക്ക് ഇതെല്ലാം സാധ്യമാകുന്നത്. ചില സംസ്ഥാനങ്ങള്‍, പ്രത്യേകിച്ച് കൂടുതല്‍ കൊലപാതകം നടക്കുന്ന ഇടങ്ങളില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അതിനെതിരെ പ്രതികരിക്കാനുമായി ചില വ്യവസ്ഥാപിത രീതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവ അപര്യാപ്തമാണെന്ന് പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നുണ്ട്.
മിക്ക സംഭവങ്ങളിലും വ്യവസായ സംരംഭങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുണ്ട്. എന്നല്ല അതിക്രമങ്ങളുടെ ഉത്തരവാദികളായി തന്നെ അവര്‍ മാറുന്നു.
ഇവ അപൂര്‍വമായി സംഭവിക്കുന്ന ആകസ്മിക സംഭവങ്ങളല്ല. മിക്ക കൊലപാതകങ്ങളും നിരന്തരമായ ഭീഷണികള്‍ക്ക് ശേഷമാണ് സംഭവിക്കുന്നത്. തനിക്ക് നേരെയുള്ള അതിക്രമങ്ങളെയും കൊലവിളികളെയും കുറിച്ച് പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിരുന്ന കാസറസിന്റ കൊലപാതകം “സംഭവിക്കാന്‍ കാത്തുനിന്ന ഒരു ദുരന്തമായിരുന്നു’ എന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അഭിപ്രായപ്പെട്ടത്. അഗ്വാ സര്‍ക്കാ (Agua Zarca) എന്ന ഹൈഡ്രോ ഇലക്ട്രിക് ഡാം പ്രോജക്ട് വരുന്നതോടെ പരമ്പരാഗത ലെന്‍കാ പ്രദേശത്തിന് വരുന്ന ദുരന്തങ്ങളെക്കുറിച്ച് കാസറസ് കാംപയിന്‍ നടത്തുന്നതിനനുസരിച്ച് അവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരുന്നു.
മിക്ക ഗവണ്‍മെന്റുകളും തങ്ങളുടെ മനുഷ്യാവകാശ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നത് പോലെ കാസറസിന്റെ ഗവണ്‍മെന്റും അവരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ഞാന്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന മെയ് 2020 മുതല്‍ നൂറുകണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരുമായി സംവദിച്ചു. തങ്ങള്‍ കൊല ചെയ്യപ്പെടുമോ എന്ന ഉള്‍ഭയത്തെക്കുറിച്ച്, പലപ്പോഴും പൊതുഇടങ്ങളില്‍ നിന്ന് വരുന്ന മരണവാറണ്ടിനെകുറിച്ച് എന്നോടവര്‍ തുറന്നു പറഞ്ഞു.
വധഭീഷണികള്‍ എങ്ങനെയാണ് വരുന്നത്? സോഷ്യല്‍ മീഡിയയില്‍ അത് പോസ്റ്റ് ചെയ്യപ്പെടുന്നു, ഫോണ്‍ കോളുകളോ ടെക്സ്റ്റ് മെസേജുകളോ ആയി വരുന്നു, വാതിലിനടിയില്‍ എഴുതപ്പെട്ട പല നോട്ടുകളുമായി പ്രത്യക്ഷപ്പെടുന്നു, ഇടനിലക്കാരിലൂടെ സന്ദേശം വരുന്നു, തങ്ങളുടെ വീടുകളില്‍ പല ചുവര്‍ചിത്രങ്ങള്‍ തെളിയുന്നു.. എന്നെല്ലാം അവര്‍ എന്നോട് പറഞ്ഞു. ചിലരിലേക്ക് തങ്ങളുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ മെയില്‍ ചെയ്തുകൊണ്ട് ഒരുപാട് കാലമായി അവര്‍ നിരീക്ഷണത്തിലാണ് എന്ന് കാണിക്കുന്നു, മറ്റു ചിലരോട് തങ്ങളുടെ കുടുംബാംഗങ്ങളെ കൊന്നുകളയുമെന്ന് പറയുന്നു. തങ്ങളുടെ എന്‍ജിഒ ഓഫീസിലേക്ക് ശവപ്പെട്ടി എത്തുന്നു, ഒരു ബുള്ളറ്റ് അവരുടെ വീട്ടിലെ ഡൈനിങ് ടേബിളില്‍ കാണുന്നു, അവരുടെ എഡിറ്റ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെടുന്നു, ആയുധങ്ങള്‍ കൊണ്ട് അവര്‍ ആക്രമിക്കപ്പെട്ടതായി കാണിക്കുന്നു, മൃഗത്തിന്റെ തല തങ്ങളുടെ ഓഫീസിന്റെ ഡോറിനു മുന്നില്‍ കെട്ടിവെക്കുന്നു എന്നിത്യാദി കാര്യങ്ങള്‍ വേറെയും.
ലിംഗ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും ലൈംഗികമായി പീഡിപ്പിക്കപ്പെടുമെന്ന ഭീഷണിക്ക് വിധേയരാകുന്നു. പുരുഷാധിപത്യ, വര്‍ഗീയ, വിവേചനപരമായ സാഹചര്യങ്ങളില്‍ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സ്ത്രീകളും പീഡനങ്ങളും വ്യത്യസ്തമായ അപമാനങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്നു.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത, നേരത്തെ സൂചനകള്‍ ലഭിച്ച പല മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കൊലപാതകങ്ങളില്‍ ഓരോ വര്‍ഷവും അക്രമികളെ ചെറുത്തുനിര്‍ത്താനാവാതെ, അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സാധിക്കാതെ പല ഗവണ്‍മെന്റുകളും പരാജയപ്പെട്ടുക്കൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍, ഓരോ രാജ്യവും അക്രമികള്‍ക്ക് പരിരക്ഷ ലഭിക്കുമെന്ന ധാരണ തിരുത്തുന്നതോടൊപ്പം മനുഷ്യാവകാശങ്ങള്‍ സമൂഹത്തിന് നല്‍കുന്ന നിര്‍ണായക പങ്കിനെ അംഗീകരിക്കാന്‍ തയാറാകണം.
മനുഷ്യാവകാശ പ്രവര്‍ത്തകരെ കൊല ചെയ്യുന്നത് തടയുക എന്ന ധാര്‍മികവും നിയമപരവുമായ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ യുഎന്നിന്റെ അംഗങ്ങള്‍ പരാജയപ്പെടുന്നുവെന്ന് ഒരിക്കല്‍ കൂടി ഞാന്‍ യു.എന്നിനെ ധരിപ്പിക്കുന്നു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ പരസ്പരം കൈകോര്‍ത്ത്, കാസറസിന്റെയും മറ്റു പ്രവര്‍ത്തകരുടെയും കൊലപാതകം അതിദാരുണമായ സംഭവമാണ്, അതുകൊണ്ട് നിങ്ങള്‍ എന്തെങ്കിലും ചെയ്യൂ എന്ന് പറയുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല.
ഇതത്ര സങ്കീര്‍ണമായ കാര്യമൊന്നുമല്ല. ഓരോ സ്റ്റേറ്റും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഭീഷണികളെ ആത്മാര്‍ഥമായി നേരിട്ടുകൊണ്ടും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നും കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് കാണിക്കേണ്ടത് ■

Share this article

About മേരി ലോലര്‍, വിവര്‍ത്തനം: ലുഖ്മാന്‍ ബുഖാരി എടപ്പാള്‍

View all posts by മേരി ലോലര്‍, വിവര്‍ത്തനം: ലുഖ്മാന്‍ ബുഖാരി എടപ്പാള്‍ →

Leave a Reply

Your email address will not be published. Required fields are marked *