ദൈവം വഞ്ചകനോ?

Reading Time: 2 minutes

വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ചതിയനെന്നും വഞ്ചകനെന്നും സ്വയം പരിചയപ്പെടുത്തുന്നു;
“അവര്‍ ഒരു വഞ്ചനയൊപ്പിച്ചു; നിനച്ചിരിക്കാത്തവിധം നാമവരെ തിരിച്ചും വഞ്ചിച്ചു'(നംല് 50).
“നിഷേധികള്‍ ചില ഗൂഢതന്ത്രങ്ങള്‍ പയറ്റി; അല്ലാഹു അവക്കു പ്രതിക്രിയ ചെയ്തു. അവന്‍ ഗൂഢതന്ത്രങ്ങള്‍ തകര്‍ക്കുന്നവരില്‍ ഉദാത്തനത്രേ’
(ആലുഇംറാന്‍ 54).
“ആ കപടന്മാര്‍ അല്ലാഹുവിനെ ചതിക്കാന്‍ നോക്കുകയാണ്. എന്നാല്‍ അവരുടെ വഞ്ചനക്കവന്‍ തിരിച്ചും വഞ്ചിക്കും. (പ്രതിക്രിയ ചെയ്യും) നിസ്‌കരിക്കാനൊരുങ്ങുകയാണെങ്കില്‍ അവര്‍ മടിയന്മാരായും ആളുകളെ കാണിക്കാനുമാണ് നില്‍ക്കുക. വളരെക്കുറച്ചു മാത്രമേ അവര്‍ അല്ലാഹുവിനെ പറയുകയുള്ളൂ’ (നിസാഅ് 142).
ഇത്തരത്തില്‍, സ്വയം വഞ്ചകനെന്ന് വിശേഷിപ്പിക്കുന്ന അല്ലാഹുവിന്റെ വചനങ്ങള്‍ ദൈവികമെന്ന് വിശ്വസിക്കാമോ?!
ഈ ആരോപണം പരിശോധിക്കാം. അറബി സാഹിത്യത്തില്‍ കേവലപരിജ്ഞാനം ഉണ്ടെങ്കില്‍ ഈ ആരോപണം വസ്തുനിഷ്ഠമല്ലെന്ന് മനസിലാക്കാന്‍ കഴിയും. വിശദീകരിക്കാം.
അറബി സാഹിത്യത്തിലെ ഒരു സാഹിത്യ ശൈലിയാണ് “മുശക്കല’. അഭിസംബോധകനെ ഉത്തരം മുട്ടിക്കുക, ഭീഷണിപ്പെടുക, നിന്ദിക്കുക, അവന്റെ അല്‍പത്തരം ബോധ്യപ്പെടുത്തുക- തുടങ്ങിയ താത്പര്യങ്ങള്‍ക്കായി അഭിസംബോധകന്‍ പ്രയോഗിച്ച അതേ പ്രയോഗം കടമെടുക്കലാണ് “മുശക്കല’. ഒരു ഉദാഹരണത്തിലൂടെ പറയാം:
മരം കോച്ചുന്ന തണുപ്പുള്ള രാത്രിയില്‍ മഞ്ഞു പെയ്ത് നനഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് ഒരു സമൂഹത്തിന്റെ അടുത്തെത്തിയപ്പോള്‍ അവരുടെ സന്ദര്‍ഭോചിതമല്ലാത്ത പ്രതികരണത്തെ വ്യക്തമാക്കിക്കൊണ്ട് തണുത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന കവി പാടുന്നു: “അവര്‍ ചോദിച്ചു; എന്താണ് ഞങ്ങള്‍ താങ്കള്‍ക്ക് കഴിക്കാന്‍ പാചകം ചെയ്തു തരേണ്ടത്’? ഞാന്‍ പറഞ്ഞു; നിങ്ങളെനിക്ക് നീളന്‍ ജുബ്ബയും നീളന്‍ കുപ്പായവും “പാചകം ചെയ്തുതരൂ’!
വസ്ത്രം പാചകം ചെ യ്യാറില്ല, പക്ഷേ കവിയുടെ ആവശ്യം മനസിലാക്കാതെ “ഏത് ഭക്ഷണമാണ് പാചകം ചെയ്തു തരേണ്ടത്’ എന്ന് ചോദിച്ചപ്പോള്‍ ആ ചോദ്യം സന്ദര്‍ഭോചിതമല്ലെന്ന് ബോധ്യപ്പെടുത്താനാണ് കവി അങ്ങനെ പാടിയത്.
ഖുര്‍ആനിലെ മുശക്കലയുടെ ചില ഉദാഹരണങ്ങള്‍ കാണുക: “അതിനാല്‍ നിങ്ങളോടാരെങ്കിലും അതിക്രമം കാട്ടിയാല്‍ തത്തുല്യമായത് തിരിച്ചും “ആക്രമിക്കാം’ (അല്‍ബഖറ 194).
“ഒരു തിന്മയുടെ പ്രതിഫലം’ തത്തുല്യമായൊരു തിന്മ “തന്നെ’ (അധ്യായം ശൂറ-40).
ഒരാള്‍ അക്രമിച്ചാല്‍ അതേപോലെ തിരിച്ചു പ്രതികരിക്കുന്നത് അക്രമമല്ല, പക്ഷേ അക്രമമെന്ന് അതിനെപ്പറ്റി പ്രയോഗിക്കുന്നത് “മുശക്കല’യാണ്.
തിന്മ ചെയ്താല്‍ നല്‍കുന്ന ശിക്ഷ ഒരു തിന്മയല്ല. പക്ഷേ, തിന്മയുടെ പ്രതിപ്രവര്‍ത്തനം എന്ന നിലയില്‍ ശിക്ഷയെ പറ്റി “തിന്മ’യെന്ന് പ്രയോഗിക്കുന്നതും മുശക്കലയാണ്.
ചുരുക്കത്തില്‍, അല്ലാഹു “മാകിര്‍’ (വഞ്ചകന്‍) ആണെന്ന ഖുര്‍ആനിലെ പ്രയോഗം ഇസ്‌ലാം പൂര്‍വ അറബ് സാഹിത്യം മുതല്‍ക്കുതന്നെ അംഗീകരിക്കപ്പെട്ട “മുശക്കല’ എന്ന സാഹിത്യരീതി പ്രകാരമാണ്.
അല്ലാഹു “വഞ്ചന ചെയ്ത’ ചില സാഹചര്യങ്ങള്‍ കാണുക: ഈസാ നബിയെ(അ) വഞ്ചിച്ചു കൊലപ്പെടുത്താന്‍ യഹൂദികള്‍ പദ്ധതിയിട്ടു. പക്ഷേ അല്ലാഹു അവരെ “വഞ്ചിച്ചു’. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരിലെ നേതാവിന് ഈസാ നബിയുടെ രൂപം നല്‍കി. അവര്‍ അദ്ദേഹത്തെ വധിക്കുകയും കുരിശില്‍ ക്രൂശിക്കുകയും ചെയ്തു. അതേസമയം ഈസാനബി(അ)യെ സുരക്ഷിതമായി വാനലോകത്തേക്ക് ഉയര്‍ത്തുകയും ചെയ്തു.
“നിഷേധികള്‍ ചില ഗൂഢതന്ത്രങ്ങള്‍ പയറ്റി; അല്ലാഹു അവക്കു പ്രതിക്രിയ ചെയ്തു. അവന്‍ ഗൂഢതന്ത്രങ്ങള്‍ തകര്‍ക്കുന്നവരില്‍ ഉദാത്തനത്രേ’ (ആലു ഇംറാന്‍- 54). വഞ്ചിച്ചു കൊല നടത്താനാണ് യഹൂദർ പദ്ധതിയിട്ടത്, പക്ഷേ അല്ലാഹു അതിനെ അവരിലേക്ക് തന്നെ തിരിച്ചു. ആ അര്‍ഥത്തിലാണ് അല്ലാഹുവിനെപറ്റി “വഞ്ചകന്‍’ എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചത്.
മുഹമ്മദ് നബിയെ(സ്വ) വഞ്ചിച്ചു കൊലപ്പെടുത്താന്‍ ഖുറൈശികള്‍ ഒരിക്കല്‍ ഗൂഢാലോചന നടത്തിയിരുന്നു, ദാറുന്നദ്്വയില്‍. ഓരോ ഗോത്രത്തില്‍ നിന്നും സമര്‍ഥരായ ഒരോ പോരാളികളെ തിരഞ്ഞെടുത്തു. രാത്രി സമയത്ത് പ്രവാചകരുടെ വീട് വളഞ്ഞു. പ്രഭാതനേരത്ത് നബി പുറത്തിറങ്ങിയാല്‍ എല്ലാവരും ഒരുമിച്ച് കൊല നടത്താനായിരുന്നു തീരുമാനം. ഒരുമിച്ച് കൊല ചെയ്താല്‍ നഷ്ടപരിഹാരം (സഅ്ര്‍) എല്ലാ ഗോത്രങ്ങള്‍ക്കും വിഭജിക്കപ്പെടുമല്ലോ. പക്ഷേ അന്ന് രാത്രി തന്നെ പലായനത്തിനുള്ള അല്ലാഹുവിന്റെ കല്പനയുമായി ജിബിരീല്‍ (അ) എത്തി.
ശത്രുക്കളുടെ കുതന്ത്രത്തെപ്പറ്റി അറിയിച്ചു കൊടുക്കുകയും പലായനതിനുള്ള അല്ലാഹുവിന്റെ കല്പന കൈമാറുകയും ചെയ്തു. നബി (സ്വ) ഉടനെ അലി (റ) നെ വിളിച്ചുവരുത്തി നബി കിടന്നിരുന്നിടത്ത് കിടക്കാന്‍ പറഞ്ഞു. വീടുവളഞ്ഞ് കാത്തുനില്‍ക്കുന്ന ശത്രുക്കള്‍ക്ക് അല്ലാഹു പെട്ടെന്ന് ഒരു പാതിമയക്കം നല്‍കി. പുറത്തിറങ്ങുന്ന സമയത്ത് പ്രവാചകര്‍ (സ്വ) ഒരുപിടി മണ്ണ് വാരി. “നാമവരെ ആവരണം ചെയ്തതിനാല്‍ അവര്‍ക്കു കണ്ണുകാണാനാവില്ല'(യാസീന്‍- 9) എന്ന വചനമോതി ആ പിടി മണ്ണ് അവരിലേക്ക് വലിച്ചെറിഞ്ഞു. എല്ലാവരുടെ കണ്ണുകളിലും അതെത്തി. അവരാരും അറിയാതെ മദീനയിലേക്ക് പലായനം ചെയ്യുകയും ചെയ്തു.
ശത്രുക്കള്‍ വഞ്ചിച്ചു കൊല്ലാന്‍ തീരുമാനിച്ചപ്പോള്‍ അതിവിദഗ്ധമായി അല്ലാഹു പ്രവാചകനെ സംരക്ഷിച്ചു. “നബിയേ, തടങ്കലില്‍ വെക്കുകയോ വധിക്കുകയോ നാടുകടത്തുകയോ ചെയ്യാനായി അങ്ങേക്കെതിരെ നിഷേധികള്‍ കുതന്ത്രം പ്രയോഗിച്ച സന്ദര്‍ഭം സ്്മരണീയമത്രേ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു; അല്ലാഹു അതിനു പ്രതിക്രിയ ചെയ്യുന്നു. കുതന്ത്രങ്ങള്‍ക്കു പ്രതിക്രിയ ചെയ്യാന്‍ അതിവിദഗ്ധനത്രേ അല്ലാഹു.’ (അന്‍ഫാല്‍-30)
നബിയുടെ അനുചരര്‍ക്കിടയില്‍ ചില ഐഹിക നേട്ടങ്ങള്‍ക്ക് വേണ്ടി മുസ്‌ലിംകളായി ചമഞ്ഞു ജീവിക്കുന്ന ചില കപടവിശ്വാസികള്‍ ഉണ്ടായിരുന്നു. ഹൃദയംകൊണ്ട് അല്ലാഹുവിലും റസൂലിലും വിശ്വാസമര്‍പ്പിച്ചിരുന്നില്ല. എങ്കിലും യുദ്ധാർജിത സ്വത്ത് വിഹിതം (ഗനീമത്ത്), സകാത്ത്, വ്യക്തിസംരക്ഷണം തുടങ്ങിയ നേട്ടങ്ങള്‍ക്കായി ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങള്‍ ബാഹ്യമായി അവര്‍ അനുവര്‍ത്തിച്ചിരുന്നു. അല്ലാഹുവിനെയും ഇസ്‌ലാമിനെയും വഞ്ചിച്ചുകൊണ്ട് നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയായിരുന്നു താത്പര്യം.
ഖുര്‍ആന്‍ തിരുത്തി; “ആ കപടന്മാര്‍ അല്ലാഹുവിനെ ചതിക്കാന്‍ നോക്കുകയാണ്. എന്നാല്‍ അവരുടെ വഞ്ചനക്കവന്‍ പ്രതിക്രിയ ചെയ്യും. നിസ്‌കരിക്കാനൊരുങ്ങുകയാണെങ്കില്‍ അവര്‍ മടിയന്മാരായും ആളുകളെ കാണിക്കാനുമാണ് നില്‍ക്കുക. വളരെക്കുറച്ചു മാത്രമേ അവര്‍ അല്ലാഹുവിനെ പറയുകയുള്ളൂ.'(അന്നിസാഅ്- 142)
കപടന്മാര്‍ ഐഹിക ലോകത്തുള്ള വിലകുറഞ്ഞ നേട്ടങ്ങള്‍ മാത്രമാണ് നേടുന്നതെന്നും പകരം ശാശ്വതമായ പരലോകജീവിതം ദുഷ്കരമാക്കുകയാണ് ചെയ്യുന്നതെന്നും അവരുടെ കള്ളത്തരം അല്ലാഹു കാണുന്നുണ്ടെന്നും നരകാഗ്‌നിയാണ് അവരുടെ മടക്കസ്ഥാനമെന്നും ഉണര്‍ത്തുകയാണ് ഖുര്‍ആന്‍. അതുപോലെ ഇസ്‌ലാമിനോടുള്ള വഞ്ചനയെന്ന് അവര്‍ കരുതുന്നത് അവരോട് തന്നെയുള്ള വഞ്ചനയാണെന്ന വസ്തുത അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
ഖുര്‍ആന്‍ പ്രയോഗിക്കുന്ന സാഹിത്യ സങ്കേതങ്ങള്‍ കൃത്യമായി മനസിലാക്കാത്തതു കൊണ്ടാണ് അല്ലാഹു വഞ്ചകനാണെന്ന തെറ്റായ വായന രൂപപ്പെടുന്നത് ■

Share this article

About സഈദ് റമളാന്‍ ബൂത്വി, വിവര്‍ത്തനം: സിനാന്‍ ബഷീര്‍

View all posts by സഈദ് റമളാന്‍ ബൂത്വി, വിവര്‍ത്തനം: സിനാന്‍ ബഷീര്‍ →

Leave a Reply

Your email address will not be published. Required fields are marked *