ഉള്ള് പൂക്കുന്ന ഓര്‍മകള്‍

Reading Time: 4 minutes
  1. മുഹമ്മദ് അലി സ്വാബൂനി
    1930 ജനുവരി 1 സിറിയയിലെ അലപ്പൊയില്‍ ജനിച്ചു. പിതാവ് ജമീല്‍ സ്വാബൂനിയാണ് ആദ്യ ഗുരുനാഥന്‍.
    മുഹമ്മദ് നജീബ് സിറാജ്, അഹ് മദ് ശിമാഅ്, മുഹമ്മദ് സഈദ് അല്‍ ഇദ്‌ലിബി, മുഹമ്മദ് റാഗിബ് അത്ത്വബാഖ്, മുഹമ്മദ് നജീബ് ഖിയാത്വ തുടങ്ങിയവര്‍ മറ്റു ഗുരുനാഥന്മാര്‍. പ്രാഥമിക പഠനം അലപ്പോയിലെ ഒരു ബിസിനസ് സ്‌കൂളില്‍ ആരംഭിച്ചെങ്കിലും പഠനം തുടരാന്‍ കഴിയാത്തതിനാല്‍ അവിടെയുള്ള ഒരു മതപാഠശാലയില്‍ ചേരുകയും 1949ൽ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു.
    തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, കെമിസ്ട്രി, ഫിസിക്‌സ് തുടങ്ങിയ വൈജ്ഞാനിക ശാഖകളില്‍ നൈപുണ്യം നേടി. ഉപരിപഠനത്തിനായി സിറിയന്‍ ഗവണ്‍മെന്റ് അദ്ദേഹത്തെ അസ്ഹറിലേക്ക് അയക്കുകയും 1952ല്‍ കുല്ലിയത്തുല്‍ ശരീഅയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. 1954 ല്‍ നിയമ പഠനത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ശേഷം 1962 വരെ സിറിയയില്‍ ഇസ്‌ലാമിക് കള്‍ചറല്‍ സ്റ്റ്ഡീസ് വിഭാഗത്തില്‍ അധ്യാപകനായി സേവനം ചെയ്തു. അതിന് ശേഷം മക്കയിലെ സര്‍വകലാശാലയില്‍ മുപ്പത്തു വര്‍ഷത്തോളം സേവനം ചെയ്തു.
    മസ്ജിദുല്‍ ഹറാമില്‍ പ്രതിദിന ദര്‍സും ജിദ്ദയിലെ മറ്റൊരു പള്ളിയിൽ പ്രതിവാര ദര്‍സും എട്ടു വര്‍ഷത്തോളം സ്വാബൂനി നടത്തിയിരുന്നു. തഫ്‌സീര്‍ ഉള്‍പ്പടെയുള്ള വൈജ്ഞാനിക ശാഖകളിലായി മുപ്പത്തിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച സ്വഫ്‌വതു തഫാസീര്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാനം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടു. 1980ല്‍ മൂന്നു വാല്യങ്ങളിലായി ആദ്യ പ്രസിദ്ധീകരണം. പൂര്‍വ സ്രോതസുകളെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട തഫ്‌സീറില്‍ മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഡിതരുടെ അഭിപ്രായങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നുണ്ട്. ഓരോ സൂക്തങ്ങളിലെയും ഭാഷ പ്രയോഗങ്ങള്‍, അലങ്കാര ശാസ്ത്രം, വിധിവിലക്കുകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു. ഓരോ സൂറത്തിന്റെയും പ്രാരംഭത്തില്‍ അതിലടങ്ങിയിരിക്കുന്ന ആശയങ്ങളും ഗുണപാഠങ്ങളും സൂക്തങ്ങള്‍ തമ്മിലുള്ള ബന്ധം, അവതരണ പശ്ചാത്തലം എന്നിവയും വിവരിക്കുന്നു. കൂടാതെ ഇമാം ത്വബ് രിയുടെയും ഇബ്‌നു കസീറിന്റെയും തഫ്‌സീറുകളുടെ സംഗ്രഹവും എഴുതിയിട്ടുണ്ട്.
    തഫ്‌സീര്‍ അധ്യാപന രചനാ രംഗത്ത് പുതിയൊരു രീതി വികസിപ്പിച്ച് കൊണ്ടുവരാനും അത് സ്വാധീനിപ്പിക്കാനും മഹാനവര്‍കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇസ് ലാമിക വിജ്ഞാനീയങ്ങളെ പുതിയ കാലത്തിനനുസരിച്ച് ലളിതമായ ഭാഷയില്‍ ആവിഷ്‌കരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ അശ്‌റഹുല്‍ മുയസ്സര്‍ ലിജാമിഇസ്സ്വഹീഹില്‍ബുഖാരി- ബുഖാരിയുടെ ലളിത വ്യാഖ്യാനം. അത്തഫ്‌സീറുല്‍ വാജിഹുല്‍ മുയസ്സര്‍, ഖുര്‍ആനിന് ലളിതവും വ്യക്തവുമായ വ്യാഖ്യാനമെന്ന ഒറ്റ വാല്യമുള്ള ലഘു വിശദീകരണം. അതിന്റെ പാരായണം ഒരു മലയാള വ്യാഖ്യാനം വായിക്കുന്ന ലാളിത്യത്തോടെ വായിക്കാന്‍ സാധിക്കും. പരിശുദ്ധമായ ഹദീസിനും ഖുര്‍ആനും പുതിയ കാലത്ത് ഇത്രത്തോളം സേവനം ചെയ്ത അപൂര്‍വ വ്യക്തിത്വങ്ങളിലൊരാളാണ് മുഹമ്മദ് അലിയ്യു സ്സ്വാബൂനി. അഹ് ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയധാരയില്‍ ഉറച്ചുനിന്ന മഹാന്‍ മക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന ആത്മീയ സദസുകളിലെ നിത്യ സന്ദര്‍ശകനായിരുന്നു. സ്വലാത്തുന്നാരിയ സദസില്‍ പങ്കെടുക്കുന്നത് നേരിട്ടു തന്നെ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മജ് ലിസുകള്‍ കഴിഞ്ഞ് അഹ് ലുസുന്നയുടെ ആദര്‍ശം വിശദീകരിച്ചുകൊണ്ടുള്ള സംഭാഷണത്തിനും നേതൃത്വം നല്‍കിയിരുന്നു. ജാമിഅ മര്‍കസ് സന്ദര്‍ശിക്കുകയും അഹ് ലുസ്സുന്നയുടെ പണ്ഡിതന്മാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു. മുഹമ്മദ് അലവി അല്‍ മാലികി, ഡോ. മുഹമ്മദ് അല്‍യമാനി തുടങ്ങിയവരുമായി നല്ല വ്യക്തിബന്ധവും ആദര്‍ശബന്ധവുമുള്ള ആളായിരുന്നു. വിയോഗം 2021 മാര്‍ച്ച് 19 ന് തുര്‍ക്കിയിലെ യാലോവയില്‍ 91-ാം വയസില്‍.
  2. ഷിറിയ
    എം അലിക്കുഞ്ഞി
    മുസ്‌ലിയാര്‍
    പുഞ്ചിരിക്കുന്ന ഒരു നക്ഷത്രം കൂടി മാഞ്ഞു. താജുശ്ശരീഅ ഷിറിയ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍(1935-2021) ഉസ്താദിന്റെ വെളിച്ചമുള്ള മുഖമാണ് ഒരിക്കല്‍ കണ്ടവര്‍ക്കൊക്കെ മനസിലാദ്യമെത്തുക.
    പുഞ്ചിരിയെപ്പറ്റി ഉസ്താദ് ഇടക്കിടെ പറയും. സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് ധര്‍മമാണെന്ന റസൂലിന്റെ വചനം ഓര്‍മപ്പെടുത്തും.
    പ്രത്യേകിച്ചും കുട്ടികളോട് സംസാരിക്കുമ്പോള്‍ പ്രധാന വിഷയങ്ങളിലൊന്ന് പുഞ്ചിരി തന്നെയായിരിക്കും.
    ശിഷ്യന്മാരോട് ഗുരുവിനെ ശ്രദ്ധിക്കാന്‍ പറയും. ഗുരുരീതി പകര്‍ത്താന്‍ പറയും. മുതിര്‍ന്നവരോട് അവരുടെ നടപടി മുന്തിയതാക്കാന്‍ പറയും. കുട്ടികള്‍ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടാവും’ എന്ന് ഉസ്താദ്.
    വീട്ടില്‍ ചെന്നാല്‍ ഉപ്പയുടെ മുന്നില്‍ പെടരുത് എന്ന് കരുതി പിന്‍വാതിലിലൂടെ അകത്ത് കയറുന്ന മര്യാദക്കാരുണ്ടാവും. അവരെയും ഉസ്താദ് സ്‌നേഹത്തില്‍ തിരുത്തി: “ബാപ്പക്ക് സലാം ചൊല്ലണം. ഉമ്മക്ക് സലാം ചൊല്ലണം. മക്കള്‍ക്ക് സലാം ചൊല്ലണം.’
    നമ്മള്‍ ആരോടൊപ്പമാണ് നിലകൊള്ളേണ്ടത് എന്ന് പരിശുദ്ധ ഖുര്‍ആന്‍ ഓതി ഉസ്താദ് പറഞ്ഞു: സ്വാദിഖുകളോടൊപ്പം നില്‍ക്കൂ.
    ആരാണവര്‍? നന്നായിപ്പെരുമാറുന്നവര്‍. ഒരു സംഭവം പറഞ്ഞ് ഉസ്താദ് സ്വാദിഖുകളെ ചൂണ്ടിക്കാട്ടുന്നു:
    താജുല്‍ ഉലമ ഒരിക്കലുണ്ട് എന്റെ വീട്ടില്‍ വരുന്നു! ഞാന്‍ സ്തബ്ധനായി. ഉള്ളാളത്തവര്‍ എന്റെ വീട്ടില്‍, ഒരു മുന്നറിയിപ്പുമില്ലാതെ. എന്റെ ബേജാര്‍ ഉള്ളാളത്തവര്‍ക്കും മനസിലായി.
    “എന്താ അലിക്കുഞ്ഞീ. ബേജാറാവണ്ട. ഞാന്‍ നിങ്ങളെ കോഴിക്കോട്ടേക്ക് കൂട്ടാന്‍ വന്നതാണ്. നാളെ അവിടെ മുശാവറയുണ്ട്.’
    “അതേയോ, ഞാന്‍ വന്നോളാം.’
    ഒന്ന് കുളിച്ചുമാറ്റി ഭംഗിയില്‍ സാവധാനത്തില്‍ പോകാമെന്നായിരുന്നു. അലിക്കുഞ്ഞി ഉസ്താദിന്റെ കണക്ക് കൂട്ടല്‍. പക്ഷേ താജുല്‍ ഉലമയുടെ പ്ലാന്‍ മറ്റൊന്നായിരുന്നു. അല്‍പം കാത്തുനിന്നാലും അലിക്കുഞ്ഞിയേ കുളിപ്പിച്ചു മാറ്റി ഇപ്പോള്‍ തന്നെ കൊണ്ടു പോകണം.
    “അലിക്കുഞ്ഞീ, നിങ്ങള്‍ വേഗം കുളിച്ചുമാറ്റി വരീ. നമുക്കൊന്നിച്ചു പോകാം.’
    ഉസ്താദ് പറയട്ടെ ബാക്കി കാര്യങ്ങള്‍. ഞങ്ങളിരുവരും കോഴിക്കോട്ടെത്തി, മുശാവറയില്‍ ആദ്യാന്തം പങ്കെടുത്തു. എല്ലാം കഴിഞ്ഞപ്പോള്‍ ഉള്ളാളത്തവര്‍ പറഞ്ഞു.
    “അലിക്കുഞ്ഞീ, ഇനി നിങ്ങള്‍ പൊയ്‌ക്കോളി, വെറുതെ പോകണ്ട. എന്റെ കാറില്‍ പൊയ്‌ക്കോളി. പുരയിലെത്തിയിട്ട് കാറിങ്ങോട്ട് തിരിച്ചു പറഞ്ഞയച്ചാല്‍ മതി. എന്ത് സ്വഭാവമാണിത്? അലിക്കുഞ്ഞിയോട് ഇത്രയൊക്കെ എളിമ വേണോ? ഇവരാണ് സ്വാദിഖുകള്‍.
    എന്നിട്ട് സ്വാദിഖുകളുടെ ഒരു കൊച്ചു ശൃംഖല ഉസ്താദ് വിശദമാക്കുന്നു. ഉള്ളാളത്തവര്‍ കണ്ണിയത്തോരെ നോക്കുന്നു. അവര്‍ ഖുതുബി എന്നോരെ നോക്കുന്നു. അങ്ങനെ ഓരോരുത്തരും അവരവരുടെ ഗുരുവിനെ നോക്കി ജീവിക്കണം.
    അയല്‍വാസികളോടും നാം നന്നായി വര്‍ത്തിക്കണം. തൊട്ടടുത്ത ഹൈന്ദവ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് രാത്രി കാലത്ത് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍ നമ്മളവിടെപ്പോകണം. അപ്പോഴവര്‍ പറഞ്ഞേക്കും: അത് മോനാണ്. വൈകിട്ട് സ്‌കൂള്‍ വിട്ട് വന്നിട്ട് ഒന്നും കഴിക്കാതെ കിടന്നതാണ്. ഇപ്പോള്‍ വിശന്നു കരയുന്നു. ഇവിടെയാണെങ്കില്‍ ഇപ്പോള്‍ ഒന്നുമില്ല.നേരം പുലര്‍ന്നാല്‍ കടയില്‍ നിന്ന് വാങ്ങാമായിരുന്നു. നിങ്ങളുടനെ വീട്ടിലുള്ളതെടുത്ത് ആ വീട്ടിലെത്തിക്കണം. ഇതാണ് മുന്തിയ പെരുമാറ്റം. ഇതാണ് സ്വാദിഖീങ്ങളുടെ സ്വഭാവം.’
    വളരുന്ന തലമുറയോടാണ് ഉസ്താദ് സംസാരിക്കുന്നത്. ഇങ്ങനെയാവണം മക്കള്‍, വിശ്വാസികള്‍.
    ഈയൊരു അഭിലാഷത്തോടെ ജീവിച്ച മഹാത്മാവാണ് ഷിറിയ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍. താജുശ്ശരീഅ എന്നാണ് അപരാഭിധാനം. ശരീഅതിന്റെ കിരീടം എന്നാണ് വാഗര്‍ഥം. ഇസ്‌ലാമിക ശരീഅത്ത് എന്താണെന്ന് അച്ചടിച്ചു വെച്ച പുസ്തകങ്ങള്‍ നോക്കിയല്ല പഠിക്കേണ്ടത്. ആര്‍ക്കും പഠിക്കാനും പകര്‍ത്താനും പോന്ന ലാളിത്യത്തോടെ ഇത്തരത്തിലൊട്ടേറെപ്പേര്‍ നമുക്കിടയില്‍ ജീവിക്കുന്നു.
    ശരീഅത്ത് എന്താണെന്ന് ചോദിച്ചാല്‍ ഒരു പുസ്തകക്കെട്ട് കൊടുക്കും. ഒരു ശബ്ദരേഖ വിട്ടുകൊടുക്കും. ഒരു ദൃശ്യം കാണിച്ചു കൊടുക്കും. പകരം ഇത്തരത്തില്‍ ജീവിച്ച മഹാഗുരുക്കന്മാരുടെ മുന്നില്‍ വരൂ. അവരുടെ ഒരു വാക്ക്, ഒരു നോക്ക്, എടുപ്പ്, നടപ്പ് എല്ലാം ശരീഅത്തിന്റെ ശുദ്ധ പരാവര്‍ത്തനമായി, തൂവല്‍സ്പര്‍ശമായി, ഇളംതെന്നലായി നീരൊഴുക്കായി നമ്മെ തണുപ്പിക്കും. ശാന്തമാക്കും. ശാന്തമായ ആത്മാവുകള്‍ക്കേ മറ്റുള്ളവര്‍ക്ക് ശാന്തത നല്‍കാനാവൂ.
  3. അബ്ദുല്‍ ഹമീദ് ബാഖവി ശാന്തപുരം
    മലപ്പുറം ജില്ലയിലെ ശാന്തപുരം എന്ന ഗ്രമത്തില്‍ ജനനം. എളേറ്റില്‍ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം പൂര്‍ത്തിയായ ശേഷം വെല്ലൂര്‍ ബാഖിയത്തില്‍ നിന്ന് മുഖ്ത്വസറും മുത്വവലും പൂര്‍ത്തിയാക്കി.
    അലിഗഡ് യൂനിവേഴ്‌സിറ്റിയിലും പഠനം നടത്തിയിട്ടുണ്ട്. അറബി, ഉറുദു, തമിഴ് ഉള്‍പ്പടെയുള്ള ഭാഷകള്‍ കൈകാര്യം ചെയ്തിരുന്നു.
    മര്‍കസില്‍ അധ്യാപനം നടത്തുന്നതിനിടയിലാണ് കാന്തപുരം ഉസ്താദിന്റെ നിര്‍ദേശ പ്രകാരം ഉത്തരേന്ത്യയില്‍ പ്രബോധനസേവനങ്ങള്‍ക്കായി പുറപ്പെടുന്നത്. ആദ്യം ഭാഗികമായി തുടങ്ങിയെങ്കിലും പിന്നീട് മുഴുവന്‍ സമയ പ്രബോധകനായി. 1996ല്‍ ദേശീയ തലത്തില്‍ ആരംഭിച്ച മദ്‌റസ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ പ്രമുഖ പങ്ക് വഹിച്ചു. 1997ല്‍ ഇസ്‌ലാമിക് എജ്യൂക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നിലവില്‍ വന്നു.
    ഔദാര്യത്തിന്റെ ആരാമം, ശൈഖ് സി എം വലിയുല്ലാഹിയുടെ ജീവിചരിത്രം, ഉത്തരേന്ത്യയിലൂടെ തുടങ്ങിയ പുസ്തകങ്ങളും, അനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
    ബംഗാള്‍ ത്വയ്ബ ഗാര്‍ഡന്‍ സ്ഥാപനങ്ങളുമായി ഉസ്താദ് വലിയ അടുപ്പം കാണിച്ചിരുന്നു. അതിന്റെ അഞ്ചാം വാര്‍ഷികത്തിന് ഉസ്താദ് വന്നു. പക്ഷേ അല്‍പം മുമ്പായിപ്പോയി. മാര്‍ച്ചിലായിരുന്നു സമ്മേളനം. ഫെബ്രുവരിയിലോ മറ്റോ ആണ് ടിക്കറ്റെടുത്തിരുന്നത്. ഉസ്താദ് പറഞ്ഞു: ഏതായാലും ടിക്കറ്റെടുത്തില്ലേ. ഞാന്‍ വരാം, എനിക്ക് സ്ഥാപനമൊക്കെ ഒന്ന് കാണാലോ. ഉസ്താദ് വന്നു. സമ്മേളനത്തിന് ഒരുമാസം മുമ്പ് വന്ന് എല്ലാം വിലയിരുത്തി. വേണ്ട മാറ്റങ്ങള്‍ പറഞ്ഞുതന്നു. ഒന്നുരണ്ട് പ്രോഗ്രാമുകളിലൊക്കെ പങ്കെടുത്തു. ചുറ്റുപാടുകളിലുള്ള പുതിയ കുറെ ആളുകളെ വിളിച്ച് പരിചയപ്പെടുത്തിത്തന്നു. ഏത് സ്ഥലത്തു ചെന്നാലും ഒരുപാട് ബന്ധങ്ങളുണ്ടായിരുന്നു. ആ ബന്ധങ്ങളൊക്കെ ഇവിടെയും ഉപയോഗപ്പെടുത്തി, പലരുമായും പരിചയം പുതുക്കി. പലയാളുകളെയും കാമ്പസിലേക്ക് വിളിച്ചുവരുത്തി. പിന്നീട് സമ്മേളനത്തിന് മാര്‍ച്ചില്‍ എ പി ഉസ്താദിന്റെ കൂടെ വീണ്ടും വന്നു. ആ സമയത്തും ഇതേപോലെ ഉസ്താദിന് പരിചയമുള്ള കല്‍ക്കത്തയിലും ബിഹാറിലുമുള്ള പലയാളുകളെയും ബന്ധപ്പെട്ട് അവരെക്കൂടി സമ്മേളനത്തിന് ക്ഷണിച്ചിട്ടാണ് വന്നത്. ചുരുക്കിപ്പറഞ്ഞാല്‍, മര്‍കസിന്റെയും സഅദിയ്യയുടെയും സിറാജുല്‍ഹുദയുടെയും പ്രസ്ഥാനങ്ങളുടെയുമെല്ലാം ഉത്തരേന്ത്യന്‍ വിലാസം ബാഖവി ഉസ്താദായിരുന്നു.
    ഹിന്ദ് സഫര്‍ നടക്കുന്ന സമയത്താണ്, ഡല്‍ഹിയിലോ പഞ്ചാബിലോ എത്തിയ നേരം ഉസ്താദ് വിളിച്ച് പറഞ്ഞു: വിദ്യാഭ്യാസബോര്‍ഡ് ഇപ്പോഴുള്ള അവസ്ഥയില്‍ പോകാന്‍ പറ്റില്ല. നമുക്ക് ഒന്നുകൂടി ഉഷാറാക്കി എടുക്കണം. അതിന് ഉത്തരേന്ത്യയിൽ വര്‍ക്ക് ചെയ്യുന്ന നിങ്ങള്‍ എല്ലാവരുമാണ് മുന്നോട്ടുവരേണ്ടത്. ഷൗക്കത്തുസ്താദും അതുപോലെ ഉത്തരേന്ത്യയില്‍ വര്‍ക്ക് ചെയ്യുന്ന മറ്റുള്ള ആളുകളെയൊക്കെയും ഹിന്ദ് സഫറിന്റെ സമാപന സംഗമത്തിലുണ്ടാവുമല്ലോ. നിങ്ങളെല്ലാവരും ഒരുമിച്ചുകൂടി അതിനൊരു പദ്ധതി തയാറാക്കണം. ഉസ്താദു തന്നെ നേരിട്ട് ഖലീല്‍തങ്ങളെയും എ പി ഉസ്താദിനെയും നമ്മുടെ സംഘടനാ നേതാക്കളെയുമൊക്കെ വിളിച്ച് പദ്ധതിയെക്കുറിച്ച് സംസാരിച്ചു. ആ മീറ്റിങ് നടന്ന് ഡയറക്ടറേറ്റ് ഉണ്ടാക്കിയതിനു ശേഷം ഉസ്താദ് പറഞ്ഞു: റാഹത്തായി, ഇനി എല്ലാം നിങ്ങള്‍ക്ക് ചെയ്യാലോ. ഇതുവരെ ഞാനൊറ്റക്കായിരുന്നു. ഇനി വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പുതിയ അധ്യായമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെയൊക്കെ കയ്യില്‍ ഏല്പിച്ചു തന്നപ്പോള്‍ എനിക്ക് സമാധാനമായി. അടുത്ത സമയത്ത് വിദ്യാഭ്യാസ ബോര്‍ഡിന്റെ ഡയറക്ടറേറ്റ് മീറ്റിങ് നടക്കുമ്പോള്‍ ഉസ്താദ് അവസാനമായി പറഞ്ഞു: നിങ്ങളുടെയൊക്കെ കൈയിലേല്പിച്ച് തന്നതോടുകൂടി എന്റെ ഉത്തരവാദിത്വം തീര്‍ന്നിട്ടുണ്ട്. ഇനി നിങ്ങളാണ് ഏറ്റെടുത്ത് ചെയ്യേണ്ടത്. ഇനി എന്നോട് ചോദിക്കൂലല്ലോ. എല്ലാത്തിനും ഒരുങ്ങിയ രൂപത്തിലാണ് ഉസ്താദിന്റെ സംസാരമുണ്ടായത്. അവസാനമായി കണ്ടസമയത്തും ഉസ്താദ് ഇതുപോലെതന്നെ പറയുകയുണ്ടായി. മര്‍കസിലെ പ്രോഗ്രാമിനുവേണ്ടി ചെന്നപ്പോള്‍ വീട്ടില്‍വെച്ച് ഉസ്താദ് അതാവര്‍ത്തിച്ചു. എന്റെ പണി ഞാനെടുത്തിട്ടുണ്ട്. നിങ്ങളുടെ പണി നിങ്ങള്‍ എടുക്കണം ട്ടോ… ഏറ്റെടുത്ത ജോലികള്‍ ഭംഗിയായി നിര്‍വഹിച്ചും കൂടുതല്‍ മികച്ച മുന്നേറ്റത്തിനായി പുതുതലമുറയെ പ്രചോദിപ്പിച്ചുമാണ് ബാഖവി ഉസ്താദ് ഇലാഹീ കാരുണ്യത്തിലേക്ക് യാത്രയായിരിക്കുന്നത്. അല്ലാഹു ഉസ്താദിന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടേ ■

എഴുത്ത്:

  1. ഡോ. മുഹമ്മദ് ഫാറൂഖ് ബുഖാരി
  2. ടി കെ അലി അശ്‌റഫ്
  3. സുഹൈറുദ്ദീന്‍ നൂറാനി
Share this article

Leave a Reply

Your email address will not be published. Required fields are marked *