നോമ്പിന്റെ സാമൂഹ്യശാസ്ത്രം

Reading Time: 2 minutes

വ്രതം വിശുദ്ധമാണ്. മനുഷ്യന് അത് മാലാഖയുടെ വിശുദ്ധി സമ്മാനിക്കുന്നു. അഥവാ മനുഷ്യനെ സ്ഫുടം ചെയ്യുന്നു. ഏത് ആരാധനയും പ്രാഥമികമായി വിശ്വാസിയെ അല്ലാഹുവുമായി ചേര്‍ക്കുന്ന കണ്ണിയാണ്. അനുബന്ധമായി അത് പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. കാരണം ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും പരസ്പര ബന്ധിതമാണ്. മനുഷ്യനുള്‍പ്പെടെയുള്ള സകലതും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണല്ലോ. ഒരു ഭാഗത്തിനു വരുന്ന മാറ്റത്തിന്റെ ഫലം മറ്റു ഭാഗങ്ങളിലും പ്രതിഫലിക്കുമല്ലോ. “നിങ്ങള്‍ക്ക് വല്ല നന്മയും വന്നു ചേര്‍ന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതത്രെ. എന്നാല്‍ വല്ലവിപത്തും വന്നു പെട്ടാല്‍ അത് നിങ്ങളുടെ പക്കല്‍ നിന്നുണ്ടായതത്രെ’ എന്ന ഖുര്‍ആന്‍ വചനം മനുഷ്യന്റെ കര്‍മവും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നു. വ്രതം വിശ്വാസിയുടെ വിശിഷ്ടമായ കര്‍മമാണ്. വ്രതം മാനവ സമൂഹത്തിലുണ്ടാക്കുന്ന ഫലങ്ങള്‍ ചെറുതല്ല.
പരിശുദ്ധ ഇസ്‌ലാമിലെ ആരാധനകളത്രയും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളിലൂന്നിയാണെന്ന് മനസിലാക്കാന്‍ കഴിയും. വിശ്വാസി അല്ലാഹുവിന് ആരാധനകളര്‍പ്പിക്കുമ്പോള്‍ അവന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റൊരാള്‍ക്കും ആരാധനയര്‍പ്പിച്ച് വഴിപ്പെടേണ്ടതില്ല എന്നതാണ്.
വിശ്വാസികളെല്ലാം ആരാധനകളുടെ കാര്യത്തില്‍ തുല്യര്‍. ലിംഗ, വര്‍ണ, വര്‍ഗ സമ്പദ് വിവേചനങ്ങളൊന്നും അതില്‍ നിലനില്‍ക്കുന്നില്ല. എല്ലാവര്‍ക്കും ആവശ്യവും അര്‍ഹവുമായ പരിഗണനകള്‍ നല്‍കിക്കൊണ്ടാണ് ഇസ്‌ലാം സമത്വമെന്ന ആശയത്തെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നത്. സാഹോദര്യത്തിനും ആരാധനകള്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
വ്രതത്തിന്റെ അനിവാര്യതയെ കുറിക്കുന്ന ഖുര്‍ആന്‍ വചനം നോക്കൂ.”ഓ വിശ്വസിച്ചവരെ, നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും നാം വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു, നിങ്ങള്‍ തഖ്‌വ (സൂക്ഷ്മത) ഉള്ളവരാകാന്‍ വേണ്ടി.’
വിശ്വാസിസമൂഹം തെറ്റുകള്‍ വെടിഞ്ഞ് അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ചുള്ള ജീവിതം സാധ്യമാക്കുക എന്നതാണ് നോമ്പുകൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് മനസിലാക്കാം. നോമ്പ് മാനവ ചരിത്രത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമല്ല മറിച്ച് സാമൂഹികാംഗീകാരം നേടിക്കഴിഞ്ഞ ഒരു കര്‍മം കൂടിയാണ് എന്നും ഈ സൂക്തം സാക്ഷ്യപ്പെടുത്തുന്നു. ഇസ്‌ലാം സാധ്യമാക്കുന്ന സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് സ്വീകരിച്ചു വരുന്ന രൂപം ഈ സൂക്തത്തിന്റെ വെളിച്ചത്തില്‍ വായിച്ചെടുക്കാനാവും. വ്യക്തിയെ സംസ്‌കരിക്കുന്നതിലൂടെയാണ് സമൂഹത്തെ സംസ്‌കരിക്കാനാവൂ എന്ന തത്വമാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. നോമ്പ് ഒരു വൈയക്തിക ബാധ്യതയാണല്ലോ. വ്യക്തിയില്‍ നിന്നു തുടങ്ങി സമൂഹത്തില്‍ ഫലമുളവാകുന്നതായി കാണാം. പല പ്രത്യയശാസ്ത്രങ്ങള്‍ക്കും സാമൂഹ്യമായ വളര്‍ച്ചയും വിജയവും കൈവരിക്കാനാകാതിരിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് പരിവര്‍ത്തനം വ്യക്തിയില്‍ നിന്ന് ആരംഭിക്കുന്നില്ല എന്നതാണ്. വ്യക്തിയുടെ ആത്മവിശുദ്ധിയെയും ധാര്‍മികതയെയും പരിഗണിക്കാത്തതാണ് മറ്റൊന്ന്. എന്നാല്‍ വ്രതം മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യങ്ങള്‍ ആത്മവിശുദ്ധിയും ശരീര വിശുദ്ധിയുമാണ്. ഇവ രണ്ടും കൂട്ടിച്ചേര്‍ന്നാലേ നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ.
മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നുവെങ്കിലും എല്ലായിടത്തും അവന്റെ ദേഹേഛകളുടെയും പിശാചിന്റെയും ചങ്ങലക്കെട്ടുകള്‍ക്കുള്ളിലാണ്. ഈ രണ്ട് അടിമത്തത്തില്‍ നിന്നും മോചനം സാധ്യമാകുന്നത് വ്രതത്തിലൂടെയാണ്. റമളാന്‍ മാസത്തില്‍ പിശാചിനെ ചങ്ങലക്കിടുന്നു എന്ന നബിവചനത്തില്‍ നിന്നത് മനസിലാക്കാം. പൈശാചിക അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ ഏറ്റവും സൗകര്യം വിശുദ്ധ റമളാനിലാണ്. വ്രതത്തിലൂടെയാണ് ശാരീരികേഛകളില്‍ നിന്നും വൈകാരിക കൃത്യങ്ങളില്‍ നിന്നും മോചനം നേടുന്നത്. വ്രതം സമൂഹത്തില്‍ സാധ്യമാക്കുന്ന വിമോചന സമവാക്യങ്ങളാണിത്. റമളാനില്‍ സൽകർമങ്ങള്‍ക്കെല്ലാം നല്‍കുന്ന അധിക പ്രതിഫലവും തിന്മകള്‍ക്ക് നല്‍കുന്ന ശിക്ഷയിലെ വര്‍ധനവും ഒരു മാസത്തെ സാമൂഹിക ജീവിതം സമ്പൂര്‍ണമാക്കാന്‍മാത്രം പോന്നതാണ്. അതില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് ഒരു വര്‍ഷത്തെ ജീവിതവും സുന്ദരമാവുന്നു. പ്രതിഫലം, ശിക്ഷ എന്നിവ സമൂഹ സംസ്‌കരണത്തിലും സമൂഹത്തിന്റെ നിലനില്‍പ്പിലും പ്രധാന പങ്ക് വഹിക്കുന്നു. “നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ അതിനു പ്രതിഫലം നല്‍കും’ എന്ന് അല്ലാഹു പറഞ്ഞതിനെയും ഇവിടെ ചേര്‍ത്തിവായിക്കേണ്ടതുണ്ട്.
സമൂഹത്തില്‍ ജീവിക്കുന്ന, ഇല്ലാത്തവന്റെ വിശപ്പ് അറിയാനുള്ള സാഹചര്യം കൂടി വ്രതം നല്‍കുന്നുണ്ട്. നോമ്പ് ഭദ്രവും സുന്ദരവുമായ സമൂഹ നിര്‍മിതിയാണ് ലക്ഷ്യമാക്കുന്നത്. മനസും ശരീരവും പരിശുദ്ധമാക്കിയ, ഇല്ലാത്തവന്റെ വേദനകളുടെ രുചിയറിഞ്ഞ, വൈകാരിക വികൃതികളില്‍ നിന്നും മോചി തരായ വ്യക്തികള്‍ ചേരുന്ന ഒരു സമൂഹം ഇതാണ് വ്രതത്തിലൂടെ ഉരുവംകൊള്ളുന്ന സമൂഹിക സങ്കല്‍പം ■

Share this article

About മുഹമ്മദ്‌ സിനാൻ

muktharrazy786@gmail.com

View all posts by മുഹമ്മദ്‌ സിനാൻ →

Leave a Reply

Your email address will not be published. Required fields are marked *