റമളാൻ

Reading Time: < 1 minutes

ഹിജ്‌റ വര്‍ഷത്തിലെ പന്ത്രണ്ട് മാസങ്ങളില്‍ ഒമ്പതാമത്തെ മാസമാണ് റമളാന്‍. ഹിജ്‌റ രണ്ടാം കൊല്ലം നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതോടെ റമളാന്‍ മാസം നോമ്പുമാസമായി നിശ്ചയിക്കപ്പെട്ടു. മാസം മുഴുവനും പകല്‍ നേരത്ത് അന്നപാനീയ ഇതര കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. പകല്‍ എന്നതിന്റെ താത്പര്യം സൂര്യോദയത്തിനു മുമ്പുള്ള സ്വുബ്ഹ് വാങ്കിന്റെ നേരം മുതല്‍ സൂര്യോസ്തമയം വരെയുള്ള സമയമാണ്. ഇസ്‌ലാമിന്റെ അഞ്ചു സ്തൂപങ്ങളില്‍ നാലാമത് നോമ്പാണ്. ഖുര്‍ആന്‍ അവതരിച്ചത് റമളാന്‍ മാസത്തിലാണ്. ഇസ്‌ലാമിന്റെ നിലനില്‍പില്‍ നിര്‍ണായകമായ ബദ്‌റ് പോരാട്ടം നടന്നത് ഇതേ മാസത്തിലാണ്. ഇത്രയുമാണ് റമളാന്റെ പ്രാഥമിക ബോധ്യമായി വരുന്നത്.
മുലകൊടുക്കുന്നവര്‍, യാത്രക്കാര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് വ്രതം നിര്‍ബന്ധ ബാധ്യതയല്ല.
നോമ്പു തുറയാണ് ഇഫ്താര്‍. സമൂഹ നോമ്പുതുറയും ഗവണ്‍മെന്റ് നോമ്പുതുറ സത്കാരങ്ങളുമായി ഏറെ പരിചിതമാണ് ഇഫ്താര്‍.
റമളാന്‍ ആഘോഷമല്ല. തികഞ്ഞ ആരാധനാവേളയാണ്. പക്ഷേ നോമ്പിന് ചില സാമൂഹ്യപാഠങ്ങളുണ്ട്. ദരിദ്രരുടെ പട്ടിണിയുടെ രുചി അറിയുക, സമത്വ സാഹോദര്യ ബോധനിര്‍മാണം തുടങ്ങിയ സന്ദേശങ്ങള്‍ നോമ്പില്‍ നിന്ന് വായിച്ചെടുക്കാനുണ്ട്.
എല്ലാ വേദഗ്രന്ഥങ്ങളും അവതരിച്ചത് റമളാന്‍ മാസത്തിലാണ്. കരിച്ചുകളയുക തുടങ്ങിയ ആശയാര്‍ഥങ്ങളാണ് റമളാന്‍ എന്ന പദത്തിന് കല്‍പിക്കുന്നത്.
റമളാനുമായി ബന്ധപ്പെട്ട് പൊതുബോധത്തിന് പല ധാരണപ്പിശകുകളുമുണ്ട്. സൃഷ്ടിക്കപ്പെടുന്നുമുണ്ട്. വിശന്നവശരായവര്‍ക്ക് വെള്ളമോ ഭക്ഷണമോ നിഷേധിക്കപ്പെടുന്ന ക്യാംപയിനായിട്ട് നോമ്പു കാലത്തെ ധരിപ്പിക്കുന്നു. അതൊരു വൃത്തികേടാണ്. റമളാനില്‍ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണെന്നും നോമ്പുനേരത്ത് അന്യായമായി ഭക്ഷണം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യുന്നത് നിഷിദ്ധമാണെന്നും വിശ്വസിക്കുന്നവരാണ് മുസ്‌ലിംകള്‍.
റമളാന്‍ അനുബന്ധമായി മറ്റുചില ടേര്‍മിനോളജ് കൂടിയുണ്ട്. ഖുര്‍ആന്‍, ലൈലതുല്‍ ഖദ്‌റ്, ഈദ്, ഈദുല്‍ ഫിത്വര്‍ തുടങ്ങിയവ.
ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. ഇരുപത്തിമൂന്ന് വര്‍ഷം കൊണ്ടാണ് അതിന്റെ അവതരണം പൂര്‍ത്തിയായത്. 114 സൂറത്തുകളിലായി (അധ്യായം/chapter) 6666 ആയത്തുകളാണ് (സൂക്തം/verses) ഖുര്‍ആനിലുള്ളത്.
ജിബ് രീല്‍ മുഖേനേയാണ് തിരുനബിക്ക് ഈ ദൈവികവചനം അവതരിച്ചത്. വഹ് യ് എന്നാണ് ഈ വെളിപാട് അവതരണ രൂപത്തിന് പറയുക.
ലൈലതുല്‍ ഖദ്‌റ് എന്നാല്‍ നിര്‍ണയ രാത്രി എന്നര്‍ഥം. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവാണ് ലൈലതുല്‍ ഖദ്‌റ്. ഖുര്‍ആന്‍ തന്നെ അക്കാര്യം പറയുന്നുണ്ട്. റമളാനിലെ മൂന്നാം പത്തില്‍ ഒറ്റയിട്ട രാവുകളിലാണ് ഈ പുണ്യരാത്രി പ്രതീക്ഷപ്പെടുന്നത്. രാത്രി മുഴുക്കെ ഉറക്കമൊഴിഞ്ഞ് ദൈവപ്രീതിക്കായി ഇരക്കുകയാണ് ലൈലതുല്‍ ഖദ്‌റിന്റെ വിശേഷം.
റമളാന്‍ അവസാനിക്കുന്നതോടെ വിശ്വാസികള്‍ പെരുന്നാളിലേക്ക് നീങ്ങുന്നു. ഈദ് എന്നാണ് പെരുന്നാള്‍ എന്നതിന്റെ അറബി ശബ്ദം. നോമ്പാനന്തരമുള്ളത് ഈദുല്‍ ഫിത്വര്‍. പെരുന്നാളിലെ പ്രധാന കര്‍മങ്ങള്‍ അരി/ധാന്യം വിതരണവും പെരുന്നാള്‍ നിസ്‌കാരവുമാണ്. സൂര്യോ ദയത്തിനു ശേഷം മധ്യാഹ്ന നിസ്‌കാരത്തിന് മുന്നേയാണ് നിസ്‌കാര സമയം. നിസ്‌കാരത്തിനു മുന്നേ അരി വിതരണം കഴിഞ്ഞിരിക്കണം. ഒരാള്‍ ഒരു സ്വാഅ് (2.600 കിലോ) തൂക്കം അരി നല്‍കണം. തന്റെ ആശ്രിതരുടെ വിഹിതമായി ആളോഹരി അതേ അളവില്‍ തന്നെ നല്‍കണം. ഇതിന് ഫിത്വര്‍ സകാത്ത് എന്നാണ് പറയുക. സകാത്ത് എന്നാല്‍ ദാനം എന്ന് താത്പര്യം ■

Share this article

About എന്‍.ബി സിദ്ദീഖ് ബുഖാരി

nbsbukhari@gmail.com

View all posts by എന്‍.ബി സിദ്ദീഖ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *