നമുക്കെത്ര മ്യൂസിയങ്ങളുണ്ട്‌?

Reading Time: 2 minutes

ചരിത്രസ്മാരകങ്ങള്‍ തനതു ശൈലിയില്‍ അവശേഷിക്കുന്നത് വഴി സമകാലിക സമൂഹത്തിന് ലഭിക്കുന്ന ഒട്ടേറെ സൗഭാഗ്യങ്ങളുണ്ട്. കാഴ്ചകള്‍ക്ക് കൗതുകം പകരുന്നു എന്നതിലുപരി പാരമ്പര്യ മൂല്യങ്ങള്‍ സംവേദനം ചെയ്യാനും ഭാവിചലനങ്ങള്‍ക്ക് ഈടുപകരാനും പുരാതന നിര്‍മിതികള്‍ സഹായിക്കുന്നു. തങ്ങളുടെ ഗതകാല സംസ്‌കാരത്തെയും ജീവിതരീതികളെയും കുറിച്ച് അജ്ഞരായ ജനങ്ങള്‍ വേരുകളില്ലാത്ത മരങ്ങളെപ്പോലെയാണ് എന്നാണല്ലോ ജമൈക്കന്‍ ചിന്തകനായിരുന്ന മാര്‍കസ് ഗാര്‍വെയുടെ അഭിപ്രായം. പാരമ്പര്യമുദ്രണങ്ങളെ അതേപടി സംരക്ഷിക്കാന്‍ പരിഷ്‌കൃത സമൂഹങ്ങള്‍ കാണിക്കുന്ന ജാഗ്രത തങ്ങളുടെ വേരുകള്‍ ഉറച്ചതും സുദൃഢവുമാണെന്ന് സ്ഥാപിക്കാന്‍ കൂടിയാണ്.
അടുത്തിടെ ഒരു സുഹൃത്ത് ജര്‍മനിയിലെ മ്യൂസിയം സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത് ഓര്‍മവരികയാണ്. ഹിറ്റ്‌ലറുടെ കാലത്ത് കോണ്‍സൻട്രേഷന്‍ ക്യാംപുകളിലകപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടെ അവശിഷ്ടങ്ങളെല്ലാം അവിടെ സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നുവത്രെ. മ്യൂസിയത്തില്‍ പുറത്തിറങ്ങാന്‍ നേരം കണ്ട കാഴ്ച അതിലേറെ ഞെട്ടിക്കുന്നതായിരുന്നു. ഗ്യാസ് ചേമ്പറുകളിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ക്ഷൗരം ചെയ്‌തെടുത്ത ഇരകളുടെ മുടിക്കെട്ടുകള്‍ പോലും ഒരിടത്ത് ശേഖരിച്ചുവെച്ചിരിക്കുന്നു!
എട്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഹിറ്റ്‌ലര്‍ നടത്തിയ ക്രൂരതകളുടെ നേര്‍സാക്ഷ്യങ്ങള്‍ ദൃഷ്ടിയില്‍ പതിയുമ്പോള്‍ ആരുടെ നയനങ്ങളിലാണ് നനവു പടരാതിരിക്കുക? ഫാഷിസം ഫണം വിടര്‍ത്തിയാടുമ്പോള്‍ ഈ രക്തസാക്ഷികളുടെ ചോരയിറ്റുന്ന ശാരീരികശേഷിപ്പുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. സമകാലിക ജര്‍മന്‍ ജനതയെ ബഹുസ്വരമായി, സഹിഷ്ണുതയുള്ളവരായി മാറ്റുന്നതില്‍ ഈ ചരിത്രസ്മാരകങ്ങളുടെ സാന്നിധ്യം അനല്‍പമാണ്. ന്യൂനപക്ഷങ്ങളെ കണ്ണിൽചോരയില്ലാത്ത ക്രൂരതകള്‍ക്ക് വിധേയമാക്കിയവരുടെ പിന്‍ഗാമികള്‍ ഇറാഖ്, സിറിയ, ലിബിയ തുടങ്ങിയ ഏഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളിലെ അഭയാര്‍ഥി സമൂഹത്തിന് ആതിഥ്യമരുളി തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരുടെ നയനിലപാടുകളോട് ഗുഡ്‌ബൈ പറഞ്ഞതിന് പിന്നിലെ കാരണവും ഈ ചരിത്ര അവബോധമായിരിക്കണം.
സാവധാനമെങ്കിലും അറബ് രാജ്യങ്ങള്‍ പൈതൃകസംരംക്ഷണത്തില്‍ ശ്രദ്ധപതിപ്പിക്കുന്നുവെന്നത് ആശാവഹമാണ്. ജര്‍മനിയില്‍ ഹിറ്റ്‌ലറിയന്‍ തീവ്രവാദമാണ് ഹിംസാത്മകപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെങ്കില്‍ അതേ മാതൃകയില്‍ ഓറിയന്റലിസ്റ്റുകള്‍ പടച്ചുവിട്ട വിഘടനവാദികളാണ് ഇസ് ലാമിക പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമാക്കിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രനിര്‍മിതികളെല്ലാം അവര്‍ നാമാവശേഷമാക്കി.
സഊദിഅറേബ്യയില്‍ നടന്ന തേര്‍വാഴ്ച, അതിപുരാതനമായ മെസോപൊട്ടോമിയന്‍ നാഗരികതയുടെ ശേഷിപ്പുകള്‍ ഉള്‍പ്പെടെ നശിപ്പിച്ച ഇസില്‍ തീവ്രവാദികളുടെ അക്രമപരമ്പരകള്‍, ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്ത താലിബാന്‍ സംഹാരം തുടങ്ങിയവയെല്ലാം അതിനുദാഹരണങ്ങളാണ്. ഇത്തരം നശീകരണപ്രക്രിയകളിലൂടെ തങ്ങള്‍ക്കുണ്ടായ സാംസ്‌കാരിക അപചയങ്ങള്‍ അറബ് ഭരണാധികാരികള്‍ തിരിച്ചറിഞ്ഞു വരുന്നുമുണ്ട്.
ഹറമിന് സമീപം കള്‍ച്ചറല്‍ സെന്റര്‍ പണിയാന്‍ സഊദി രാജാവ് അയ്യായിരം കോടി റിയാല്‍ വകയിരുത്തിയത് കഴിഞ്ഞ ദിവസമാണ്. ജോര്‍ദാനും ഈജിപ്തും ഇക്കാര്യത്തില്‍ ഒരുപടി മുന്നിലാണ്. ഓരോ പൈതൃകകേന്ദ്രങ്ങളും സൂക്ഷ് മതയോടെ പരിപാലിക്കാന്‍ ഇരുരാജ്യങ്ങളും അതീവശ്രദ്ധ പുലര്‍ത്തുന്നുണ്ട്. കൈറോ മ്യൂസിയവും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ അസ്ഹാബുല്‍ കഹ്ഫിന്റെ അന്ത്യവിശ്രമകേന്ദ്രവും സന്ദര്‍ശിച്ചപ്പോള്‍ മനസിലുണ്ടായ വികാരപ്രവാഹം അവിസ്മരണീയമായിരുന്നു. കുഞ്ഞുനാളില്‍ കേട്ടുപതിഞ്ഞ ഫറോവമാരുടെയും ഗുഹാവാസികളുടെയും ചരിത്രങ്ങള്‍ സാങ്കൽപിക കഥകളല്ലെന്നും അവ ജീവിക്കുന്ന യാഥാര്‍ഥ്യങ്ങളാണെന്നും കണ്ണുകൊണ്ട് നേരിട്ട് കണ്ട് മനസിലാക്കുന്നതിലും വലിയ എന്ത് ചരിത്ര പഠനമാണുള്ളത്? അവ കേടുകൂടാതെ പരിപാലിക്കപ്പെടുന്നത് കാരണം ഖുര്‍ആനില്‍ അല്ലാഹു വിശ്വാസികളെ പഠിപ്പിച്ച മഹിതമായ സന്ദേശങ്ങള്‍ എത്രയധികം തലമുറകളിലേക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നത്?
കേരള മുസ്‌ലിം ചരിത്രരചനയിലും ചരിത്ര സ്മാരകങ്ങള്‍ക്കുള്ള സ്ഥാനം വിവരണാതീതമാണ്. എന്നാല്‍ മ്യൂസിയോളജിയുടെ പ്രയോഗവത്കരണം വേണ്ടത്ര ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഗ്രന്ഥപ്പുരകള്‍ ഉണ്ടെങ്കിലും ഇതര പ്രൈമറി സെക്കന്ററി സോഴ്‌സുകള്‍ സംരക്ഷിക്കുന്നതിന് സംരംഭങ്ങള്‍ കുറവാണ്. അറേബ്യ, ചൈന, പോര്‍ച്ചുഗല്‍, നെതര്‍ലാന്റ്‌സ്, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ പ്രദേശങ്ങളുമായി ദീര്‍ഘകാലത്തെ വാണിജ്യ ബന്ധങ്ങള്‍ ഉണ്ടായിരുന്നു നമുക്ക്. സൂഫികളുടെ ആഗമനം, ദര്‍സുകളുടെ വ്യാപനം, സ്വാതന്ത്ര്യ സമരം, മലബാര്‍ കലാപം തുടങ്ങി ഒട്ടേറെ നാഴികക്കല്ലുകളും കേരള മുസ് ലിം ചരിത്രത്തിലുണ്ട്. പുതുതലമുറക്ക് പ്രാപ്യമാവുന്ന രൂപത്തില്‍ അവയുടെ വിഷ്വലൈസേഷന്‍ നടക്കേണ്ടത് അനിവാര്യമാണ്.
കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ പൊന്നാനി എന്നിവിടങ്ങളിലെ പൈതൃക കേന്ദ്രങ്ങള്‍ തനിമ നിലനിര്‍ത്തി നവീകരിക്കാനുള്ള പദ്ധതികള്‍ നടക്കുന്നു. ചരിത്രത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന വിധത്തില്‍ ഇതര പ്രദേശങ്ങളെ കൂടി ഉള്‍പ്പെടുത്തി ഇത്തരം പൈതൃകസംരംക്ഷണ പദ്ധതികള്‍ വികസിപ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ഹെറിറ്റേജ് പ്രൊജക്റ്റുകള്‍ പ്രഖ്യാപിക്കണം. എന്നാല്‍ മാത്രമേ പൈതൃക കേന്ദ്രങ്ങളുടെ പരിപാലനം എന്നതോടൊപ്പം ചരിത്രയാഥാര്‍ഥ്യങ്ങളെ വികൃതമാക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ കരുനീക്കങ്ങളെ നിഷ്പ്രഭമാക്കാനുള്ള ശ്രമം ലക്ഷ്യത്തിലെത്തൂ ■

Share this article

About ഉമൈര്‍ ബുഖാരി ചെറുമുറ്റം

umairkdy@gmail.com

View all posts by ഉമൈര്‍ ബുഖാരി ചെറുമുറ്റം →

Leave a Reply

Your email address will not be published. Required fields are marked *